സാഹിത്യ അക്കാദമി ഭാരവാഹികൾ ചുമതലയേറ്റു

കേരള സാഹിത്യ അക്കാദമി പ്രസിഡന്റായി പ്രൊഫ. കെ. സച്ചിദാനന്ദനും വൈസ് പ്രസിഡന്റായി അശോകൻ ചരുവിലും സെക്രട്ടറിയായി പ്രൊഫ. സി.പി. അബൂബക്കറും ചുമതലയേറ്റു. അക്കാദമിയിൽ നടന്ന ചടങ്ങിൽ മുൻ സെക്രട്ടറി ഡോ. കെ.പി. മോഹനനും അക്കാദമി ജീവനക്കാരും പങ്കെടുത്തു.

മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും അക്കാദമികമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, സാഹിത്യത്തെ ജനങ്ങളിലേക്കെത്തിക്കാനുള്ള ശ്രമങ്ങളും ഊർജ്ജിതമാക്കുമെന്ന് ചുമതലയേറ്റ ശേഷം പ്രൊഫ. സച്ചിദാനന്ദൻ പറഞ്ഞു.

അക്കാദമിയുടെ ആഭിമുഖ്യത്തിൽ സാഹിത്യോത്സവങ്ങൾ സംഘടിപ്പിക്കുക, എഴുത്തുകാരുമായി ജനങ്ങൾക്ക് സംവദിക്കാൻ അവസരമൊരുക്കുക, വിവർത്തനശില്പശാലകൾ സംഘടിപ്പിക്കുക, അക്കാദമിയുടെ കൈവശമുള്ള കാലപ്പഴക്കംചെന്ന ആനുകാലികങ്ങളും ലിറ്റിൽ മാഗസിനുകളുൾപ്പെടെയുള്ള മറ്റു പ്രസിദ്ധീകരണങ്ങളും ഡിജിറ്റൈസ് ചെയ്ത് പൊതുജനങ്ങൾക്കു ലഭ്യമാക്കുക എന്നിവ അക്കാദമിയുടെ മുൻഗണനകളായിരിക്കും. ഒരു ഇരുപതിന കർമ്മപരിപാടി അക്കാദമിയുടെ വികസനത്തിനായി തയ്യാറാക്കിയിട്ടുണ്ടെന്നും, നിർവ്വാഹകസമിതിയുടെ അംഗീകാരത്തിനുശേഷം സർക്കാർ പിന്തുണയ്ക്കു വിധേയമായി അവ നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.

മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും വളർച്ചയ്ക്കായി അക്കാദമി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് വൈസ് പ്രസിഡന്റ് അശോകൻ ചരുവിലും സെക്രട്ടറി പ്രൊഫ. സി.പി. അബൂബക്കറും പറഞ്ഞു. സാഹിത്യവും സംസ്കാരവും സാധാരണക്കാരിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളിൽ അക്കാദമി സജീവമായി പങ്കാളിത്തം വഹിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.