ശില്പശാലകൾ

സാഹിത്യപാഠം ഏകദിനശില്പശാല

2017 ഫെബ്രുവരി 18
തൃശ്ശൂർ

ജാതിമതക്കോമരങ്ങൾ നടമാടുന്ന കേരളസമൂഹത്തിന്റെ വിഴുപ്പ് കുട്ടികൾ പേറുന്ന കാലമാണിതെന്ന് സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ഡോ. ഖദീജാ മുംതാസ് പറഞ്ഞു.  സാഹിത്യ അക്കാദമിയും ഡയറ്റ് തൃശ്ശൂരും സംയുക്തമായി സംഘടിപ്പിച്ച സാഹിത്യപാഠം ഏകദിനശില്പശാല വൈലോപ്പിള്ളി ഹാളിൽ ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു ഡോ. ഖദീജാ മുംതാസ്. സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം ടി.ഡി. രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം സന്തോഷ് ഏച്ചിക്കാനം മുഖ്യപ്രഭാഷണം നടത്തി. തൃശ്ശൂർ ഡി.ഡി.ഇ. സുമതി, ഡയറ്റ് പ്രിൻസിപ്പാൾ അജിത് കെ.ആർ., എസ്.എസ്.എ. പ്രൊജക്റ്റ് ഓഫീസർ ഡോ. ബിനോയ്, ഷാജു പുതൂർ, ഡോ. പ്രമോദ്, അബ്ദുൾ നാസിർ ടി. എന്നിവർ സംസാരിച്ചു. നൂറോളം മലയാളഭാഷാദ്ധ്യാപകർ പ്രതിനിധികളായി പങ്കെടുത്തു.

അദ്ധ്യാപക സാഹിത്യശില്പശാല

2017 മേയ് 14, 15, 16
തിരുവനന്തപുരം

കേരള സാഹിത്യ അക്കാദമിയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാരംഗം കലാസാഹിത്യവേദിയും സർവ്വശിക്ഷാ അഭിയാനും സംയുക്തമായി ചേർന്നുകൊണ്ട് തിരുവനന്തപുരം സീമാറ്റ്-കേരളയിൽ വച്ചു നടത്തിയ മൂന്നുദിവസത്തെ അദ്ധ്യാപകസാഹിത്യശില്പശാല എഴുത്തുകാരായ അദ്ധ്യാപകരുടെ സർഗ്ഗാത്മകസംഗമമായിരുന്നു. കേരളത്തിലെ എൽ.പി., യു.പി., എച്ച്.എസ്. തലങ്ങളിലുള്ള എഴുത്തുകാരായ അദ്ധ്യാപകരാണ് ശില്പശാലയിൽ പങ്കെടുത്തത്. കഥ, കവിത എന്നീ മേഖലകളിലായാണ് ശില്പശാല സംവിധാനം ചെയ്തിരുന്നത്. തിരുവനന്തപുരം നഗരത്തിലെ അട്ടക്കുളങ്ങര ഗവ. സെൻട്രൽ സ്കൂൾ ക്യാമ്പസിനകത്തെ സീമാറ്റ്-കേരളയായിരുന്നു ശില്പശാലയുടെ വേദി.

പ്രശസ്ത കവയിത്രി സുഗതകുമാരി ശില്പശാല ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനസമ്മേളന ത്തിൽ അദ്ധ്യക്ഷത വഹിച്ചത് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖനായിരുന്നു. സീമാറ്റ് ഡയറക്ടർ ഡോ. പി.എ. ഫാത്തിമ ആശംസാപ്രസംഗം നടത്തി. വിദ്യാരംഗം എഡിറ്ററും കലാസാഹിത്യവേദിയുടെ സ്റ്റേറ്റ് കോ-ഓർഡിനേറ്ററുമായ കെ.സി. അലി ഇക്ബാൽ സ്വാഗതവും അസി. എഡിറ്റർ എ. ഷിജു നന്ദിയും പറഞ്ഞു.

അശോകൻ ചരുവിലിന്റെ അതിഥി ഭാഷണത്തോടെ ശില്പശാലയുടെ ക്ലാസുകൾ ആരംഭിച്ചു. കഥ, കവിത- വെവ്വേറെ ഗ്രൂപ്പുകളായി തിരിഞ്ഞ് അദ്ധ്യാപകർ തങ്ങളുടെ സൃഷ്ടികൾ അവതരിപ്പിച്ചു. ‘കഥയുടെ ജനിതകം’ എന്ന ക്ലാസ്സിനു നേതൃത്വം നൽകിയത് അയ്മനം ജോൺ, വി.ജെ. ജയിംസ്, ലിസി എന്നിവരായിരുന്നു. ‘സമകാലികതയും സാർവ്വകാലികതയും’ എന്ന ക്ലാസ്സിന് പി.എൻ. ഗോപീകൃഷ്ണൻ, വിനോദ് വൈശാഖി എന്നിവർ നേതൃത്വം നൽകി. സമകാലിക കഥയുടെയും കവിതയുടെയും രീതികളും വഴികളും വിശദീകരിക്കപ്പെടുകയും എഴുത്തുകാർ അവരുടെ കഥാ-കവിതാ സങ്കല്പങ്ങൾ അദ്ധ്യാപകരുമായി പങ്കുവയ്ക്കുകയും ചെയ്തു.

