നാള്‍വഴികള്‍- 2023

വൈവിദ്ധ്യങ്ങളുടെ ആഘോഷവേദിയായി ഗിളിവിണ്ടു

2023 ജനുവരി 6, 7
മഞ്ചേശ്വരം

കേരള സാഹിത്യ അക്കാദമി കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരത്തു സംഘടിപ്പിച്ച ബഹുഭാഷാസമ്മേളനം ഗിളിവിണ്ടു (കിളിവീട് എന്നര്‍ത്ഥം) പ്രാദേശികതയുടെയും വൈവിദ്ധ്യങ്ങളുടെയും ആഘോഷമായി. കേരള സംഗീതനാടക അക്കാദമി, ഫോക് ലോര്‍ അക്കാദമി, കേരള തുളു അക്കാദമി എന്നിവയുമായി സഹകരിച്ചായിരുന്നു ഈ സംരംഭം. ഗോവിന്ദപൈ സ്മാരകത്തില്‍ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പുതിയ കാലത്ത് രാഷ്ട്രീയത്തെയും സാമൂഹികചിന്തകളെയും സംസ്കാരത്തെയും ഏകഭാഷണത്തിലേക്കു കൊണ്ടുവരാന്‍ ശ്രമം നടക്കുന്നതായി സച്ചിദാനന്ദന്‍ ചൂണ്ടിക്കാട്ടി. ഈ ഏകഭാഷണത്തിലേക്കുള്ള നീക്കങ്ങള്‍ക്കെതിരായ പ്രതിരോധത്തിനു കൂടിയാണ് ബഹുഭാഷാസമ്മേളനത്തില്‍ തുടക്കം കുറിക്കുന്നത്. ഭാഷകളുടെ നിലനില്പ് സംസ്കാരങ്ങളുടെയും പ്രാദേശിക സവിശേഷതകളുടെയും നിലനില്പാണ്. ബഹുഭാഷാസമ്മേളനത്തിന്റെ ആത്യന്തികമായ സന്ദേശവും ഇതുതന്നെ- അദ്ദേഹം പറഞ്ഞു.

എ.കെ.എം. അഷ്റഫ് എം.എല്‍.എ. അദ്ധ്യക്ഷനായിരുന്നു. ഗോവിന്ദപൈ സ്മാരകട്രസ്റ്റ് അംഗവും എഴുത്തുകാരനുമായ ഡോ. ചിന്നപ്പ ഗൗഡ, ‍എഴുത്തുകാരനും അക്കാദമി അംഗവുമായ ഡോ. ഇ.വി. രാമകൃഷ്ണന്‍ എന്നിവര്‍ പ്രഭാഷണം നടത്തി. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകന്‍ ചരുവില്‍, അക്കാദമി അംഗങ്ങളായ ഇ.പി. രാജഗോപാലന്‍, എം.കെ. മനോഹരന്‍, രാവുണ്ണി, മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജീന്‍ ലെവിന മൊന്തേരോ, ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.വി. കുഞ്ഞിരാമന്‍, എഴുത്തുകാരന്‍ ഡോ. എം.എം. ശ്രീധരന്‍, തുളു അക്കാദമി ചെയര്‍മാന്‍ കെ.ആര്‍. ജയാനന്ദ, ഡി. കമലാക്ഷ എന്നിവര്‍ സംസാരിച്ചു.

