സ്മാരകങ്ങൾ

രാമവർമ്മ അപ്പൻതമ്പുരാൻ സ്മാരകം

ആനുകാലിക ലൈബ്രറി, എഴുത്തുകാരമ്യൂസിയം,
കൈരളീഗ്രാമം, അയ്യന്തോൾ, തൃശൂർ


കേരള സാഹിത്യ അക്കാദമിയുടെ കീഴിൽ 1976 മുതൽ  പ്രവർത്തിക്കുന്നു. അയ്യന്തോളിൽ, രാമവർമ്മ അപ്പൻതമ്പുരാൻ വസിച്ചിരുന്ന കുമാരമന്ദിരമാണ് അപ്പൻതമ്പുരാൻ സ്മാരകമാക്കിയത്. മലയാളത്തിലെ ആദ്യകാല ആനുകാലികങ്ങൾതൊട്ട് 3000-ൽപരം വ്യത്യസ്ത പേരുകളിലുള്ള ആനുകാലികങ്ങളുടെ വൻശേഖരമുള്ള സാഹിത്യ അക്കാദമിയുടെ ആനുകാലിക ലൈബ്രറിയും എഴുത്തുകാരുടെ മ്യൂസിയവും ഇവിടെയാണ് പ്രവർത്തിക്കുന്നത്. സാഹിത്യകാരന്മാർക്ക് താമസിച്ച് സർഗ്ഗസൃഷ്ടികൾ നടത്തുന്നതിനുവേണ്ടി പ്രവർത്തിക്കുന്ന കൈരളീഗ്രാമവും ഈ സ്മാരക സമുച്ചയത്തിൽ പ്രവർത്തിക്കുന്നു. എഴുത്തുമുറി, അടുക്കള, വരാന്ത, നടുത്തളം തുടങ്ങിയ അത്യാവശ്യസൗകര്യങ്ങൾ ഉൾപ്പെടുന്ന അഞ്ചു കോട്ടേജുകൾ കൈരളീഗ്രാമത്തിലുണ്ട്.

അപ്പൻതമ്പുരാൻ സ്മാരകത്തിന്റെ അക്കാദമികപ്രാധാന്യം നാൾക്കുനാൾ വർദ്ധിച്ചുവരുന്നു. സംസ്‌കാരപഠനത്തിൽ ഏർപ്പെട്ടിട്ടുള്ള ഗവേഷകരുടെയും വിദ്യാർത്ഥികളുടെയും ഒരു പ്രധാന റഫറൻസ് കേന്ദ്രമായി ഇവിടം മാറിയിട്ടുണ്ട്. സ്മാരകത്തിലെ പ്രധാന സൂക്ഷിപ്പായ പഴയ ആനുകാലികങ്ങളുടെ റഫറൻസ് ആധുനിക കേരള ചരിത്രവിജ്ഞാനീയ നിർമ്മിതിക്കും പൊതു വൈജ്ഞാനികാവശ്യങ്ങൾക്കും ഏറെ ഉപകരിക്കുന്നതായി സന്ദർശകരും പണ്ഡിതരും രേഖപ്പെടുത്തുന്നു.