പൊതുവിദ്യാഭ്യാസ ഡയറക്ടറും എഴുത്തുകാരനുമായ കെ.വി.മോഹൻകുമാറിന്റെ പ്രഭാഷണത്തോടെയാണ് രണ്ടാംദിവസത്തെ പരിപാടികൾ ആരംഭിച്ചത്. ഡോ. പി.കെ. രാജശേഖരൻ ‘നവോത്ഥാനമൂല്യങ്ങളും സാഹിത്യവും’ എന്ന വിഷയം അവതരിപ്പിച്ചു. റഫീക്ക് അഹമ്മദ് അതിഥിഭാഷണം നടത്തി. ഉച്ചയ്ക്കുശേഷം നടന്ന സമാന്തര സെഷനിൽ അദ്ധ്യാപകരുടെ കഥയുടെയും കവിതയുടെയും അവതരണങ്ങൾ നടന്നു. ഡോ. ജോർജ്ജ് ഓണക്കൂർ, ചന്ദ്രമതി, എസ്.ആർ. ലാൽ, എം. ചന്ദ്രപ്രകാശ് എന്നിവർ കഥകളെ വിലയിരുത്തി സംസാരിച്ചു. തങ്ങളുടെ രചനാനുഭവങ്ങളും അവർ പങ്കുവച്ചു. എസ്. ജോസഫ്, ഡോ. അമൃത, സെബാസ്റ്റ്യൻ എന്നിവരാണ് കവിതാ സെഷനിൽ പങ്കെടുത്തു സംസാരിച്ചത്. വൈകുന്നേരം നാലുമണിക്ക് പെരുമ്പടവം ശ്രീധരൻ പ്രഭാഷണം നടത്തി. ഡോ. പി. സോമന്റെ പൊതുക്ലാസായിരുന്നു തുടർന്നു നടന്നത്. ‘പുതിയ കാലം പുതിയ സാഹിത്യം’ എന്നതായിരുന്നു വിഷയം.

മൂന്നാം ദിവസം നടന്ന കവിതയുടെ വിലയിരുത്തലിൽ പി. രാമൻ, ഗിരീഷ് പുലിയൂർ, ഒ.പി. സുരേഷ്, വി.എസ്. ബിന്ദു എന്നിവർ പങ്കുകൊണ്ടു. കഥാസെഷനിൽ അതിഥികളായെത്തിയത് എസ്.വി. വേണുഗോപൻ നായരും സതീഷ്ബാബു പയ്യന്നൂരുമായിരുന്നു. തുടർന്ന് വി.മധുസൂദനൻനായരുടെ അതിഥിഭാഷണം നടന്നു. താനെഴുതിയ ‘വാക്ക്’ എന്ന കവിത ചൊല്ലിക്കൊണ്ടാണ് അദ്ദേഹം പ്രഭാഷണം അവസാനിപ്പിച്ചത്. ‘സ്കൂൾ ലൈബ്രറികളും വായനയും’ എന്ന വിഷയത്തിൽ കേരള സർവ്വകലാശാലയിലെ ലൈബ്രറിസയൻസ് വിഭാഗം മുൻമേധാവി ഡോ. കെ.പി. വിജയകുമാർ ക്ലാസ്സെടുത്തു.

സമാപനസമ്മേളനം വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരുടെ സാഹിത്യ കാഴ്ചപ്പാടിനു പുതിയ ദിശാബോധം നൽകുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം. സാഹിത്യ കാലത്തോടിണങ്ങിനിന്നുകൊണ്ട് എങ്ങനെയാണ് സാമൂഹിക മാറ്റത്തിനു പ്രേരകമായിത്തീരുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ ഐ.എ.എസ്. യോഗത്തിന്റെ അദ്ധ്യക്ഷനായിരുന്നു. എസ്.സി.ഇ.ആർ.ടി. ഡയറക്ടർ ഡോ. ജെ. പ്രസാദ്, സർവ്വശിക്ഷാ അഭിയാൻ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. എ.പി. കുട്ടികൃഷ്ണൻ, സീമാറ്റ് ഡയറക്ടർ ഡോ. പി.എ. ഫാത്തിമ എന്നിവർ ആശംസകളർപ്പിച്ചു. സീമാറ്റ് – കേരളയുടെ ചീഫ് കോ-ഓർഡിനേറ്റർ പ്രസന്നകുമാരൻപിള്ള സ്വാഗതവും വിദ്യാരംഗം മാസികയുടെ അസി. എഡിറ്റർ എ. ഷിജു നന്ദിയും പറഞ്ഞു.