കാസര്‍ഗോഡിന്റെ ഉള്ളറിഞ്ഞ് ചിത്രശാല

കാസര്‍ഗോഡിന്റെ മനുഷ്യപ്രകൃതിയെയും, സംസ്കാരചരിത്രത്തെയും ഭൂമിശാസ്ത്രത്തെയും പുതുതായി കണ്ടെടുക്കുന്ന ചിത്രങ്ങളായിരുന്നു ബഹുഭാഷാസമ്മേളനത്തിന്റെ ഭാഗമായ ചിത്രശാലയില്‍ അണിനിരന്നത്. കല, ജീവിതം, ഭാഷ, ഭാവന, അദ്ധ്വാനം എന്നിവയെ പ്രകൃതിയുടെയും നിർമ്മിതിയുടെയും പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നവയായിരുന്നു ചിത്രങ്ങൾ. കാസർഗോഡ് ജില്ലയുടെ വടക്കൻ ഭാഗങ്ങളിൽ താമസിക്കുന്നവരായിരുന്നു ഇതിൽ പങ്കെടുത്ത എല്ലാ ചിത്രകാരന്മാരും. പ്രകാശ് കുമ്പള, വിശ്വാസ് മഞ്ചേശ്വർ, സതീഷ് പെഡ്രെ, ശിവൻ ഉപ്പള, സന്തോഷ് പള്ളിക്കര, ശ്യാം പ്രസാദ്, ശ്യാമശശി, രമേശൻ പുതിയോടൻ, ഗിരീശൻ നീലേശ്വരം, ബിജു കാഞ്ഞങ്ങാട് എന്നീ ചിത്രകാരന്മാരാണ് സവിശേഷമായ ഈ ചിത്രനിർമ്മാണത്തിൽ പങ്കാളികളായത്. കേരള തുളു അക്കാദമി ചെയർമാൻ കെ.ആർ. ജയാനന്ദ, കേരള സാഹിത്യ അക്കാദമി അംഗങ്ങളായ എം.കെ. മനോഹരൻ, ഇ.പി. രാജഗോപാലൻ, സംഘാടകസമിതി കൺവീനർ ജയചന്ദ്രൻ കുട്ടമത്ത് എന്നിവർ ചിത്രകലാ ക്യാമ്പിന് നേതൃത്വം നൽകി.

‘കാസര്‍ഗോഡിന്റെ ഭാഷാപ്രകൃതം’ എന്ന വിഷയത്തെ അധികരിച്ച് ഡോ. രത്നാകരന്‍ മല്ലമൂല പ്രഭാഷണം നടത്തി. സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കര്‍ അദ്ധ്യക്ഷനായി.

ബഹുഭാഷാ സെമിനാര്‍

ഭാഷയും സംസ്കാരവും ചരിത്രവും തമ്മിലുള്ള ബന്ധത്തെ ഓര്‍മ്മപ്പെടുത്തി ബഹുഭാഷാസമ്മേളനത്തിന്റെ ഭാഗമായി സെമിനാര്‍ സംഘടിപ്പിച്ചു. ‘ഭാഷകള്‍ കാസര്‍ഗോഡിന്റെ ചരിത്രത്തില്‍’ എന്ന വിഷയത്തില്‍ ഡോ. സി. ബാലനും, ‘ഭാഷാസംസ്കൃതിയുടെ വര്‍ത്തമാനവും ഭാവിയും’ എന്ന വിഷയത്തില്‍ ഡോ. രാധാകൃഷ്ണ ബെള്ളൂരും സംസാരിച്ചു. ‘തുളുവും മലയാളവും’ എന്ന വിഷയത്തെ അധികരിച്ച് ഡോ. എം.എം. ശ്രീധരനും ‘ഭാഷയും ഭരണഘടനയും’ എന്ന വിഷയത്തില്‍ മുന്‍ എം.പി. പി. കരുണാകരനും പ്രഭാഷണം നടത്തി. ‘പല ഭാഷകളിലെ ജീവിതം’ എന്ന വിഷയത്തില്‍ സുന്ദര ബാറഡുക്ക സംസാരിച്ചു. പയ്യന്നൂര്‍ കുഞ്ഞിരാമന്‍ അദ്ധ്യ ക്ഷനായി. വി. ദിനേശ്, ബി. വിനയകുമാര്‍ എന്നിവരും പ്രസംഗിച്ചു.

ഗിളിവിണ്ടുവിന്റെ സമാപനസമ്മേളനത്തിന്റെ ഉദ്ഘാടകന്‍ എഴുത്തുകാരനും അക്കാദമി അംഗവുമായ കെ.പി. രാമനുണ്ണിയായിരുന്നു. ബഹുഭാഷയെന്നത് സംസ്കാരത്തിന്റെ ബഹുസ്വരതയ്ക്കു തെളിവാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, കാസര്‍ഗോഡിനെ ബഹുസ്വരമായ സഹജീവനത്തിന്റെ നാട് എന്നാണു വിശേഷിപ്പിച്ചത്. മറ്റു ഭാഷകളെ ശത്രുസ്ഥാനത്തു നിര്‍ത്തുന്നത് സാമ്രാജ്യത്വത്തിന്റെ രീതിശാസ്ത്രമാണ്. അങ്ങനെ വരുമ്പോള്‍ ഈ ബഹുഭാഷാസമ്മേളനം സാമ്രാജ്യത്വത്തിനെതിരായ പ്രതികരണമാകുന്നു- അദ്ദേഹം പറഞ്ഞു. വി. വിനയകുമാര്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. രവീന്ദ്രന്‍ പാടി, വിജയകുമാര്‍ പാവള എന്നിവരും സംസാരിച്ചു. ചന്തേര ഭഗവതിക്ഷേത്ര പൂരക്കളിസംഘത്തിന്റെ പൂരക്കളിയും കോഴിക്കോട് സങ്കീര്‍ത്തനയുടെ നാടകം ‘വേട്ട’യും അരങ്ങേറി.

