പ്രസിദ്ധീകരണങ്ങൾ

കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും പ്രധാനമായ ലക്ഷ്യങ്ങളെ സാക്ഷാത്കരിക്കുന്ന വിഭാഗമാണ് പബ്ലിക്കേഷന്‍സ് വിഭാഗം. മലയാള ഭാഷയുടെയും സാഹിത്യത്തിന്‍റെയും വികാസത്തിനും ഔന്നിത്യത്തിനും വേണ്ട കൃതികള്‍ പ്രസിദ്ധീകരിക്കുക, ഭാരതീയരും വിദേശീയരുമായ ഭാഷകളിലെ നല്ല സാഹിത്യകൃതികള്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കുക, മലയാളത്തിലെ പ്രതിഷ്ഠിത കൃതികള്‍ക്കു സമുചിതമായ പതിപ്പുകള്‍ പ്രസിദ്ധപ്പെടുത്തുക, മലയാള ഭാഷയുടെ വികാസം മനസ്സിലാക്കുവാന്‍ ഉതകുംവണ്ണം ദ്രാവിഡഭാഷകളുടെ താരതമ്യപഠനത്തെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളെ സാക്ഷാത്കരിക്കുന്നതില്‍ പബ്ലിക്കേഷന്‍സ് വിഭാഗം വലിയ പങ്കു വഹിക്കുന്നു.

ഇരുപതാം നൂറ്റാണ്ടിലെ മലയാള സാഹിത്യത്തെയും കേരളീയ സമൂഹത്തേയും പഠനവിധേയമാക്കുന്നതിന് ആവശ്യമായ ഒട്ടേറെ കൃതികള്‍ അക്കാദമിക്ക് പ്രസിദ്ധീകരിയ്ക്കാനായിട്ടുണ്ട്. ചെറിയൊരളവില്‍ പണ്ഡിതന്മാരായ എഴുത്തുകാര്‍ക്ക് അവരുടെ കൃതികള്‍ – ആകര്‍ഷകമായ വിപണി ലഭിക്കാത്തവ – പ്രസിദ്ധീകരിച്ച് അക്കാദമിക്ക് അവരെ സഹായിക്കാനും കഴിഞ്ഞിട്ടുണ്ട്.

പുസ്തക പ്രസിദ്ധീകരണ രംഗത്ത് അടുത്ത കാലത്ത് ഉണ്ടാക്കിയ മുന്നേറ്റം കൂടുതല്‍ ശക്തമായി തുടര്‍ന്നിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി കേരളത്തിലെ വളരെ ശ്രദ്ധേയമായ പ്രസാധക സ്ഥാപനമായി ഇപ്പോള്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. വെറും സാഹിത്യ ഗ്രന്ഥങ്ങള്‍ എന്നതിലുപരി സമൂഹ വിജ്ഞാനത്തിന്‍റെയും സംസ്കാര പഠനത്തിന്‍റെയും മേഖലകളില്‍ വന്‍ ഉള്‍ക്കാഴ്ച നല്‍കുന്ന പുസ്തകങ്ങളും നമ്മുടെ പാരന്പര്യത്തിന്‍റെ കരുത്തു വെളിപ്പെടുത്തുന്ന പുസ്തകങ്ങളും അക്കാദമിക്ക് പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞു.

കേരളത്തിലെ കോളേജു ലൈബ്രറികളും പൊതുഗ്രന്ഥശാലകളും ഇപ്പോള്‍ ഏതാണ്ട് വര്‍ഷം തോറുമെന്നപോലെ പുസ്തകശേഖരത്തിലേക്ക് കേരള സാഹിത്യ അക്കാദമി പുസ്തകങ്ങളെ പരിഗണിക്കുന്നു. സംസ്ഥാനത്തെ സാംസ്കാരിക സ്ഥാപനങ്ങളില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് കഴിഞ്ഞാല്‍ ഏറ്റവും വലിയ പ്രസിദ്ധീകരണ സ്ഥാപനം കേരള സാഹിത്യ അക്കാദമിയാണ്.