ആവിഷ്‌കാര: കുടുംബശ്രീ കലാശില്പശാല

2017 ഓഗസ്റ്റ് 18-20
കോഴിക്കോട്

കുടുംബശ്രീ മിഷൻ, കേരള സാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി, സംഗീതനാടക അക്കാദമി എന്നിവയുമായി ചേർന്ന് കുടുംബശ്രീ ജെൻഡർ വികസനപദ്ധതികളുടെ ഭാഗമായി ശില്പശാല സംഘടിപ്പിച്ചു. സംസ്ഥാനമൊട്ടാകെ കുടുംബശ്രീ അംഗങ്ങളായ വനിതകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 150 പേരാണ് വിവിധ ക്യാമ്പുകളിൽ പങ്കെടുത്തത്. സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സാംസ്‌കാരികരംഗത്തേക്കുള്ള കുടുംബശ്രീയുടെ കാൽവയ്പിനെ അദ്ദേഹം പ്രശംസിച്ചു. കുടുംബശ്രീ ഡയറക്ടർ വി.ഹരികിഷോർ അദ്ധ്യക്ഷനായിരുന്നു. വെള്ളിമാടുകുന്ന് പി.എം.ഒ.സി. ഹാളിൽ നടന്ന കഥ, കവിത ശില്പശാലയിൽ വി.ആർ. സുധീഷ്, പി.പി. രാമചന്ദ്രൻ, വി. മുസഫർ അഹമ്മദ്, ഗീതിപ്രിയ,  ശ്യാം ബാലകൃഷ്ണൻ, ഡോ. കെ.എം. അനിൽ, ആർ. മോഹൻ എന്നിവർ ക്ലാസ്സെടുത്തു. കാഞ്ചനമാല മുഖ്യാതിഥിയായി. ആനക്കുളം സാംസ്‌കാരികനിലയത്തിൽ നടന്ന നാടക പരിശീലനത്തിന് പ്രമുഖ നാടക പ്രവർത്തകരായ ശ്രീജിത് രമണൻ, ടി. സുരേഷ് ബാബു, ഗോപിനാഥ് കോഴിക്കോട് എന്നിവർ നേതൃത്വംനൽകി. ക്യാമ്പംഗങ്ങളുടെ രചനാപരിശോധനയിൽ പ്രൊഫ. എം.എം. നാരായണൻ അതിഥിയായി. തുടർന്ന് നടന്ന കാവ്യലോകത്തിൽ ആര്യാഗോപി, ആർ. ലോപ, ഗിരിജ പാതേക്കര എന്നിവർ പങ്കെടുത്തു. ‘കഥാലോക’ത്തിൽ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, പി.ടി. മുഹമ്മദ് സാദിഖ് എന്നിവരും ‘കഥ തിരക്കഥയാകുമ്പോൾ’ എന്ന വിഭാഗത്തിൽ ആർ.വി.എം. ദിവാകരനും അതിഥികളായെത്തി. ബേപ്പൂരിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ വീട്ടിൽ ‘സാഹിതീയം’  സാഹിത്യചർച്ചയുടെ ഭാഗമായി ‘പ്രതിഭകളുടെ രചനാലോകം’ എന്ന വിഷയത്തിൽ കഥാകാരൻ എൻ.പി. ഹാഫിസ് മുഹമ്മദ് ക്യാമ്പംഗങ്ങളുമായി സംവദിച്ചു. ബഷീറിന്റെ എഴുത്തും ജീവിതവും തുറന്നുകാട്ടിയ ചടങ്ങിൽ അദ്ദേഹത്തിന്റെ കുടുംബവും പങ്കാളികളായി. ക്യാമ്പ് ഡയറക്ടർ ഒ.പി. സുരേഷ് അദ്ധ്യക്ഷനായി.

ജീവിതത്തെയും എഴുത്തിനെയും ഇഴചേർത്ത ബഷീർ, കാലത്തെ തോൽപ്പിച്ച എഴുത്തുകാരനായിരുന്നുവെന്ന് ഹാഫിസ് മുഹമ്മദ് പറഞ്ഞു. അംഗങ്ങളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. ബഷീറിന്റെ മകൻ അനീസ് ബഷീർ, മകൾ ഷാഹിന എന്നിവരും വീട്ടുമുറ്റത്തെ സാഹിത്യചർച്ചകളിൽ പങ്കാളികളായി. ക്യാമ്പ് അംഗങ്ങളായ സാവിത്രി (തൃശ്ശൂർ) സ്വാഗതവും ഷൈനി സുമോദ് നന്ദിയും പറഞ്ഞു. ബഷീർ കുടുംബത്തിനുള്ള ഉപഹാരം കുടുംബശ്രീ മിഷൻ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ സോയാ തോമസിൽനിന്ന് അനീസ് ബഷീർ സ്വീകരിച്ചു. എൻ.പി. ഹാഫിസ് മുഹമ്മദിനും ഉപഹാരം നൽകി. കുടുംബശ്രീ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.സി. കവിത, അസി. കോ-ഓർഡിനേറ്റർ ഗിരീഷ് എന്നിവരും പങ്കെടുത്തു. ക്യാമ്പ് അംഗങ്ങൾ വൈലാലിൽ വീട്ടിലെ ബഷീർ മ്യൂസിയവും കണ്ടു. കൂട്ടമായും ഒറ്റയ്ക്കും മാംഗോസ്റ്റിൻ മരച്ചുവട്ടിൽ നിന്ന് പടമെടുത്താണ് കുടുംബശ്രീ സാഹിത്യക്കൂട്ടം യാത്രയായത്.

ഷെഹ്റസാദ്: ആഖ്യാനവും അതിജീവനവും

2017 നവംബർ 24, 25, 26
നീലേശ്വരം

കേരള സാഹിത്യ അക്കാദമിയും കണ്ണൂർ സർവ്വകലാശാല മലയാള വിഭാഗവും ഡോ. പി.കെ. രാജൻ സ്മാരക ക്യാമ്പസ് യൂണിയനും സംയുക്തമായി സംഘടിപ്പിച്ച ഷെഹ്റസാദ്: ആഖ്യാനവും അതിജീവനവും-കലാലയ വിദ്യാർത്ഥികൾക്കുള്ള ചെറുകഥാശില്പശാല അവിസ്മരണീയ സംവാദങ്ങൾകൊണ്ട് ശ്രദ്ധേയമായി. 2017 നവംബർ 24, 25, 26 തിയ്യതികളിലായി നീലേശ്വരത്തുള്ള ഡോ. പി.കെ. രാജൻ സ്മാരക വില്ലേജ് ക്യാമ്പസിലായിരുന്നു ശില്പശാല നടന്നത്. 

പ്രദർശനം, പ്രഭാഷണം, രംഗാവതരണം, പ്രബന്ധപരിചയം, കഥാപരിചയം, സംവാദം എന്നിങ്ങനെ വിവിധ സമ്മേളനങ്ങൾ ശില്പശാലയുടെ ആകർഷണമായിരുന്നു. വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ മുതൽ യമ വരെയുള്ള നൂറ് എഴുത്തുകാരുടെ സർഗ്ഗാത്മകമായ വെളിപാടുകളായ ‘കഥയും വെളിപാടുകളും’ എന്ന പ്രദർശനം സാഹിത്യ അക്കാദമി ജനറൽ കൗൺസിലംഗം ടി.ഡി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജനറൽ കൗൺസിലംഗമായ ടി.പി. വേണുഗോപാലൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ആമുഖമായി പ്രശസ്ത തെയ്യം കലാകാരൻ പാലന്തായി കണ്ണൻ പുരാവൃത്തകഥനം നടത്തി.