കാസര്‍ഗോഡന്‍ ഭാഷകളിലെ കവിസമ്മേളനം

കവിസമ്മേളനം പി.എന്‍. ഗോപീകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. രാവുണ്ണി അദ്ധ്യക്ഷനായിരുന്നു. മനോജ് വാമഞ്ചൂര്‍ (തുളു), മഹേഷ് എം. നായക് (കന്നഡ), ദിവാകരന്‍ വിഷ്ണുമംഗലം (മലയാളം), ഗണേഷ് പ്രസാദ് (കൊങ്ങിണി), റിയാസ് അഷ്റഫ് (ബ്യാരി), അസീം മണിമുണ്ട (ഉര്‍ദു), ശ്രീനിവാസ നായക് (മറാത്തി) എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. ആശ ദിലീപ് സ്വാഗതവും, സചിത റൈ നന്ദിയും പറഞ്ഞു.

സി.വി: നൂറ്റാണ്ടിന്റെ വായനകൾ

2023 ജനുവരി 17
തിരുവനന്തപുരം

മാനകഭാഷയുടെ അധീശത്വത്തെ പ്രയോഗത്തിലൂടെ ചോദ്യം ചെയ്ത സി.വി.യുടെ പ്രവർത്തനം ഒരു രാഷ്ട്രീയ നിയോഗം കൂടിയാണെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്‍. സി.വി. രാമൻപിള്ളയുടെ നൂറാം ചരമവാർഷികത്തോടനുബന്ധിച്ച് കേരള സാഹിത്യ അക്കാദമി, കേരള സർവ്വകലാശാല കാര്യവട്ടം കാമ്പസിലെ മലയാള വിഭാഗത്തിൽ സംഘടിപ്പിച്ച ‘സി.വി.: നൂറ്റാണ്ടിന്റെ വായനകൾ’ എന്ന ഏകദിന ദേശീയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രമുഖ എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ഡോ. ജോർജ്ജ് ഓണക്കൂർ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. നിരൂപകൻ ഡോ. കെ.എസ്. രവികുമാർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ ആമുഖഭാഷണം നടത്തി. മലയാളം വകുപ്പ് മേധാവി പ്രൊഫസർ സീമാ ജെറോം സ്വാഗതം പറഞ്ഞു. സാഹിത്യ അക്കാദമി നിർവ്വാഹക സമിതി അംഗം വി.എസ്. ബിന്ദു, മലയാള വിഭാഗം അദ്ധ്യാപിക ഡോ. ഷീബ എം. കുര്യൻ എന്നിവർ ആശംസാപ്രസംഗം നടത്തി. ഡോ. കെ.കെ. ശിവദാസ് നന്ദി പറഞ്ഞു.
സമാപനസമ്മേളനത്തില്‍ നിരൂപകനും അക്കാദമി അംഗവുമായ ഇ.പി. രാജഗോപാലന്‍ പ്രഭാഷണം നടത്തി. തുടര്‍ന്ന് അര്‍ജുന്‍ ഗോപാല്‍ സാക്ഷാത്കരിച്ച നാടകം സിംഹാരവം ഘോരാരവം അരങ്ങേറി.

കെ.പി. കായലാട് അനുസ്മരണം

2023 ജനുവരി 7
മേപ്പയൂര്‍

കെ.പി. കായലാട് ട്രസ്റ്റ്, പുരോഗമന കലാ സാഹിത്യസംഘം മേപ്പയൂര്‍ എന്നിവയുടെ സഹകരണത്തോടെ കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച കെ.പി. കായലാട് അനുസ്മരണം ഡോ. സുനില്‍ പി. ഇളയിടം ഉദ്ഘാടനം ചെയ്തു. സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കര്‍ കായലാട് അനുസ്മരണപ്രഭാഷണം നടത്തി. സാഹിത്യപുരസ്കാരം എം. ബഷീറിന് മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ സമ്മാനിച്ചു. കെ. കുഞ്ഞിരാമന്‍, കെ. രാജീവന്‍, പി.പി. രാധാകൃഷ്ണന്‍, സുരേഷ് കല്പത്തൂര്‍, ടി.എം. ബാലകൃഷ്ണന്‍, കെ. രതീഷ്, എന്‍. രാമദാസ് എന്നിവര്‍ സംസാരിച്ചു.

