സ്ത്രീകളുടെ പ്രസാധകസംരംഭങ്ങൾ പാർശ്വവത്കരിക്കപ്പെട്ടവരുടെയും തിരസ്കൃതമായ ചരിത്രത്തിന്റെയും വീണ്ടെടുപ്പു കൂടിയാണെന്ന് എഴുത്തുകാരി വി.എസ്. ബിന്ദു. സാഹിത്യ അക്കാദമി പൂരം പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വനിതാസമ്മേളനത്തിൽ ‘പുസ്തകപ്രസാധനരംഗത്തെ സ്ത്രീസാന്നിദ്ധ്യം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ. മനുഷ്യർ സ്വയം കച്ചവടച്ചരക്കാകുന്ന കാലത്ത് ലിംഗനീതിയെന്ന വിഷയം ഉയർത്തിപ്പിടിക്കാൻ വനിതാ പ്രസാധകസംഘങ്ങൾക്ക് സാധിക്കുന്നു. വി.ടി. ഭട്ടതിരിപ്പാടിനെപ്പോലുള്ള പ്രതിഭാശാലികൾ തിളങ്ങിനിന്ന കാലത്തുപോലും അന്തർജ്ജനം പോലുള്ള മാസികകളിലൂടെ ശബ്ദമുയർത്താൻ നമ്പൂതിരിസ്ത്രീകൾ തയ്യാറായി. ഈഴവസ്ത്രീകളുടെ പ്രസിദ്ധീകരണമായ സഹോദരി പല പ്രസക്തമായ സാമൂഹികവിഷയങ്ങളും മുന്നോട്ടുവച്ചു. സംഘർഷഭരിതമായ ഒരു സമൂഹത്തിൽ സംവാദങ്ങൾ വളർത്തിയെടുക്കാൻ ഇത്തരം പ്രസിദ്ധീകരണങ്ങൾക്കു സാധിച്ചു. ഒരുപാടു പ്രയാസങ്ങളെ അതിജീവിച്ചാണ് വനിതാപ്രസാധകർ നിലനിന്നതും നിലനിൽക്കുന്നതും. തൃശ്ശൂർ ആസ്ഥാനമായ ‘സമത’യെപ്പോലെ, ആക്ടിവിസത്തോടടുത്തുനിൽക്കുന്ന സാമൂഹ്യപ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന പ്രസാധകർ ഇന്നും സജീവമായി രംഗത്തുണ്ട്. സ്ത്രീപ്രസാധകരുടെ ചരിത്രം വളരെ ഗൗരവതരമായി പഠനവിധേയമാക്കപ്പെടേണ്ടതാണ്- അവർ പറഞ്ഞു.
ചരിത്രത്തിൽ അദൃശ്യരായിപ്പോകുന്നവരുടെ വേദനയാണ് ദേശമെഴുത്തിലൂടെ അടയാളപ്പെടുത്തപ്പെടുന്നത് എന്ന് ദേശമെഴുത്തിലെ പെൺജീവിതം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തിയ നോവലിസ്റ്റ് ലിസി പറഞ്ഞു. കാലദേശങ്ങൾക്കതീതമാണ് മനുഷ്യരുടെ വൈകാരികഭാവങ്ങളെങ്കിലും, ദേശത്തിന്റെ സംസ്കാരം മണ്ണിൽ കാലുറപ്പിച്ചുള്ള ഒരു രചനാനുഭവമാണ് നൽകുന്നത് എന്നും അവർ കൂട്ടിച്ചേർത്തു.
പ്രതിലോമകതയ്ക്ക് എതിരായ പ്രതികരണമാണ് ദേശമെഴുത്തിൽ പ്രതിഫലിപ്പിക്കപ്പെടുന്നത് എന്ന് അദ്ധ്യക്ഷപ്രസംഗത്തിൽ ഡോ. ഖദീജാ മുംതാസ് പറഞ്ഞു. ചരിത്രത്തിൽ മാറ്റിനിർത്തപ്പെടുന്ന, അദൃശ്യയും അപ്രസക്തയുമായ സ്ത്രീക്ക് ദേശമെഴുത്തിലൂടെ ദൃശ്യത നൽകാനാവും. കാരണം, ഭാഷയും സംസ്കാരവും ഏറ്റവുമധികം സംരക്ഷിക്കപ്പെടുന്നത് സ്ത്രീകളിലൂടെയാണ്. നിഷ്കാസിതരായ സ്ത്രീകളാണ് ഏറ്റവും സ്വത്വബോധം പ്രദർശിപ്പിക്കുന്നത് എന്നും ഡോ. ഖദീജാ മുംതാസ് നിരീക്ഷിച്ചു. സമത, മാക്ബെത്ത് തുടങ്ങിയ പ്രസാധകസംരംഭങ്ങലിലൂടെ സ്ത്രീകൾ നടത്തുന്ന മുന്നേറ്റങ്ങളെക്കുറിച്ചും അവർ സൂചിപ്പിച്ചു. ടി.വി. ഫസീല, ജയശ്രീ ബി.എസ്. എന്നിവരും സംസാരിച്ചു.