നാള്‍വഴികള്‍-2022

അതിരാണിപ്പാടം@50

ജനുവരി 15, 2022
കോഴിക്കോട്

കേരള സാഹിത്യ അക്കാദമിയും എസ്.കെ. പൊറ്റെക്കാട്ട് കൾച്ചറൽ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ഒരു ദേശത്തിന്റെ കഥയുടെ അമ്പതാം വാർഷികം ‘അതിരാണിപ്പാടം@50’ സാംസ്‌കാരികവകുപ്പുമന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ അദ്ധ്യക്ഷനായി. മന്ത്രി അഹമ്മദ് ദേവർകോവിൽ, മേയർ ഡോ. ബീന ഫിലിപ്പ്, കല്പറ്റ നാരായണൻ, ഡോ. ഖദീജാ മുംതാസ്, പി.എം. സുരേഷ് ബാബു, പുരുഷൻ കടലുണ്ടി, പി.എം.വി. പണിക്കർ, സി.വി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ സ്വാഗതവും ഇ. ജയരാജൻ നന്ദിയും പറഞ്ഞു. അനുബന്ധപരിപാടികളും സെമിനാറുകളും കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ റദ്ദാക്കി.

യുറീക്കാ രചനാശില്പശാല

ജനുവരി 8, 9
തൃശ്ശൂര്‍

കേരള സാഹിത്യ അക്കാദമിയും കേരള ശാസ്ത്രസാഹിത്യ പരിഷത്തും സംയുക്തമായി സ്‌കൂൾ വിദ്യാർത്ഥികൾക്കായി 2022 ജനുവരി 8, 9 തീയതികളിൽ യുറീക്ക രചനാശില്പശാല സംഘടിപ്പിച്ചു. അയ്യന്തോൾ അപ്പൻ തമ്പുരാൻ സ്മാരകത്തിൽ നടന്ന പരിപാടി പ്രശസ്ത ശാസ്ത്രസാഹിത്യകാരൻ പ്രൊഫ. എസ്. ശിവദാസ് ഉദ്ഘാടനം ചെയ്തു. കാസർകോട് മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ നിന്നുള്ള 50 വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്.

പതിനായിരം കോടി ന്യൂറോണുകൾ ഉള്ളതാണ് ഓരോ കുട്ടിയുടെയും തലച്ചോറെന്നും ഓരോ ന്യൂറോണും ഓരോ കമ്പ്യൂട്ടറിനു സമമാണെന്നും പ്രൊഫ. എസ്. ശിവദാസ് പറഞ്ഞു. ന്യൂറോണുകൾ പരസ്പരം ബന്ധിപ്പിച്ചിട്ടുള്ളതിനാൽ ഓരോ കുട്ടിയുടെയും തലച്ചോറ് സൂപ്പർ സൂപ്പർ കമ്പ്യൂട്ടറാണ്. എന്നാൽ അത് വേണ്ടവിധം പ്രോഗ്രാം ചെയ്യപ്പെടാത്തതിനാലാണ് കുട്ടികളിൽ പലർക്കും നന്നായി തിളങ്ങാനാവാത്തത്. അവരിൽ ഉറങ്ങിക്കിടക്കുന്ന കഴിവുകളെ പരിപോഷിപ്പിക്കണം. അല്ലെങ്കിൽ പ്രോഗ്രാം ചെയ്യാത്ത കമ്പ്യൂട്ടറുകൾ പോലെയാകും. രക്ഷിതാക്കളും അദ്ധ്യാപകരും കുട്ടികൾക്ക് ആവശ്യമായ പ്രോത്സാഹനവും ഉത്തേജനവും നൽകിയാൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡോ. കാവുമ്പായി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ, ക്യാമ്പ് ഡയറക്ടർ പി.എം.നാരായണൻ, യുറീക്ക എഡിറ്റർ ടി.കെ. മീരാഭായ്, പത്രാധിപസമിതി അംഗം ടി. സത്യനാരായണൻ, പി.എൻ. ഗോപീകൃഷ്ണൻ എന്നിവർ സംസാരിച്ചു.

കുട്ടികൾക്കൊപ്പം എന്ന പരിപാടിയിൽ സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ മുഖ്യാതിഥിയായിരുന്നു. യുറീക്ക മാസികയുടെ പുതുവത്സരപ്പതിപ്പ് അദ്ദേഹം പ്രകാശനം ചെയ്തു. ഉദ്ഘാടനസമ്മേളനത്തിൽ ഡോ. കാവുമ്പായി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യുറീക്ക എഡിറ്റർ ടി.കെ. മീരാഭായ്, ക്യാമ്പ് ഡയറക്ടർ പി.എം. നാരായണൻ, സത്യനാരായണൻ, അജിത് കിഷോർ എന്നിവർ സംസാരിച്ചു. ഉച്ചയ്ക്കു ശേഷം എഴുത്തിന്റെ ലോകം രചനാചർച്ച നടന്നു. എം. ഗീതാഞ്ജലി, ഷൈല സി. ജോർജ്, പ്രൊഫ. സി. വിമല, ഇ. ജിനൻ, കെ. മനോഹരൻ, എൻ.ജി. നയനതാര, എസ്.എം. ജീവൻ, ഷിനോജ് രാജ്, ഡെന്നീസ് ആന്റണി എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. വൈകുന്നേരം കവി പി.എൻ. ഗോപീകൃഷ്ണൻ പങ്കെടുത്ത സാഹിത്യവർത്തമാനവുമുണ്ടായി.
ഒൻപതിന് രാവിലെ കുട്ടികൾ തയ്യാറാക്കിയ റിപ്പോർട്ട് അവതരിപ്പിച്ചു. സാഹിത്യ അക്കാദമി പബ്ലിക്കേഷൻസ് ഓഫീസർ ഈ.ഡി. ഡേവീസ് റിപ്പോർട്ട് അവലോകനം ചെയ്തു. ഡോ. കെ. പാപ്പുട്ടി പങ്കെടുത്ത മാഷോട് ചോദിക്കാം, കാർട്ടൂണിസ്റ്റ് മധൂസിന്റെ രേഖാചിത്രപരിശീലനം എന്നിവയായിരുന്നു രണ്ടാം ദിവസത്തെ ആകർഷണങ്ങൾ. പ്രൊഫ. എം. ഹരിദാസ് വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കെ. വിദ്യാസാഗർ, ഒ.എൻ. അജിത് കുമാർ, ടി. പുഷ്പ, ടി.യു. വിജയരാമദാസ് എന്നിവരും പങ്കെടുത്തു.

അഴീക്കോട് അനുസ്മരണം

ജനുവരി 24, 2022
എരവിമംഗലം

കേരളത്തിന്റെ സാംസ്കാരികമനസ്സാക്ഷിയായി നിറഞ്ഞുനിൽക്കുകയും സാമൂഹ്യപ്രശ്നങ്ങളോട് നിരന്തരമായി പ്രതികരിക്കുകയും ചെയ്ത ഡോ. സുകുമാർ അഴീക്കോടിന്റെ എരവിമംഗലത്തുള്ള സ്മാരകമന്ദിരത്തിൽ നവീകരണപ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞുവെന്നും ഒരു വർഷത്തിനകം പണികൾ പൂർത്തിയാക്കി നവീകരിച്ച മന്ദിരം നാടിനു സമർപ്പിക്കുമെന്നും റവന്യൂ വകുപ്പുമന്ത്രി കെ. രാജൻ പറഞ്ഞു. അഴീക്കോട് സ്മാരകമന്ദിരത്തിൽ കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച അഴീക്കോടിന്റെ പത്താം ചരമവാർഷികദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വരുംതലമുറകൾക്ക് ഒരു പാഠപുസ്തകംപോലെ പ്രയോജനപ്പെടുത്താവുന്നവിധത്തിൽ സ്മാരകത്തെ കാലോചിതമായി പുതുക്കിപ്പണിയും. അഴീക്കോടിന്റെ ഓർമ്മകൾ തുടിച്ചുനിൽക്കുന്ന സ്മാരകവസ്തുക്കളും പുസ്തകങ്ങളും സംരക്ഷിക്കും. അഴീക്കോടിന്റെ പ്രഭാഷണങ്ങൾ കേൾക്കാനും കാണാനുമുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തും. പുഴയോരത്തുള്ള സ്മാരകഭൂമികയിൽ ഓഡിറ്റോറിയവും ലൈബ്രറിയും മ്യൂസിയവും ഒരുക്കും. ഇതിനുവേണ്ടി 50 ലക്ഷം രൂപ സംസ്ഥാനസർക്കാർ കേരള സാഹിത്യ അക്കാദമിക്കു കൈമാറിക്കഴിഞ്ഞു. തുടർന്ന് ആവശ്യമെങ്കിൽ എം.എൽ.എ. ഫണ്ടിൽനിന്നുമുള്ള തുക നീക്കിവയ്ക്കുമെന്നും മന്ത്രി പറഞ്ഞു.

അഴീക്കോട് നിർഭയനായി അനീതിക്കെതിരേ പൊരുതിയ പോരാളിയായിരുന്നുവെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ പറഞ്ഞു. സമൂഹത്തിൽ പ്രതിസന്ധികളുണ്ടാകുമ്പോഴൊക്കെ അഴീക്കോടിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നെങ്കിലെന്ന് മലയാളികൾ ഇപ്പോഴും ആഗ്രഹിച്ചുപോരുന്നു. തെറ്റുകൾക്കെതിരേ കലഹിക്കാൻ മടിച്ചുനിൽക്കാഞ്ഞ ആ മഹാപ്രതിഭയ്ക്ക് പകരംവയ്ക്കാൻ മറ്റൊരാളില്ലെന്നും വൈശാഖൻ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് അംഗം കെ.വി. സജു, നടത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. രജിത്, ജയൻ കെ.ജെ., എം. പീതാംബരൻ തുടങ്ങിയവർ സംസാരിച്ചു. സാഹിത്യ അക്കാദമി പ്രോഗ്രാം കോ-ഓർഡിനേറ്റർ കെ.എസ്. സുനിൽകുമാർ സ്വാഗതവും അക്കാദമി പബ്ലിക്കേഷൻ ഓഫീസർ ഈ.ഡി. ഡേവീസ് നന്ദിയും പറഞ്ഞു. രാവിലെ അഴീക്കോടിന്റെ ഛായാചിത്രത്തിനു മുന്നിൽ ദീപോജ്ജ്വലനവും പുഷ്പാർച്ചനയും നടന്നു.

ലോക കവിതാദിനാചരണം

2022 മാര്‍ച്ച് 21, തൃശ്ശൂര്‍

നിർഭയതയുടെ ആഘോഷമാകണം കവിതയെന്ന് കവി കെ.ജി.എസ്. കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച ലോകകവിതാദിനാചാരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കവികൾക്ക് സാമൂഹികമായ ഉത്തരവാദിത്തമുണ്ട്. മനുഷ്യരെ ധീരരാക്കുന്ന, എല്ലാ അധികാര രൂപങ്ങളേയും പ്രതിരോധിക്കുന്ന ബഹുരൂപിയാണ് കവിത. ലോകവുമായി എപ്പോഴും ഇടഞ്ഞുനിൽക്കുന്ന, സന്ധിചെയ്യാത്ത വാക്യമാണത്. ധീരതയുടെ ഊർജ്ജം കൊണ്ടാണ് കവിത ഒരു ലോകശക്തിയായി തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ കവികളും സ്വന്തം കാലത്തിന്റെ സത്ത കണ്ടെത്താനും വാക്കുകളിലൂടെ അത് മൂർത്തമാക്കാനുമാണ് ശ്രമിക്കുന്നത് എന്ന് അദ്ധ്യക്ഷത വഹിച്ച സാഹിത്യ അക്കാദമി പ്രസിഡന്റ്‌ സച്ചിദാനന്ദൻ പറഞ്ഞു. മനുഷ്യന് എതിരായ ശക്തികളെ കവിതയിലൂടെ കവികൾ വെല്ലുവിളിക്കുന്നു. ചരിത്രത്തിന്റെ മാറ്റങ്ങളെ അടയാളപ്പെടുത്തിയാണ് കവിതയും പരിണമിക്കുന്നത്. മാനകഭാഷയ്ക്കു പുറത്തുള്ള, മലയാള ഭാഷയ്ക്കുള്ളിലെ ഭാഷകളാണ് പുതിയ മലയാളകവിതയെ നിർണ്ണയിക്കുന്ന ഒരു പ്രധാന ഘടകമെന്ന് അദ്ദേഹം നിരീക്ഷിച്ചു. അച്ചടിക്കപ്പെട്ട കവിതയ്ക്കു സമാന്തരമായി വളർന്നുവരുന്ന വിർച്വൽ കവിതകളാണ് പുതിയ കവിതയുടെ മറ്റൊരു പ്രബലമായ പ്രവണതയെന്നും സച്ചിദാനന്ദൻ പറഞ്ഞു. അക്കാദമി വൈസ് പ്രസിഡന്റ്‌ അശോകൻ ചരുവിൽ സ്വാഗതപ്രഭാഷണം നടത്തി. അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ, പി.പി. രാമചന്ദ്രൻ, രാവുണ്ണി, വി.ജി. തമ്പി, എസ്. ജോസഫ്, പി.എൻ. ഗോപീകൃഷ്ണൻ, കെ.ആർ. ടോണി, പി. രാമൻ, എം.ആർ. രേണുകുമാർ, അൻവർ അലി, റോസി തമ്പി, വി.ആർ. സന്തോഷ്‌, വർഗീസ് ആന്റണി, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, സെബാസ്റ്റ്യൻ, ഡോ. കെ.വി. സുമിത്ര, വിജയരാജമല്ലിക, ഇ. സന്ധ്യ, ആർ. ലോപ, രോഷ്നിസ്വപ്ന, കൃഷ്ണൻ സൗപർണ്ണിക, ചിത്തിര കുസുമൻ, ഗിരിജ പാതേക്കര, റെജില ഷെറിൻ എന്നിവർ കവിതകൾ അവതരിപ്പിച്ചു. കെ.എസ്. സുനിൽകുമാർ നന്ദി പറഞ്ഞു.

വനിതാപ്രതിഭകളെ കണ്ടെടുത്ത് സർഗ്ഗം-2022 ശില്പശാല

2022 മാര്‍ച്ച് 23, 24, 25
തൃശ്ശൂര്‍

ലോകത്തിന് ഇന്നാവശ്യം കരയുന്ന, മനസ്സിന് ആർദ്രതയുള്ള നേതാക്കളെയാണെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ പറഞ്ഞു. ശക്തനായ ഒരു നേതാവിനെ കാത്തിരിക്കുന്ന ജനത ഫാസിസത്തിനു വളക്കൂറുള്ള മണ്ണാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫാസിസം സംസാരിക്കുന്നത് പുരുഷാധിപത്യത്തിന്റെ മൂല്യങ്ങളാണ്. കേരള സാഹിത്യ അക്കാദമിയും കുടുംബശ്രീ മിഷനും സംയുക്തമായി സംഘടിപ്പിച്ച ത്രിദിന സാഹിത്യ ശില്പശാല സർഗ്ഗം-2022 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടുതൽ ശക്തവും പ്രാചീനവുമാണ് സ്ത്രീകളുടെ സാഹിത്യപാരമ്പര്യം. നിലവിലെ പുരുഷാധിപത്യത്തിന്റെ ഗന്ധം കലർന്ന ഭാഷയെ മറികടക്കാനും പുതിയ ഭാഷ സൃഷ്ടിക്കാനുമുള്ള ശ്രമങ്ങൾ സ്ത്രീ എഴുത്തുകാരുടെ ഭാഗത്തു നിന്നുണ്ടാകണം. നിലവിലെ രചനകൾ സ്ത്രീപക്ഷത്തിൽ നിന്ന് പുനർവായന നടത്താൻ സാധിക്കണം. പുരുഷാധിപത്യത്തിന് എതിരായ സ്ത്രീകളുടെ സമരം മറ്റനേകം പാർശ്വവൽകൃത വിഭാഗങ്ങളുടെ സമരങ്ങളുടെ തുടർച്ചയാണ്. പുരുഷ സാഹിത്യത്തിന്റെ പുനർവായനയും സ്ത്രീ സാഹിത്യ ചരിത്രത്തിന്റെ വീണ്ടെടുപ്പും സ്ത്രീ സർഗ്ഗാത്മകതയുടെ ഭാഗമാക്കി മാറ്റണം- സച്ചിദാനന്ദൻ പറഞ്ഞു.

അക്കാദമി സെക്രട്ടറി സി. പി. അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി. കില സീനിയർ അർബൻ ഫാക്കൾട്ടി രാജേഷ്, തൃശൂർ അസി. ഇൻഫർമേഷൻ എ. എസ്. ശ്രുതി, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ബി.എസ്. മനോജ് കുമാർ, രാധാകൃഷ്ണൻ കെ. എന്നിവർ സംസാരിച്ചു.

വി.കെ.എന്‍. അനുസ്മരണം

2022 ഏപ്രില്‍ 21
തിരുവില്വാമല

കേരള സാഹിത്യ അക്കാദമിയും വി.കെ.എൻ. സ്മാരകസമിതിയും ചേർന്ന് തിരുവില്വാമലയിൽ സംഘടിപ്പിച്ച വി.കെ.എൻ. അനുസ്മരണം അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്തു. ആധുനികതയ്ക്ക് ബദൽ സൃഷ്ടിച്ച സാഹിത്യമായിരുന്നു വി.കെ.എന്നിന്റേതെന്ന് സച്ചിദാനന്ദൻ പറഞ്ഞു. അധികാരകേന്ദ്രങ്ങളെ നിർഭയം വിമർശിക്കുന്നതായിരുന്നു വി.കെ.എൻ. കൃതികളെന്നും അദ്ദേഹം അനുസ്മരിച്ചു. സാഹിതീയതയിലെ പൊളിച്ചെഴുത്തുകൾ: വി.കെ.എന്നിന്റെ സന്ദർഭം എന്ന വിഷയത്തിൽ ഡോ. സുനിൽ പി. ഇളയിടം സ്മാരകപ്രഭാഷണം നടത്തി. അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ ആമുഖമായി സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. പത്മജ അദ്ധ്യക്ഷയായിരുന്നു. അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ, വി.കെ.എൻ. സ്മാരകസമിതി പ്രസിഡന്റ് എൻ. രാംകുമാർ, സെക്രട്ടറി കെ.ആർ. മനോജ്കുമാർ എന്നിവർ സംസാരിച്ചു.