അനുസ്മരണത്തിന്റെ ഭാഗമായ ജനകീയശാസ്ത്രസെമിനാറില്‍ കെ. പാപ്പൂട്ടി, ടി.പി. കുഞ്ഞിക്കണ്ണന്‍, പി.എം. ഗീത എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി. എം.സി. അനൂപ് അദ്ധ്യക്ഷനായിരുന്നു. പി.കെ. ഷിംജിത്ത്, എം.എം. കുഞ്ഞിരാമന്‍ എന്നിവരും സംസാരിച്ചു. മേപ്പയൂര്‍ ബാലനും സംഘവും അവതരിപ്പിച്ച പാട്ടരങ്ങായിരുന്നു പരിപാടിയുടെ മറ്റൊരു ആകര്‍ഷണം.

സുകുമാര്‍ അഴീക്കോട് അനുസ്മരണം

2023 ജനുവരി 24
എരവിമംഗലം, തൃശൂർ

സുകുമാർ അഴീക്കോടിന്റെ സ്മരണക്കായി എല്ലാ വർഷവും ഏഴു ദിവസം നീളുന്ന സാസ്‌കാരികോത്സവം സംഘടിപ്പിക്കുമെന്ന് സാംസ്കാരികവകുപ്പുമന്ത്രി സജി ചെറിയാൻ. അടുത്ത വർഷം മുതൽ ഇതിനു തുടക്കം കുറിക്കും. തൃശ്ശൂർ എരവിമംഗലത്ത് നവീകരിച്ച സുകുമാർ അഴീക്കോട് സ്മാരകം നാടിനു സമര്‍പ്പിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴീക്കോടിന്റെ ഭവനത്തിനു പിന്നില്‍ പുഴയ്ക്ക് അക്കരെയുള്ള സ്ഥലം ഏറ്റെടുത്ത് എഴുത്തുകാർക്ക് താമസിക്കാനും എഴുതാനും സൗകര്യമൊരുക്കും. ജാതിമതഭേദമില്ലാതെ മനുഷ്യര്‍ക്ക് കൂടിയിരിക്കാനുള്ള ഇടങ്ങള്‍ ഇല്ലാതാകുന്ന കാലത്ത്, സാംസ്കാരികതയുടെ വേദികള്‍ തിരികെപ്പിടിക്കേണ്ടത് ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.

തൃശ്ശൂര്‍ ജില്ലയിലെ പുത്തൂരില്‍ ആരംഭിക്കുന്ന സുവോളജിക്കല്‍ പാര്‍ക്കിലേക്കുള്ള സന്ദര്‍ശകരെ ക്കൂടി ആകര്‍ഷിക്കുന്ന തരത്തില്‍ അഴീക്കോട് സ്മാരകത്തെ മാറ്റണമെന്ന് യോഗത്തില്‍ അദ്ധ്യക്ഷ നായ റവന്യൂമന്ത്രി കെ. രാജന്‍ നിര്‍ദ്ദേശിച്ചു. അഴീ ക്കോടിന്റെ സാന്നിദ്ധ്യം അനുഭവിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ ഒരു ഓഡിയോ സംവിധാനവും തിയേറ്ററും ലൈബ്രറിയും സ്മാരകത്തില്‍ ഒരുക്കും.
സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടർ ഹരിത വി. കുമാർ മുഖ്യാതിഥിയായിരുന്നു. വൈസ് പ്രസി‍ഡന്റ് അശോകൻ ചരുവിൽ, സെക്രട്ടറി സി.പി. അബൂബക്കർ, അക്കാദമി മുൻ പ്രസിഡന്റ്‌ വൈശാഖൻ, പി.വി. കൃഷ്ണൻ നായർ, രാവുണ്ണി, കരിവെള്ളൂർ മുരളി, കെ.വി. സജു, ബിജു ജോസഫ്, ശ്രീവിദ്യ രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. രാജേന്ദ്രന്‍ എടത്തുംകര സുകുമാര്‍ അഴീക്കോട് സ്മാരകപ്രഭാഷണം നടത്തി.

വി.കെ.എൻ. അനുസ്മരണം തിരുവില്വാമലയിൽ

2023 ജനുവരി 25
തിരുവില്വാമല

കേരള സാഹിത്യ അക്കാദമി തിരുവില്വാമല വി.കെ.എന്‍. സ്മാരകത്തില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടി എം.എം. നാരായണന്‍ ഉദ്ഘാടനം ചെയ്തു. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകന്‍ ചരുവില്‍ അദ്ധ്യക്ഷനായിരുന്നു. കെ.ആര്‍. മനോജ്കുമാര്‍, കെ. പത്മജ, എന്‍. ബാലകൃഷ്ണന്‍, കെ. രാംകുമാര്‍, എം. ഉദയന്‍, കെ.ആര്‍. മനോജ്കുമാര്‍, വി.കെ.കെ. രമേഷ് എന്നിവര്‍ സംസാരിച്ചു.