തകഴിയുടെ ‘വെള്ളപ്പൊക്കത്തിൽ’ എന്ന കഥ അഞ്ജിത വായിക്കുകയും ജയരാജ് ഈ കഥയെ ഉപജീവിച്ച് സംവിധാനം ചെയ്ത ചലച്ചിത്രം പ്രദർശിപ്പിക്കുകയും ചെയ്തു. ഹന്ന ലയോൻസിന്റെ ‘ദ വെൽ’, പ്രശാന്ത് വിജയുടെ ‘അംഗുലീചാലിതം’ എന്നീ ഹ്രസ്വ സിനിമകൾ പ്രദർശിപ്പിച്ചു. 25-ന് ശനിയാഴ്ച പി.കെ. രാജൻ സ്മാരക ക്യാമ്പസിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച വൈലോപ്പിള്ളിയുടെ ‘ആയിരത്തൊന്ന് രാവുകളെ’ ആസ്പദമാക്കിയുള്ള നൃത്തശില്പത്തോടു കൂടിയാണ് ചെറുകഥാശില്പശാലയുടെ ഔപചാരികമായ ഉദ്ഘാടനം നടന്നത്. കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. വി.പി.പി. മുസ്തഫയുടെ അദ്ധ്യക്ഷതയിൽ പി.കെ. നാണു ഉദ്ഘാടനം നിർവ്വഹിച്ചു. മറ്റു സാഹിത്യരൂപങ്ങളെ അപേക്ഷിച്ച് ചെറുകഥയുടെ പ്രതിരോധ വീര്യത്തെക്കുറിച്ചും കർക്കശമായ തന്റെ പ്രത്യയശാസ്ത്ര നിലപാടുകളെക്കുറിച്ചും പി.കെ. നാണു പ്രസംഗത്തിൽ എടുത്തു പറഞ്ഞു. ഇ.പി. രാജഗോപാലൻ ആമുഖ ഭാഷണവും, പി.വി.കെ. പനയാൽ, രവീന്ദ്രൻ കൊടക്കാട് എന്നിവർ ആശംസാ ഭാഷണവും നടത്തി. തുടർന്ന് കഥയും പ്രതിരോധവും എന്ന വിഷയത്തിൽ സുനിൽ പി. ഇളയിടം പ്രഭാഷണം നടത്തി. ശിഹാബുദ്ദീൻ പൊയ്ത്തുംകടവുമായി നടത്തിയ ക്യാമ്പ് അംഗങ്ങളുടെ സംവാദം കഥാകഥനത്തിന്റെ വ്യത്യസ്ത വഴികളിലൂടെയുള്ള സഞ്ചാരത്തിന് വഴിയൊരുക്കി.

എം. സുകുമാരൻ, എൻ.എസ്. മാധവൻ എന്നീ എഴുത്തുകാരുടെ വീഡിയോ പ്രഭാഷണങ്ങൾ ക്യാമ്പംഗങ്ങൾക്ക് പുതിയ അനുഭവമായിരുന്നു. സേതുവിന്റെ ‘ദൂത്’  എന്ന കഥയുടെ രംഗാവതരണം, ആഖ്യാനത്തിന്റെയും ആസ്വാദനത്തിന്റെയും പുതിയ തലങ്ങൾ അനാവരണം ചെയ്യുന്നതായിരുന്നു. ശ്രദ്ധേയമായ 13 കഥകൾ അംഗങ്ങൾ തിരഞ്ഞെടുത്തു. സന്തോഷ് പനയാൽ, സനൂപ് പി., കൃഷ്ണദാസ്, കെ.വി. സജീവൻ എന്നിവരടങ്ങിയ വിധികർത്താക്കൾ കോട്ടയം കുറുവിലങ്ങാട് ദേവമാതാ കോളേജിലെ അമൽ സുരേന്ദ്രന്റെ ‘ഉപ്പുമുക്ക്’ മികച്ച കഥയായി തെരഞ്ഞെടുത്തു.

ഇ.പി. രാജഗോപാലന്റെ ‘മൗനവും കഥനവും’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ക്ലാസോടുകൂടിയാണ് 26-ന് ഞായറാഴ്ച ക്യാമ്പ് ഉണർന്നത്. വാൾട്ടർ ബെഞ്ചമിന്റെ ‘ദ സ്റ്റോറി ടെല്ലർ’ എന്ന പ്രബന്ധം എ.സി. ശ്രീഹരി ക്യാമ്പ് അംഗങ്ങൾക്കു പരിചയപ്പെടുത്തി. തുടർന്ന് ലോകകഥയിലെ ശ്രദ്ധേയമായ ‘എറൻസ്’ എന്ന കഥ രാഹുൽ രാധാകൃഷ്ണൻ പരിചയപ്പെടുത്തി. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം. മുകുന്ദന്റെ സാന്നിദ്ധ്യംകൊണ്ട് ധന്യമായി സമാപനത്തിനു മുമ്പുള്ള സെഷൻ. ആശയസംവാദങ്ങളെ തളർത്തുന്ന ശക്തികൾ രാജ്യത്ത് വളർന്നു വരുന്നുണ്ടെന്നും ഇതിനെതിർനിൽക്കാൻ പുതിയ എഴുത്തുകാർക്ക് സാധിക്കേണ്ടതുണ്ടെന്നും മുകുന്ദൻ പറഞ്ഞു. സംവാദങ്ങളിലൂടെ മാത്രമേ ആശയങ്ങൾ വികസിക്കുകയുള്ളൂവെന്നും മറിച്ചുള്ള ചിന്തകൾ സമൂഹത്തിനെ പുറകോട്ടു നയിക്കാനേ ഉപകരിക്കൂ എന്നും മുകുന്ദൻ ഓർമ്മിപ്പിച്ചു. മാത്രമല്ല, എഴുത്തുകാരന് മാനസികമായ അരാജകത്വം ആവാമെങ്കിലും സമൂഹത്തിന്റെ ചട്ടങ്ങൾ പാലിക്കാൻ ബാദ്ധ്യത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ, ഏറ്റവും നല്ല കഥാകൃത്തിനുള്ള ഉപഹാരം എം. മുകുന്ദൻ അമൽ സുരേന്ദ്രനു നൽകി.