ഇപ്പോൾ മാസികാശേഖരത്തിൽ 7160 ബോണ്ട് വാള്യം മാസികകളുണ്ട്. കേരളത്തിലെ ഏറ്റവും വലിയ ആനുകാലികങ്ങളുടെ ശേഖരമാണിത്. നൂറിലധികം വർഷത്തെ പഴക്കമുള്ള വിദ്യാവിനോദിനി (1065-1077) മാസിക, ഭാഷാപോഷിണിയുടെ ആദ്യകാല ലക്കങ്ങൾ        (1069-1109) സത്യനാദകാഹളം, അപ്പൻതമ്പുരാൻ തുടങ്ങിയ രസികരഞ്ജിനി (1078-1082), മംഗളോദയം, വള്ളത്തോൾ എഡിറ്ററായിരുന്ന ആത്മപോഷിണി എന്നിവ അതിൽ ഉൾപ്പെടുന്നു. കൂടാതെ ജോസഫ് മുണ്ടശ്ശേരി, അപ്പൻതമ്പുരാൻ, കുറ്റിപ്പുഴ കൃഷ്ണപിള്ള, വിലാസിനി, ജി.കുമാരപിള്ള, പുത്തൻകാവ് മാത്തൻതരകൻ തുടങ്ങിയ പ്രതിഭകളുടെ എഴുത്തുമായി ബന്ധപ്പെട്ട വസ്തുക്കളും ഉപകരണങ്ങളും സ്മാരകത്തിലെ പ്രദർശനത്തെ അതീവസമ്പന്നമാക്കുന്നു. മൺമറഞ്ഞ 250-ൽപരം സാഹിത്യകാരന്മാരുടെ കൈപ്പട ശേഖരിച്ച് ലാമിനേറ്റ് ചെയ്ത് സ്മാരകത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. മുണ്ടശ്ശേരി, വിലാസിനി, ആറ്റൂർ കൃഷ്ണപ്പിഷാരോടി, ജി.കുമാരപിള്ള, കേരളവർമ്മ, കുറ്റിപ്പുഴ, കുഞ്ഞുണ്ണിരാജ, പുത്തൻകാവ് മാത്തൻ തരകൻ, കെ.എം., വടക്കേ ഇളമന ഹരി, കാറളം ബാലകൃഷ്ണൻ, പി.എ.മേനോൻ, സി.എൽ.ആന്റണി, സക്കറിയ എന്നിവരിൽനിന്നു ലഭിച്ച പുസ്തകങ്ങളും റഫറൻസിനായി ഒരുക്കിയിരിക്കുന്നു. സ്മാരകത്തോട് ചേർന്ന് അക്കാദമിയ്ക്ക് ലഭിച്ച റവന്യൂ ഭൂമിയിൽ സാംസ്‌കാരികസമുച്ചയം പണികഴിപ്പിക്കുന്നതിനുള്ള പ്രാരംഭപദ്ധതിപ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നു.

ഫോൺ: 0487-2360535. വിലാസം: അപ്പൻതമ്പുരാൻ സ്മാരകം, അയ്യന്തോൾ, തൃശൂർ 680 003.

ഡോ.സുകുമാർ അഴീക്കോട് സ്മാരകം

തൃശൂർ ജില്ലയിൽ നടത്തറ വില്ലേജിൽ എരവിമംഗലത്തുള്ള ഡോ.സുകുമാർ അഴീക്കോടിന്റെ വസതി 2013 മെയ് 5ന് സ്മാരകമായി കേരള സർക്കാർ ഏറ്റെടുത്ത് കേരള സാഹിത്യ അക്കാദമിയെ ഏൽപ്പിച്ചു. വർഷം തോറും അനുസ്മരണസമ്മേളനവും മറ്റു സാഹിത്യപരിപാടികളും നടത്തിവരുന്നു.  അഴീക്കോടിന്റെ ഗ്രന്ഥശേഖരവും എഴുത്തുസാമഗ്രികളും അഴീക്കോടിന് ലഭിച്ച ആദരപത്രങ്ങളും അവിടെ സൂക്ഷിച്ചുപ്രദർശിപ്പിച്ചുവരുന്നു.