ചണ്ഡാലഭിക്ഷുകി ശതവർഷാഘോഷം ചെന്നൈയിൽ

2023 ഫെബ്രുവരി 19
ചെന്നൈ

കേരള സാഹിത്യ അക്കാദമിയും മദിരാശി കേരളസമാജവും സംയുക്തമായി ചണ്ഡാലഭിക്ഷുകി ശതവര്‍ഷാഘോഷത്തിന്റെ ഭാഗമായി ചെന്നൈയില്‍ ‘ചണ്ഡാലഭിക്ഷുകി: നീതിബോധവും ലാവണ്യചിന്തയും’ എന്ന പേരില്‍ സാംസ്കാരികസംഗമം സംഘടിപ്പിച്ചു. കൃതി നിത്യഭാസുരങ്ങളായി പ്രസരിപ്പിക്കുന്ന സൗന്ദര്യാനുഭൂതിയെയും ചിന്തകളെയും അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകളും നൃത്തസംഗീതാവിഷ്കാരങ്ങളുമാണു നടന്നത്. അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സ്നേഹം, കാരുണ്യം, സമത്വം എന്നിവ അടിസ്ഥാനമാക്കിയതും ആത്മീയത ഉള്‍ച്ചേര്‍ന്നതുമായ മാനുഷികതയാണ് ആശാന്‍ കവിതകളുടെ മുഖമുദ്രയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുമാരനാശാന്റെ ജാതിവിമര്‍ശനം മനുഷ്യനിര്‍മ്മിതമായ എല്ലാ ശ്രേണീകരണങ്ങളോടും അധികാരക്രമങ്ങളോടുമുള്ള വിമര്‍ശനമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശ്രീനാരായണഗുരുവിന്റെയും, ശ്രീബുദ്ധന്റെയും ആശയങ്ങളുടെ സ്വാധീനങ്ങള്‍ക്കു പുറമേ, സമകാലീന ഇംഗ്ലീഷ് കവികളുടെ കാല്പനികതാബോധത്തിന്റെ സ്വാധീനവും ആ കവിതകളില്‍ വ്യക്തമാണ്. ആശാനെയും എഴുത്തച്ഛനെയും പോലെ, മലയാളകവിതയില്‍ സ്വാധീനം ചെലുത്തിയിട്ടുള്ള വ്യക്തികള്‍ വേറെയുണ്ടാവില്ല. മലയാളകവികളെ ഏറ്റവും പ്രചോദിപ്പിച്ച കവിയാണ് ആശാനെന്നും സച്ചിദാനന്ദന്‍ ചൂണ്ടിക്കാട്ടി.

മദിരാശി കേരളസമാജം പ്രസിഡന്റ് എം. ശിവദാസന്‍പിള്ള അദ്ധ്യക്ഷനായി. കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കര്‍, ഡോ. എ.വി. അനൂപ്, പി.കെ.എന്‍. പണിക്കര്‍, കെ.വി.വി. മോഹനന്‍, ടി. അനന്തന്‍, കുമ്പളങ്ങാട് ഉണ്ണിക്കൃഷ്ണന്‍, എം.പി. അന്‍വര്‍, കെ.ജെ. അജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

‘കുമാരനാശാന്‍: സ്നേഹത്തിന്റെ നവോത്ഥാനം’ എന്ന വിഷയത്തില്‍ ‘അശോകന്‍ ചരുവില്‍, ‘ചണ്ഡാലഭിക്ഷുകിയില്‍ മറഞ്ഞ ദുരവസ്ഥയുടെ സംഘര്‍ഷങ്ങള്‍’ എന്ന വിഷയത്തില്‍ കെ.ഇ.എന്‍., ‘ചണ്ഡാലഭിക്ഷുകി: ചിന്തയും ഭാഷയും’ എന്നീ വിഷയത്തില്‍ ഡോ. എ.സി. സുഹാസിനി എന്നിവര്‍ പ്രബന്ധാവതരണം നടത്തി. ‘എന്റെ രചനാലോകങ്ങള്‍’ എന്ന സംവാദപരിപാടിയില്‍ സച്ചിദാനന്ദന്‍ പങ്കെടുത്തു. സി.ജി. രാജേന്ദ്രബാബു അദ്ധ്യക്ഷനായിരുന്നു.