‘കഥയും നിലപാടുകളും’ എന്ന സെഷൻ ഡോ. അംബികാസുതൻ മാങ്ങാട് ഉദ്ഘാടനം ചെയ്തു. സോക്രട്ടീസ് കെ. വാലത്ത്, പി.വി. ഷാജികുമാർ, യമ, വിനോയ് തോമസ്, അബിൻ ജോസഫ് തുടങ്ങി പുതിയ തലമുറയിലെ എഴുത്തുകാർ സംവാദത്തിൽ പങ്കെടുത്തു. മലയാളവിഭാഗം തലവൻ ഡോ. എ.എം. ശ്രീധരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനത്തിൽ എം.എ. റഹ്മാൻ പ്രഭാഷണം നടത്തി. ക്യാമ്പ് അംഗങ്ങൾ തങ്ങളുടെ അനുഭവം പങ്കുവെച്ചു. ഇ.പി. രാജഗോപാലൻ അക്കാദമിയുടെ നാളിതുവരെയുള്ള പ്രവർത്തനങ്ങളെ ക്കുറിച്ചും സാമൂഹികവും സാംസ്കാരികവുമായ പ്രതിജ്ഞാബദ്ധതയെക്കുറിച്ചും ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിക്കുകയും ക്യാമ്പ് അംഗങ്ങൾക്കുള്ള സാക്ഷ്യപത്രങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ഡോ. റീജ വി., ശ്രീരേഖ ചന്ദ്രൻ എന്നിവർ സംസാരിച്ചു.

ഡോ. ശിവദാസ് കെ.കെ., സന്തോഷ് പനയാൽ, സുനിത എ.വി. എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുത്തു. ഡോ. പി.കെ. രാജൻ സ്മാരക ക്യാമ്പസിലെ മുഴുവൻ വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സാന്നിദ്ധ്യവും സഹകരണവുംകൊണ്ട് ശ്രദ്ധേയമായിരുന്നു ചെറുകഥാ ശില്പശാല.

എഴുത്തുമുറിവ്

2018 മേയ് 14, 15, 16
പെരിന്തൽമണ്ണ

കേരള സാഹിത്യ അക്കാദമി, ചെറുകാട് സ്മാരക ട്രസ്റ്റ്, പുരോഗമന കലാസാഹിത്യസംഘം എന്നിവയുടെ സഹകരണത്തോടെ ഏലംകുളം ഇ.എം.എസ്.സ്മാരക സമുച്ചയത്തിൽ പുതു എഴുത്തുകാർക്കുവേണ്ടി ‘എഴുത്തുമുറിവ്’ എന്ന പേരിൽ ത്രിദിന സാഹിത്യക്യാമ്പ് സംഘടിപ്പിച്ചു. അക്കാദമി ജനറൽ കൗൺസിൽ അംഗം ടി.ഡി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി. ശശികുമാർ അദ്ധ്യക്ഷതവഹിച്ചു. അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ മുഖ്യപ്രഭാഷണം നടത്തി. ടി.എസ്. വിജയകുമാർ, കെ. ആയിഷ എന്നിവർ സംസാരിച്ചു. സി. വാസുദേവൻ സ്വാഗതവും വേണു പാലൂർ നന്ദിയും പറഞ്ഞു. എഴുത്തിന്റെ സൗന്ദര്യശാസ്ത്രം, മനുഷ്യനും പ്രകൃതിയും, പ്രാന്തവത്കരിക്കപ്പെടുന്ന ദലിത് സ്ത്രീപക്ഷങ്ങൾ, എഴുത്തിലെ താളബോധം, മാനവികത പ്രതീക്ഷയും പ്രതിരോധവും, കവിതാനുഭവം തുടങ്ങിയ വിഷയങ്ങളിൽ പ്രമുഖർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

സ്ത്രീ, സമൂഹം, സാഹിത്യം

2018 ജൂൺ 30
തൃശ്ശൂർ

കേരള സാഹിത്യ അക്കാദമിയും ‘സ്ത്രീശബ്ദം’ മാസികയും സംയുക്തമായി കേരള സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ ‘സ്ത്രീ, സമൂഹം, സാഹിത്യം’ എന്ന വിഷയത്തിൽ ഏകദിനശില്പശാല സംഘടിപ്പിച്ചു. ഡോ. എം. ലീലാവതി ശില്പശാല ഉദ്ഘാടനം ചെയ്തു.

അഡ്വ. പി. സതീദേവി അദ്ധ്യക്ഷത വഹിച്ചു. ഡോ. ടി.എൻ. സീമ, ഡോ. ഖദീജാ മുംതാസ്, സി.എസ്. സുജാത, ഡോ. സി. രാവുണ്ണി, പ്രൊഫ. ആർ. ബിന്ദു എന്നിവർ സംസാരിച്ചു.

സ്ത്രീശബ്ദം’ മാസികയുടെ ഇരുന്നൂറാം പതിപ്പ് അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ പ്രൊഫ. ലളിതാലെനിനു നൽകി പ്രകാശനം ചെയ്തു. മാസികയുടെ ലോഗോ പ്രകാശനം കെ.പി. സുധീര വിജയരാജമല്ലികയ്ക്കു നൽകി നിർവ്വഹിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലികൾക്ക് സൂസൻ കോടി ഉപഹാരസമർപ്പണം നടത്തി.

