ജനനം:9.11.1875 – മരണം-19.11.1941
അച്ഛൻ :പാഴൂർ പടുതോൾ സുബ്രഹ്മണ്യൻനമ്പൂതിരിപ്പാട് (തുപ്പൻ)
അമ്മ :കൊച്ചക്കാവ് തമ്പുരാട്ടി
ഭാര്യ :മുടവക്കാട്ടിൽ നാനിക്കുട്ടിയമ്മ
മക്കൾ :ഗോവിന്ദൻകുട്ടിമേനോൻ, ശങ്കരൻകുട്ടിമേനോൻ, കുട്ടികൃഷ്ണമേനോൻ, മാലതിമേനോൻ

കവി, നോവലിസ്റ്റ്, ഉപന്യാസകാരൻ, ഗവേഷകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്ന ‘കൈരളീവിധേയൻ’ രാമവർമ്മ അപ്പൻതമ്പുരാൻ, വിദ്യാഭ്യാസം, വ്യവസായം, അച്ചടി, പുസ്തകപ്രസാധനം, പത്രാധിപത്യം എന്നീ മേഖലകളിലും വ്യാപരിച്ചു. മലയാളത്തിലെ ആദ്യ സിനിമാനിർമ്മാണക്കമ്പനി സിനി ടോണിന്റെ അമരക്കാരനായിരുന്നു. സിനിമയുടെ തിരക്കഥ എഴുതിയെങ്കിലും സാമ്പത്തികബാദ്ധ്യത മൂലം ആ ഉദ്യമം മുടങ്ങി. മലയാളത്തിലെ ആദ്യത്തെ കുറ്റാന്വേഷണ നോവൽ ഭാസ്‌കരമേനോന്റെ കർത്താവ്. അപ്പൻതമ്പുരാനും സുഹൃത്ത് കുഞ്ഞിക്കുട്ടൻതമ്പുരാനും ചേർന്ന് ആരംഭിച്ചതാണ് ‘രസികരഞ്ജിനി’ മാസിക. നാലുവർഷം പ്രസിദ്ധീകരിച്ച ഈ മാസിക, അന്നത്തെ പ്രസിദ്ധീകരണങ്ങളുടെ മുന്‍പന്തിയിലായിരുന്നു.


തൃശൂർ വിവേകോദയം സ്‌കൂളിന്റെ സ്ഥാപകരിൽ പ്രമുഖനായിരുന്നു. സീതാറാം മിൽസിന്റെ ഭരണാധികാരികളിൽ ഒരാളായിരിക്കവേ, ആ സംരംഭത്തിൽനിന്നു ലഭിക്കുന്ന ലാഭം തൊഴിലാളികൾക്കു വീതിച്ചു കൊടുക്കാനായി വാദിച്ചു, അതു വേണ്ടത്ര ഫലം കാണാതെ വന്നപ്പോൾ ഡയറക്ടർ സ്ഥാനം രാജിവെച്ചാണ് അദ്ദേഹം പ്രതിഷേധിച്ചത്. സമസ്തകേരള സാഹിത്യപരിഷത്തിന്റെ വളർച്ചയിൽ വലിയ പങ്കുവഹിച്ചു. തൃശൂരിൽ പുരോഗമനസാഹിത്യപ്രസ്ഥാനം ആരംഭിച്ചപ്പോൾ അതിന്റെ അമരക്കാരനായി. 1924-ലെ വെള്ളപ്പൊക്കത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്കു വീടുവയ്ക്കാൻ സംഭാവനയായി കിട്ടിയ ഓലയും മുളയും കൈവണ്ടിയിൽ കയറ്റി വലിച്ചുകൊണ്ടുപോയ മനുഷ്യസ്‌നേഹിയായിരുന്നു അദ്ദേഹം.


ശില്പി, ചിത്രകാരൻ, പത്രാധിപർ, എഴുത്തുകാരൻ, ഭൂപടനിർമ്മാതാവ്, ചരിത്രകാരൻ എന്നീ നിലകളിലും ശ്രദ്ധേയസംഭാവനകൾ നൽകി. സംഗീതം, നാടകം, നൃത്തം എന്നിവയിൽ അഗ്രഗണ്യനായിരുന്നു. കൊച്ചി ഭാഷാപരിഷ്‌കരണ കമ്മിറ്റി അധ്യക്ഷനായും പ്രവർത്തിച്ചു. തൂലികാനാമങ്ങൾ: ആർ.വി., സമസൃഷ്ടിപ്രിയൻ, പച്ചമലയാളി, മഹൻ നാലാമൻ. വിദ്യാഭ്യാസം: പഴയമട്ടിൽ സംസ്‌കൃതം. പിന്നെ തൃക്കോവിൽ ഈശ്വരവാര്യർ, വലിയ രാമപ്പിഷാരടി എന്നിവരിൽനിന്നും സംസ്‌കൃതത്തിലെ ഉപരിഗ്രന്ഥങ്ങൾ. റോബോർട്ട് വൈ റ്റ്ഇംഗ്ലീഷ് പഠിപ്പിച്ചു. തൃശൂരിൽ താമസമാക്കിയശേഷം അനന്തനാരായണശാസ്ത്രിയിൽനി ന്ന്വ്യാകരണവും ആറ്റൂരിൽനിന്ന് ന്യായവും പഠിച്ചു. 1892-ൽ ഹൈസ്‌കൂളിൽ എറണാകുളത്ത് പഠനം. എസ്.എസ്.എൽ.സി. കഴിഞ്ഞ് മദിരാശിയിൽ ഇന്റർ. കെമിസ്ട്രി മുഖ്യവിഷയമായി ഡിഗ്രിക്ക് ചേർന്നു എങ്കിലും മുഴുമിപ്പിച്ചില്ല. കൃതികൾ: കേരളത്തിന്റെ ചരിത്രം വ്യക്തമാക്കുന്ന ഭൂതരായർ, ഭാസ്‌കരമേനോൻ, മംഗളമാല, പ്രസ്ഥാനപ്രപഞ്ചകം, ദ്രാവിഢവൃത്തങ്ങളും അവയുടെ ദശാപരിണാമങ്ങളും, സംഘക്കളി, കാലവിപര്യയം, മുന്നാട്ടുവീരൻ (ചരിത്രനാടകം), കൊച്ചിരാജ്യചരിതങ്ങൾ മുതലായവ.