സ്ത്രീതുല്യതയ്ക്കായി നടത്തുന്ന സമരം ഒറ്റപ്പെട്ടതല്ലെന്നും മറ്റനേകം ജനാധിപത്യസമരങ്ങളുടെ ഭാഗമായി അതിനെ കാണണമെന്നും സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ പറഞ്ഞു. കേരള സർക്കാർ സാംസ്കാരികവകുപ്പും സാഹിത്യ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ‘സമം: സ്ത്രീസമത്വത്തിനായി സാംസ്കാരികമുന്നേറ്റം’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളുടെ മുന്നേറ്റങ്ങൾ ജനാധിപത്യത്തെ പൂർണ്ണമാക്കുന്നു. സ്ത്രീപുരുഷസങ്കല്പം എന്നത് പ്രത്യയശാസ്ത്രനിർമ്മിതിയാണ്, അത് ജൈവികം മാത്രമല്ല. പൊതു ഇടങ്ങളും സ്വകാര്യ ഇടങ്ങളും സൃഷ്ടിച്ച് ചില ഇടങ്ങളിൽനിന്ന് സ്ത്രീകളെ ബോധപൂർവ്വം മാറ്റിനിർത്തുന്നുണ്ട്. അങ്ങനെ സ്ത്രീകൾക്ക് നിഷിദ്ധമായ ഒരു ഇടത്തിലേക്ക് പ്രവേശനം നൽകാനുള്ള ശ്രമമായിരുന്നു ശബരിമലയിലെ സ്ത്രീപ്രവേശനം. അത് എപ്രകാരം കലാശിച്ചുവെന്ന് നാം കണ്ടതാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി.
അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ ആമുഖപ്രഭാഷണവും എസ്. ശാരദക്കുട്ടി മുഖ്യപ്രഭാഷണവും നടത്തി. ബി. ബാലചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ജില്ലാ കളക്ടർ ഹരിത വി. കുമാർ, വി.എസ്. ബിന്ദു, ജെസ്സി ആന്റണി എന്നിവർ സംസാരിച്ചു.
ഉച്ചയ്ക്കു ശേഷം നടന്ന സെമിനാർ സെഷനിൽ ഡോ. കെ. പി. മോഹനൻ അധ്യക്ഷനായിരുന്നു. അക്കാദമി ജനറൽ കൗൺസിൽ അംഗം ഡോ. വിജയരാജമല്ലിക സ്വാഗതവും ഡോ. സബിത സി ടി നന്ദിയും പറഞ്ഞു. എം.എ. സിദ്ദിഖ്, സോണിയ ഇ.പ., അഡ്വ. ആശ ഉണ്ണിത്താൻ, ശീതൾ ശ്യാം എന്നിവർ സംസാരിച്ചു. തുടർന്ന് ചെറുകാടിന്റെ സ്വതന്ത്ര എന്ന നാടകം അരങ്ങേറി.