‘വനിതാപ്രസിദ്ധീകരണങ്ങളുടെ സമകാലികദൗത്യം’ എന്ന സെമിനാറിൽ ഡോ. ടി.കെ. ആനന്ദി മോഡറേറ്ററായി. എൻ. സുകന്യ, ടി. ദേവി, പ്രൊഫ. ടി.എ. ഉഷാകുമാരി, എ. കൃഷ്ണകുമാരി, അഡ്വ. കെ.ആർ. വിജയ എന്നിവർ സംസാരിച്ചു. ഉച്ചയ്ക്കുശേഷം നടന്ന ‘സ്ത്രീസ്വാതന്ത്ര്യം സർഗ്ഗാവിഷ്ക്കാരം’ എന്ന സംവാദത്തിൽ ഡോ. മ്യൂസ് മേരി ജോർജ്ജ് വിഷയാവതരണം നടത്തി. 

ഡോ. ബിന്ദുകൃഷ്ണൻ മോഡറേറ്ററായി. ലിസി, ഡോ. ഇ. സന്ധ്യ, കവിതാബാലകൃഷ്ണൻ, വിജില ചിറപ്പാട്, ഡോ. കലമോൾ, ജാനമ്മ കുഞ്ഞുണ്ണി, ബിലു പത്മിനി നാരായണൻ, എച്മുക്കുട്ടി, ഡോ. എൻ. ദിവ്യ, ജിഷ അഭിനയ തുടങ്ങിയവർ സംസാരിച്ചു.

സമാപനസമ്മേളനം മേയർ അജിതാ ജയരാജൻ ഉദ്ഘാടനംചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡോ. ഷീല, കെ.വി. നഫീസ, സുലോചന പ്രേംകുമാർ എന്നിവർ സംസാരിച്ചു.

യുവസാഹിത്യകാര ശില്പശാല

2018 ഒക്ടോബർ 19, 20, 21
ചെറായി

സാഹിത്യ അക്കാദമിയും ചെറായി സഹോദരൻ സ്മാരകവും 2018 ഒക്ടോബർ 19, 20, 21 തീയതികളിൽ ചെറായി സഹോദരൻ അയ്യപ്പൻ സ്മാരക ഓഡിറ്റോറിയത്തിൽ യുവസാഹിത്യകാര സാഹിത്യശില്പശാല സംഘടിപ്പിച്ചു. അക്കാദമി പ്രസിഡന്റ് വൈശാഖൻ ഉദ്ഘാടനം ചെയ്തു. എസ്. ശർമ്മ എം.എൽ.എ. അദ്ധ്യക്ഷതവഹിച്ചു. സഹോദരൻ അയ്യപ്പൻ സ്മാരക പുരസ്കാരം പ്രൊഫ. എം.കെ. സാനു, ഡോ. മ്യൂസ് മേരി ജോർജ്ജിന് സമർപ്പിച്ചു. സംഗീത നാടക അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻനായർ, നടൻ വിനീത്കുമാർ എന്നിവർ മുഖ്യാതിഥികളായി സംസാരിച്ചു. ഒ.കെ. കൃഷ്ണകുമാർ, ഡോ. അനിത എന്നിവർ സംസാരിച്ചു. തുടർന്ന് കൊച്ചി മജീദ് അവതരിപ്പിച്ച ഗസൽസന്ധ്യ അരങ്ങേറി.

ശില്പശാലയുടെ രണ്ടാംദിവസം മുസിരിസ് ബോട്ടുയാത്രയോടെയാണ് ആരംഭിച്ചത്. തുടർന്ന് ആലങ്കോട് ലീലാകൃഷ്ണൻ (കവിതയുടെ വഴികൾ) ക്ലാസ്സെടുത്തു. സിപ്പി പള്ളിപ്പുറം അദ്ധ്യക്ഷത വഹിച്ചു. ‘കഥയുടെ കാണാപ്പുറങ്ങൾ’ എന്ന വിഷയത്തിൽ സന്തോഷ് ഏച്ചിക്കാനത്തിന്റെ ക്ലാസ്സിന് ഡോ. എം.പി. അനിത അദ്ധ്യക്ഷയായി. ‘യുവതലമുറയുടെ മാറുന്ന അഭിരുചികൾ’ എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ എം.ആർ. സുരേന്ദ്രൻ മോഡറേറ്ററായി. അഡ്വ. കെ.കെ. പ്രീത, ലാസർ ഷൈൻ, ടി.ആർ. വിനോയ്‌കുമാർ എന്നിവർ സംസാരിച്ചു. എസ്. ജോസഫ് (പുതുകവിതയുടെ അകവും പുറവും), ഇ.പി. രാജഗോപാലൻ (വായനയുടെ ആസ്വാദനതലങ്ങൾ) എന്നിവർ ക്ലാസ്സുകളെടുത്തു. ജോസഫ് പനയ്ക്കൽ, പൂയപ്പിള്ളി തങ്കപ്പൻ എന്നിവർ അദ്ധ്യക്ഷത വഹിച്ചു.

ശില്പശാലയുടെ മൂന്നാംദിവസം ഡോ. കെ.ജി. പൗലോസ് (മാനവികതയുടെ പുതിയ മുഖം) ക്ലാസ്സെടുത്തു. ഡോ. കെ.എസ്. പുരുഷൻ അദ്ധ്യക്ഷനായി. ‘വാക്കും പ്രതിരോധവും’ എന്ന വിഷയത്തിൽ നടന്ന പ്രൊഫ. എം.എം. നാരായണന്റെ ക്ലാസ്സിന് കെ. രവിക്കുട്ടൻ അദ്ധ്യക്ഷനായി. തുടർന്നു നടന്ന ‘സാഹിത്യം, പ്രണയം, സൗഹൃദം, ലൈംഗികത’ എന്ന സംവാദത്തിൽ ബോണി തോമസ് മോഡറേറ്ററായി. തനൂജ എസ്. ഭട്ടതിരി, അഡ്വ. മായ കൃഷ്ണൻ, ജോഷി ഡോൺബോസ്കോ, ശീതൾ ശ്യാം എന്നിവർ സംസാരിച്ചു.

