സെമിനാറുകൾ

ശ്രേഷ്ഠഭാഷാ സെമിനാർ


2016 നവംബർ 1
തൃശ്ശൂർ

മാതൃഭാഷയുടെ പ്രാധാന്യവും പ്രസക്തിയും ചർച്ച ചെയ്യുന്നതായിരുന്നു 2016 നവംബർ 1-ന് സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽവച്ചു നടത്തിയ  ശ്രേഷ്ഠഭാഷാസെമിനാർ. ധിഷണയുടെ വികാസത്തിന് മാതൃഭാഷ നന്നായി അറിഞ്ഞിരിക്കണമെന്ന് സെമിനാറിൽ അദ്ധ്യക്ഷനായ പ്രസിഡന്റ് വൈശാഖൻ അഭിപ്രായപ്പെട്ടു. പൂർണ്ണവ്യക്തികളാകാൻ മാതൃഭാഷ അറിഞ്ഞിരിക്കണമെന്നും ജനങ്ങൾ ഇടപെടുന്ന തലങ്ങളിലെല്ലാം മാതൃഭാഷ ഉപയോഗിക്കണമെന്നും സെമിനാറിൽ പങ്കെടുത്ത് അക്കാദമി വൈസ് പ്രസിഡന്റ് ഡോ. ഖദീജാ മുംതാസ് പറഞ്ഞു. അറിവിന്റെ മേഖലകൾ വികസിക്കാൻ സർഗ്ഗാത്മകത ഉണ്ടാകണമെന്നും സർഗ്ഗാത്മകത വളർത്താൻ വ്യവഹാരഭാഷ പഠിച്ചിരിക്കണമെന്നും സെമിനാറിൽ ‘അദ്ധ്യയനഭാഷ’ എന്ന വിഷയം അവതരിപ്പിച്ച ഡോ. കാവുമ്പായി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. സമഗ്രവ്യക്തിത്വത്തിന് മാതൃഭാഷയിലുള്ള അദ്ധ്യയനം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബുദ്ധിപരമായ കാപട്യശീലമാണ് മലയാളിയുടെ ഇംഗ്ലീഷ് ഭാഷാപ്രേമമെന്ന് ‘കോടതിഭാഷ’ എന്ന വിഷയത്തിൽ പ്രബന്ധമവതരിപ്പിച്ചുകൊണ്ട് അഡ്വ. സി.പി. ഉദയഭാനു പറഞ്ഞു. ഭരണതലത്തിൽ ഇപ്പോഴും എല്ലാ മേഖലകളിലും മലയാളം ഉപയോഗിക്കു ന്നില്ലെന്ന് ‘ഭരണഭാഷ’ എന്ന വിഷയം അവതരിപ്പിച്ച അഡ്വ. പി.ആർ. വിജയ കുമാർ നിരീക്ഷിച്ചു. അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ സ്വാഗതവും സബ് എഡിറ്റർ വി.എൻ. അശോകൻ നന്ദിയും പറഞ്ഞു.

കിനാർ ഥേക്കേ കിനാരേ സാഹിത്യസെമിനാർ

2017 ജൂൺ 3, 4
കൊൽക്കത്ത

കേരള സാഹിത്യ അക്കാദമിയും കൊൽക്കത്ത കൈരളി സമാജവും സംയുക്തമായി ജൂൺ 3, 4 തീയതികളിൽ കൊൽക്കത്തയിലെ ഗാർഡൻ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ദ്വിദിന സാഹിത്യ സെമിനാർ സംഘടിപ്പിച്ചു. അക്കാദമി പ്രസിഡന്റ് വൈശാഖൻ സെമിനാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സെക്രട്ടറി ഡോ. കെ.പി. മോഹനൻ അദ്ധ്യക്ഷനായി. സതികാന്ത് ഗുഹ ഫൗണ്ടേഷൻ ചെയർമാനും വിദ്യാഭ്യാസവിചക്ഷണനുമായ ശ്രീ ഇന്ദ്രനാഥ് ഗുഹ മുഖ്യപ്രഭാഷണം നടത്തി.

