തൃശൂർ അയ്യന്തോളിൽ അപ്പൻതമ്പുരാൻ താമസിച്ചിരുന്ന കുമാരമന്ദിരമാണ് അപ്പൻ തമ്പുരാൻ സ്മാരകമായി പ്രവർത്തിക്കുന്നത്. 1907-ലായിരുന്നു ഈ ഭവനത്തിൽ കുടുംബസമേതം അപ്പൻതമ്പുരാൻ താമസിക്കാനെത്തിയത്. പുത്രന്റെ ചോറൂണും ഗൃഹപ്രവേശവും ഒരേ ദിവസമായിരുന്നതിനാലാണ് ‘കുമാര മന്ദിരം’ എന്ന പേര് നൽകിയത്.

ബംഗ്ലാവ് മാതൃകയിൽ പണിത ഈ മന്ദിരം വാസ്തുശില്പകലയിൽ തമ്പുരാനുണ്ടായിരുന്ന അഭിരുചിയെ വിളിച്ചോതുന്നു. നടുത്തളത്തിലെ ടൈൽസ്, ജനാലകളിലെ വർണ്ണച്ചില്ല് എന്നിവ മദിരാശിയിൽനിന്നു വരുത്തിയതാണ്. പാട്ടുകച്ചേരി, നാടകം മുതലായവ നടത്താൻ തക്കവിധം മാറ്റൊലി ഇല്ലാതെയാണ് കെട്ടിടത്തിന്റെ പ്രധാന ഹാൾ പണികഴിപ്പിച്ചിരിക്കുന്നത്. പ്രവേശനകവാടത്തിൽ അപ്പൻതമ്പുരാൻ തന്നെ കൊത്തിയെടുത്ത നിരവധി ശില്പങ്ങൾ കാണാം. കരിക്കുമ്മായം ഉപയോഗിച്ച് 72 മണിക്കൂർ കൈയെടുക്കാതെ ആളുകൾ മാറി മാറിയിരുന്ന് മിനുക്കിയതാണ് കുമാരമന്ദിരത്തിന്റെ ഉള്ളിലെ തറ. 1977 ജനുവരി 9 മുതൽ ഈ സ്മാരകം കേരള സാഹിത്യ അക്കാദമിയുടെ സംരക്ഷണത്തിലാണ്.