സമാപനസമ്മേളനം ജോൺ ഫെർണാണ്ടസ് എം.എൽ.എ. ഉദ്ഘാടനംചെയ്തു. കെ.പി. രാമനുണ്ണി മുഖ്യാതിഥിയായി. നാരായൻ ശില്പശാലാപ്രതിനിധികൾക്കുള്ള സാക്ഷ്യപത്രങ്ങൾ വിതരണംചെയ്തു. സിപ്പി പള്ളിപ്പുറം, ഒ.കെ. കൃഷ്ണകുമാർ, കെ.കെ. വേലായുധൻ എന്നിവർ സംസാരിച്ചു. സംസ്ഥാനതലത്തിൽ തെരഞ്ഞെടുക്കപ്പെട്ട അമ്പത്തിയൊന്ന് പ്രതിനിധികളും പത്ത് നിരീക്ഷകരും പങ്കെടുത്തു.

വൈദ്യവും സാഹിത്യവും

2019 നവംബർ 8, 9, 10
പുന്നയൂർക്കുളം

മലയാളിയുടെ പ്രിയപ്പെട്ട കമലാ സുറയ്യയുടെ സാഹിത്യജീവിതത്തെ സാംസ്കാരികഭൂപടത്തിൽ അടയാളപ്പെടുത്തിയ പുന്നയൂർക്കുളത്ത് സാഹിത്യ അക്കാദമി മെഡിക്കൽ വിദ്യാർത്ഥികൾക്കുവേണ്ടി മൂന്നുദിവസത്തെ സാഹിത്യശില്പശാല ‘വൈദ്യവും സാഹിത്യവും’ സംഘടിപ്പിച്ചു. നവംബർ 8, 9, 10 തീയതികളിൽ കമലാ സുറയ്യ സ്മാരകത്തിൽവച്ചു നടന്ന ശില്പശാല 

എം. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. എഴുത്തുകാർ ചെറിയ വൃത്തങ്ങളിൽനിന്നു പുറത്തുകടന്ന് വീടിനെ പ്രപഞ്ചത്തോളം വളരാൻ അനുവദിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ശാസ്ത്രവും സൗന്ദര്യവും സമ്മേളിക്കുന്ന മേഖലകളെ തിരിച്ചറിയാൻ വൈദ്യശാസ്ത്രരംഗത്തു പ്രവർത്തിക്കുന്നവർക്ക് സാധിക്കണമെന്നും യുക്തിയെയും ഫാന്റസിയെയും ചേർത്തുവയ്ക്കുന്നതിലൂടെ ഒരു ഡോക്ടർക്ക് നല്ലൊരു എഴുത്തുകാരനാകാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജീവിതത്തിലെ സൗന്ദര്യം തിരിച്ചറിയണമെങ്കിൽ സാഹിത്യംപോലുള്ള സുകുമാരകലകൾ ആസ്വദിക്കാൻ സമയം കണ്ടെത്തണമെന്ന് അദ്ധ്യക്ഷപ്രസംഗം നടത്തിയ സാഹിത്യ അക്കാദമി പ്രസിഡന്റ്  വൈശാഖൻ പറഞ്ഞു. അഭിരുചിയും സമീപനവും ഒത്തുചേരുമ്പോഴാണ് നല്ല ഡോക്ടർമാരെപ്പോലെ നല്ല എഴുത്തുകാരും ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

ഡോ. ബി. ഇക്ബാൽ മുഖ്യപ്രഭാഷണംനടത്തി. സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ, പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ.ഡി. ധനീപ്, എൻ.ജി. നയനതാര എന്നിവർ സംസാരിച്ചു. തുടർന്ന് ഡോ. ബി. ഇക്ബാൽ (രോഗവും സാഹിത്യവും), ഇ.പി. രാജഗോപാലൻ (രോഗം, അധികാരം, ആഖ്യാനം), ഡോ. പി.എം. മധു (വൈദ്യചരിത്രം, സാഹിത്യകൃതികളിലൂടെ), കെ.പി. രാമനുണ്ണി (ശരീരമെഴുത്തും രോഗമെഴുത്തും) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. അനിൽദാസ്, നിവേദിതാസുനിൽ എന്നിവരുടെ ഗസൽസന്ധ്യയും അരങ്ങേറി.

രണ്ടാംദിവസം ‘നിരീശ്വരനിലെ ശാസ്ത്രബോധം’ എന്ന വിഷയത്തിൽ വി.ജെ. ജയിംസ് പ്രബന്ധാവതരണം നടത്തി. എല്ലാ വൈവിദ്ധ്യങ്ങളും ആന്തരികമായി ഒരേ ഊർജ്ജത്തിന്റെ പ്രതിരൂപങ്ങളാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം പ്രാപഞ്ചികതലത്തിൽ എല്ലാ വ്യത്യസ്തതകളും സമാനമാണെന്നും സൂചിപ്പിച്ചു. ജോലിത്തിരക്കുകൾ സർഗ്ഗാത്മകവൃത്തിക്ക് തടസ്സമാകില്ല. സാഹിത്യത്തോടും അക്ഷരത്തോടുമുള്ള ഉപാസന മനുഷ്യന്റെ അടിസ്ഥാന അസ്തിത്വത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ഡോ. സുലോചനാ നാലപ്പാട്ട് (വൈദ്യം-അപരിചിതമേഖലകളിൽ), ജീവൻ ജോബ് തോമസ് (സാഹിത്യവും മനുഷ്യനും), ഡോ. പി.കെ. രാജശേഖരൻ (വൈദ്യവും ഭാവനയും), ഡോ. മെഹ്റൂഫ് രാജ് (സംഗീതചികിത്സയുടെ സാദ്ധ്യതകൾ), ടി.ഡി. രാമകൃഷ്ണൻ (രോഗാവസ്ഥകളിലെ എഴുത്ത്) എന്നിവരും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. എം.എം. നാരായണൻ, ഡോ. പി. സജീവ്കുമാർ, ഡോ. നിഷ എം.ദാസ്, ഡോ. എൻ. മോഹൻദാസ് എന്നിവർ ചികിത്സയുടെ നൈതികത എന്ന സംവാദത്തിൽ പങ്കെടുത്തു.