എ.സി. ഗോവിന്ദന്റെ സമ്പൂര്‍ണ്ണകൃതികളിലെ കുട്ടികളുടെ ആശാന്‍ എന്ന ഭാഗത്തെ ആസ്പദമാക്കി 74 കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച ചണ്ഡാലഭിക്ഷുകി എന്ന നൃത്ത, സംഗീത, നാടകശില്പം ശ്രദ്ധേയമായി. ശശി പൂക്കാട് ഒരുക്കിയ രംഗപാഠം ഡോ. എ.വി. അനൂപ്, ഡോ. കെ.ജെ. അജയകുമാര്‍, ബിന്ദു നമ്പൂതിരി എന്നിവര്‍ ചേര്‍ന്നാണ് ഏകോപനം നടത്തിയത്. ഡോ. സംപ്രീത കേശവന്‍, ഡോ. എല്‍. നരേന്ദ്രകുമാര്‍ എന്നിവര്‍ നൃത്തവും അഭിലാഷ് പരമേശ്വരന്‍ നാടകവും സംവിധാനം ചെയ്തു. ഷിബു ആന്റണി, മനു കൃഷ്ണന്‍ എന്നിവര്‍ സംഗീതമൊരുക്കി.

സമാപനസമ്മേളനത്തില്‍ ഡോ. എ.വി. അനൂപ് അദ്ധ്യക്ഷനായി. ഡോ. എം.പി. ദാമോദരന്‍ സെമിനാര്‍ അവലോകനം ചെയ്തു.

തുഞ്ചൻ ഉത്സവത്തിന്റെ ഭാഗമായി ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി ശതാബ്ദി സെമിനാർ

2023 ഫെബ്രുവരി 17
തുഞ്ചന്‍പറമ്പ്

കേരള സാഹിത്യ അക്കാദമിയും, തുഞ്ചന്‍ സ്മാരകട്രസ്റ്റും സംയുക്തമായി തുഞ്ചന്‍ ഉത്സവത്തിന്റെ ഭാഗമായി ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി ശതാബ്ദി സെമിനാര്‍ സംഘടിപ്പിച്ചു. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകന്‍ ചരുവില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പി.കെ. ഗോപി അദ്ധ്യക്ഷനായിരുന്നു. മിനി പ്രസാദ്, വീരാന്‍കുട്ടി, ഷംസാദ് ഹുസൈന്‍, ഡി. അനില്‍കുമാര്‍ എന്നിവര്‍ പ്രബന്ധാവതരണം നടത്തി. അനില്‍ കോവിലകം, രജനി സുബോധ് എന്നിവരും സംസാരിച്ചു.

കവിതാശില്പശാല

2023 ഏപ്രിൽ 1-3
അരുവിപ്പുറം മഠം

യുവ എഴുത്തുകാർക്കായി സാഹിത്യ അക്കാദമി സംഘടിപ്പിച്ച കവിതാശില്പശാലയ്ക്ക് ഏപ്രിൽ ഒന്നു മുതൽ മൂന്നു വരെയുള്ള തീയതികളിൽ തിരുവനന്തപുരം അരുവിപ്പുറം മഠം വേദിയായി. സവർണ്ണമേധാവിത്വത്തിനെതിരേ ഗുരു ‘ഈഴവശിവനെ’ പ്രതിഷ്ഠിച്ച് നവോത്ഥാനമുന്നേറ്റത്തിനു ഊർജ്ജം പകർന്ന മണ്ണിൽ കേരളത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള കവികൾ ഒത്തുകൂടി. അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ ശില്പശാല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ അദ്ധ്യക്ഷനായി. സെക്രട്ടറി സി.പി. അബൂബക്കർ, ഏഴാച്ചേരി രാമചന്ദ്രൻ, കെ. ആൻസലൻ എം.എൽ.എ., പി.കെ. രാജ്‌മോഹൻ, പി.കെ. മിനി എന്നിവരും സംസാരിച്ചു. സാഹിത്യചക്രവാളം രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പ് ചടങ്ങിൽ പ്രകാശനം ചെയ്തു.