പൂരം പുസ്തകോത്സവം

2022 ഏപ്രില്‍ 28- മേയ് 7
തൃശ്ശൂര്‍

തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച പൂരം പുസ്തകോത്സവം ഉന്നതവിദ്യാഭ്യാസ, സാമൂഹ്യക്ഷേമവകുപ്പുമന്ത്രി ഡോ. ആർ. ബിന്ദു ഏപ്രിൽ 28-ന് ഉദ്ഘാടനം ചെയ്തു. ദൃശ്യതയുടെ ഉത്സവകാലത്ത് മനുഷ്യമനസ്സുകൾ തമ്മിലുള്ള വിടവ് വർദ്ധിച്ചു വരികയാണെന്നും സഹൃദയത്വത്തിന്റെ ശക്തമായ ചരടുകൊണ്ട് മനുഷ്യമനസ്സുകളെ ബന്ധിപ്പിക്കാൻ സാംസ്കാരികപ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും അവർ പറഞ്ഞു. പി. ബാലചന്ദ്രൻ എം.എൽ.എ. അദ്ധ്യക്ഷനായിരുന്നു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ ആദ്യ വില്പന സ്വീകരിച്ചു. സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ, ടി.ഡി. രാമകൃഷ്ണൻ, വി.കെ. വിജയൻ, കെ.എസ്. സുനിൽകുമാർ എന്നിവർ സംസാരിച്ചു.

പുസ്തകോത്സവത്തിന്റെ തുടർന്നുള്ള ദിവസങ്ങളിൽ, മേയ് ഏഴു വരെ, സംഘടിപ്പിച്ച സാംസ്കാരികോത്സവം ശ്രദ്ധേയമായി. സാംസ്കാരികസമ്മേളനത്തിന്റെ രണ്ടാം ദിവസം ‘സംസ്കാരം- അധികാരവും പ്രതിരോധവും’ എന്ന വിഷയത്തിൽ പ്രൊഫ. എം.എം. നാരായണൻ സംസാരിച്ചു. വൈവിദ്ധ്യങ്ങളുടെ ഉച്ചാടനമല്ല, ഉദ്ഗ്രഥനമാണ് പുതിയകാലം ആവശ്യപ്പെടുന്നത്. അവ പരസ്പരപൂരകമാകണം. ഈ സമന്വയം ഭരണപരമായ ഉത്തരവുകളിലൂടെ നടപ്പാക്കാനാവില്ല. ഇന്ത്യയുടെ അനന്തമായ സാംസ്കാരികവൈവിദ്ധ്യത്തെ ഒരു സമരസഖ്യമാക്കി മാറ്റുകയും അതിലൂടെ അധികാരശാസനകളെ പ്രതിരോധിക്കുകയുമാണു വേണ്ടത്- അദ്ദേഹം ചൂണ്ടിക്കാട്ടി.

സാമൂഹ്യമാറ്റങ്ങൾക്ക് സാംസ്കാരികാന്തരീക്ഷം ഉൽപ്രേരകമായി പ്രവർത്തിച്ചിട്ടുണ്ടെന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച എ.സി. മൊയ്തീൻ എം.എൽ.എ. പറഞ്ഞു. സംസ്കാരത്തെ പുനർനിർവ്വചിച്ച് അധികാരത്തിന്റെ താത്പര്യം സംരക്ഷിക്കാനുള്ള ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ട്. നന്മയിലേക്ക് സഞ്ചരിക്കണമെങ്കിൽ, അതനുസരിച്ചുള്ള സാംസ്കാരികാന്തരീക്ഷം സൃഷ്ടിക്കാൻ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മങ്ങാട് ബാലചന്ദ്രൻ സ്വാഗതവും കെ.എച്ച്. ഹാജു നന്ദിയും പറഞ്ഞു.

മൂന്നാം ദിവസം ‘വായനയിലെ സംഘർഷങ്ങൾ’ എന്ന വിഷയത്തിൽ നിരൂപകനും എഴുത്തുകാരനുമായ ഡോ. കാവുമ്പായി ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പ്രയോജനപരതയുള്ള പുസ്തകങ്ങളും കപടശാസ്ത്രഗ്രന്ഥങ്ങളുമൊക്കെയാണ് ഇന്ന് കൂടുതലായി വിറ്റുപോകുന്നത്. സൃഷ്ടികളുടെ ബാഹുല്യമുണ്ടെങ്കിലും വായന ഇല്ലാതായി മാറുന്ന പരിതഃസ്ഥിതിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഓരോ ദിവസവും വായനക്കാരുടെയും പുസ്തകങ്ങളുടെയും എണ്ണം കൂടുന്നുണ്ടെന്ന് അദ്ധ്യക്ഷപ്രസംഗത്തിൽ ടി.പി. വേണുഗോപാലൻ നിരീക്ഷിച്ചു. പുസ്തകശാലകളുടെയും പ്രസിദ്ധീകരണങ്ങളുടെയും ബാഹുല്യമാണിന്നുള്ളത്. പക്ഷേ, വിദ്യുത്പ്രവാഹമുള്ള കമ്പിപോലെ നമ്മുടെ ജീവിതത്തെ സ്പർശിക്കുന്ന പുസ്തകങ്ങൾ വളരെ ചുരുക്കമായി മാത്രമേ പുറത്തിറങ്ങുന്നുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. കെ.എസ്. സുനിൽകുമാർ, പി.കെ. ശാന്ത എന്നിവരും സംസാരിച്ചു.

നാലാം ദിവസം  സാംസ്കാരികസമ്മേളനത്തിൽ ‘ഇതിഹാസങ്ങളും സമകാലീന മലയാളസാഹിത്യവും’ എന്ന വിഷയത്തെ അധികരിച്ച് പ്രഭാവർമ്മ പ്രഭാഷണം നടത്തി. പൗരോഹിത്യപാഠങ്ങളുടെ പ്രതിലോമതയെ ചെറുക്കാൻ ഇതിഹാസങ്ങളുടെ പുനർവായന അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇതിഹാസങ്ങളെ ശ്രദ്ധാപൂർവ്വം വായിക്കാനും അവയെ ആസ്പദമാക്കിയുള്ള എതിർപാഠങ്ങളെ അപഗ്രഥിക്കാനും പുരോഗമനകാരികൾപോലും മടിക്കുകയാണ്. ഇത് വർഗ്ഗീയഫാസിസത്തിന്റെ കടന്നാക്രമണത്തിന് കളമൊരുക്കുന്നു. കവിതകളിലും നോവലുകളിലും നാടകങ്ങളിലും തുടങ്ങി ചിത്രകലയിൽവരെ രാമായണവും മഹാഭാരതവും പോലെയുള്ള ഇതിഹാസങ്ങളുടെ തീവ്രമായ സ്വാധീനമുണ്ടെന്ന വസ്തുത വിസ്മരിക്കരുത്- പ്രഭാവർമ്മ പറഞ്ഞു. ഇ.പി. രാജഗോപാലൻ അദ്ധ്യക്ഷനായിരുന്നു. ഈ.ഡി. ഡേവീസ്, മനീഷ പാങ്ങിൽ എന്നിവർ സംസാരിച്ചു.

മേയ് രണ്ടിന് കവിസമ്മേളനവും നാടൻ കലാവതരണവും നടന്നു. ഡോ. സി. രാവുണ്ണി സമ്മേളനം ഉദ്ഘാടനം ചെയ്തു. ആൽത്തറയിലിരുന്ന് കവിതകൾ ചൊല്ലുന്ന ഒരു പാരമ്പര്യംകൂടി തൃശ്ശൂർ പൂരത്തിന്റെ ഭാഗമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കവിതയ്ക്കും സംഗീതത്തിനും പൂരത്തിൽ ഇടമുണ്ട്. ജീവിതത്തിന്റെ നിത്യമായ ക്ലേശത്തെയും മനുഷ്യർ തമ്മിലുള്ള ഭേദത്തെയും ഇല്ലായ്മ ചെയ്യുന്നതാണ് പൂരാഘോഷം. എല്ലാ ജാതിമതവിശ്വാസികളെയും പൂരം ഒന്നിപ്പിക്കുന്നുവെന്നും ഡോ. രാവുണ്ണി പറഞ്ഞു.

ഡോ. ആർ. ശ്രീലതാവർമ്മ അദ്ധ്യക്ഷയായിരുന്നു. അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ, ബിലു സി. നാരായണൻ, ടി.ജി. അജിത, എം. ദിവ്യ, സുനിത പി.എം., പ്രേംശങ്കർ അന്തിക്കാട് എന്നിവർ കവിയരങ്ങിൽ പങ്കെടുത്തു. എൻ.ജി. നയനതാര സ്വാഗതവും കെ.എസ്. സുനിൽകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് മണ്ണുത്തി സംഘകല അവതരിപ്പിച്ച നാടൻ കലാവതരണവും നാടൻപാട്ടുകളും അരങ്ങേറി.

‘സാഹിത്യവും സാംസ്കാരികവൈവിദ്ധ്യവും’ എന്ന വിഷയത്തിൽ മേയ് മൂന്നിന് സച്ചിദാനന്ദൻ പ്രഭാഷണം നടത്തി. നാനാത്വത്തിന്റെ മഹോത്സവമാണ് ഇന്ത്യൻ സംസ്കാരമെന്നും, ആ നാനാത്വം ഇന്ന് വളരെ വലിയ വെല്ലുവിളികളാണ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.  ഇന്ത്യ എന്ന സ്വപ്നത്തിനു പിന്നിൽ സാംസ്കാരികമായ വൈവിദ്ധ്യം വിപുലമാണ്. അത് ഏകശിലാരൂപമല്ല, ബഹുസ്വരമാണ്. അതിനെ ഏകശിലാരൂപത്തിലേക്ക് ഒതുക്കാനാണ് സാംസ്കാരികഫാസിസം ശ്രമിക്കുന്നത്. ഇന്ത്യ ഒരു ഹൈബ്രിഡ് ജനതയാണ്. നമ്മുടെ ഡി എൻ എ-യിൽ അനേകം ജീനുകളുണ്ട്. അതിൽ ലോകത്തിന്റെ മുഴുവൻ സാംസ്കാരികവൈവിദ്ധ്യമുണ്ട്. ഹിന്ദുമതത്തിനുള്ളിൽപ്പോലും വലിയ വൈവിദ്ധ്യങ്ങളും വൈരുദ്ധ്യങ്ങളും നിലനിൽക്കുന്നു. ഇതിഹാസങ്ങൾ പോലും രണ്ടല്ല, അനേകമുണ്ട്. പ്രപഞ്ചത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചും പല വീക്ഷണങ്ങൾ അത് മുന്നോട്ടുവയ്ക്കുന്നുണ്ട്. വിശാലമാണ് ഇന്ത്യയുടെ സംവാദമണ്ഡലം- സച്ചിദാനന്ദൻ ചൂണ്ടിക്കാട്ടി. ബെന്യാമിൻ അദ്ധ്യക്ഷനായിരുന്നു. കെ.എസ്. സുനിൽകുമാർ, കെ.എച്ച്. ഹാജു എന്നിവർ സംസാരിച്ചു.

മേയ് നാലിന്, ‘എഴുത്തുകാരനാകുന്നതിന്റെ രഹസ്യങ്ങൾ’ എന്ന വിഷയത്തിൽ സക്കറിയ പ്രഭാഷണം നടത്തി. മനുഷ്യർ വായിക്കാനിഷ്ടപ്പെടുന്ന എഴുത്തായി സാഹിത്യത്തെ നിർവ്വചിക്കാമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ എഴുത്തുകാർ എന്നൊരു ഔദ്യോഗികവിഭാഗമില്ല. മൂന്നേകാൽക്കോടി വരുന്ന കേരളസമൂഹത്തിൽ ഏതാണ്ട് അയ്യായിരം എഴുത്തുകാരേ ഉണ്ടാവൂ. രചനകളെ വായനക്കാർ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുമ്പോഴാണ് അത് സാഹിത്യമായി മാറുന്നത്- സക്കറിയ പറഞ്ഞു.

വാക്കാണ് സാഹിത്യത്തിന്റെ അസംസ്കൃതവസ്തു. വാക്കുകളുമായി എഴുത്തുകാർ ഒരു സ്വകാര്യബന്ധം സ്ഥാപിക്കുകയാണു വേണ്ടത്, അവയെ നിയന്ത്രിക്കുക സാദ്ധ്യമല്ല. ഇതിന് വായന മാത്രമാണ് വഴി. വായന വാക്കുകളുടെ പ്രയോഗരീതിയിലേക്കുള്ള വാതിലാണ്. ഭാവനയുടെയും അനുഭവങ്ങളുടെയും ആവിഷ്കാരത്തിനായി പല കാലങ്ങളിലെ എഴുത്തുകാർ എങ്ങനെ വാക്കുകളെ ഉപയോഗപ്പെടുത്തിയെന്നു മനസ്സിലാക്കാൻ ഇത് സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മലയാളത്തിൽ മാത്രമായി വായന ചുരുക്കരുത്. മലയാളം വളർന്നതും ആധുനികഭാഷയായി രൂപപ്പെട്ടതും വിവർത്തനങ്ങളിലൂടെയാണെന്നും അദ്ദേഹം നിരീക്ഷിച്ചു. അഷ്ടമൂർത്തി അദ്ധ്യക്ഷനായിരുന്നു. സി.ആർ. ദാസ് സ്വാഗതവും യു.വി. സുരേഷ് കുമാർ നന്ദിയും പറഞ്ഞു.

മേയ് അഞ്ചിന്, ‘പുസ്തകപ്രസാധനരംഗത്തെ സ്ത്രീസാന്നിദ്ധ്യം’ എന്ന വിഷയത്തിൽ വി.എസ്. ബിന്ദുവും ‘ദേശമെഴുത്തിലെ പെൺജീവിതം’ എന്ന വിഷയത്തിൽ ലിസ്സിയും സംസാരിച്ചു. സ്ത്രീകളുടെ പ്രസാധകസംരംഭങ്ങൾ പാർശ്വവത്കരിക്കപ്പെട്ടവരുടെയും തിരസ്കൃതമായ ചരിത്രത്തിന്റെയും വീണ്ടെടുപ്പു കൂടിയാണെന്ന് വി.എസ്. ബിന്ദു പറഞ്ഞു. മനുഷ്യർ സ്വയം കച്ചവടച്ചരക്കാകുന്ന കാലത്ത് ലിംഗനീതിയെന്ന വിഷയം ഉയർത്തിപ്പിടിക്കാൻ വനിതാ പ്രസാധകസംഘങ്ങൾക്ക് സാധിക്കുന്നു. വി.ടി. ഭട്ടതിരിപ്പാടിനെപ്പോലുള്ള പ്രതിഭാശാലികൾ തിളങ്ങിനിന്ന കാലത്തുപോലും അന്തർജ്ജനം പോലുള്ള മാസികകളിലൂടെ ശബ്ദമുയർത്താൻ നമ്പൂതിരിസ്ത്രീകൾ തയ്യാറായി. ഈഴവസ്ത്രീകളുടെ പ്രസിദ്ധീകരണമായ സഹോദരി പല പ്രസക്തമായ സാമൂഹികവിഷയങ്ങളും മുന്നോട്ടുവച്ചു. സംഘർഷഭരിതമായ ഒരു സമൂഹത്തിൽ സംവാദങ്ങൾ വളർത്തിയെടുക്കാൻ ഇത്തരം പ്രസിദ്ധീകരണങ്ങൾക്കു സാധിച്ചു. ഒരുപാടു പ്രയാസങ്ങളെ അതിജീവിച്ചാണ് വനിതാപ്രസാധകർ നിലനിന്നതും നിലനിൽക്കുന്നതും. സ്ത്രീപ്രസാധകരുടെ ചരിത്രം വളരെ ഗൗരവതരമായി പഠനവിധേയമാക്കപ്പെടേണ്ടതാണ്- അവർ പറഞ്ഞു.

ചരിത്രത്തിൽ അദൃശ്യരായിപ്പോകുന്നവരുടെ വേദനയാണ് ദേശമെഴുത്തിലൂടെ അടയാളപ്പെടുത്തപ്പെടുന്നത് എന്ന് ലിസ്സി നിരീക്ഷിച്ചു. കാലദേശങ്ങൾക്കതീതമാണ് മനുഷ്യരുടെ വൈകാരികഭാവങ്ങളെങ്കിലും, ദേശത്തിന്റെ സംസ്കാരം മണ്ണിൽ കാലുറപ്പിച്ചുള്ള ഒരു രചനാനുഭവമാണ് നൽകുന്നത് എന്നും അവർ കൂട്ടിച്ചേർത്തു. ഡോ. ഖദീജാ മുംതാസ് അദ്ധ്യക്ഷയായിരുന്നു. ടി.വി. ഫസീല, ജയശ്രീ ബി.എസ്. എന്നിവരും സംസാരിച്ചു.