കിനാർ ഥേക്കേ കിനാരേ…. (തീരം മുതൽ തീരം വരെ) എന്ന പഴയൊരു ബംഗാളി നോവലിന്റെ തലക്കെട്ട് തലവാചകമായി സ്വീകരിച്ച ഈ സെമിനാർ അക്ഷരാർത്ഥത്തിൽ നിളാതടം മുതൽ ഗംഗാതടം വരെ പടർന്നുകിടക്കുന്ന സാഹിത്യസമ്പർക്കത്തിന്റെയും ആദാനപ്രദാനത്തിന്റെയും അന്വേഷണമായി മാറി. ഉദ്ഘാടനസമ്മേളനത്തിൽവച്ച് വിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം നേടിയ സുനിൽ ഞാളിയത്തിനെ ആദരിച്ചു. രബീന്ദ്രനാഥടാഗോറിന്റെ പ്രശസ്തമായ കൃതികളെ ആസ്പദമാക്കി രണ്ടു ദിവസങ്ങളിലായി നടന്ന സെമിനാറിൽ, ‘ഗീതാഞ്ജലിയും മലയാളഭാവനയും’ എന്ന വിഷയത്തിൽ ജനറൽ കൗൺസിലംഗം  ഡോ. സുനിൽ പി. ഇളയിടവും ‘നവോത്ഥാനാനന്തര മലയാളകവിതയിൽ ടാഗോറിന്റെ പ്രതിഫലനങ്ങൾ’ എന്ന വിഷയത്തെക്കുറിച്ച് നിർവ്വാഹകസമിതിയംഗം ആലങ്കോട് ലീലാകൃഷ്ണനും സംസാരിച്ചു. ‘പ്രണയം, അനുഭൂതി, ദൈവം: ടാഗോർ മലയാളത്തിലേക്ക് കടത്തിവിട്ട സർഗ്ഗാത്മകവിചാരങ്ങൾ’ എന്ന വിഷയത്തിൽ ഡോ. എസ്. ശാരദക്കുട്ടിയും ‘മഹാകാളി സങ്കല്പം- ഫോക്‌ലോറിൽ’ എന്ന വിഷയത്തെക്കുറിച്ച് ഡോ. കെ.എം. അനിലും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഇ.പി. രാജഗോപാലൻ ‘നാടകം: വിനിമയത്തിന്റെ അരങ്ങ്’ എന്ന വിഷയമാണ് അവതരിപ്പിച്ചത്. ‘ബംഗാളി നോവൽ പരിഭാഷകൾ മലയാളത്തിൽ’ എന്ന വിഷയത്തിൽ സുനിൽ ഞാളിയത്ത് വിവർത്തനാനുഭവങ്ങൾ പങ്കുവച്ചു. ‘കലയിലെ ബംഗാളി – മലയാളി ആദാനപ്രദാനവഴികളെ’ക്കുറിച്ചാണ് ജോഷി ജോസഫ് സംസാരിച്ചത്. ‘വായനക്കാരന്റെ വിഹ്വലതകളും അന്വേഷണങ്ങളും’ എന്ന വിഷയത്തിൽ
പി. വേണുഗോപാലനും ‘വംഗസാഹിത്യവും കൊൽക്കത്ത ജീവിതവും എഴുത്തുകാരന്റെ അനുഭവത്തിൽ’ എന്ന വിഷയത്തിൽ സുസ്മേഷ് ചന്ത്രോത്തും സംസാരിച്ചു.

പ്രശസ്ത ഡോക്യുമെന്ററി സംവിധായകനും ദേശീയ പുരസ്കാരജേതാവുമായ ജോഷി ജോസഫിന്റെ തിരക്കഥാപുസ്തകമായ ‘ആരാച്ചാരുടെ ജീവിതത്തിൽനിന്ന് ഒരു ദിവസം’ ചടങ്ങിൽ പ്രകാശനം ചെയ്തു. എം. എസ്. ബനേഷ് പരിഭാഷ നിർവ്വഹിച്ച തിരക്കഥയുടെ പുസ്തകരൂപം ഡോ. എസ്. ശാരദക്കുട്ടിക്കു നൽകി വൈശാഖനാണ് പ്രകാശിപ്പിച്ചത്. ക്യൂറേറ്ററും ചിത്രത്തിന്റെ സഹനിർമ്മാതാവുമായ സുവേന്ദു ചാറ്റർജി ആശംസകളർപ്പിച്ചു സംസാരിച്ചു. 

2019 ജനുവരി 26, 27 തീയതികളിലും കൊൽക്കത്ത പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സഹകരണത്തോടെ ‘അമാദേർ ഭാഷാ, അമാദേർ ആകാശ്’ എന്ന പേരിൽ സെമിനാർ സംഘടിപ്പിച്ചിരുന്നു. സമിക് ബന്ദോപാദ്ധ്യായ സെമിനാർ ഉദ്ഘാടനം ചെയ്തു. ഡോ. പി.വി. സലിം അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ.പി. മോഹനൻ ആമുഖഭാഷണവും ഡോ. ഖദീജാ മുംതാസ് മുഖ്യപ്രഭാഷണവും നടത്തി. ആർ.കെ. പ്രസന്നൻ, ഡോ. ഗുരു  തങ്കമണിക്കുട്ടി, പ്രഭാമേനോൻ, ബിജിൻ കൃഷ്ണ, സി. നാരായണൻ എന്നിവർ സംസാരിച്ചു.

