കവിസമ്മേളനം സംഘടിപ്പിച്ചു

പൂരം പുസ്തകോത്സവത്തോടനുബന്ധിച്ച് കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന സാംസ്കാരികോത്സവത്തിന്റെ ഭാഗമായി കവിസമ്മേളനം സംഘടിപ്പിച്ചു. പ്രശസ്ത കവിയും കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിലംഗവുമായ ഡോ. സി. രാവുണ്ണി സമ്മേളനം ഉദ്ഘാടനം ചെയ്തു. ആൽത്തറയിലിരുന്ന് കവിതകൾ ചൊല്ലുന്ന ഒരു പാരമ്പര്യംകൂടി തൃശ്ശൂർ പൂരത്തിന്റെ ഭാഗമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കവിതയ്ക്കും സംഗീതത്തിനും പൂരത്തിൽ ഇടമുണ്ട്. ജീവിതത്തിന്റെ നിത്യമായ ക്ലേശത്തെയും മനുഷ്യർ തമ്മിലുള്ള ഭേദത്തെയും ഇല്ലായ്മ ചെയ്യുന്നതാണ് പൂരാഘോഷം. എല്ലാ ജാതിമതവിശ്വാസികളെയും പൂരം ഒന്നിപ്പിക്കുന്നുവെന്നും ഡോ. രാവുണ്ണി പറഞ്ഞു.

കവിയും കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിലംഗവുമായ ഡോ. ആർ. ശ്രീലതാവർമ്മ അദ്ധ്യക്ഷയായിരുന്നു. അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ, ബിലു സി. നാരായണൻ, ടി.ജി. അജിത, എം. ദിവ്യ, സുനിത പി.എം., പ്രേംശങ്കർ അന്തിക്കാട് എന്നിവർ കവിയരങ്ങിൽ പങ്കെടുത്തു. എൻ.ജി. നയനതാര സ്വാഗതവും കെ.എസ്. സുനിൽകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് മണ്ണുത്തി സംഘകല അവതരിപ്പിച്ച നാടൻ കലാവതരണവും നാടൻപാട്ടുകളും അരങ്ങേറി.