ക്യാമ്പ് ഡയറക്ടർ പി.പി. രാമചന്ദ്രൻ ശില്പശാലാ പരിപ്രേക്ഷ്യം അവതരിപ്പിച്ചു. പി.എൻ. ഗോപീകൃഷ്ണൻ, അനിതാ തമ്പി, അനഘ ജെ. കോലത്ത് എന്നിവർ ക്ലാസ്സുകളെടുത്തു. കവികൾ കവിതകൾ എന്ന പരിപാടിയിൽ പി. രാമൻ, അൻവർ അലി, ക്യാമ്പംഗങ്ങൾ എന്നിവർ പങ്കെടുത്തു. രണ്ടാം ദിവസം കവിത- സിദ്ധാന്തവും പ്രയോഗവും എന്ന വിഷയത്തിൽ ഡോ. പി.കെ. രാജശേഖരനും, കവിതയിലെ താളം എന്ന വിഷയത്തിൽ മനോജ് കുറൂരും ക്ലാസ്സുകൾ നയിച്ചു. കെ.വി. സജയ്, വി.എസ്. ബിന്ദു, ഡി. അനിൽകുമാർ എന്നിവരും വിവിധ വിഷയങ്ങളിൽ ക്ലാസ്സുകളെടുത്തു. വായനാനുഭവങ്ങൾ, എഴുത്തനുഭവങ്ങൾ എന്ന സെഷനിൽ ഡോ. സി. രാവുണ്ണി, ഡോ. മ്യൂസ് മേരി ജോർജ്ജ്, ക്യാമ്പംഗങ്ങൾ എന്നിവർ പങ്കെടുത്തു. ക്യാമ്പിന്റെ മൂന്നാം ദിവസം കവിതയിലെ പാരമ്പര്യവും സമകാലികതയും എന്ന വിഷയത്തിൽ ഡോ. എം.എ. സിദ്ദിഖ് സംസാരിച്ചു. ഡോ. സുനിൽ പി. ഇളയിടം സമാപനപ്രഭാഷണം നടത്തി. തുടർന്ന്, ശില്പശാല അവലോകനവും സർട്ടിഫിക്കറ്റ് വിതരണവും നടന്നു.

പൂരം പുസ്തകോത്സവം 2023

2023 ഏപ്രില്‍ 18-27
അക്കാദമി വൈലോപ്പിള്ളി ഹാള്‍

തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് കേരള സാഹിത്യ അക്കാദമി ഏപ്രിൽ 18 മുതൽ 27 വരെ പൂരം പുസ്തകോത്സവം സംഘടിപ്പിച്ചു. കേരളത്തിലെ സാംസ്‌കാരികസ്ഥാപനങ്ങളുടെ പുസ്തകങ്ങൾ അറുപതുശതമാനം വരെ വിലക്കിഴിവിൽ വിറ്റഴിച്ച മേള വായനക്കാരുടെ സവിശേഷശ്രദ്ധയാകർഷിച്ചു. പുസ്തകോത്സവം അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി.പി. അബൂബക്കർ അദ്ധ്യക്ഷനായിരുന്നു. ആദ്യവില്പന ഡോ. സി.എഫ്. ജോൺ ജോഫിക്ക് പുസ്തകങ്ങൾ നൽകി അക്കാദമി സെക്രട്ടറി നിർവ്വഹിച്ചു. കെ.എസ്. സുനിൽകുമാർ സ്വാഗതവും, ഈ.ഡി. ഡേവീസ് നന്ദിയും പറഞ്ഞു. അക്കാദമിയുടെ വൈലോപ്പിള്ളി ഹാളിലാണ് ഈ ദിവസങ്ങളില്‍ രാവിലെ 9 മണി മുതൽ വൈകീട്ട് 8 മണി വരെ പുസ്തകോത്സവം നടന്നത്.

‘എന്റെ രചനാലോകങ്ങളി’ല്‍ എഴുത്തിന്റെ കഥ പറഞ്ഞ് വൈശാഖന്‍

2023 മേയ് 4
പാലക്കാട്

പ്രശസ്ത എഴുത്തുകാര്‍ അവരുടെ രചനാജീവിതത്തെക്കുറിച്ചു സംസാരിക്കുന്ന ‘എന്റെ രചനാലോകങ്ങള്‍’ എന്ന പരിപാടിയില്‍ വൈശാഖന്‍ പങ്കെടുത്തു. പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി ഹാളില്‍ നടന്ന സംവാദത്തില്‍ അക്കാദമി വൈസ് പ്രസിഡന്റ് അശോകന്‍ ചരുവില്‍ അദ്ധ്യക്ഷനായി. അക്കാദമി സെക്രട്ടറി സി.പി. അബൂബക്കര്‍, പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.ആര്‍. അജയന്‍ എന്നിവരും സംസാരിച്ചു.