മേയ് ആറിന്, ‘ഇന്ത്യയിലെ സിനിമകൾ, സിനിമയിലെ ഇന്ത്യകൾ’ എന്ന വിഷയത്തിൽ ജി.പി. രാമചന്ദ്രനും ‘സ്ത്രീയും സിനിമയും’ എന്ന വിഷയത്തിൽ അനു പാപ്പച്ചനും സംസാരിച്ചു. ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിൽപ്പോലും സെൻസറിങ് കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള ചിന്തകൾ സജീവമാണ്. കാശ്മീർ ഫയൽസ് പോലെ ചരിത്രത്തെ പക്ഷപാതത്തോടെ അവതരിപ്പിക്കുന്ന സിനിമകൾക്ക് ‘വാട്ട്സാപ്പ് യൂണിവേഴ്സിറ്റി’കളിലൂടെ നൽകുന്ന ബോധപൂർവ്വമായ പ്രചാരം ഇന്ത്യൻ ജനാധിപത്യത്തിനുമേലുള്ള ഒരു ടെസ്റ്റ് ഡോസാണ്. പാതാൾലോക് പിൻവലിക്കുകയും ഫാമിലി മാൻ പ്രദർശിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾ മാറുന്നുണ്ട്. ഇന്ന് ദക്ഷിണേന്ത്യയിൽ നിർമ്മിക്കുന്ന വമ്പൻ സിനിമകൾ ബോളിവുഡ് വിപണിയെപ്പോലും കവച്ചുവയ്ക്കുന്നവയാണ്. പക്ഷേ ആർ ആർ ആർ, കെ ജി എഫ് മുതലായ ചിത്രങ്ങൾ വ്യാജചരിത്രനിർമ്മിതിയിലൂടെയാണ് ജനപ്രീതി നേടുന്നത്- ജി.പി. രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. ലിംഗനീതിയെ സംബന്ധിച്ചുള്ള ധാരണകൾ തിരുത്താൻ തയ്യാറാവാത്ത സമൂഹമാണ് ചലച്ചിത്രമേഖലയ്ക്കും പുറത്തുമുള്ള സ്ത്രീകൾ നേരിടുന്ന വലിയ വെല്ലുവിളിയെന്ന് അനു പാപ്പച്ചൻ പറഞ്ഞു. സിനിമയെന്ന തൊഴിലിടത്തിൽ സ്ത്രീകൾ നേരിടുന്നത് വ്യക്തിപരമായ പ്രശ്നങ്ങളല്ല, അവയെ വിശാലമായ സാമൂഹ്യപ്രശ്നങ്ങളായി കാണണം. സിനിമകൾ കാലങ്ങളായി ഉല്‍പാദിപ്പിച്ചുകൊണ്ടിരിക്കുന്ന സ്ത്രീവിരുദ്ധത, സമൂഹത്തിന്റെ സ്ത്രീവിരുദ്ധതയുടെ പ്രതിഫലനമാണ്. മാന്യമായ പ്രതിഫലം ചോദിക്കുന്നതുകൊണ്ടുപോലും മാറ്റിനിർത്തപ്പെടുകയും സമൂഹത്തിന്റെ ഓഡിറ്റിങ് നേരിടുകയും ചെയ്യുന്ന ദുരവസ്ഥ അഭിനേത്രിമാർക്കുണ്ട്.

ഐ. ഷണ്മുഖദാസ് അദ്ധ്യക്ഷനായിരുന്നു. കെ.എൽ. ജോസ്, എ.എച്ച്. സിറാജുദ്ദീൻ എന്നിവരും സംസാരിച്ചു. 

മേയ് ഏഴിന് നടന്ന സമാപനസമ്മേളനം മുരളി പെരുനെല്ലി എം എൽ എ ഉദ്ഘാടനം ചെയ്തു. വായന മരിക്കുമ്പോൾ ഇല്ലാതാകുന്നത് മനുഷ്യനാണെന്നും കേരളത്തിലെ സാംസ്കാരികവും മതനിരപേക്ഷവുമായ കൂട്ടായ്മകളെ ശക്തിപ്പെടുത്തേണ്ടത് ജനാധിപത്യത്തിന് അനിവാര്യമാണെന്നും എം എൽ എ പറഞ്ഞു. സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ അദ്ധ്യക്ഷനായിരുന്നു. അക്കാദമി ജനറൽ കൗൺസിലംഗം രാവുണ്ണി, ഈ.ഡി. ഡേവീസ്, കെ.എസ്. സുനിൽകുമാർ എന്നിവർ സംസാരിച്ചു. മൂന്നുലക്ഷത്തിലധികം രൂപയുടെ വില്പനയാണ് പത്തുദിവസത്തെ പുസ്തകമേളയിലൂടെ ലഭിച്ചത്.

1500 ഡിജിറ്റൈസ്ഡ് പുസ്തകങ്ങള്‍കൂടി അക്കാദമിയുടെ പുസ്തകശേഖരത്തില്‍

2022 മേയ് 25
തൃശ്ശൂര്‍

പകർപ്പവകാശപരിധി കഴിഞ്ഞതും അപൂർവ്വവുമായ 1500 ഗ്രന്ഥങ്ങൾ കൂടി കേരള സാഹിത്യ അക്കാദമിയുടെ വെബ്സൈറ്റിൽ സൗജന്യ വായനയ്ക്കും ഡൗൺലോഡിങ്ങിനുമായി ലഭ്യമാകും. മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി കേരള സാഹിത്യ അക്കാദമി പൂർത്തിയാക്കിയ പദ്ധതി, സാംസ്കാരികവകുപ്പുമന്ത്രി സജി ചെറിയാൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഉള്ളൂർ, വള്ളത്തോൾ, കുമാരനാശാൻ, സി.വി. രാമൻപിള്ള, കുഞ്ചൻ നമ്പ്യാർ, കൊട്ടാരത്തിൽ ശങ്കുണ്ണി, ഉള്ളൂർ എസ്. പരമേശ്വരയ്യർ, ഭാസ്കരൻനായർ, കെ.സി. കേശവപിള്ള, തോട്ടയ്കാട്ട് ഇക്കാവമ്മ, അർണോസ് പാതിരി, ടി.കെ. കൃഷ്ണമേനോൻ, വക്കം അബ്ദുൾഖാദർ തുടങ്ങി നിരവധി എഴുത്തുകാരുടെ അപൂർവ്വമായ കൃതികൾ അക്കാദമിയുടെ ഓൺലൈൻ ലൈബ്രറിയിൽ വായിക്കാം. അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ അദ്ധ്യക്ഷനായിരുന്നു. അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. അക്കാദമി മുൻ പ്രസിഡന്റ് വൈശാഖൻ മുഖ്യാതിഥിയായിരുന്നു. ലൈബ്രേറിയൻ പി.കെ. ശാന്ത റിപ്പോർട്ട് അവതരിപ്പിച്ചു. അക്കാദമി ജനറൽ കൗൺസിലംഗം വിജയരാജമല്ലിക, ഈ.ഡി. ഡേവീസ്, കെ.എസ്. സുനിൽകുമാർ എന്നിവർ സംസാരിച്ചു.

ദ വേസ്റ്റ് ലാൻഡിന്റെയും യുലീസസ്സിന്റെയും നൂറാം വാർഷികാഘോഷം

2022 മേയ് 19, 20
തൃശ്ശൂര്‍

ടി.എസ്. എലിയറ്റിന്റെ ദ വേസ്റ്റ് ലാൻഡ് എന്ന കവിതയുടെയും ജെയിംസ് ജോയ്സിന്റെ യുലീസസ് എന്ന ബൃഹദ് നോവലിന്റെയും നൂറാം വാർഷികം സെന്റർ ഫോർ ഇംഗ്ലീഷ് സ്റ്റഡീസ് ആൻഡ് റിസർച്ച്, കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ മേയ് 19, 20 തീയതികളിൽ സംഘടിപ്പിച്ചു. സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ ആഘോഷം ഉദ്ഘാടനം ചെയ്തു.

കമലാ സുറയ്യയെ അനുസ്മരിച്ചു

2022 മേയ് 31
പുന്നയൂര്‍ക്കുളം

സ്ത്രീവിരുദ്ധവും മനുഷ്യവിരുദ്ധവുമായ മൂല്യവ്യവസ്ഥയ്ക്കെതിരെ നിരന്തരം കലഹിച്ചിരുന്ന കലാകാരിയായിരുന്നു കമലാ സുരയ്യയെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ പറഞ്ഞു. കമലാ സുരയ്യയുടെ പതിമൂന്നാം ചരമവാർഷികത്തിൽ സാഹിത്യ അക്കാദമി സംഘടിപ്പിച്ച അനുസ്മരണപരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പുന്നയൂർക്കുളം കമലാ സുരയ്യ സ്മാരകത്തിൽ സച്ചിദാനന്ദനും അക്കാദമി സെക്രട്ടറി സി.പി. അബൂബക്കറും പുഷ്പാർച്ചന നടത്തി. എൻ.കെ. അക്ബർ എം.എൽ.എ. അദ്ധ്യക്ഷനായി. അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങളായ ഡോ. സി. രാവുണ്ണി, ഡോ. മിനി പ്രസാദ്, എഴുത്തുകാരി മാനസി, ജില്ലാ പഞ്ചായത്ത് അംഗം റഹിം വീട്ടിപ്പറമ്പിൽ, എ.ഡി. ധനീപ്, കമലാ സുറയ്യ ട്രസ്റ്റ് ചെയർമാൻ കെ.ബി. സുകുമാരൻ എന്നിവരും സംസാരിച്ചു.

എന്‍.എന്‍. കക്കാട് അനുസ്മരണം

2022 ജൂണ്‍ 14
എന്‍.എന്‍. കക്കാട് സ്മാരകം, ബാലുശ്ശേരി

മലയാളകവിതയിൽ ആധുനികതയുടെ ഭാവസാന്ദ്രതയെ ഉണർത്തിവിട്ട പ്രമുഖ കവി എൻ.എൻ. കക്കാടിനെ കേരള സാഹിത്യ അക്കാദമി അനുസ്മരിച്ചു. എൻ.എൻ. കക്കാട് വായനശാലയുമായി സഹകരിച്ച് ബാലുശ്ശേരി എൻ.എൻ. കക്കാട് സ്മാരകത്തിൽ നടന്ന അനുസ്മരണപരിപാടി നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു.

മലയാളകവിതയിൽ പുതുവഴി വെട്ടിയ കവിയായിരുന്നു എൻ.എൻ. കക്കാട് എന്ന് സ്പീക്കർ അനുസ്മരിച്ചു. മലയാളകവിതയുടെ ദിശാപരിണാമത്തിൽ നിർണ്ണായക പങ്കു വഹിക്കുകയും സ്വാധീനം ചെലുത്തുകയും ചെയ്ത വ്യക്തിയാണദ്ദേഹം. സ്വാതന്ത്ര്യാനന്തര ഇന്ത്യയെ ബാധിച്ച നൈരാശ്യബോധം കക്കാടിന്റെ കവിതകളിൽ പ്രകടമായിരുന്നു. ദേശീയപ്രസ്ഥാനത്തിൽ ആകൃഷ്ടനായ അദ്ദേഹത്തിൽ ആ നിരാശ അമർഷവും പ്രതിഷേധവുമായാണ് പ്രതിഫലിക്കുന്നത്. അടിയന്തിരാവസ്ഥയോട് അദ്ദേഹം ശക്തമായി പ്രതികരിച്ചു. വ്യവസ്ഥയോടും ഭരണകൂടത്തോടും പൊരുത്തപ്പെട്ട് നിശ്ശബ്ദനാവുകയോ, ഭരണകൂടത്തിന്റെ വാഴ്ത്തുപാട്ടുകാരനാവുകയോ ചെയ്തില്ല അദ്ദേഹം- സ്പീക്കർ എം.ബി. രാജേഷ് അനുസ്മരിച്ചു.

കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ് അദ്ധ്യക്ഷനായിരുന്നു. അഡ്വ. കെ.എം. സച്ചിൻദേവ് എം.എൽ.എ., ശ്യാം കക്കാട് എന്നിവർ മുഖ്യാതിഥികളായിരുന്നു. ‘കക്കാടിന്റെ ആധുനികത, എലിയറ്റിന്റെയും’ എന്ന വിഷയത്തിൽ സജയ് കെ.വി. അനുസ്മരണപ്രഭാഷണം നടത്തി. സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ, പുരുഷൻ കടലുണ്ടി, മുക്കം മുഹമ്മദ്, നഫീസ വഴുതിനപ്പറ്റ, കെ. ഷൈൻ, സജിൻരാജ് കെ. എന്നിവർ സംസാരിച്ചു. ഉച്ചയ്ക്കു ശേഷം രണ്ടു മണിക്ക് ‘എൻ.എൻ. കക്കാടും പിന്മുറക്കാരും’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ വിജു നായരങ്ങാടി, ഡോ. പി. സുരേഷ്, പ്രവീണ കെ. എന്നിവർ പ്രഭാഷണം നടത്തി. അക്കാദമി നിർവ്വാഹകസമിതിയംഗം കെ.പി. രാമനുണ്ണി മോഡറേറ്ററായിരുന്നു. എൻ.എൻ. കക്കാട് വായനശാല പ്രസിഡന്റ് ജി.കെ. അനീഷ് സ്വാഗതവും ലൈബ്രേറിയൻ ലസിത കെ. നന്ദിയും പറഞ്ഞു. തുടർന്നു നടന്ന കവിസമ്മേളനം കല്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു. സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ അദ്ധ്യക്ഷനായിരുന്നു. വീരാൻകുട്ടി, മാധവൻ പുറച്ചേരി, സോമൻ കടലൂർ, ലോപ, വിമീഷ് മണിയൂർ, വിജില, ശ്രീജിത്ത് അരിയല്ലൂർ, എം.പി. അനസ്, പി.ആർ. രതീഷ്, ഷിഫാന സലിം, അമ്മു ദീപ, വിനു നീലേരി, പ്രദീപ് രാമനാട്ടുകര, സക്കീർ ഹുസൈൻ എന്നിവർ കവിതകൾ അവതരിപ്പിച്ചു. അക്കാദമി ജനറൽ കൗൺസിലംഗം സുകുമാരൻ ചാലിഗദ്ധ, ഹാഷ്മി വിലാസിനി എന്നിവരും സംസാരിച്ചു.

സ്ത്രീ: ഭാഷ, എഴുത്ത്, അരങ്ങ് ഏകദിനശില്പശാല

2022 ജൂണ്‍ 20
കോഴിക്കോട്

സാഹിത്യത്തിലും സമൂഹത്തിലും തൊഴിലിടത്തിലുമെല്ലാം ഇപ്പോഴും സ്ത്രീക്ക് സ്വന്തമായ ഒരിടമില്ലെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ. അക്കാദമിയും ദർശനം സാംസ്കാരികവേദിയും സംയുക്തമായി കോഴിക്കോട് വെള്ളിമാടുകുന്ന് ജെൻഡർ പാർക്കിൽ സംഘടിപ്പിച്ച ‘സ്ത്രീ: ഭാഷ, എഴുത്ത്, അരങ്ങ്’ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുരുഷന്മാർ സൃഷ്ടിച്ച ഭാഷയിൽ സ്വാനുഭവങ്ങളെ ആവിഷ്കരിക്കേണ്ട അവസ്ഥയാണ് സ്ത്രീകൾക്കുള്ളത്. സ്ത്രീകളുടേത് സ്വകാര്യ ഇടങ്ങളാണ് എന്ന ധാരണ തിരുത്തപ്പെടണം. ഇന്ത്യൻ യാഥാർത്ഥ്യത്തെ കണക്കിലെടുത്തുകൊണ്ട് പുതിയ രീതിയിലുള്ള വായന നടത്തുകയാണ് സ്ത്രീപക്ഷ എഴുത്തുകാരുടെയും നിരൂപകരുടെയും പ്രധാന ദൗത്യം- അദ്ദേഹം പറഞ്ഞു. സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ അദ്ധ്യക്ഷനായിരുന്നു. ‘കഥയിലെ സ്ത്രീയും സമൂഹവും’ എന്ന വിഷയത്തിൽ ലതാലക്ഷ്മി, ‘സ്ത്രീക്ക് ഒരു ഭാഷയുണ്ടോ’ എന്ന വിഷയത്തിൽ ഡോ. ആർ. രാജശ്രീ, ‘മലയാളത്തിലെ സ്ത്രീകവിത’ എന്ന വിഷയത്തിൽ ഡോ. രോഷ്നി സ്വപ്ന, ‘അരങ്ങിലെ സ്ത്രീ’ എന്ന വിഷയത്തിൽ സജിത മഠത്തിൽ എന്നിവർ ക്ലാസ്സുകളെടുത്തു. എം.എ. ജോൺസൺ, ഡോ. കെ. ദിനേശൻ, ടി.കെ. സുനിൽകുമാർ എന്നിവരും സംസാരിച്ചു. വിവിധ ജില്ലകളിൽ നിന്നുള്ള നൂറിലധികം എഴുത്തുകാരികളാണ് ശില്പശാലയിൽ പങ്കെടുത്തത്.

സുകുമാര്‍ അഴീക്കോട് പ്രഭാഷണപരമ്പര

2022 ജൂണ്‍ 20, 21, 22
തൃശ്ശൂര്‍

‘സാഹിത്യവും ചരിത്രവും’ എന്ന പൊതുശീർഷകത്തിൽ ഡോ. സുനിൽ പി. ഇളയിടത്തിന്റെ സുകുമാർ അഴീക്കോട് സ്മാരക പ്രഭാഷണപരമ്പര 2022 ജൂൺ 20, 21, 22 തീയതികളിൽ അക്കാദമി ഓഡിറ്റോറിയത്തിൽ നടന്നു. സാഹിത്യവും ചരിത്രവും: അർത്ഥപരിണാമങ്ങൾ, രൂപം എന്ന ചരിത്രബന്ധം, വായന, അനുഭൂതി, ചരിത്രം എന്നീ വിഷയങ്ങളിലായിരുന്നു പ്രഭാഷണങ്ങൾ. അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ പ്രഭാഷണപരമ്പര ഉദ്ഘാടനം ചെയ്തു.

