എഴുത്തുകാർ സമൂഹത്തിലെ സൂക്ഷ്മന്യൂനപക്ഷം: സക്കറിയ

മനുഷ്യർ വായിക്കാനിഷ്ടപ്പെടുന്ന എഴുത്തായി സാഹിത്യത്തെ നിർവ്വചിക്കാമെന്ന് സക്കറിയ. കേരള സാഹിത്യ അക്കാദമി പൂരം പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സാംസ്കാരികോത്സവത്തിൽ ‘എഴുത്തുകാരനാകുന്നതിന്റെ രഹസ്യങ്ങൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ എഴുത്തുകാർ എന്നൊരു ഔദ്യോഗികവിഭാഗമില്ല. മൂന്നേകാൽക്കോടി വരുന്ന കേരളസമൂഹത്തിൽ ഏതാണ്ട് അയ്യായിരം എഴുത്തുകാരേ ഉണ്ടാവൂ. രചനകളെ വായനക്കാർ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുമ്പോഴാണ് അത് സാഹിത്യമായി മാറുന്നത്- സക്കറിയ പറഞ്ഞു.

വാക്കാണ് സാഹിത്യത്തിന്റെ അസംസ്കൃതവസ്തു. വാക്കുകളുമായി എഴുത്തുകാർ ഒരു സ്വകാര്യബന്ധം സ്ഥാപിക്കുകയാണ് വേണ്ടത്, അവയെ നിയന്ത്രിക്കുക സാദ്ധ്യമല്ല. ഇതിന് വായന മാത്രമാണ് വഴി. വായന വാക്കുകളുടെ പ്രയോഗരീതിയിലേക്കുള്ള വാതിലാണ്. ഭാവനയുടെയും അനുഭവങ്ങളുടെയും ആവിഷ്കാരത്തിനായി പല കാലങ്ങളിലെ എഴുത്തുകാർ എങ്ങനെ വാക്കുകളെ ഉപയോഗപ്പെടുത്തിയെന്നു മനസ്സിലാക്കാൻ ഇത് സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മലയാളത്തിൽ മാത്രമായി വായന ചുരുക്കരുത്. മലയാളം വളർന്നതും ആധുനികഭാഷയായി രൂപപ്പെട്ടതും വിവർത്തനങ്ങളിലൂടെയാണെന്നും അദ്ദേഹം നിരീക്ഷിച്ചു.

സാഹിത്യം വായിച്ചതുകൊണ്ടുമാത്രം നല്ല എഴുത്തുകാരാവില്ല. ലോകത്തെ കൂടുതൽ നന്നായി മനസ്സിലാക്കാൻ കഴിയുന്ന എല്ലാ വിജ്ഞാനശാഖകളേയും പരിചയപ്പെടാൻ എഴുത്തുകാർ തയ്യാറാകേണ്ടതുണ്ട്. ഹിറ്റ്ലറുടെ ചരിത്രം പഠിക്കാത്ത ഒരാൾക്ക് ഇന്ത്യയുടെ വർത്തമാനകാലത്തെ മനസ്സിലാക്കാൻ സാധിക്കില്ല. നിഷ്കളങ്കമായ രാഷ്ട്രീയംപോലും അസ്വസ്ഥതയുണ്ടാക്കുന്ന തരത്തിൽ രാഷ്ട്രീയവത്കരിക്കപ്പെട്ടിരിക്കുകയാണ് സമൂഹം. സഹിഷ്ണുതയില്ലായ്മ രാഷ്ട്രീയത്തിന്റെ ഭാഗമായിരിക്കുന്നു- സക്കറിയ പറഞ്ഞു.

എഴുത്തുകാർക്ക് സമൂഹം ഒരുതരം അപ്രമാദിത്വം കല്പിച്ചുകൊടുത്തിട്ടുണ്ടെന്ന് അദ്ധ്യക്ഷപ്രസംഗം നടത്തിയ അഷ്ടമൂർത്തി പറഞ്ഞു. എന്തു അഭിപ്രായം പറഞ്ഞാലും ഏതെങ്കിലുമൊക്കെ പക്ഷത്തിന്റെ എതിർപ്പ് പിടിച്ചുപറ്റേണ്ട അവസ്ഥയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സി.ആർ. ദാസ് സ്വാഗതവും യു.വി. സുരേഷ് കുമാർ നന്ദിയും പറഞ്ഞു. മേയ് അഞ്ചിന് ‘ദേശമെഴുത്തിലെ പെൺജീവിതം’ എന്ന വിഷയത്തിൽ ലിസിയും ‘പുസ്തകപ്രസാധനരംഗത്തെ സ്ത്രീസാന്നിദ്ധ്യം’ എന്ന വിഷയത്തിൽ വി.എസ്. ബിന്ദുവും സംസാരിക്കും. തുടർന്ന് തൃശ്ശൂർ നാദബ്രഹ്മം അവതരിപ്പിക്കുന്ന പാട്ടരങ്ങ് അരങ്ങേറും.