സാഹിത്യവും മതനിരപേക്ഷതയും- ഏകദിന സെമിനാറുകളുടെ സംസ്ഥാനതല ഉദ്ഘാടനം

മെയ് 6, 2023
പൊന്നാനി

അപരമതവിദ്വേഷത്തിന്റെ വിഷഭൂമിയായി മാറിക്കൊണ്ടിരിക്കുന്ന സമകാലീന ഇന്ത്യയില്‍ മാനവമൈത്രിയുടെ സാംസ്കാരിക ഇടപെടല്‍ നടത്തുകയെന്ന ഉദ്ദേശ്യത്തോടു കൂടി ‘സാഹിത്യവും മതനിരപേക്ഷതയും’ എന്ന ശീര്‍ഷകത്തില്‍ സാഹിത്യ അക്കാദമി നടത്തുന്ന ഏകദിന സെമിനാറുകള്‍ക്ക് പൊന്നാനിയില്‍ തുടക്കമായി. സ്പോര്‍ട്സ്, വഖ്ഫ്, ഹജ്ജ് കാര്യവകുപ്പുമന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കര്‍, ആലങ്കോട് ലീലാകൃഷ്ണന്‍, കെ.പി. രാമനുണ്ണി, ജ്യോതീബായ് പരിയാടത്ത്, ശിവദാസ് ആറ്റുപുറം, അഡ്വ. കെ. വിജയന്‍ എന്നിവര്‍ സംസാരിച്ചു. ‘പൊന്നാനിക്കളരിയും കഥയിലെ മതപരിചരണവും’ എന്ന വിഷയത്തില്‍ വിജു നായരങ്ങാടിയും, ‘മതനിരപേക്ഷ പാരമ്പര്യം മലയാളകവിതയില്‍’ എന്ന വിഷയത്തില്‍ ടി.വി. സുനീതയും, ‘നാടകവും മതജീവിതവും’ എന്ന വിഷയത്തില്‍ എം.എ. സിദ്ദീഖും സംസാരിച്ചു. എം.എം. നാരായണന്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ സ്വാഗതവും ഇന്ദിര പി. നന്ദിയും പറഞ്ഞു.

പുസ്തകപ്രകാശനവും ഓണ്‍ലൈന്‍ ലൈബ്രറിയില്‍ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു

മേയ് 20, 2023
തൃശ്ശൂര്‍

പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള നൂറുദിന കര്‍മ്മപരിപാടിയുമായി ബന്ധപ്പെട്ട് കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച 30 പുസ്തകങ്ങളുടെ പ്രകാശനവും, 600 പുസ്തകങ്ങളുടെ ഡിജിറ്റല്‍ പതിപ്പുകള്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയതിന്റെ ഉദ്ഘാടനവും പി. ബാലചന്ദ്രന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. അക്കാദമി വൈലോപ്പിള്ളി ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് സച്ചിദാനന്ദന്‍ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി സി.പി. അബൂബക്കര്‍ ആമുഖപ്രഭാഷണം നടത്തി. പബ്ലിക്കേഷന്‍ ഓഫീസര്‍ ഇ.ഡി. ഡേവീസ് സ്വാഗതവും, ലൈബ്രേറിയന്‍ പി.കെ. ശാന്ത നന്ദിയും പറഞ്ഞു.

കേരളം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍, ഹോര്‍ത്തൂസ് മലബാറിക്കൂസ് പ്രവേശിക, സംസ്കൃതസാഹിത്യചരിത്രം, കാവാലം നാടകപഠനങ്ങള്‍, കേരളത്തിലെ കാട്ടുപൂക്കള്‍ തുടങ്ങിയ പുസ്തകങ്ങളാണ് ചടങ്ങില്‍ പ്രകാശിതമായത്. മലയാള സാഹിത്യചരിത്രസംഗ്രഹം, ഹോരാശാസ്ത്രം, ശ്രീഹരിശ്ചന്ദ്രചരിതം മണിപ്രവാളം, വൃത്താന്തപത്രപ്രവര്‍ത്തനം തുടങ്ങി ഇംഗ്ലീഷിലും മലയാളത്തിലുമുള്ള അറുന്നൂറ് പുസ്തകങ്ങളാണ് ഓണ്‍ലൈനായി ലഭ്യമാവുക. www.keralasahityaakademi.org എന്ന വെബ്സൈറ്റിലെ ഓണ്‍ലൈന്‍ ലൈബ്രറിയില്‍ പുസ്തകങ്ങള്‍ ഡൗണ്‍ലൗഡ് ചെയ്ത് വായിക്കാവുന്നതാണ്.