‘സമം: സ്ത്രീസമത്വത്തിനായി സാംസ്‌കാരികമുന്നേറ്റം’ ഉദ്ഘാടനം

ജൂലായ് 2, 2022
തൃശ്ശൂര്‍

തുല്യതയ്ക്കായി നടത്തുന്ന സമരം ഒറ്റപ്പെട്ടതല്ലെന്നും മറ്റനേകം ജനാധിപത്യസമരങ്ങളുടെ ഭാഗമായി അതിനെ കാണണമെന്നും സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ പറഞ്ഞു. കേരള സർക്കാർ സാംസ്‌കാരികവകുപ്പും സാഹിത്യ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ‘സമം: സ്ത്രീസമത്വത്തിനായി സാംസ്‌കാരികമുന്നേറ്റം’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളുടെ മുന്നേറ്റങ്ങൾ ജനാധിപത്യത്തെ പൂർണ്ണമാക്കുന്നു. സ്ത്രീപുരുഷസങ്കല്പം എന്നത് പ്രത്യയശാസ്ത്രനിർമ്മിതിയാണ്, അത് ജൈവികം മാത്രമല്ല. പൊതു ഇടങ്ങളും സ്വകാര്യ ഇടങ്ങളും സൃഷ്ടിച്ച് ചില ഇടങ്ങളിൽനിന്ന് സ്ത്രീകളെ ബോധപൂർവ്വം മാറ്റിനിർത്തുന്നുണ്ട്. അങ്ങനെ സ്ത്രീകൾക്ക് നിഷിദ്ധമായ ഒരു ഇടത്തിലേക്ക് പ്രവേശനം നൽകാനുള്ള ശ്രമമായിരുന്നു ശബരിമലയിലെ സ്ത്രീപ്രവേശനം. അത് എപ്രകാരം കലാശിച്ചുവെന്ന് നാം കണ്ടതാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി.

അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ ആമുഖപ്രഭാഷണവും എസ്. ശാരദക്കുട്ടി മുഖ്യപ്രഭാഷണവും നടത്തി. ബി. ബാലചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ജില്ലാ കളക്ടർ ഹരിത വി. കുമാർ, വി.എസ്. ബിന്ദു, ജെസ്സി ആന്റണി എന്നിവർ സംസാരിച്ചു.

ഉച്ചയ്ക്കു ശേഷം നടന്ന സെമിനാർ സെഷനിൽ ഡോ. കെ. പി. മോഹനൻ അധ്യക്ഷനായിരുന്നു. അക്കാദമി ജനറൽ കൗൺസിൽ അംഗം ഡോ. വിജയരാജമല്ലിക സ്വാഗതവും  ഡോ. സബിത സി ടി നന്ദിയും പറഞ്ഞു. എം.എ. സിദ്ദിഖ്, സോണിയ ഇ.പ., അഡ്വ. ആശാ ഉണ്ണിത്താൻ, ശീതൾ ശ്യാം എന്നിവർ  സംസാരിച്ചു. തുടർന്ന് ചെറുകാടിന്റെ സ്വതന്ത്ര എന്ന നാടകം അരങ്ങേറി.

ബഷീര്‍ അനുസ്മരണം

2022 ജൂലായ് 4
വൈലാലില്‍

ബഷീർ ഫെസ്റ്റിനോടനുബന്ധിച്ച് ജൂലായ് നാലിന് വൈലാലിൽ കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച യുവസാഹിത്യ ക്യാംപ് അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. എ. സജീവൻ അധ്യക്ഷനായിരുന്നു. സുഭാഷ് ചന്ദ്രനായിരുന്നു ക്യാംപ് ഡയറക്ടർ. പി.കെ. പാറക്കടവ്, അനീസ് ബഷീർ, ഷാഹിന ബഷീർ എന്നിവർ പങ്കെടുത്തു. എം.കെ. അബ്ദുൾ ഹക്കീം, കെ. സജീവ് കുമാർ എന്നിവർ സംസാരിച്ചു.

യു.പി. ജയരാജ് അനുസ്മരണം

2022 ജൂലായ് 11
തലശ്ശേരി

തലശ്ശേരി കഥാവേദിയുമായി സഹകരിച്ച് കേരള സാഹിത്യ അക്കാദമി യു.പി. ജയരാജിന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച സെമിനാർ ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. കഥയുടെ വർത്തമാനം എന്ന വിഷയത്തിൽ ഇ.പി. രാജഗോപാലൻ, രാജേന്ദ്രൻ എടത്തുംകര എന്നിവർ പ്രഭാഷണം നടത്തി. സാഹിത്യ അക്കാദമി നിർവ്വാഹകസമിതിയംഗം എം.കെ. മനോഹരൻ, ടി.പി. വേണുഗോപാലൻ, ടി.എം. ദിനേശൻ, കെ.കെ. രമേഷ്, മുകുന്ദൻ മഠത്തിൽ എന്നിവർ സംസാരിച്ചു.

പ്രൂഫ് വായനാ ശില്പശാല

2022 ആഗസ്റ്റ് 4, 5
തൃശ്ശൂര്‍

സംസ്ഥാനത്തെ പ്രൂഫ് വായനക്കാർക്കും ഡി ടി പി ഓപ്പറേറ്റർമാർക്കുമായി കേരള സാഹിത്യ അക്കാദമി ദ്വിദിന പ്രൂഫ് വായനാ ശില്പശാല സംഘടിപ്പിച്ചു. അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ ശില്പശാല ഉദ്ഘാടനം ചെയ്തു. പ്രൂഫ് വായന ഒരു സാംസ്കാരികപ്രവർത്തനമാണെന്നും പ്രൂഫ് വായനക്കാർ ഭാഷയുടെ സംരക്ഷകരാണെന്നും സച്ചിദാനന്ദൻ പറഞ്ഞു. ഒരു വൈജ്ഞാനികഭാഷയെന്ന നിലയിലേക്ക് വളർന്നുകൊണ്ടിരിക്കുന്ന മലയാളം ചില സവിശേഷ വെല്ലുവിളികൾ നേരിടുന്നുണ്ട്. മറ്റുഭാഷകളോടുള്ള വിദ്വേഷമോ അന്ധമായ ഭാഷാസ്നേഹമോ ആശാസ്യമല്ല. കേവലമായ ശുദ്ധിവാദവും ഭാഷയ്ക്ക് ആവശ്യമില്ല. പക്ഷേ മറ്റു ഭാഷകളിൽനിന്ന് വിവേചനരഹിതമായി കടമെടുത്താൽ നവീനവിജ്ഞാനം പകരാൻ ഭാഷയ്ക്കു കഴിയാതെയാകും- സച്ചിദാനന്ദൻ ചൂണ്ടിക്കാട്ടി.

ഉദ്ഘാടന സമ്മേളനത്തിൽ സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ, ജനറൽ കൗൺസിൽ അംഗങ്ങളായ സുകുമാരൻ ചാലിഗദ്ധ, വിജയരാജമല്ലിക, മാനേജർ ജസ്സി ആന്റണി, നയനതാര എൻ.ജി., അനിൽ മാരാത്ത് എന്നിവർ സംസാരിച്ചു. തുടർന്ന് ഡോ. കാവുമ്പായി ബാലകൃഷ്ണൻ, പ്രൊഫ. എം. ഹരിദാസ്, പി. യഹിയ, കെ.സി. നാരായണൻ, മണമ്പൂർ രാജൻബാബു, ഡോ. സി.ജെ. ജോർജ്ജ് എന്നിവർ ക്ലാസ്സെടുത്തു. ശ്രീലതാവർമ്മ, എൻ. രാജൻ, വി.എസ്. ബിന്ദു എന്നിവർ സെഷനുകളിൽ ആമുഖപ്രഭാഷണം നടത്തി.

ശില്പശാലയുടെ രണ്ടാം ദിവസം രാവിലെ, മലയാളവും സംസ്കൃതസന്ധികളും എന്ന വിഷയത്തിൽ കെ.കെ. യതീന്ദ്രൻ ക്ലാസെടുത്തു. ഡോ. മിനി പ്രസാദ് അധ്യക്ഷത വഹിച്ചു. തുടർന്ന്, ഭാഷാപ്രയോഗവൈകല്യങ്ങൾ എന്ന വിഷയത്തിൽ ഡോ. സി.പി. ചിത്രഭാനു ക്ലാസെടുത്തു. ഡോ. കുര്യാസ് കുമ്പളക്കുഴിയായിരുന്നു സെഷന്റെ അധ്യക്ഷൻ. ഡിജിറ്റൽ മലയാളവും പുതിയ കാലത്തെ അതിജാഗ്രതയും എന്ന വിഷയത്തിൽ മനോജ് കെ. പുതിയവിള ക്ലാസ് കൈകാര്യം ചെയ്തു.

വൈകീട്ടു നടന്ന സമാപനസമ്മേളനം അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ കാലഘട്ടത്തിൽ ഭാഷാപ്രയാഗത്തിലും ലിപിവിന്യാസത്തിലും വലിയ മാറ്റങ്ങൾ തുടങ്ങിക്കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. എഴുത്തുകാരന്റെ ഭാഷ അയാൾ സ്വന്തമായി സൃഷ്ടിക്കുന്ന സ്വതന്ത്രമായ ഒന്നാണ്. അതിൽ കൈവയ്ക്കാൻ പ്രൂഫ് വായനക്കാർക്ക് അവകാശമില്ല. എഴുത്തുകാരനും വായനക്കാരനും ഇടയിലുള്ള കൊടുക്കൽവാങ്ങൽ പ്രക്രിയയിൽ അതിരുകടക്കാതെ പങ്കാളിയാവുകയാണ് പ്രൂഫ് വായനക്കാരുടെ കടമയെന്നും അശോകൻ ചരുവിൽ പറഞ്ഞു. സി. രാവുണ്ണി അദ്ധ്യക്ഷനായിരുന്നു. അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കെ.ജി. പ്രാൺസിംഗ് ആശംസാപ്രസംഗം നടത്തി. ഈ.ഡി.ഡേവീസ്, കെ.എസ്. സുനിൽകുമാർ, കെ.എച്ച്. ഹാജു എന്നിവർ സംസാരിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന ശില്പശാലയിൽ വിവിധ ജില്ലകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 81 പ്രതിനിധികൾ പങ്കെടുത്തു.

സ്വാതന്ത്ര്യസമരവും കേരള സംസ്‌കാരവും: സെമിനാർ

2022 ഓഗസ്റ്റ് 10
തിരുവനന്തപുരം

സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തോടനുബന്ധിച്ച് കേരള സാഹിത്യ അക്കാദമി തിരുവനന്തപുരം വെങ്ങാനൂർ അയ്യൻകാളി സ്മൃതിമണ്ഡപത്തിൽ സംഘടിപ്പിച്ച ‘സ്വാതന്ത്ര്യസമരവും കേരളസംസ്‌കാരവും’ ഏകദിനസെമിനാർ ജസ്റ്റിസ് കെ. ചന്ദ്രു ഉദ്ഘാടനം ചെയ്തു. അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ അദ്ധ്യക്ഷനായിരുന്നു. അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ, സെക്രട്ടറി സി.പി. അബൂബക്കർ, വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ, അക്കാദമി നിർവ്വാഹകസമിതിയംഗം വി.എസ്. ബിന്ദു, അക്കാദമി ജനറൽ കൗൺസിലംഗം സാവിത്രി രാജീവൻ, സ്വാഗതസംഘം ജനറൽ കൺവീനർ വിനോദ് വൈശാഖി എന്നിവർ സംസാരിച്ചു.

ഉച്ചയ്ക്കുശേഷം വിവിധ വിഷയങ്ങളിൽ നടന്ന സെമിനാറുകളിൽ ഡോ. പി.കെ. രാജശേഖരൻ, ഡോ. മ്യൂസ് മേരി ജോർജ്ജ്, സി.എസ്. വെങ്കിടേശ്വരൻ, ഡോ. എം.എ. സിദ്ദിഖ് എന്നിവർ പ്രബന്ധാവതരണം നടത്തി. ഡോ. കെ.എസ്. രവികുമാർ, സതീഷ് കിടാരക്കുഴി എന്നിവർ സംസാരിച്ചു. ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ സ്മൃതികുടീരത്തിൽനിന്നും സമ്മേളന നഗരിയിലേക്ക് സാംസ്‌കാരികഘോഷയാത്രയും നടന്നു.

അരങ്ങ്: കേരളത്തിലെ ആദ്യത്തെ ക്വീർ സാഹിത്യോത്സവം

2022 ഓഗസ്റ്റ് 17
തൃശ്ശൂര്‍

ട്രാൻസ്‌ജെൻഡർ, ഇന്റർസെക്‌സ്, ലെസ്ബിയൻ, ഗേ, ബൈസെക് ഷ്വൽ, ജെൻഡർ ക്വീർ, അസെക് ഷ്വൽ എഴുത്തുകാരെ ഉൾപ്പെടുത്തി കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച സാഹിത്യോത്സവം ‘അരങ്ങ്’  സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്തു. അദൃശ്യരാക്കപ്പെട്ടവരെയും പാർശ്വവത്കൃതരെയും കേന്ദ്രത്തിലേക്കു കൊണ്ടുവരികയാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനപരമായ കർത്തവ്യമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീ-പുരുഷ ബൈനറികളിൽ ഒതുങ്ങുന്നവരല്ല മനുഷ്യർ. സ്ത്രീയും പുരുഷനും പ്രത്യയശാസ്ത്രനിർമ്മിതികളാണ്. ഈ ദ്വന്ദ്വചിന്തകളെ ചെറുക്കുകയും വിഭജനത്തെ ചോദ്യം ചെയ്യുകയും വേണം- സച്ചിദാനന്ദൻ പറഞ്ഞു.

ഏതു സന്ദർഭത്തിലും സ്‌നേഹം ശരിയും ബലപ്രയോഗം തെറ്റുമാണ്. ആര് ആരെ സ്‌നേഹിക്കുന്നു എന്നത് അപ്രസക്തമാണ്. ഹെറ്ററോനോർമ്മേറ്റീവ് അല്ലാത്ത ബന്ധങ്ങളെ അസാധാരണമായി കാണുന്ന സമൂഹത്തിൽ തിരുത്തലുകൾ ആവശ്യമാണ്. സുദീർഘമായ സർഗ്ഗാത്മകപാരമ്പര്യം ക്വീർ സമൂഹത്തിനുണ്ട്. സ്‌നേഹബന്ധങ്ങൾക്ക് ഇന്ത്യയിലോ ലോകത്തിലോ ലിംഗം ഒരു പ്രതിബന്ധമായിട്ടില്ല. സ്വന്തം സ്വത്വത്തെ അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യാൻ എൽ ജി ബി ടി ക്യു സമൂഹം തയ്യാറാവണം- അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ മനുഷ്യരുടെയും സാംസ്‌കാരികതയെ പ്രോത്സാഹിപ്പിക്കുകയാണ് സാഹിത്യ അക്കാദമിയുടെ ലക്ഷ്യമെന്ന് അദ്ധ്യക്ഷപ്രസംഗത്തിൽ സെക്രട്ടറി സി.പി. അബൂബക്കർ പറഞ്ഞു. അക്കാദമി ജനറൽ കൗൺസിലംഗം വിജയരാജമല്ലിക, കേരള സംസ്ഥാന ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗങ്ങളായ സൂര്യ ഇഷാൻ, ആനന്ദ് രാജപ്പൻ, ഈ.ഡി. ഡേവീസ് എന്നിവർ സംസാരിച്ചു.

‘ക്വീർ സാഹിത്യവും വെല്ലുവിളികളും’ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ അനസ് എൻ.എസ്. മോഡറേറ്ററായിരുന്നു. ഡോ. സി. രാവുണ്ണി, കിഷോർ കുമാർ, ശീതൾശ്യാം, വൈഗ സുബ്രഹ്മണ്യം, മുഹമ്മദ് സുഹറാബി, കെ.എസ്. സുനിൽകുമാർ എന്നിവർ സംസാരിച്ചു. പാനൽ ചർച്ചയ്ക്കു ശേഷം ക്വീർ എഴുത്തുകാരുടെ അവതരണങ്ങൾ അരങ്ങേറി.

സ്വാതന്ത്ര്യത്തിന്റെ മുക്കാൽ നൂറ്റാണ്ട്, വിഭജനത്തിന്റെയും: ഏകദിന സെമിനാർ

2022 ഓഗസ്റ്റ് 28
തൃശ്ശൂര്‍

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് കേരള സാഹിത്യ അക്കാദമി കുഴിക്കാട്ടുശ്ശേരി ഗ്രാമികയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ‘സ്വാതന്ത്ര്യത്തിന്റെ മുക്കാൽ നൂറ്റാണ്ട്, വിഭജനത്തിന്റെയും’ ഏകദിന സെമിനാർ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. ഇ.കെ. ദിവാകരൻ പോറ്റി അനുസ്മരണപ്രഭാഷണവും അദ്ദേഹം നടത്തി.  ഗ്രാമികയിൽ നടന്ന പരിപാടിയിൽ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ അധ്യക്ഷത വഹിച്ചു. ‘വിവർത്തനത്തിലെ പ്രതിരോധം’ എന്ന വിഷയത്തോടു ചേർന്ന് ആലങ്കോട് ലീലാകൃഷ്ണൻ,  ദിവാകരൻ പോറ്റി സ്മാരകപ്രഭാഷണം നിർവ്വഹിച്ചു. ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജുമൈല ഷഗീർ, ഗ്രാമപഞ്ചായത്ത് അംഗം മിനി പോളി, ഗ്രാമിക പ്രസിഡന്റ് പി.കെ. കിട്ടൻ, കെ.എസ്. സുനിൽകുമാർ എന്നിവർ സംസാരിച്ചു.

ഉച്ചതിരിഞ്ഞ് നടന്ന സെമിനാറിൽ ‘സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സ്ത്രീകൾ’ എന്ന വിഷയത്തിൽ പ്രൊഫ. സാറാജോസഫ്, ‘സ്വാതന്ത്ര്യസമരകാലത്തെ ദേശീയതയും പിൽക്കാല പരിണതികളും’ എന്ന വിഷയത്തിൽ കെ.ഇ.എൻ., ഭരണഘടനയിലെ സ്വാതന്ത്ര്യ ദർശനത്തെപ്പറ്റി ഡോ. സുനിൽ പി. ഇളയിടം എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഗ്രാമിക വൈസ് പ്രസിഡന്റ് രമാ രാഘവൻ, ട്രഷറർ ഇ.കെ.മോഹൻദാസ് എന്നിവർ സംസാരിച്ചു. ഗ്രാമിക അക്കാദമി വിദ്യാർത്ഥികൾ സ്വാതന്ത്ര്യഗീതങ്ങൾ ആലപിച്ചു. തുടർന്ന് തൃശ്ശൂർ ജനനയന ‘സ്വാതന്ത്ര്യാവിഷ്‌കാരങ്ങൾ’ എന്ന പേരിൽ പ്രതിരോധത്തിന്റെ പാട്ടുകളും ദൃശ്യാവിഷ്‌കാരങ്ങളും അവതരിപ്പിച്ചു.