ശില്പശാലയുടെ സമാപനദിവസമായ നവംബർ 10-നു നടന്ന സമാപനസമ്മേളനം ഗുരുവായൂർ എം.എൽ.എ. കെ.വി.അബ്ദുൽഖാദർ ഉദ്ഘാടനം ചെയ്തു. രോഗങ്ങളിൽപ്പെട്ടവർക്കിട യിലേക്കിറങ്ങിച്ചെന്നു പ്രവർത്തിക്കുന്നതിലൂടെ സാഹിത്യ അക്കാദമിക്ക് കൂടുതൽ ജനകീയ മുഖം കൈവന്നതായും അദ്ദേഹം നിരീക്ഷിച്ചു.

ജീവിതത്തിന്റെ നശ്വരതയെ മറികടക്കാനുള്ള ഉപാധിയാണ് സർഗ്ഗാത്മകതയെന്ന് അദ്ധ്യക്ഷപ്രസംഗം നടത്തിയ സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ പറഞ്ഞു. അതിന്റെ പ്രതിരോധശേഷി കാലത്തിനപ്പുറം കുതിക്കാനുള്ള കരുത്തുനൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്യാമ്പംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകൾ അദ്ദേഹം വിതരണം ചെയ്തു.

ഡോ. കെ. മുരളീധരൻ ‘ചികിത്സയിലെ പ്രകൃതിബോധം’ എന്ന വിഷയത്തിൽ പ്രബന്ധാവതരണം നടത്തി. തുടർന്നുനടന്ന, ‘കോളേജ് മാഗസിൻ-നവീനാശയങ്ങൾ’ എന്ന ചർച്ചയിൽ സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ, ഡോ. ടി.പി. നാസർ, ഡോ. ടി. നാരായണൻ എന്നിവർ പങ്കെടുത്തു. ഡോ. ഖദീജാ മുംതാസ് ക്യാമ്പ് അവലോകനം നടത്തി. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ഡി. ധനീപ്, ടി.യു. അനിൽ എന്നിവർ സംസാരിച്ചു.

കഥാകാലം

2019 നവംബർ 22, 23, 24
ആലുവ

സാഹിത്യ അക്കാദമി നവംബർ 22, 23, 24 തീയതികളിൽ യുവ എഴുത്തുകാർക്കായി സംസ്ഥാനതലത്തിൽ കഥാകാലം എന്ന പേരിൽ ത്രിദിനശില്പശാല സംഘടിപ്പിച്ചു. ആലുവ മൂഴിക്കുളംശാലയിൽ വച്ചുനടന്ന ശില്പശാല സാറാജോസഫ് ഉദ്ഘാടനം ചെയ്തു. സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ അദ്ധ്യക്ഷനായിരുന്നു. പ്രൊഫ. എം. തോമസ്‌മാത്യു, ‘കഥ-ഏകാകികളുടെ നിയന്ത്രണങ്ങൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഡോ. കെ.പി.മോഹനൻ, ക്യാമ്പ് ഡയറക്ടർ ടി.പി. വേണുഗോപാലൻ, ടി.പി. ബെന്നി എന്നിവർ സംസാരിച്ചു. ഉച്ചകഴിഞ്ഞുള്ള സെഷനിൽ അശോകൻ ചരുവിൽ (കഥയും കാഴ്ചയും), ഡോ. കെ.എസ്. രവികുമാർ (കഥയുടെ ചരിത്രവഴികൾ) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

രണ്ടാംദിവസം ഇ.പി. രാജഗോപാലൻ (കഥയുടെ രാഷ്ട്രീയവായനകൾ), ഗ്രേസി (കഥയും ജീവിതവും), ഡോ. ഖദീജാ മുംതാസ് (കഥയും സ്ത്രീജീവിതവും). അയ്മനം ജോൺ (ആധുനികകഥ: ഒരു ഫ്ലാഷ് ബാക്ക്) എന്നിവർ പ്രബന്ധാവതരണം നടത്തി. തുടർന്ന് എൻ. രാജൻ, എസ്. ഹരീഷ്, ടി.പി. വേണുഗോപാലൻ, വി.എസ്. ബിന്ദു, മിനി പി.സി., വിനോയ് തോമസ് എന്നിവർ പങ്കെടുത്ത ‘കഥാബീജത്തിന്റെ വികാസപരിണാമങ്ങൾ’ എന്ന സംവാദം നടന്നു. സമാപനദിവസമായ നവംബർ 24-ന് ‘കഥയും ജനതയും’ എന്ന വിഷയത്തിൽ വിനോയ് തോമസും ‘ആഖ്യാനത്തിന്റെ അയഥാർത്ഥലോകങ്ങൾ’ എന്ന വിഷയത്തിൽ ഡോ. കെ.പി. മോഹനനും പ്രബന്ധാവതരണം നടത്തി. സമാപനസമ്മേളനം എം. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. 

സാഹിത്യ അക്കാദമി പ്രസിഡന്റ്  വൈശാഖൻ സാക്ഷ്യപത്രങ്ങൾ പ്രതിനിധികൾക്കു വിതരണം ചെയ്തു. സംസ്ഥാനതലത്തിൽ തെരഞ്ഞെടുക്കപ്പെട്ട നാല്പതോളം പ്രതിനിധികളാണ് ക്യാമ്പിൽ പങ്കെടുത്തത്.