നാനാത്വത്തിൽ ഏകത്വമെന്ന ആശയം കാലഹരണപ്പെട്ടു: പ്രൊഫ.എം.എം. നാരായണൻ

നാനാത്വത്തെ നിഷേധിച്ചും നിരോധിച്ചും ഏകത്വമെന്ന ആശയം സ്ഥാപിക്കാൻ ശ്രമിക്കുന്ന വർത്തമാനകാല ഇന്ത്യയിൽ നാനാത്വത്തിൽ ഏകത്വമെന്ന ആശയം കാലഹരണപ്പെട്ടുവെന്ന് പ്രൊഫ. എം.എം. നാരായണൻ പറഞ്ഞു. കേരള സാഹിത്യ അക്കാദമി പൂരം പുസ്തകോത്സവത്തോടനുബന്ധിച്ചുനടത്തിയ സാംസ്കാരികപ്രഭാഷണപരമ്പരയുടെ രണ്ടാം ദിവസം ‘സംസ്കാരം- അധികാരവും പ്രതിരോധവും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈവിദ്ധ്യങ്ങളുടെ ഉച്ചാടനമല്ല, ഉദ്ഗ്രഥനമാണ് പുതിയകാലം ആവശ്യപ്പെടുന്നത്. അവ പരസ്പരപൂരകമാകണം. ഈ സമന്വയം ഭരണപരമായ ഉത്തരവുകളിലൂടെ നടപ്പാക്കാനാവില്ല. ഇന്ത്യയുടെ അനന്തമായ സാംസ്കാരികവൈവിദ്ധ്യത്തെ ഒരു സമരസഖ്യമാക്കി മാറ്റുകയും അതിലൂടെ അധികാരശാസനകളെ പ്രതിരോധിക്കുകയുമാണു വേണ്ടത്- പ്രൊഫ. എം.എം. നാരായണൻ ചൂണ്ടിക്കാട്ടി.

അനുരഞ്ജനത്തിന്റെ ഉപാധിയായി നിലനിന്നിരുന്ന സംസ്കാരം, മനുഷ്യനെ പാരസ്പര്യത്തിന്റെ ഒരു തുംഗവിതാനത്തിലേക്ക് ഉയർത്തുകയാണു ചെയ്തത്. മനുഷ്യർക്കിടയിലെ സംഘർഷങ്ങൾക്ക് താത്കാലികവും ആത്മീയവുമായ പരിഹാരം നൽകാനും സംസ്കാരത്തിനു സാധിച്ചിരുന്നു. എന്നാൽ ഇന്ന് സംസ്കാരം പരിഹാരത്തിന്റെ ഭാഗമല്ല, പ്രശ്നത്തിന്റെ ഭാഗമാണ്. രാഷ്ട്രീയം സംസ്കാരത്തിന്റെ ആവരണമണിയുകയാണ്. സംസ്കാരത്തിൽ വംശീയത കലരുകയും അത് ഒഴുക്കറ്റ അഴുക്കുചാലായി മാറുകയും ചെയ്യുന്നു- അദ്ദേഹം പറഞ്ഞു.

സാമൂഹ്യമാറ്റങ്ങൾക്ക് സാംസ്കാരികാന്തരീക്ഷം ഉൽപ്രേരകമായി പ്രവർത്തിച്ചിട്ടുണ്ടെന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച എ.സി. മൊയ്തീൻ എം.എൽ.എ. പറഞ്ഞു. സംസ്കാരത്തെ പുനർനിർവ്വചിച്ച് അധികാരത്തിന്റെ താത്പര്യം സംരക്ഷിക്കാനുള്ള ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ട്. നന്മയിലേക്ക് സഞ്ചരിക്കണമെങ്കിൽ, അതനുസരിച്ചുള്ള സാംസ്കാരികാന്തരീക്ഷം സൃഷ്ടിക്കാൻ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മങ്ങാട് ബാലചന്ദ്രൻ സ്വാഗതവും കെ.എച്ച്. ഹാജു നന്ദിയും പറഞ്ഞു.