നാരായനെയും എസ്.വി. വേണുഗോപൻനായരെയും അനുസ്മരിച്ചു

2022 ഓഗസ്റ്റ് 31
തൃശ്ശൂര്‍

അന്തരിച്ച നോവലിസ്റ്റ് നാരായനെയും കഥാകൃത്ത് എസ്.വി. വേണുഗോപൻനായരെയും കേരള സാഹിത്യ അക്കാദമി അനുസ്മരിച്ചു. വൈലോപ്പിള്ളി ഹാളിൽ ഓഗസ്റ്റ് മുപ്പത്തിയൊന്നിന് ‘കഥാകാരന്മാർക്ക് പ്രണാമം’ പരിപാടി അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ അദ്ധ്യക്ഷനായിരുന്നു. കേരളചരിത്രത്തിലില്ലാത്ത മനുഷ്യചരിത്രമാണ് നാരായൻ എഴുതിയതെന്ന് നിരൂപകൻ ഇ.പി. രാജഗോപാലനും ഭാഷാഭേദങ്ങളുടെ വൈവിദ്ധ്യത്തിൽ വികാരങ്ങൾ ആവോളം ചേർത്ത കഥാപാത്രസൃഷ്ടിയായിരുന്നു എസ്.വി. വേണുഗോപൻനായരുടേതെന്ന് നോവലിസ്റ്റും കഥാകൃത്തുമായ ജി.ആർ. ഇന്ദുഗോപനും അനുസ്മരണപ്രഭാഷണങ്ങളിൽ പറഞ്ഞു. കെ.എസ്. സുനിൽകുമാർ, എ.എച്ച്. സിറാജുദ്ദീൻ എന്നിവരും സംസാരിച്ചു.

എം. കുട്ടിക്കൃഷ്ണൻമാസ്റ്റർ അനുസ്മരണം

2022 സെപ്തംബര്‍ 28
പയ്യോളി

ഭരണഘടനയെ എങ്ങനെ സംരക്ഷിക്കാം എന്ന് ആലോചിക്കേണ്ടിവരുന്ന വിധത്തിൽ നമ്മുടെ ഭരണഘടനയുടെ മൗലികതത്ത്വങ്ങൾ ദിനംപ്രതി ചോദ്യം ചെയ്യപ്പെടുകയാണെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ പറഞ്ഞു. കേരള സാഹിത്യ അക്കാദമി പയ്യോളിയിൽ സംഘടിപ്പിച്ച എം. കുട്ടിക്കൃഷ്ണൻ മാസ്റ്റർ അനുസ്മരണപരിപാടിയും സെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനാ മൂല്യങ്ങൾ രാജ്യസഭയിലാകട്ടെ, ലോക്‌സഭയിലാകട്ടെ, കോടതിയിലാകട്ടെ, നിരന്തരം ചോദ്യംചെയ്യപ്പെടുകയാണ്. മതേതരത്വം, സോഷ്യലിസം, സമത്വം എന്നീ ആശയങ്ങൾ ഭീഷണി നേരിടുന്നു. മനുഷ്യരുടെ അടിസ്ഥാനപരമായ അവകാശങ്ങൾ പലകോണുകളിൽനിന്നും ചോദ്യംചെയ്യപ്പെടുന്ന ഭീതിദമായ അവസ്ഥയാണുള്ളത്. മനുഷ്യർ മർദ്ദിക്കപ്പെടുകയും, വധിക്കപ്പെടുകയും ചെയ്യുന്ന ഭയത്തിന്റെ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ അദ്ധ്യക്ഷനായി.  എം.എം. നാരായണൻ എം. കുട്ടിക്കൃഷ്ണൻമാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. ‘പ്രതിരോധം, സാഹിത്യം,  മാദ്ധ്യമം’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ഡോക്ടർ മിനി പ്രസാദ്, രാജേന്ദ്രൻ എടത്തുംകര , കെ.ടി. കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. ചന്ദ്രശേഖരൻ തിക്കോടി അദ്ധ്യക്ഷനായി. പുരോഗമന കലാസാഹിത്യസംഘം പയ്യോളി മേഖലാ കമ്മിറ്റി അവതരിപ്പിച്ച പഴയ ഗാനങ്ങളുടെ ആലാപനവും അരങ്ങേറി. പുഷ്പൻ തിക്കോടി സ്വാഗതവും, ചന്ദ്രൻ മുദ്ര, മഹമൂദ് മൂടാടി എന്നിവർ നന്ദിയും പറഞ്ഞു.

പിറപ്പ്- കവിതാശില്പശാല

2022 സെപ്തംബർ 30, ഒക്ടോബർ 1, 2, 3
തേക്കടി, ഇടുക്കി

കേരള സാഹിത്യ അക്കാദമിയും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാനകമ്മിറ്റിയും സംയുക്തമായി പിറപ്പ് എന്ന പേരിൽ തേക്കടിയിൽ കവിതാശില്പശാല സംഘടിപ്പിച്ചു. സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ ശില്പശാല ഉദ്ഘാടനം ചെയ്തു. നീതിബോധവും ലാവണ്യവും ഉയർത്തിപ്പിടിക്കുന്നതിനൊപ്പം, കവിത ഹിംസയ്ക്കെതിരായ എഴുത്തായി മാറണമെന്ന് ഉദ്ഘാടനപ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. അക്കാദമി വൈസ് പ്രസിഡന്റും പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അശോകൻ ചരുവിൽ അദ്ധ്യക്ഷനായി.

ശില്പശാലയുടെ ഭാഗമായ സാംസ്കാരികസമ്മേളനം കെ.ഇ.എൻ. ഉദ്ഘാടനം ചെയ്തു. കവയിത്രി അപർണ്ണാരാജ് പതാക ഉയർത്തി. ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ മുഖ്യാതിഥിയായി. കെ.എ. അബ്ദുൾറസാഖിന്റെ ചിത്രപ്രദർശനം കവി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ഇടുക്കിയിലെ എഴുത്തുകാരുടെ പുസ്തകങ്ങളുടെ പ്രത്യേക പ്രദർശനം ഗാനരചയിതാവ് എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ നിർവ്വഹിച്ചു. രാവുണ്ണി, കാഞ്ചിയാർ രാജൻ, മോബിൻ മോഹൻ, ശീതൾ ശ്യാം, സുഗതൻ കരുവാറ്റ തുടങ്ങിയവർ സംസാരിച്ചു.

സുനിൽ പി. ഇളയിടം, കെ.ഇ.എൻ. കുഞ്ഞഹമ്മദ്, വിജയലക്ഷ്മി, ആലങ്കോട് ലീലാകൃഷ്ണൻ, കെ.പി. മോഹനൻ, എം.കെ. മനോഹരൻ, വിജയലക്ഷ്മി, ആലങ്കോട് ലീലാകൃഷ്ണൻ, വി.എസ്. ബിന്ദു, ടി.ആർ. അജയൻ, കരിവെള്ളൂർ മുരളി, ഇ.പി. രാജഗോപാലൻ, വിനോദ് വൈശാഖി, അശോകൻ മറയൂർ, സുകുമാരൻ ചാലിഗദ്ധ തുടങ്ങിയവർ ശില്പശാലയിൽ വിവിധ സെഷനുകൾ നയിച്ചു. അൻപത് യുവകവികളാണ് സംസ്ഥാനത്തൊട്ടാകെ നിന്ന് ശില്പശാലയിൽ പങ്കെടുത്തത്.

സമം-സ്ത്രീസമത്വത്തിനായി സാംസ്കാരികമുന്നേറ്റം

2022 ഒക്ടോബർ 7
എരവിമംഗലം

സ്ത്രീതുല്യതയുടെ സന്ദേശമുയർത്തിക്കൊണ്ട് കേരള സർക്കാർ മുന്നോട്ടുവച്ച ‘സമം’ പരിപാടിയുടെ ഭാഗമായി അക്കാദമി എരവിമംഗലത്തു സംഘടിപ്പിച്ച സാംസ്കാരികസമ്മേളനം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. അക്കാദമി പ്രസിഡന്റ് സി.പി. അബൂബക്കർ അദ്ധ്യക്ഷനായിരുന്നു. നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യാ രാജേഷ് മുഖ്യാതിഥിയായി. കെ.ഇ.എൻ., ഡോ. ബിലു സി. നാരായണൻ എന്നിവർ പ്രബന്ധാവതരണം നടത്തി. അഡ്വ. പി.ആർ. രഞ്ജിത്ത്, ടി.ആർ. വിജയൻ, നടുവം സത്യൻ, എം. സഹദേവൻ, എ.എൻ. ജയൻ, എം. സത്യദേവൻ, ജിയ ഗിഫ്റ്റൻ എന്നിവർ പങ്കെടുത്തു. വൈകുന്നേരം എഴുമണിക്ക് ചെറുകാട് രചന നിർവ്വഹിച്ച്, കെ.വി. ഗണേഷ് സംവിധാനം ചെയ്ത് രംഗചേതന അവതരിപ്പിച്ച നാടകം ‘സ്വതന്ത്ര’ അരങ്ങേറി.

ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി: നൂറാം വാർഷികാഘോഷങ്ങൾ

ഒക്ടോബർ 15, 2022, ഒക്ടോബർ 20, 2022
തൃശ്ശൂർ, സുൽത്താൻ ബത്തേരി

കുമാരനാശാന്റെ ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി എന്നീ കൃതികളുടെ നൂറാം വാർഷികാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കേരള സാഹിത്യ അക്കാദമിയിൽ വച്ചു നടന്ന ചടങ്ങിൽ മുൻ സാംസ്കാരികവകുപ്പുമന്ത്രിയും സി.പി.ഐ.എം. പൊളിറ്റ്ബ്യൂറോ അംഗവുമായ എം.എ. ബേബി നിർവ്വഹിച്ചു. മലയാളത്തിൽ പുരോഗമനസാഹിത്യത്തിന് തുടക്കം കുറിച്ച കൃതികളിലൊന്നാണ് ആശാന്റെ ദുരവസ്ഥയെന്ന് അദ്ദേഹം പറഞ്ഞു. അധീശത്വത്തിനും അമാനവികതയ്ക്കും അടിച്ചമർത്തലിനും എതിരായിരുന്നു ആശാന്റെ കവിതകൾ. സമൂഹത്തിലെയും, നമുക്കുള്ളിലെ തന്നെയും ജീർണ്ണതകളെക്കുറിച്ച് അവ നമ്മെ ഓർമ്മിപ്പിക്കുന്നു- ബേബി ചൂണ്ടിക്കാട്ടി.

1936-ൽ അംബേദ്കർ ജാതിയുടെ ഉന്മൂലനം എഴുതുംമുൻപ്, 1922-ലാണ് അതേ ആശയമുള്ള ദുരവസ്ഥ ആശാൻ എഴുതിയത്. നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള പ്രയത്നം ആദ്യം നടത്തിയത് കുമാരനാശാനാണ്. കർഷകസ്ത്രീകൾക്കൊപ്പം ചേറിലിറങ്ങി പണിയെടുക്കാൻ സന്നദ്ധയായിരുന്നു സാവിത്രി. മറ്റുള്ളവരുടെ അദ്ധ്വാനഫലം അനുഭവിച്ചു ജീവിച്ച വരേണ്യവിഭാഗത്തിൽനിന്ന്, സ്വയം അദ്ധ്വാനിക്കുന്ന അടിസ്ഥാന വർഗ്ഗവിഭാഗത്തിലേക്കുള്ള ഒരു പരിണാമം കൂടിയാണ് സാവിത്രിയുടേത്- അദ്ദേഹം പറഞ്ഞു.

ജാതിവിമർശനത്തിലൂടെ ശ്രേണീവത്കൃതമായ ലോകത്തെ വിചാരണ ചെയ്യുകയായിരുന്നു  കുമാരനാശാനെന്ന് അദ്ധ്യക്ഷപ്രസംഗത്തിൽ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ പറഞ്ഞു. ദലിതരിൽ മനുഷ്യാവസ്ഥ ദർശിക്കുക മാത്രമല്ല, അവർ അടിച്ചമർത്തപ്പെട്ടിരുന്ന ഒരു കാലത്ത് മനുഷ്യാവസ്ഥയുടെ പ്രതീകങ്ങളാക്കി അവരെ മാറ്റുകയും ചെയ്തു അദ്ദേഹം. വർണ്ണാധിഷ്ഠിതമായ ഉച്ചനീചത്വങ്ങൾക്ക് എതിരേയും, ആത്മീയതയുടെ മണ്ഡലം സ്ത്രീക്ക് അന്യമാക്കിയ സങ്കുചിതചിന്തയ്ക്കെതിരേയുമുള്ള കലാപങ്ങൾ ആശാന്റെ കവിതകളിലുണ്ട്. സ്ത്രീവിമോചനത്തെയും ദലിത് വിമോചനത്തെയും സ്വാതന്ത്ര്യത്തിലേക്കുള്ള ചലനത്തിന്റെ വേർപിരിക്കാനാവാത്ത രണ്ടു ഭാഗങ്ങളായി അദ്ദേഹം കണ്ടു- അദ്ദേഹം പറഞ്ഞു.

സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ, സെക്രട്ടറി സി.പി. അബൂബക്കർ, നിർവ്വാഹകസമിതിയംഗം വി.എസ്. ബിന്ദു, കെ.എസ്. സുനിൽകുമാർ എന്നിവരും സംസാരിച്ചു. കവി പി. രാമൻ ദുരവസ്ഥയിലെയും ചണ്ഡാലഭിക്ഷുകിയിലെയും തെരഞ്ഞെടുത്ത ഭാഗങ്ങൾ ആലപിച്ചു. ഉച്ചയ്ക്കുശേഷം, നവോത്ഥാനത്തിന്റെ സ്പന്ദങ്ങൾ: ചണ്ഡാലഭിക്ഷുകിയിലും ദുരവസ്ഥയിലും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ സജയ് കെ.വി., ഡോ. അജയ് ശേഖർ, മായ പ്രമോദ് എന്നിവർ പ്രബന്ധാവതരണം നടത്തി. അക്കാദമി നിർവ്വാഹകസമിതിയംഗം കെ.പി. രാമനുണ്ണി അദ്ധ്യക്ഷനായിരുന്നു. അക്കാദമി ജനറൽ കൗൺസിലംഗം എൻ. രാജൻ സ്വാഗതവും മനീഷ പാങ്ങിൽ നന്ദിയും പറഞ്ഞു.

വയനാട് സുൽത്താൻ ബത്തേരിയിൽ ദുരവസ്ഥയുടെയും ചണ്ഡാലഭിക്ഷുകിയുടെയും നൂറാം വർഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്തു. സമകാലിക സമൂഹത്തെ നിഴൽപോലെ പിന്തുടരുന്നതാണ് ജാതിവ്യവസ്ഥയെന്ന് ഉദ്ഘാടനപ്രസംഗത്തിൽ അദ്ദേഹം നിരീക്ഷിച്ചു. എത്ര ഉയർച്ച നേടിയാലും അത് ഉൾക്കൊള്ളാൻ കഴിയാത്ത വിധത്തിൽ ജാതിചിന്ത ഉയർന്നു നിൽക്കുന്നു. ഒരു ആദിവാസിയോ ദലിതനോ എത്ര ഉയർന്ന പദവിയിൽ എത്തിയാലും, പിന്നിൽനിന്ന് അവരെ അവഹേളിക്കുന്ന മനഃസ്ഥിതിയിൽനിന്ന് നാം മാറിയിട്ടില്ല. ഭൂരിപക്ഷ മതാധിപത്യത്തിനെതിരേ ഇന്ന് ഇന്ത്യയിൽ നടക്കുന്ന സമരങ്ങളുമായി യോജിച്ചു പോകുന്നവയാണ് ആശാൻ കവിതകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ആശാന്റെ സാമൂഹ്യബോധവും ലാവണ്യബോധവും ചണ്ഡാലഭിക്ഷുകിയിലും ദുരവസ്ഥയിലും’ എന്ന വിഷയത്തിൽ മൈന ഉമൈബാനും, ‘ചണ്ഡാലഭിക്ഷുകിയിലെ നവോത്ഥാന വെളിച്ചങ്ങൾ’ എന്ന വിഷയത്തിൽ സോമൻ കടലൂരും പ്രഭാഷണം നടത്തി. അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി പ്രൊഫ. സി.പി. അബൂബക്കർ ആമുഖപ്രഭാഷണം നടത്തി. പി.കെ. സുധീർ, എം. ദേവകുമാർ എന്നിവർ സംസാരിച്ചു. സുകുമാരൻ ചാലിഗദ്ദ സ്വാഗതവും പി.കെ. സത്താർ നന്ദിയും പറഞ്ഞു.

എയ്ദോസ് സെമിനാർ പരമ്പര

2022 ഒക്ടോബർ 18, 19
സാഹിത്യ അക്കാദമി ഓഡിറ്റോറിയം

കേരള സാഹിത്യ അക്കാദമിയും ശ്രീ കേരളവർമ്മ കോളെജ് ഇംഗ്ലീഷ് വിഭാഗവും സംയുക്തമായി എയ്ദോസ് എന്ന പേരിൽ ദ്വിദിന സെമിനാർ പരമ്പര സംഘടിപ്പിച്ചു. കൾചർ ആൻഡ് ജെൻഡർ എന്ന വിഷയത്തിൽ നടന്ന സെമിനാർ ജെ.എൻ.യു. അദ്ധ്യാപികയും എഴുത്തുകാരിയുമായ ഡോ. നിവേദിത മേനോൻ ഉദ്ഘാടനം ചെയ്തു. കോളെജ് പ്രിൻസിപ്പൽ ഇൻ ചാർജ് പ്രൊഫ. വി.എ. നാരായണമേനോൻ അദ്ധ്യക്ഷനായി. ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. ഐശ്വര്യ എസ്. ബാബു, ഡോ. എൻ. ദിവ്യ, ഡോ. കെ.എസ്. രാധിക, പ്രൊഫ. കൃപ എന്നിവർ സംസാരിച്ചു.

