പുതിയകാലത്തെ രചനകൾ കേരളത്തിന്റെ സാംസ്കാരിക, സാമൂഹികജീവിതങ്ങളെ സ്വാധീനിക്കുന്നതിൽ പരാജയപ്പെടുന്നുവെന്ന് നിരൂപകനും എഴുത്തുകാരനുമായ ഡോ. കാവുമ്പായി ബാലകൃഷ്ണൻ. കേരള സാഹിത്യ അക്കാദമി പൂരം പുസ്തകോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരികോത്സവത്തിന്റെ മൂന്നാം ദിവസം ‘വായനയിലെ സംഘർഷങ്ങൾ’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രയോജനപരതയുള്ള പുസ്തകങ്ങളും കപടശാസ്ത്രഗ്രന്ഥങ്ങളുമൊക്കെയാണ് ഇന്ന് കൂടുതലായി വിറ്റുപോകുന്നത്. സൃഷ്ടികളുടെ ബാഹുല്യമുണ്ടെങ്കിലും വായന ഇല്ലാതായി മാറുന്ന പരിതസ്ഥിതിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പ്രശസ്തിക്കു വേണ്ടിയാണ് ഇക്കാലത്ത് സാഹിത്യപ്രവർത്തനം നടക്കുന്നത്. സാഹിത്യത്തിന്റെ മറ്റു ലക്ഷ്യങ്ങൾ അപ്രസക്തമായി മാറുകയാണ്. കുടിയൊഴിപ്പിക്കൽ പോലുള്ള സാമൂഹ്യപ്രശ്നങ്ങളൊന്നും മലയാളസാഹിത്യത്തിൽ പ്രതിനിധീകരിക്കപ്പെടുന്നില്ല. സാഹിത്യവിമർശനം എന്നൊരു ശാഖ ഏറെക്കുറേ അപ്രത്യക്ഷമായിക്കഴിഞ്ഞു. ഈ പ്രതിബന്ധങ്ങൾ വായനക്കാരെ ദോഷകരമായി ബാധിക്കുന്നുണ്ട്. വായന ശുഷ്കമായ പ്രവർത്തനമായി പരിമിതപ്പെട്ടു. ഒരു സാംസ്കാരികദുരന്തത്തിലേക്കാണ് നമ്മുടെ നാട് സഞ്ചരിക്കുന്നത്- ഡോ. കാവുമ്പായി ബാലകൃഷ്ണൻ ചൂണ്ടിക്കാട്ടി.
ഓരോ ദിവസവും വായനക്കാരുടെയും പുസ്തകങ്ങളുടെയും എണ്ണം കൂടുന്നുണ്ടെന്ന് അദ്ധ്യക്ഷപ്രസംഗത്തിൽ ടി.പി. വേണുഗോപാലൻ നിരീക്ഷിച്ചു. പുസ്തകശാലകളുടെയും പ്രസിദ്ധീകരണങ്ങളുടെയും ബാഹുല്യമാണിന്നുള്ളത്. പക്ഷേ വിദ്യുത്പ്രവാഹമുള്ള കമ്പിപോലെ നമ്മുടെ ജീവിതത്തെ സ്പർശിക്കുന്ന പുസ്തകങ്ങൾ വളരെ ചുരുക്കമായി മാത്രമേ പുറത്തിറങ്ങുന്നുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. കെ.എസ്. സുനിൽകുമാർ, പി.കെ. ശാന്ത എന്നിവരും സംസാരിച്ചു.