വൈവിദ്ധ്യമാണ് ഇന്ത്യൻ സംസ്കാരത്തിന്റെ മഹത്വം: സച്ചിദാനന്ദൻ

നാനാത്വത്തിന്റെ മഹോത്സവമാണ് ഇന്ത്യൻ സംസ്കാരമെന്നും, ആ നാനാത്വം ഇന്ന് വളരെ വലിയ വെല്ലുവിളികളാണ് നേരിടുന്നതെന്നും സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ പറഞ്ഞു. സാഹിത്യ അക്കാദമിയുടെ പൂരം പുസ്തകോത്സവത്തിന്റെ ഭാഗമായി ‘സാഹിത്യവും സാംസ്കാരികവൈവിദ്ധ്യവും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യ എന്ന സ്വപ്നത്തിനു പിന്നിൽ സാംസ്കാരികമായ വൈവിദ്ധ്യം വിപുലമാണ്. അത് ഏകശിലാരൂപമല്ല, ബഹുസ്വരമാണ്. അതിനെ ഏകശിലാരൂപത്തിലേക്ക് ഒതുക്കാനാണ് സാംസ്കാരികഫാസിസം ശ്രമിക്കുന്നത്.

ഇന്ത്യ ഒരു ഹൈബ്രിഡ് ജനതയാണ്. നമ്മുടെ ഡി എൻ എ-യിൽ അനേകം ജീനുകളുണ്ട്. അതിൽ ലോകത്തിന്റെ മുഴുവൻ സാംസ്കാരികവൈവിദ്ധ്യമുണ്ട്. ഹിന്ദുമതത്തിനുള്ളിൽപ്പോലും വലിയ വൈവിദ്ധ്യങ്ങളും വൈരുദ്ധ്യങ്ങളും നിലനിൽക്കുന്നു. ഇതിഹാസങ്ങൾ പോലും രണ്ടല്ല, അനേകമുണ്ട്. പ്രപഞ്ചത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചും പല വീക്ഷണങ്ങൾ അത് മുന്നോട്ടുവയ്ക്കുന്നുണ്ട്. വിശാലമാണ് ഇന്ത്യയുടെ സംവാദമണ്ഡലം- സച്ചിദാനന്ദൻ ചൂണ്ടിക്കാട്ടി.

എഴുത്തിലും വായനയിലും വലിയ ഫാസിസ്റ്റ് പ്രവണതകളാണ് കടന്നുകൂടിയിരിക്കുന്നതെന്ന് അദ്ധ്യക്ഷപ്രസംഗം നടത്തിയ ബെന്യാമിൻ പറഞ്ഞു. എഴുത്തിനുമേൽ ഭരണകൂടം ചെലുത്തുന്ന നിയന്ത്രണവും ഏകാധിപത്യവും ശക്തമാണ്. ഇന്ന് സാഹിത്യമണ്ഡലത്തിൽ സജീവമായ അനാവശ്യ മോഷണ ആരോപണങ്ങളെ ബെന്യാമിൻ വിമർശിച്ചു. പൂർവ്വകാലരചനകളിൽനിന്ന് പ്രചോദനം ഉൾക്കൊള്ളുന്നതിൽ ഒരു തെറ്റുമില്ല. പോസിറ്റീവ് ഇൻസ്പിറേഷൻ പ്രധാനമാണ്- അദ്ദേഹം പറഞ്ഞു.

സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ, സെക്രട്ടറി സി.പി. അബൂബക്കർ എന്നിവർ സന്നിഹിതരായിരുന്നു. കെ.എസ്. സുനിൽകുമാർ സ്വാഗതവും കെ.എച്ച്. ഹാജു നന്ദിയും പറഞ്ഞു.