ശില്പശാലയുടെ രണ്ടാം ദിവസം നടന്ന സമാപനസമ്മേളനം കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്തു. അക്കാദമി അംഗം ശ്രീലതാ വർമ്മ, വിവർത്തക പ്രിയാ നായർ, ഐശ്വര്യ എസ്. ബാബു, പി.എ. ജനീപ, കെ.വി. സീമ, ഡോ. വൃന്ദാ വർമ്മ, കൃപ പ്രദീപൻ എന്നിവർ സംസാരിച്ചു. ഹംഗേറിയൻ കവികളായ ജാനസ് ഹേ, ടോമോഷ് റോഷ് എന്നിവർ കവിതാവതരണം നടത്തി. അറുപതിലേറെ പ്രബന്ധങ്ങളാണ് രണ്ടു ദിവസത്തെ സെമിനാറിൽ അവതരിപ്പിക്കപ്പെട്ടത്.

നെല്ലിന്റെ അൻപതാം വാർഷികം

2022 ഒക്ടോബർ 19
തിരുനെല്ലി, വയനാട്

ആദിവാസി ജീവിതത്തിന്റെ നൊമ്പരങ്ങളും അതിജീവനശ്രമങ്ങളും അടയാളപ്പെടുത്തിയ പി. വത്സലയുടെ നെല്ല് നോവലിന്റെ അൻപതാം വാർഷികം കഥ പിറന്ന തിരുനെല്ലിയിൽ കേരള സാഹിത്യ അക്കാദമി ആഘോഷിച്ചു. എഴുത്തുകാരൻ എൻ.പി. ഹാഫിസ് മുഹമ്മദ് വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. മേലാളന്മാർ പിഴുതെറിയാൻ ശ്രമിച്ച സമൂഹത്തെ രേഖപ്പെടുത്തുക എന്ന ചരിത്രധർമ്മമാണ് നെല്ല് എന്ന നോവലിലൂടെ പി. വത്സല നിർവ്വഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കീഴാളപക്ഷവായനയുടെ ജീവിതാവിഷ്കാരമാണ് നെല്ലെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായ കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ നിരീക്ഷിച്ചു. ‘നെല്ല്: സാമൂഹ്യപശ്ചാത്തലം’ എന്ന വിഷയത്തിൽ ഡോ. കെ. രമേശനും ‘നെല്ലിലെ ജീവിതസംഘർഷങ്ങൾ’ എന്ന വിഷയത്തിൽ ഡോ. പി.എ. പുഷ്പലതയും പ്രബന്ധാവതരണം നടത്തി. അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ, തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണൻ, വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. സുധീർ, പുരോഗമന കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ് മുസ്തഫ ദ്വാരക, വസന്തകുമാരി, ആർ. അജയകുമാർ എന്നിവർ സംസാരിച്ചു. ഗോത്രകലാകാരന്മാരുടെ കലാവതരണങ്ങളും ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

കാക്കനാടൻ അനുസ്മരണം

2022 ഒക്ടോബർ 19
കൊല്ലം പബ്ലിക് ലൈബ്രറി

കേരള സാഹിത്യ അക്കാദമിയും കാക്കനാടൻ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച കാക്കനാടൻ അനുസ്മരണപരിപാടി എഴുത്തുകാരനും അക്കാദമി അംഗവുമായ ബെന്യാമിൻ ഉദ്ഘാടനം ചെയ്തു. കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ നടന്ന അനുസ്മരണത്തിൽ കാക്കനാടൻ ഫൗണ്ടേഷൻ വർക്കിങ് ചെയർമാൻ കെ. സോമപ്രസാദ് അദ്ധ്യക്ഷനായി. അക്കാദമി അംഗം പ്രൊഫ. കെ.എസ്. രവികുമാർ മുഖ്യാതിഥിയായിരുന്നു. ഫൗണ്ടേഷൻ സെക്രട്ടറി രാധ കാക്കനാടൻ, ഡി. സുരേഷ്‌കുമാർ, കെ. ഭാസ്കരൻ, ആശ്രാമം ഭാസി എന്നിവർ സംസാരിച്ചു.

സാഹിത്യ അക്കാദമി വാർഷികാഘോഷവും പുരസ്കാരസമർപ്പണവും

2022 നവംബർ 15, 16
കേരള സാഹിത്യ അക്കാദമി ബഷീർ വേദി

കേരള സാഹിത്യ അക്കാദമിയുടെ അറുപത്തിയാറാം വാർഷികാഘോഷവും പുരസ്കാരസമർപ്പണച്ചടങ്ങും നവംബർ 15-ന് സാംസ്കാരികവകുപ്പുമന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിൽ ഇന്ന് നിലനിൽക്കുന്നത് ആവിഷ്കാരസ്വാതന്ത്ര്യത്തിനു മേലുള്ള അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണെന്ന് മന്ത്രി പറഞ്ഞു. പലതരം വിവേചനങ്ങളെ നേരിടുകയാണ് രാജ്യം. മനുഷ്യർ തമ്മിൽ അങ്കക്കോഴികളെപ്പോലെ പടവെട്ടുകയാണ്. ഇന്ത്യയുടെ ഫെഡറൽ സ്വഭാവം കടുത്ത വെല്ലുവിളി നേരിടുന്നു. ഹിന്ദിഭാഷ അടിച്ചേല്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. ഇത്തരം പൗരാവകാശദ്ധ്വംസനങ്ങൾക്കെതിരേ സാംസ്കാരികസമൂഹം ഉണർന്നു പ്രവർത്തിക്കണം- അദ്ദേഹം പറഞ്ഞു.

എഴുത്തുകാരെ ഭരണകൂടം ഭയപ്പെടുന്നുണ്ട്. സാമൂഹികപുരോഗതിക്ക് കലയും സാഹിത്യവും നൽകുന്ന സംഭാവനയും ദിശാബോധവും വളരെ വലുതാണ്. നവോത്ഥാനനായകർ ഉഴുതുമറിച്ച കേരളത്തിന്റെ മണ്ണിൽ ഈദി അമീനെപ്പോലെ നരഭോജികളുടെ സാന്നിദ്ധ്യമുണ്ടാകുന്നു എന്നത് ആശങ്കാജനകമാണ്- മന്ത്രി ചൂണ്ടിക്കാട്ടി.

വൈശാഖൻ, കെ.പി. ശങ്കരൻ എന്നിവർക്ക് അക്കാദമിയുടെ വിശിഷ്ടാംഗത്വവും കെ. ജയകുമാർ, കെ.എ. ജയശീലൻ, ജാനമ്മ കുഞ്ഞുണ്ണി, ഗീത കൃഷ്ണൻകുട്ടി, കവിയൂർ രാജഗോപാലൻ, കടത്തനാട്ട് നാരായണൻ എന്നിവർക്ക് സമഗ്രസംഭാവനാപുരസ്കാരവും മന്ത്രി സമ്മാനിച്ചു.
അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. അക്കാദമി നിർവ്വാഹകസമിതിയംഗം സുനിൽ പി. ഇളയിടം വിശിഷ്ടാംഗങ്ങളെയും സമഗ്രസംഭാവനാപുരസ്കാരജേതാക്കളെയും പരിചയപ്പെടുത്തി. നിർവ്വാഹകസമിതിയംഗം വിജയലക്ഷ്മി പ്രശസ്തിപത്രം വായിച്ചു. അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ, സെക്രട്ടറി സി.പി. അബൂബക്കർ, വി.എസ്. ബിന്ദു, സുകുമാരൻ ചാലിഗദ്ധ എന്നിവർ സംസാരിച്ചു.
ഉച്ചയ്ക്കു ശേഷം ‘മലയാളസാഹിത്യത്തിന്റെ വർത്തമാനം’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ വൈശാഖൻ, കെ. ജയകുമാർ, ജാനമ്മ കുഞ്ഞുണ്ണി, കവിയൂർ രാജഗോപാൽ, ഗീത കൃഷ്ണൻകുട്ടി, ജി.പി. രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു. ഡോ. കുര്യാസ് കുമ്പളക്കുഴി അദ്ധ്യക്ഷത വഹിച്ചു. എൻ. രാജൻ, എം.എ. സിദ്ദീഖ്, മോബിൻ മോഹൻ എന്നിവർ സംസാരിച്ചു.

കേരള സാഹിത്യ അക്കാദമിയുടെ 2021-ലെ അവാർഡുകളും എൻഡോവ്മെന്റുകളും നവംബർ 16-ന് അക്കാദമി ബഷീർവേദിയിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സച്ചിദാനന്ദൻ സമ്മാനിച്ചു. അൻവർ അലി (കവിത), ഡോ. ആർ. രാജശ്രീ, വിനോയ് തോമസ് (നോവൽ), പ്രദീപ് മണ്ടൂർ (നാടകം), എൻ. അജയകുമാർ (നിരൂപണം), ഡോ. ഗോപകുമാർ ചോലയിൽ (വൈജ്ഞാനികസാഹിത്യം), പ്രൊഫ. ടി.ജെ. ജോസഫ് (ജീവചരിത്രം/ആത്മകഥ), വേണു (യാത്രാവിവരണം), അയ്മനം ജോൺ (വിവർത്തനം), ആൻ പാലി (ഹാസസാഹിത്യം), ഇ.വി. രാമകൃഷ്ണൻ (വിലാസിനി അവാർഡ്), വൈക്കം മധു (ഐ.സി. ചാക്കോ അവാർഡ്), പ്രൊഫ. പി.ആർ. ഹരികുമാർ (കെ.ആർ. നമ്പൂതിരി അവാർഡ്), കിംഗ് ജോൺസ് (കനകശ്രീ അവാർഡ്), വിവേക് ചന്ദ്രൻ (ഗീതാഹിരണ്യൻ അവാർഡ്), ഡോ. കവിതാ ബാലകൃഷ്ണൻ (ജി.എൻ. പിള്ള അവാർഡ്), എൻ.കെ. ഷീല (തുഞ്ചൻ സ്മാരക പ്രബന്ധമത്സരം) എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. ബാലസാഹിത്യപുരസ്കാരം നേടിയ രഘുനാഥ് പലേരിക്കു വേണ്ടി പ്രദീപ് പലേരിയും, പി.കെ. രാജശേഖരനു വേണ്ടി (ജി.എൻ. പിള്ള അവാർഡ്) അൻവർ അലിയും പുരസ്കാരം സ്വീകരിച്ചു. അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ അദ്ധ്യക്ഷനായിരുന്നു. അക്കാദമി നിർവ്വാഹകസമിതിയംഗങ്ങളായ ആലങ്കോട് ലീലാകൃഷ്ണനും എം.കെ. മനോഹരനും അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ സ്വാഗതഭാഷണം നടത്തി. കെ.എസ്. സുനിൽകുമാർ നന്ദി പറഞ്ഞു.

രാവിലെ നടന്ന ‘എഴുത്തും എഴുത്തുകാരും’ എന്ന സംവാദത്തിൽ അക്കാദമി ജനറൽ കൗൺസിലംഗം വിജയരാജമല്ലിക സ്വാഗതം പറഞ്ഞു. അക്കാദമി നിർവ്വാഹകസമിതിയംഗം കെ.പി. രാമനുണ്ണി മോഡറേറ്ററായി. അൻവർ അലി, ഡോ. ആർ. രാജശ്രീ, വിനോയ് തോമസ്, ദേവദാസ് വി.എം., പ്രദീപ് മണ്ടൂർ, എൻ. അജയകുമാർ, ഡോ. ഗോപകുമാർ ചോലയിൽ, പ്രൊഫ. ടി.ജെ. ജോസഫ്, അയ്മനം ജോൺ, ആൻ പാലി എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ചർച്ചയെ ക്രോഡീകരിച്ച് അക്കാദമി ജനറൽ കൗൺസിലംഗം രാവുണ്ണി പ്രഭാഷണം നടത്തി.

ഭാഷാദിനാഘോഷം

നവംബർ 1
കേരള സാഹിത്യ അക്കാദമി ഓഡിറ്റോറിയം

കേരള സാഹിത്യ അക്കാദമിയും തൃശ്ശൂർ ജില്ലാ ആസൂത്രണസമിതിയും ജില്ലാ പ്ലാനിങ് ഓഫീസും സംയുക്തമായി അക്കാദമി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഭാഷാദിനാഘോഷം ജില്ലാ ആസൂത്രണസമിതി ചെയർമാൻ പി.കെ. ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 66 വർഷങ്ങൾക്കു മുൻപുണ്ടായിരുന്നതിനേക്കാൾ സ്മാർട്ടാണ് ഇന്ന് കേരളമെങ്കിലും, തലതാഴ്ത്തേണ്ടി വരുന്ന പല സംഭവങ്ങളും ഇന്നുണ്ടാകുന്നത് ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസങ്ങൾ അന്ധവിശ്വാസങ്ങളും ആചാരങ്ങൾ അനാചാരങ്ങളുമാകുന്നത് നെഞ്ചിടിപ്പു കൂട്ടുകയാണ്. ചില ഭാഷകളെ വരേണ്യമാക്കാനും, മറ്റു ചിലതിനെ ചെറുതാക്കാനുമുള്ള ശ്രമങ്ങളെ ചെറുത്തു തോല്പിക്കണമെന്നും ഡേവിസ് മാസ്റ്റർ കൂട്ടിച്ചേർത്തു.

ഭാഷയെ പൂജിക്കുകയോ ആദർശവത്കരിക്കുകയോ അല്ല, ഭാഷയിൽ ജീവിക്കുന്ന മനുഷ്യർക്ക് അന്തസ്സു കൊടുക്കാനുള്ള ശ്രമങ്ങളാണു വേണ്ടതെന്ന് കവി പി.എൻ. ഗോപീകൃഷ്ണൻ അദ്ധ്യക്ഷപ്രഭാഷണത്തിൽ പറഞ്ഞു. തമിഴും ബംഗാളിയും പോലുള്ള ഭാഷകൾ അവരുടെ ഭാഷയ്ക്കും സംസ്കാരത്തിനും ചുറ്റും മതിലുകൾ കെട്ടിയുയർത്തിയപ്പോൾ, കേരളം അതിന്റെ കടൽത്തീരങ്ങൾപോലെ സംസ്കാരവും തുറന്നിട്ടു. ഈ അവിയൽസ്വഭാവമാണ് മലയാളത്തിന്റെ അടിത്തറ. ദ്രാവിഡകുടുംബത്തിൽ ആധുനികമാനങ്ങളുള്ള ഭാഷയായി മലയാളം മാറിയത് അതുകൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച കെ. സുഗതന്റെ ക്ലാസിക്കൽ മലയാളം എന്ന പുസ്തകം ജില്ലാ കളക്ടർ ഹരിത വി. കുമാർ, ടി.എ. ഫസീലയ്ക്ക് നൽകി പ്രകാശനം ചെയ്തു. സുകുമാരൻ ചാലിഗദ്ധ, വി.എസ്. പ്രിൻസ്, കെ. സുഗതൻ, എൻ.കെ. ശ്രീലത, ഇ.എസ്. സുബീഷ് എന്നിവർ സംസാരിച്ചു. അക്കാദമി പബ്ലിക്കേഷൻസ് ഓഫീസർ ഇ.ഡി. ഡേവീസ് ഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഉച്ചയ്ക്കുശേഷം ചങ്ങമ്പുഴ ഹാളിൽ കൂടിയാട്ടത്തിന്റെ അരങ്ങുമൊഴി, കേരളീയ ചിത്രമെഴുത്തിന്റെ ഭാഷയും വായനയും എന്നീ വിഷയങ്ങളിൽ കലാമണ്ഡലം മണികണ്ഠൻ, വിവേക്ദാസ് എം.എം. എന്നിവർ പ്രഭാഷണം നടത്തി. ഡോ. എൻ.ആർ. ഗ്രാമപ്രകാശ് അദ്ധ്യക്ഷനായിരുന്നു. ഓട്ടൻതുള്ളൽ, പാട്ടരങ്ങ്, നൃത്തനൃത്യങ്ങൾ എന്നിവയും ഭാഷാദിനാഘോഷത്തിന്റെ ഭാഗമായി അരങ്ങേറി.

സേതുവിന് 80

2022 നവംബർ 12
പടിഞ്ഞാറേ കടുങ്ങല്ലൂർ

80 വയസ്സ് പിന്നിട്ട എഴുത്തച്ഛൻ പുരസ്കാരജേതാവ് സേതുവിന് കേരള സാഹിത്യ അക്കാദമിയുടെ ആദരം. എറണാകുളം പടിഞ്ഞാറേ കടുങ്ങല്ലൂരിൽ വച്ചുനടന്ന ചടങ്ങ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. കാലത്തെ അതിജീവിച്ച കൃതികളാണ് സേതുവിന്റേതെന്ന് അദ്ദേഹം നിരീക്ഷിച്ചു.
മലയാള സാഹിത്യമേഖലയെ സമ്പന്നമാക്കാൻ സേതുവിന് കഴിഞ്ഞു.ആധുനികതയുടെ ശാസ്ത്രങ്ങളെ പിന്തുടരുമ്പോഴും ഗ്രാമഭാഷയുടെ ലാളിത്യംകൊണ്ട് വിസ്മയം തീർക്കാൻ സേതുവിന് കഴിഞ്ഞു. അദ്ദേഹം തന്റെ കൃതികളിലൂടെ കാലത്തിനോട് കലഹിക്കുന്നു. ആഗോളവൽക്കരണത്തിന്റെ സങ്കീർണ്ണതകളും സാമ്പത്തിക സമസ്യകളും മനുഷ്യജീവിതത്തെയും സാമൂഹിക ജീവിതത്തെയും എങ്ങനെയാണ് ഉലയ്ക്കുന്നതെന്ന് അദ്ദേഹം തന്റെ കൃതിയായ അടയാളങ്ങളിലൂടെ പറയുന്നു. പാണ്ഡവപുരം എന്ന കൃതി സേതു എന്ന സാഹിത്യകാരനെ എല്ലാകാലവും മലയാളഭാഷയിൽ അടയാളപ്പെടുത്തുന്നതാണെന്ന് മന്ത്രി പറഞ്ഞു.

