സർക്കാരിന് എപ്പോൾ വേണമെങ്കിലും പ്രവേശിക്കാവുന്ന ഒരു സംഘർഷഭൂമിയാണ് ഇപ്പോൾ സിനിമയെന്ന് ചലച്ചിത്രനിരൂപകനും കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗവുമായ ജി.പി. രാമചന്ദ്രൻ. പൂരം പുസ്തകോത്സവത്തിന്റെ ഒമ്പതാം ദിവസം ‘ഇന്ത്യയിലെ സിനിമകൾ, സിനിമയിലെ ഇന്ത്യകൾ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിൽപ്പോലും സെൻസറിംഗ് കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള ചിന്തകൾ സജീവമാണ്. കാശ്മീർ ഫയൽസ് പോലെ ചരിത്രത്തെ പക്ഷപാതത്തോടെ അവതരിപ്പിക്കുന്ന സിനിമകൾക്ക് ‘വാട്ട്സാപ്പ് യൂണിവേഴ്സിറ്റി’കളിലൂടെ നൽകുന്ന ബോധപൂർവ്വമായ പ്രചാരം ഇന്ത്യൻ ജനാധിപത്യത്തിനുമേലുള്ള ഒരു ടെസ്റ്റ് ഡോസാണ്. പാതാൾലോക് പിൻവലിക്കുകയും ഫാമിലി മാൻ പ്രദർശിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾ മാറുന്നുണ്ട്. ഇന്ന് ദക്ഷിണേന്ത്യയിൽ നിർമ്മിക്കുന്ന വമ്പൻ സിനിമകൾ ബോളിവുഡ് വിപണിയെപ്പോലും കവച്ചുവയ്ക്കുന്നവയാണ്. പക്ഷേ ആർ ആർ ആർ, കെ ജി എഫ് മുതലായ ചിത്രങ്ങൾ വ്യാജചരിത്രനിർമ്മിതിയിലൂടെയാണ് ജനപ്രീതി നേടുന്നത്. അതേസമയം തമിഴ് സിനിമയിൽ ബോധപൂർവ്വമായി ഒരു ദളിത് മുന്നേറ്റം നടക്കുന്നുണ്ട്. തേവർ മകൻ പോലെയുള്ള സിനിമകളിലൂടെ തമിഴ് ചലച്ചിത്രസംസ്കാരത്തിലേക്ക് ആനയിക്കപ്പെട്ട ജാത്യാഭിമാനത്തെ പാ. രഞ്ജിത്തിന്റെയും വെട്രിമാരന്റെയും മറ്റും ചിത്രങ്ങൾ വെല്ലുവിളിക്കുകയാണ്- അദ്ദേഹം പറഞ്ഞു.
ലിംഗനീതിയെ സംബന്ധിച്ചുള്ള ധാരണകൾ തിരുത്താൻ തയ്യാറാവാത്ത സമൂഹമാണ് ചലച്ചിത്രമേഖലയ്ക്കും പുറത്തുമുള്ള സ്ത്രീകൾ നേരിടുന്ന വലിയ വെല്ലുവിളിയെന്ന് ‘സ്ത്രീയും സിനിമയും’ എന്ന വിഷയത്തിൽ സംസാരിച്ച അനു പാപ്പച്ചൻ പറഞ്ഞു. സിനിമയെന്ന തൊഴിലിടത്തിൽ സ്ത്രീകൾ നേരിടുന്നത് വ്യക്തിപരമായ പ്രശ്നങ്ങളല്ല, അവയെ വിശാലമായ സാമൂഹ്യപ്രശ്നങ്ങളായി കാണണം. സിനിമകൾ കാലങ്ങളായി ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന സ്ത്രീവിരുദ്ധത, സമൂഹത്തിന്റെ സ്ത്രീവിരുദ്ധതയുടെ പ്രതിഫലനമാണ്. മാന്യമായ പ്രതിഫലം ചോദിക്കുന്നതുകൊണ്ടുപോലും മാറ്റിനിർത്തപ്പെടുകയും സമൂഹത്തിന്റെ ഓഡിറ്റിംഗ് നേരിടുകയും ചെയ്യുന്ന ദുരവസ്ഥ അഭിനേത്രിമാർക്കുണ്ട്. ചലച്ചിത്രമേഖലയിൽ സ്ത്രീകൾ പ്രവർത്തിച്ചുതുടങ്ങി 90 വർഷങ്ങൾ കഴിയേണ്ടിവന്നു, സ്ത്രീകൾക്കുവേണ്ടി ഡബ്ല്യൂ സി സി എന്ന സംഘടന രൂപപ്പെടാൻ. അതും അത്രയും അക്രമാസക്തമായ സംഭവങ്ങൾക്കു ശേഷമാണ് അത്തരമൊരു കൂട്ടായ്മ ഉണ്ടായതുതന്നെ. സിനിമയുടെ രാഷ്ട്രീയത്തെ പുനർനിർവ്വചിക്കാൻ കഴിയുന്നത് കാണികൾക്കാണ്. അതിനായി ക്രിയാത്മകമായി ഇടപെടാൻ എല്ലാവർക്കും സാധിക്കണം- അവർ പറഞ്ഞു.
ഐ ഷണ്മുഖദാസ് അദ്ധ്യക്ഷനായിരുന്നു. കെ.എൽ. ജോസ്, എ.എച്ച്. സിറാജുദ്ദീൻ എന്നിവരും സംസാരിച്ചു.