വി.കെ.എൻ. സ്മാരകം

തൃശൂർ ജില്ലയിൽ തിരുവില്വാമല ഗ്രാമപഞ്ചായത്ത് കണിയാർക്കോട് വില്ലേജിൽ വി.കെ.എൻ.-ന്റെ ഭവനത്തോടു ചേർന്നുള്ള ഏഴുസെന്റ് സ്ഥലത്താണ് സ്മാരകം സ്ഥിതിചെയ്യുന്നത്.  2014 ജനുവരി 26-ന് സ്മാരകം ഉദ്ഘാടനം ചെയ്തു. അനുസ്മരണപരിപാടികൾക്കും സാഹിത്യശില്പശാലകൾക്കും സാംസ്‌കാരികപരിപാടികൾക്കും വേദിയാകുന്നു ഇവിടം. വി.കെ.എൻ.-ന്റെ ഗ്രന്ഥങ്ങൾ, അദ്ദേഹം ഉപയോഗിച്ച മറ്റു സാമഗ്രികൾ എന്നിവ സ്മാരകത്തിലുണ്ട്.

കമലാസുറയ്യ സ്മാരകം

തൃശൂരിൽ പുന്നയൂർക്കുളം വില്ലേജിൽ കമലാസുറയ്യാ സ്മാരകം സ്ഥിതിചെയ്യുന്നു.  കുടുംബസ്വത്തിൽനിന്ന് കമലാസുറയ്യക്ക് ലഭിച്ച 17 സെന്റ് ഭൂമി അവർ അക്കാദമിയ്ക്ക് കൈമാറുകയുണ്ടായി. ഭൂമി അക്കാദമിയ്ക്ക് കൈമാറുന്നതിനായുള്ള നടപടികൾക്ക് ഡോ.സുകുമാർ അഴീക്കോടിനെയാണ് മുക്ത്യാർ നൽകി അധികാരപ്പെടുത്തിയത്. സുറയ്യയുടെ വേർപാടിനുശേഷം കെ.ബി.സുകുമാരൻ ഇഷ്ടദാനമായി നൽകിയ  10.25 സെന്റ് സ്ഥലം അടക്കം ആകെ 27.25 സെന്റ് സ്ഥലത്ത് മൂന്നു നിലകളുള്ള മന്ദിരത്തിലാണ് സ്മാരകം സ്ഥിതിചെയ്യുന്നത്. താഴത്തെനിലയിൽ കമലാസുറയ്യയുടെ ഉപയോഗ വസ്തുക്കളും അതിനു മുകളിലായി ലൈബ്രറിയ്ക്കായുള്ള സ്ഥലവും ഏറ്റവും മുകളിലായി നാലാപ്പാടൻ സ്മാരകഹാളും നിർമ്മിച്ചിട്ടുണ്ട്. കമലാസുറയ്യയുടെ പ്രിയപ്പെട്ട നീർമാതളവും മനോഹരമായ കൽപ്പടവുകളോടുകൂടിയ കുളവും സ്മാരകത്തിന് അഴകേകുന്നു. നിരവധി വിദ്യാർത്ഥികളും ഗവേഷകരും ഇവിടെ  എത്തിച്ചേരുന്നുണ്ട്.

എൻ.എൻ. കക്കാട് സ്മാരകം

കോട്ടൂർ പഞ്ചായത്തിലെ നടുവണ്ണൂരിൽ പ്രശസ്ത കവി എൻ.എൻ. കക്കാടിന്റെ പേരിലുള്ള പഠനഗവേഷണകേന്ദ്രം 2021 ഫെബ്രുവരി 21-ന് വൈകുന്നേരം നാലുമണിക്ക് പുരുഷൻ കടലുണ്ടി എം എൽ എ  ഉദ്ഘാടനം ചെയ്തു. കക്കാടിന്റെ ഛായാചിത്രം കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ അനാച്ഛാദനം ചെയ്തു. കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ് അദ്ധ്യക്ഷനായിരുന്നു. സ്മാരകനിർമ്മാണത്തിനായി ആദ്യഘട്ടത്തിൽ സർക്കാർ അനുവദിച്ച 75 ലക്ഷം രൂപ വിനിയോഗിച്ചാണ് 20 സെന്റ് സ്ഥലത്ത് പഠനകേന്ദ്രം നിർമ്മിച്ചത്.