പ്രാദേശിക ചരിത്രങ്ങളെ എടുത്തു കാണിക്കുമ്പോഴും അതിനുള്ളിൽ നിന്നുകൊണ്ടുതന്നെ ലോക ചരിത്രത്തിലേക്ക് വാതിൽ തുറക്കുകയാണ് അദ്ദേഹം തന്റെ കൃതികളിയിലൂടെ. സേതുവിന്റെ എഴുത്തുകൾ ലളിതമാണെങ്കിലും ആശയങ്ങളാൽ സങ്കീർണ്ണമാണ്. ഓരോ വായനയിലും പുതിയ അർത്ഥതലങ്ങൾ ലഭിക്കുമ്പോൾ കൃതികൾ കാലത്തെ അതിജീവിക്കുന്നു. അത്തരത്തിലുള്ള സൃഷ്ടികളാണ് സേതുവിന്റേതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാന സർക്കാരും കേരള സാഹിത്യ അക്കാദമിയും നാട്ടുകാരും നൽകിയ ആദരവിൽ അഭിമാനവും ആനന്ദവുമുണ്ടെന്ന് മറുപടി പ്രസംഗത്തിൽ സേതു പറഞ്ഞു. സാഹിത്യം പഠിച്ചിട്ടില്ലെങ്കിലും സാഹിത്യ സിദ്ധാന്തങ്ങളെക്കുറിച്ച് അറിവില്ലെങ്കിലും നേരിൽ കണ്ട ജീവിതവും ജീവിതാവസ്ഥകളുമാണ് തന്നെ സാഹിത്യകാരനാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. മാതാപിതാക്കളിൽനിന്ന് ലഭിച്ച വായനാശീലവും, മറ്റ് നാടുകളിലെ വാസവും സഞ്ചാരവും, എഴുതുവാൻ കാരണമായി. അഞ്ചു വയസ്സു മുതലുള്ള നാട്ടിലെ സ്കൂളിലുള്ള പഠനം ഭാഷയെ സ്നേഹിക്കാനും, ഭാഷയുടെ മാധുര്യം അറിയാനും പഠിപ്പിച്ചു. തന്റെ കൃതികൾ എഴുതിയ സാഹചര്യങ്ങളെക്കുറിച്ചും, ആസ്വാദകരെ നേരിട്ട് കണ്ട അനുഭവങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ കേരള സാഹിത്യ അക്കാദമിയുടെയും, സംസ്ഥാന സർക്കാരിന്റെയും, സാംസ്കാരിക ഇതര സംഘടനകളുടെയും, വ്യക്തികളുടെയും ആദരവും അദ്ദേഹം ഏറ്റുവാങ്ങി. ചടങ്ങിൽ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു..കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി. സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ, സർവ്വവിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ്ജ്, ജില്ലാ പഞ്ചായത്ത് അംഗം കെ.വി. രവീന്ദ്രൻ തുടങ്ങിയവർ സേതുവിന് ആശംസകൾ നേർന്നു. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ, ഡോ. സുനിൽ പി. ഇളയിടം, സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം ഡോ. കെ.എസ്. രവികുമാർ, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, വൈസ് പ്രസിഡന്റ് ആർ. രാജലക്ഷ്മി, മുപ്പത്തടം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.എം. ശശി, പ്രൊഫ ഇ. എസ്. സതീശൻ, ഡോ. വി.കെ. അബ്ദുൾ ജലീൽ, ശ്രീമൻ നാരായണൻ, പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, ഗ്രന്ഥശാലാപ്രവർത്തകർ തുടങ്ങിയവർ സന്നിഹിതരായി.

തൃശ്ശൂർ മേഖലാതല വിജ്ഞാനോത്സവം

2022 ഒക്ടോബർ 28, 29, 2021
അക്കാദമി ഓഡിറ്റോറിയം, തൃശ്ശൂർ

സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടും കേരള സാഹിത്യ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച വിജ്ഞാനോത്സവം സാറാ ജോസഫ് ഉദ്ഘാടനം ചെയ്തു. സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ അധ്യക്ഷത വഹിച്ചു. സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ്ജ് ആമുഖപ്രഭാഷണം നടത്തി. സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ, വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ എന്നിവർ ആശംസകളർപ്പിച്ചു. സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് എഡിറ്റർ എസ്. രാജലക്ഷ്മി സ്വാഗതവും സബ് എഡിറ്റർ എസ്. രാജേഷ് കുമാർ നന്ദിയും പറഞ്ഞു.

തുടർന്ന് ശാസ്ത്രവും സാഹിത്യഭാവനയും എന്ന വിഷയത്തിൽ ജി.ആർ. ഇന്ദുഗോപൻ, ഡോ. എം.എ. സിദ്ദീഖ് എന്നിവർ അവതരണങ്ങൾ നടത്തി. അസിസ്റ്റന്റ് എഡിറ്റർ ഡോ. പി. സുവർണ്ണ മോഡറേറ്ററായി. ശാസ്ത്രീയവീക്ഷണവും വെല്ലുവിളികളും എന്ന വിഷയത്തിൽ ഡോ. സി. വിശ്വനാഥൻ, ഡോ. സി.എസ്. മീനാക്ഷി, ഡോ. ടി.വി. സജീവ് എന്നിവർ അവതരണം നടത്തി. അസിസ്റ്റന്റ് എഡിറ്റർ ആർ. അനിരുദ്ധൻ മോഡറേറ്ററായി. സാഹിത്യവും നവമാദ്ധ്യമങ്ങളും എന്ന വിഷയത്തിൽ രാംമോഹൻ പാലിയത്ത്, സി. റിസ്വാൻ, അൻവർ അലി എന്നിവർ അവതരണം നടത്തി. ഡോ. എം. ദിവ്യ മോഡറേറ്ററായി. തുടർന്ന് നടന്ന കവിസമ്മേളനം കെ. സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്തു. പി.എൻ. ഗോപീകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. സി. രാവുണ്ണി, എസ്.കലേഷ്, സുകുമാരൻ ചാലിഗദ്ധ, ഒ.പി. സുരേഷ്, അൻവർ അലി തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു. കെ.എൻ. ലിൻസ സ്വാഗതവും പി. പ്രവീൺ നന്ദിയും പറഞ്ഞു.

കേരളീയ നവോത്ഥാനവെളിച്ചത്തെ കുത്തിക്കെടുത്താൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് രണ്ടാം ദിവസം സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത ഉന്നതവിദ്യാഭ്യാസവകുപ്പുമന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. പ്രലോഭനങ്ങളിലൂടെ സൃഷ്ടിക്കുന്ന വ്യാജപ്രതീകങ്ങൾക്കു മുമ്പിൽ കീഴടങ്ങാൻ കമ്പോളങ്ങൾ കേരളീയരെ പ്രേരിപ്പിക്കുന്നുണ്ടെന്നും പുരോഗമനധാരക്കെതിരേ ചലിക്കുന്ന പ്രതിലോമ ചിന്തകൾക്കെതിരേ പ്രതികരിക്കാൻ യുക്തിചിന്തയും ശാസ്ത്രാബോധവും വളർത്താൻ വൈജ്ഞാനിക മേഖല കൂടുതൽ കരുത്താർജ്ജിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. സംസ്കാരവും ബഹുസ്വരതയും എന്ന വിഷയത്തിൽ കെ.സി. നാരായണൻ മുഖ്യപ്രഭാഷണം നടത്തി. സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ്ജ്, സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ, ഡോ. സന്തോഷ് തോമസ്, ആർ. അനിരുദ്ധൻ എന്നിവർ സംസാരിച്ചു. നാരായണൻ കോലഴി രചനയും സംവിധാനവും നിർവഹിച്ച അരിയില്ലാഞ്ഞിട്ട് എന്ന നാടകവും അരങ്ങേറി.

രാവിലെ സെമിനാർ സെഷനുകളുടെ ഉദ്ഘാടനം വൈശാഖൻ നിർവ്വഹിച്ചു. ഡോ. മ്യൂസ് മേരി ജോർജ് അദ്ധ്യക്ഷത വഹിച്ചു. അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ ആമുഖപ്രഭാഷണം നടത്തി. ഡോ. പി. സുവർണ്ണ സ്വാഗതവും എസ്. ലിബി നന്ദിയും പറഞ്ഞു. തുടർന്ന് ശാസ്ത്രബോധം ദൈനംദിന ജീവിതത്തിൽ, ശാസ്ത്രം സമൂഹം ചരിത്രം, ശാസ്ത്രസാഹിത്യം സംവേദനത്തിന്റെ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഡോ. കെ.എം. ഷീബ, ഡോ. കെ. സേതുരാമൻ ഐ.പി.എസ്., ഡോ. രാജഗോപാൽ കമ്മത്ത്, അനു പാപ്പച്ചൻ, എൻ.ജി നയനതാര എന്നിവർ അവതരണം നടത്തി.
ശ്രദ്ധേയമായി കുട്ടികളുടെ പാർലമെന്റ് വിജ്ഞാനോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കുട്ടികളുടെ പാർലമെന്റ് ശ്രദ്ധേയമായി. കുട്ടികളുടെ അവകാശങ്ങൾ, ദൈനംദിന ജീവിതത്തിലെ ശാസ്ത്രബോധം, കുട്ടികളുടെ ആരോഗ്യം, കുട്ടികൾക്കിടയിലെ ലഹരി ഉപയോഗം തുടങ്ങിയ നിരവധി വിഷയങ്ങൾ ചർച്ചയായി. ചങ്ങമ്പുഴ മന്ദിരത്തിൽ സംഘടിപ്പിച്ച പരിപാടി കുര്യാസ് കുമ്പളക്കുഴി ഉദ്ഘാടനം ചെയ്തു. ജുവൈനൽ ജസ്റ്റിസ് ബോർഡ് അംഗം ഡോ. കെ.ജി. വിശ്വനാഥൻ, തൃശ്ശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹൻ, ഡോ. ഡി. ഷീല, ഡോ. രേഖ ആർ. നായർ, ഈ.ഡി.ഡേവിസ്, കെ.എസ്. സുനിൽകുമാർ എന്നിവർ സംസാരിച്ചു.

ചണ്ഡാലഭിക്ഷുകി-ദുരവസ്ഥ ശതാബ്ദി സെമിനാറുകൾ

2022 നവംബർ 3
തിരൂർ

തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവ്വകലാശാലയുടെ പത്താം വാർഷികാഘോഷത്തോടനുബന്ധിച്ച് കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച ചണ്ഡാലഭിക്ഷുകി-ദുരവസ്ഥ ശതാബ്ദി സെമിനാർ അക്കാദമി നിർവ്വാഹകസമിതിയംഗം ഡോ. സുനിൽ പി. ഇളയിടം ഉദ്ഘാടനം ചെയ്തു. മൈത്രി എന്ന ആശയമാണ് കുമാരനാശാന്റെ കവിതകളിൽ നിറഞ്ഞുനിൽക്കുന്ന ഘടകമെന്ന് അദ്ദേഹം നിരീക്ഷിച്ചു. സാമൂഹ്യജീവിതത്തിന്റെ ആധാരശിലയാകേണ്ടത് ഈ മൈത്രിയെന്ന ഭാവമാണ്. സ്നേഹമെന്ന അടിസ്ഥാനമൂല്യത്തെ രാഷ്ട്രീയമൂല്യമായി വികസിപ്പിക്കുന്നത് ആശാന്റെ കാവ്യജീവിതത്തിൽ പ്രകടമാണെന്നും ഡോ. സുനിൽ പി. ഇളയിടം നിരീക്ഷിച്ചു.
അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ പരിപാടിയിൽ അദ്ധ്യക്ഷനായി. ഡോ. കെ.എം. അനിൽ മുഖ്യപ്രഭാഷണം നടത്തി. ഡോ. അശോക് ഡിക്രൂസ്, ഡോ. എം.ഡി. രാധിക, പി.കെ. ആര്യ, ഡോ. കെ. ബാബുരാജൻ, ഡോ. വി. ദിവ്യ എന്നിവർ പ്രബന്ധാവതരണം നടത്തി.

2022 നവംബർ 19
വടകര, കോഴിക്കോട്

സാഹിത്യ അക്കാദമി, ബോധി വടകരയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ചണ്ഡാലഭിക്ഷുകി-ദുരവസ്ഥ ശതാബ്ദിവർഷാഘോഷം മുനിസിപ്പൽ ടൗൺഹാളിൽ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്തു. സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ ചടങ്ങിൽ അദ്ധ്യക്ഷനായി.
ചണ്ഡാലഭിക്ഷുകി- രചനാതന്ത്രങ്ങളിലെ പരിവർത്തനം എന്ന വിഷയത്തിൽ ഡോ. എം.എം. ബഷീറും, രണ്ട് സ്ത്രീകൾ- മാതംഗിയും സാവിത്രിയും എന്ന വിഷയത്തിൽ ഡോ. സംഗീത ചേനംപുല്ലിയും പ്രഭാഷണം നടത്തി. വി.ടി. മുരളി, ടി. രാധാകൃഷ്ണൻ, മധുസൂദനൻ മലയിൽ എന്നിവർ സംസാരിച്ചു.
രാവിലെ നടന്ന ശതാബ്ദിവർഷ വായനയിൽ ചണ്ഡാലഭിക്ഷുകിയുടെ പ്രഭവങ്ങൾ എന്ന വിഷയത്തിൽ ഇ.പി. രാജഗോപാലനും, ചണ്ഡാലഭിക്ഷുകിയുടെ സഞ്ചാരപഥങ്ങൾ എന്ന വിഷയത്തിൽ ഡോ. രാജേന്ദ്രൻ എടത്തുംകരയും ക്ലാസ്സെടുത്തു. ഡോ. ടി. അപർണ്ണ അദ്ധ്യക്ഷയായി. ഡോ. കെ.എം. സുഭാഷ് സ്വാഗതവും, എ. ചന്ദ്രൻ നന്ദിയും പറഞ്ഞു. റിയ രമേഷ് അവതരിപ്പിച്ച നൃത്താവിഷ്കാരവുമുണ്ടായി.

2022 നവംബർ 20
മാലൂർ, കണ്ണൂർ

കേരള സാഹിത്യ അക്കാദമി, പുരോഗമന കലാസാഹിത്യസംഘം മാലൂർ, ശിവപുരം, കാഞ്ഞിലേരി യൂണിറ്റുകളുടെ സഹകരണത്തോടെ ചണ്ഡാലഭിക്ഷുകി-ദുരവസ്ഥ ശതാബ്ദിവർഷാഘോഷം സംഘടിപ്പിച്ചു. പനമ്പറ്റ ന്യൂ യു.പി. സ്കൂളിൽ നടന്ന ആഘോഷം അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്തു. സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ അദ്ധ്യക്ഷനായി. അക്കാദമി നിർവ്വാഹകസമിതിയംഗം എം.കെ. മനോഹരൻ ആമുഖഭാഷണം നടത്തി.
‘ചണ്ഡാലഭിക്ഷുകിയിലെ സ്നേഹസങ്കല്പങ്ങൾ’ എന്ന വിഷയത്തിൽ ഡോ. വി. റീജയും, ‘പ്രബോധനവും പ്രചാരണവും- ചണ്ഡാലഭിക്ഷുകിയെ മുൻനിർത്തി ഒരു വിചാരം’ എന്ന വിഷയത്തിൽ നാരായണൻ കാവുമ്പായിയും സംസാരിച്ചു. വി. ഹൈമവതി, എൻ.കെ. ശ്രീനിവാസൻ, സി. ജനാർദ്ദനൻ, ഇ. നാരായണൻ, രാജൻ പുതുശ്ശേരി, ഒ.കെ. ഭാസ്കരൻ, എം.കെ. വിനോദ് കുമാർ എന്നിവർ സംസാരിച്ചു. കുമാരനാശാന്റെ കവിതകളെ ആധാരമാക്കിയുള്ള പ്രശ്നോത്തരി, ഉപന്യാസമെഴുത്ത്, കവിതാലാപനം എന്നിവയും, കാഞ്ഞിലേരി കലാസാംസ്കാരികകേന്ദ്രത്തിന്റെ ചണ്ഡാലഭിക്ഷുകി സംഗീതശില്പാവതരണവും സംഘടിപ്പിച്ചു. ഷൈജു മാലൂരിന്റെ നേതൃത്വത്തിൽ നടന്ന ചിത്രകാരകൂട്ടായ്മ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ ഉദ്ഘാടനം ചെയ്തു.

അപ്പൻതമ്പുരാൻ അനുസ്മരണം

നവംബർ 19 ശനി
അപ്പൻതമ്പുരാൻ സ്മാരകം, അയ്യന്തോൾ

രാമവർമ്മ അപ്പൻ തമ്പുരാന്റെ ചരമവാർഷികമായ നവംബർ 19-ന്, അപ്പൻതമ്പുരാൻ വായനശാലയുമായി സഹകരിച്ച് അയ്യന്തോൾ അപ്പൻതമ്പുരാൻ സ്മാരകത്തിൽ സംഘടിപ്പിച്ച അനുസ്മരണസമ്മേളനം അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. ഡോ. സ്വപ്ന സി. കോമ്പാത്ത് ‘മുന്നാട്ടുവീരനും കേരളത്തിന്റെ രാഷ്ട്രീയചരിത്രവും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഡോ. സി. രാവുണ്ണി അദ്ധ്യക്ഷനായ പരിപാടിയിൽ ഈ.ഡി. ഡേവീസ്, എം. ഹരിദാസ്, എ.പി. രാജൻ തുടങ്ങിയവർ സംസാരിച്ചു.

ദേശീയ പുസ്തകോത്സവം

2022 ഡിസംബര്‍ 2-11
അക്കാദമി അങ്കണം

എഴുത്തിന്റെയും, വായനയുടെയും, പുസ്തകങ്ങളുടെയും മഹത്തായ ആഘോഷമാണ് കേരള സാഹിത്യ അക്കാദമി എല്ലാ വർഷവും സംഘടിപ്പിക്കുന്ന ദേശീയ പുസ്തകോത്സവം. കൊവിഡ് മഹാമാരിയെത്തുടർന്ന് രണ്ടുവർഷം മുടങ്ങിപ്പോയ പുസ്തകോത്സവം ഡിസംബർ രണ്ടു മുതൽ 11 വരെയുള്ള തീയതികളിൽ അക്കാദമി അങ്കണത്തിൽ നടന്നു. ‘ദിശകൾ’ എന്ന പേരിലുള്ള സാംസ്കാരികോത്സവവും പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്നു.

പ്രശസ്ത സാഹിത്യകാരൻ എൻ.എസ്. മാധവനാണ് പുസ്തകോത്സവം ഉദ്ഘാടനം ചെയ്തത്. വായനയുടെ യാഥാസ്ഥിതികാർത്ഥങ്ങൾ മാറുന്ന പുതിയ കാലത്തെ ഉൾക്കൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു. വായന മരിക്കുന്നില്ല; മാധ്യമങ്ങൾ മാറുന്നുവെന്നു മാത്രം. വിപുലമായ വായനയെ കരിയറിസവും ധനാർത്തിയും ബാധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കയാണ് അദ്ധ്യക്ഷപ്രസംഗത്തിൽ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ പങ്കുവച്ചത്. ടി.എൻ. പ്രതാപൻ എം.പി., തൃശ്ശൂർ മേയർ എം.കെ. വർഗ്ഗീസ്, തൃശ്ശൂർ ജില്ലാ കളക്ടർ ഹരിത വി. കുമാർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. പുസ്തകോത്സവ ബുള്ളറ്റിൻ ‘സാഹിതി’ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ നിർവ്വാഹകസമിതിയംഗം വിജയലക്ഷ്മിക്കു നൽകി പ്രകാശനം ചെയ്തു. സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ, സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, സാഹിത്യ അക്കാദമി മാനേജർ ജെസ്സി ആന്റണി എന്നിവരും സംസാരിച്ചു.

ചിത്ര-കാർട്ടൂൺ പ്രദർശനങ്ങൾ, ലൈവ് കാരിക്കേച്ചറിംഗ്

തൃശ്ശൂർ നഗരത്തിന്റെ വിവിധ ഭാവങ്ങൾ ആവിഷ്കരിച്ച ‘സിറ്റി സ്കേപ്സ്’ എന്ന ചിത്രപ്രദർശനം പുസ്തകോത്സവത്തിന്റെ ആകർഷണമായി. അക്കാദമി ഓഡിറ്റോറിയത്തിൽ നടന്ന പ്രദർശനം പ്രശസ്ത ആർട്ടിസ്റ്റ് മദനനാണ് ഉദ്ഘാടനം ചെയ്തത്. കുട്ടി എടക്കഴിയൂരിന്റെ ‘ചിരിയും ചിന്തയും’ എന്ന കാർട്ടൂൺ പ്രദർശനവും ശ്രദ്ധേയമായി. അക്കാദമി പുസ്തകോത്സവത്തിൽനിന്ന് പുസ്തകങ്ങൾ വാങ്ങുന്നവരുടെ കാരിക്കേച്ചറുകൾ സൗജന്യമായി വരച്ചുനൽകിയ ടി.എസ്. സന്തോഷിന്റെ ലൈവ് കാരിക്കേച്ചറിങ് ആയിരുന്നു മറ്റൊരു ആകർഷണം.

അനുഭവങ്ങളുടെ പ്രപഞ്ചം തുറന്ന് എന്റെ രചനാലോകങ്ങൾ

എഴുത്തുകാരും വായനക്കാരും തമ്മിലുള്ള സജീവ സംവാദത്തിന്റെ വേദിയായി ‘എന്റെ രചനാലോകങ്ങൾ’ എന്ന മുഖാമുഖപരിപാടി. കെ.ജി.എസ്., സാറാജോസഫ്‌, പി.പി. രാമചന്ദ്രൻ, കെ.ആർ. മീര എന്നിവരായിരുന്നു ഈ പരിപാടിയിൽ പങ്കെടുത്തത്.

പാനൽ ചർച്ചകൾ

സമകാലികസമൂഹത്തിന്റെ സ്പന്ദനങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു വിവിധ വിഷയങ്ങളിൽ നടത്തിയ പാനൽ ചർച്ചകൾ. ‘മാറുന്ന നോവൽ സങ്കല്പം- ദേശവും വിദേശവും’ എന്ന ചർച്ചയിൽ യു.കെ. കുമാരൻ, കെ.പി. രാമനുണ്ണി, പി.എഫ്. മാത്യൂസ്, രാജേന്ദ്രൻ എടത്തുംകര, മിനി പി.സി. എന്നിവർ പങ്കെടുത്തു. ‘സൈബർ സാഹിത്യം- ജനാധിപത്യവും സാഹിത്യമൂല്യവും’ എന്ന ചർച്ചയിൽ അഷ്ടമൂർത്തി, ശ്രീപാർവ്വതി, ശ്രീലതാവർമ്മ എന്നിവർ സംസാരിച്ചു. വിജയരാജമല്ലിക, സി.എസ്. ചന്ദ്രിക, വി.എസ്. ബിന്ദു, ഡോ. ഡി. അനിൽകുമാർ, അനസ്, ആദി എന്നിവരായിരുന്നു ‘ജാതി, ലിംഗം, ജനാധിപത്യം’ എന്ന ചർച്ചയെ സമ്പന്നമാക്കിയത്. ‘മാദ്ധ്യമസ്വാതന്ത്ര്യത്തിന്റെ പ്രതിസന്ധികൾ’ എന്ന സംവാദത്തിൽ എം.ജി. രാധാകൃഷ്ണൻ, പ്രമോദ് രാമൻ, മനില സി. മോഹൻ, എം.എ. സിദ്ദിഖ് എന്നിവർ പങ്കെടുത്തു. ‘യാത്രയും സാഹിത്യവും’ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ കെ.എ. ബീന, വി.ജി. തമ്പി എന്നിവർ പ്രഭാഷണം നടത്തി.

സെമിനാർ

എന്തുകൊണ്ട് ഗാന്ധി? രാഷ്ട്രീയത്തിന്റെ നൈതികാടിസ്ഥാനങ്ങൾ’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ കെ.ഇ.എൻ., കരിവെള്ളൂർ മുരളി, ഡോ. പി.വി. കൃഷ്ണൻനായർ, ഡോ. കാവുമ്പായി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ‘ശാസ്ത്രവും സാമൂഹികതയും’ എന്ന വിഷയത്തിൽ നടന്ന പ്രഭാഷണപരിപാടിയിൽ ഡോ. ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കെ.ആർ. ജനാർദ്ദനൻ അദ്ധ്യക്ഷനായിരുന്നു. ടി. സത്യനാരായണൻ, ജലീൽ കുന്നത്ത് എന്നിവരും സംസാരിച്ചു.

കലാമത്സരങ്ങൾ, ക്വിസുകൾ

അക്കാദമി പുസ്തകോത്സവത്തിന് ഉത്സവച്ഛായ പകരുന്നത് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും വേണ്ടി സംഘടിപ്പിക്കുന്ന വിവിധ കലാമത്സരങ്ങളാണ്. അഭൂതപൂർവ്വമായിരുന്നു മത്സരങ്ങളിലെ ജനപങ്കാളിത്തം. കേരളത്തിന്റെ വിവിധ ജില്ലകളിൽനിന്ന് മത്സരാർത്ഥികളെത്തി. മലയാളസാഹിത്യത്തിന്റെ സർവ്വതലങ്ങളെയും സ്പർശിച്ചു പോകുന്നതായിരുന്നു കോളെജ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി സംഘടിപ്പിച്ച ക്വിസ് മത്സരം. പൊതുവിഭാഗത്തിൽ ചിറയിൻകീഴ് സ്വദേശി ശാന്തകുമാർ എസ്., കുന്നംകുളം സ്വദേശി ഷിഖിൽ കെ.എസ്., ചേർപ്പ് സ്വദേശിനി അയന പി.എൻ. എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയത്. കോളെജ് വിഭാഗത്തിൽ കോട്ടയം സ്കൂൾ ഓഫ് ലെറ്റേഴ്സിലെ ബിൻഷ അബൂബക്കർ, കാവ്യ മഹേഷ് എന്നിവർ ഒന്നാം സ്ഥാനം നേടി. മലപ്പുറം ഗവ. കോളെജിലെ മുഹമ്മദ് സിനാൻ എ.എം., കൃഷ്ണപ്രസാദ് കെ. എന്നിവർക്കാണ് രണ്ടാം സ്ഥാനം. കാലടി എസ് എസ് യു എസ്സിലെ ഗോകുൽ ഗോപനും ആൻസ് സി. ദാസും മൂന്നാം സ്ഥാനത്തിന് അർഹരായി.

ലോകകപ്പ് ഫുട്ബോളിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഫുട്ബോൾ ക്വിസ്, ഫൈനൽ മത്സരം പോലെ ആവേശം നിറഞ്ഞതായി. ആദ്യ ഘട്ടത്തിൽ രജിസ്റ്റർ ചെയ്തവരിൽനിന്ന് എഴുത്തുപരീക്ഷയിലൂടെ ഇരുപതുപേരെ തെരഞ്ഞെടുത്തു. കെ.എൻ. സനിൽ ആയിരുന്നു ക്വിസ് മാസ്റ്റർ.
പദ്യംചൊല്ലൽ, ലളിതഗാനം, മാപ്പിളപ്പാട്ട്, നാടൻപാട്ട്, ചിത്രരചന തുടങ്ങിയ ഇനങ്ങളും വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.

കവിയരങ്ങ്

പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന കവിസമ്മേളനം റഫീക്ക് അഹമ്മദ് ഉദ്ഘാടനം ചെയ്തു. ആലങ്കോട് ലീലാകൃഷ്ണൻ അദ്ധ്യക്ഷനായി. രാവുണ്ണി, എ.സി. ശ്രീഹരി, മുരുകൻ കാട്ടാക്കട, സച്ചിദാനന്ദൻ പുഴങ്കര, അശോകൻ മറയൂർ, വി.ജി. തമ്പി, ബി.കെ. ഹരിനാരായണൻ, ശ്രീകുമാർ കരിയാട്, ശിവകുമാർ അമ്പലപ്പുഴ, പി.ബി. ഹൃഷികേശൻ, എം. ജീവേഷ്, അസീം താന്നിമൂട്, റീബാ പോൾ, രഗില സജി, ബിന്ദു ഇരുളം, പനമ്പിള്ളി വാസുദേവൻ തുടങ്ങിയവർ പങ്കെടുത്തു.

കലാപരിപാടികൾ

നാടകങ്ങളും മാജിക് ഷോയും സംഗീതപരിപാടികളും കൊണ്ട് സമ്പന്നമായിരുന്നു പുസ്തകോത്സവത്തിന്റെ സായാഹ്നങ്ങൾ. തൃശ്ശൂർ രംഗചേതന അവതരിപ്പിച്ച കടൽത്തീരത്ത്, കാപാലിക, പൂജാമുറി എന്നീ നാടകങ്ങൾ, കരിന്തലക്കൂട്ടത്തിന്റെ നാടൻപാട്ടുകൾ, കെ.ജെ. ചക്രപാണിയുടെ സിനിമാഗാനങ്ങളും കർണ്ണാടകസംഗീതവും കോർത്തിണക്കിയുള്ള പരിപാടി, പ്രദീപ് ഹൂഡിനോയുടെ മാജിക് ഷോ, സുനീഷ് വാരനാടിന്റെ സ്റ്റാൻഡപ്പ് കോമഡി ഷോ, കോഴിക്കോട് സംഗീതമേ ജീവിതം ഫൗണ്ടേഷൻ അവതരിപ്പിച്ച മൈലാഞ്ചിത്തോപ്പിൽ എന്ന മാപ്പിളപ്പാട്ട് പരിപാടി, ഗിന്നസ് മുരളി നാരായണന്റെ ഓടക്കുഴൽവാദനം, മഴ അവതരിപ്പിച്ച ഗസൽരാവ്, കലാക്ഷേത്ര രാഖി സതീഷ്, കാർത്തിക ഉണ്ണിക്കൃഷ്ണൻ എന്നിവർ അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ എന്നിവയായിരുന്നു പ്രധാന പരിപാടികൾ.

ഗ്രന്ഥശാലാപ്രവർത്തകർക്ക് ആദരം

കേരളത്തിന്റെ വായനാ സംസ്കാരത്തിന് നിസ്തുലമായ സംഭാവനകൾ നൽകിയ വി.കെ. കരുണാകരൻ, എൻ.എസ്. ജോർജ്, ബി. സുരേഷ് ബാബു, എം. ബാലൻ മാസ്റ്റർ, എം. ശിവശങ്കരൻ, ഐ. ബാലഗോപാൽ എന്നീ ഗ്രന്ഥശാലാപ്രവർത്തകരെ പുസ്തകോത്സവത്തിന്റെ ഭാഗമായി ആദരിച്ചു. മന്ത്രി കെ. രാജൻ പൊന്നാടയും ഫലകവും പ്രശസ്തിപത്രവും കാഷ് അവാർഡും നൽകിയാണ് സംസ്ഥാനതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തകരെ ആദരിച്ചത്. മുരളി പെരുനെല്ലി എം എൽ എ അദ്ധ്യക്ഷത വഹിച്ചു. മുഖ്യാതിഥി വി.കെ. മധു, സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ, സെക്രട്ടറി സി.പി. അബൂബക്കർ, ഹാരിഫാബി ടീച്ചർ, സി.പി. ചിത്രഭാനു എന്നിവർ സംസാരിച്ചു. കെ.ജി. പ്രാൺസിംഗ് സ്വാഗതവും രാജൻ എലവത്തൂർ നന്ദിയും പറഞ്ഞു.

സമാപനം

ഡിസംബർ 11-നു നടന്ന സമാപനസമ്മേളനം ഡോ. എം.വി. നാരായണൻ ഉദ്ഘാടനം ചെയ്തു. അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ അദ്ധ്യക്ഷനായി. പുസ്തകോത്സവത്തെക്കുറിച്ചു തയ്യാറാക്കിയ റിപ്പോർട്ടും അദ്ദേഹം അവതരിപ്പിച്ചു. പി.കെ. ഡേവീസ് മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. മുരളി ചീരോത്ത്, ഐ. ഷണ്മുഖദാസ്, ഇ.എം. സതീശൻ, അഡ്വ. വി.ഡി. പ്രേംപ്രസാദ്, റെജി ജോയ്, ഈ.ഡി. ഡേവീസ്, കെ.എസ്. സുനിൽകുമാർ എന്നിവരും സംസാരിച്ചു. മികച്ച പുസ്തകരൂപകല്പന, മികച്ച സ്റ്റാൾ, മികച്ച പുസ്തകനിർമ്മിതി എന്നീ വിഭാഗങ്ങളിലെ പുരസ്കാരം നേടിയവർക്കും, പുസ്തകോത്സവത്തോടനുബന്ധിച്ചു നടത്തിയ കലാസാംസ്കാരികമത്സരങ്ങളിലെ വിജയികൾക്കുമുള്ള സമ്മാനങ്ങൾ ഡോ. എം.വി. നാരായണനും മുരളീ ചീരോത്തും വിതരണം ചെയ്തു.

സംക്ഷേപവേദാര്‍ത്ഥത്തിന്റെ പ്രസിദ്ധീകരണം- 250 വര്‍ഷങ്ങള്‍

2022 ഡിസംബര്‍ 13
അക്കാദമി വൈലോപ്പിള്ളി ഹാള്‍

കേരള നവോത്ഥാനത്തിന്റെ ആദ്യ കിരണങ്ങൾ പ്രത്യക്ഷപ്പെട്ടത് സംക്ഷേപവേദാർത്ഥത്തിന്റെ അച്ചടിയിലൂടെയാണ് എന്ന് ഡോ. എം. തോമസ് മാത്യു. മലയാളത്തിൽ ഏറ്റവും ആദ്യം അച്ചടിച്ച പുസ്തകമായ സംക്ഷേപവേദാർത്ഥത്തിന്റെ പ്രസിദ്ധീകരണത്തിന്റെ 250-ാം വാർഷികത്തോടനുബന്ധിച്ച് കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സൂക്ഷിച്ചുവയ്ക്കാൻ ഉള്ള ഒരു നിധിയല്ല, ജനങ്ങൾക്ക് വായിച്ച് അറിവു നേടാൻ ഉള്ളതാണ് പുസ്തകം എന്ന സങ്കല്പനം വന്നത് അച്ചടിയിലൂടെയാണ്. പ്രബുദ്ധതയും വിജ്ഞാനവും മനുഷ്യരിലേക്ക് പുസ്തകങ്ങളിലൂടെയാണ് എത്തിച്ചേരുന്നത് -അദ്ദേഹം പറഞ്ഞു.
ക്രിസ്തുമതവിശ്വാസത്തെക്കുറിച്ച് അറിവു നൽകുന്ന ഈ കൃതി, ഒരു ഗുരുവും ശിഷ്യനും തമ്മിലുള്ള സംവാദത്തിന്റെ രൂപത്തിലാണ്. മതബോധനം ആണ് ലക്ഷ്യമെങ്കിലും, ഈ സംവേദാത്മകത, ഒരു ജനാധിപത്യ സമൂഹത്തിലേക്കുള്ള സൂചകമാക്കി സംക്ഷേപവേദാർത്ഥത്തെ മാറ്റുന്നു – ഡോ. തോമസ് മാത്യു ചൂണ്ടിക്കാട്ടി.

അക്കാദമി പ്രസിഡന്റ്‌ സച്ചിദാനന്ദൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ്‌ അശോകൻ ചരുവിൽ, സെക്രട്ടറി സി.പി. അബൂബക്കർ, സിറാജുദ്ദീൻ എ.എച്ച്. എന്നിവരും സംസാരിച്ചു.