ഭാഷ, എഴുത്ത്, വികസനം


2017 ആഗസ്റ്റ് 23, 24, 25
കൊല്ലം

സംസ്കൃത സർവ്വകലാശാലയുടെ തിരുനാവായാ  കേന്ദ്രത്തിൽ സാഹിത്യ അക്കാദമി ‘ഭാഷ എഴുത്ത് വികസനം’ എന്ന വിഷയത്തിൽ ത്രിദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു. എം. മുകുന്ദൻ സെമിനാർ ഉദ്ഘാടനംചെയ്തു. സംസ്കാരത്തെ അവഗണിച്ചുള്ള വികസനം സാദ്ധ്യമല്ലെന്ന് അദ്ദേഹം ഉദ്ഘാടനസമ്മേളന ത്തിൽ പറഞ്ഞു. പുസ്തകങ്ങൾ ഇന്ന് വലിയ ഭീഷണികളാണ് നേരിടുന്നത്. പുസ്തകങ്ങൾക്കു പകരം മൊബൈൽ ഫോൺ കെട്ടിപ്പിടിച്ച് ഉറങ്ങുന്ന പുതുതലമുറയാണ് ഇന്നത്തേത്. പുസ്തകങ്ങളാകട്ടെ ഇന്ന് ഉല്‍പന്നമെന്ന നിലയിലേക്ക് മാറി, പുസ്തകങ്ങളുടെ ഉള്ളടക്കത്തേക്കാൾ എഴുത്തുകാരന്റെ സൗന്ദര്യത്തിനാണ് പ്രാധാന്യം കല്പിക്കുന്നത്. ചെറിയ ഭാഷയും ചെറിയ സംസ്കാരവുമാണ് നമ്മെ വലുതാക്കി മാറ്റുന്നതെന്നും എം. മുകുന്ദൻ പറഞ്ഞു.

ചടങ്ങിൽ സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ അദ്ധ്യക്ഷനായി. അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ പങ്കെടുത്തു.
ഡോ. എൽ.  സുഷമ സ്വാഗതവും നിസ്തുൽ രാജ് നന്ദിയും പറഞ്ഞു. ‘നോവൽ, കഥ’ എന്ന സെഷനിൽ ഡോ. ഷംസാദ് ഹുസൈൻ അദ്ധ്യക്ഷനായി. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്
ഡോ. ഖദീജാ മുംതാസ് വിഷയാവതരണം നടത്തി. എസ്. ഹരീഷ്, വിനോയ് തോമസ് എന്നിവർ സംസാരിച്ചു. ഗംഗ സ്വാഗതവും എ.എൻ. ജൂബിൻ നന്ദിയും പറഞ്ഞു.

സെമിനാറിന്റെ രണ്ടാം ദിവസം കവിതയെക്കുറിച്ചുള്ള സെഷൻ നടന്നു. പി.പി. രാമചന്ദ്രൻ, പി.എൻ. ഗോപീകൃഷ്ണൻ, വീരാൻകുട്ടി, സാഹിറ എം. കുറ്റിപ്പുറം, എസ്. ജോസഫ്, അൻവർ അലി, വിജില ചിറപ്പാട് എന്നിവർ പങ്കെടുത്തു. ഡോ. ജെ. ഉണ്ണികൃഷ്ണപിള്ള അദ്ധ്യക്ഷതവഹിച്ചു. ഹരിത കെ. പ്രസാദ് സ്വാഗതവും അർച്ചന കെ. നന്ദിയും പറഞ്ഞു.

ഔദ്യോഗികഭാഷയുടെ കടന്നുകയറ്റത്തെ തടയുവാനായി ഇതര മാതൃഭാഷകൾ യോജിച്ചു പ്രവർത്തിക്കണമെന്ന് കന്നട വികസന അതോറിറ്റി സെക്രട്ടറി ഡോ. കെ. മുരളീധര പറഞ്ഞു. ‘മലയാളവും ഇതര ദക്ഷിണേന്ത്യൻ ഭാഷകളും’ എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരപ്പരീക്ഷകൾ മാതൃഭാഷയിലായാൽ മാത്രമേ പുതുതലമുറ മാതൃഭാഷയിലേയ്ക്ക് ആകർഷിക്കപ്പെടുക യുള്ളൂവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഭാഷയുടെ ജനകീയവത്കരണം ജനപ്രിയ മാദ്ധ്യമങ്ങളിലൂടെയാകണമെന്നും ഇനി വരാൻപോകുന്നത് ഭാഷാഭേദവാദമാകുമെന്നും മദ്രാസ് സർവ്വകലാശാല മലയാളവിഭാഗം അദ്ധ്യാപകൻ ഡോ. പി.എം. ഗിരീഷ് അഭിപ്രായപ്പെട്ടു. 

ആർ. ശിവകുമാർ (കേരളത്തിലെ ഔദ്യോഗികഭാഷാനയം), അജിത ഡി.പി. (ഭരണഭാഷ എന്ന പ്രസിദ്ധീകരണം) എന്നിവരും പിന്നീട് പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഐക്യമലയാളപ്രസ്ഥാനം ട്രഷറർ ആർ. നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. മനു കെ.വി. സ്വാഗതവും സിന്ധു കെ.സി. നന്ദിയും പറഞ്ഞു. ഉച്ചകഴിഞ്ഞു നടന്ന ‘മാതൃഭാഷയും വികസനവും’ എന്ന സെമിനാറിൽ ഡോ. കെ. രവിരാമൻ (കേരള വികസനമാതൃക), ഡോ. കെ.എൻ. ഗണേശ് (വികസനവും സംസ്കാരവും), കെ.കെ. സുബൈർ (ഭാഷയും വികസനവും) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ. പി. പവിത്രൻ സ്വാഗതവും ശ്രീശാന്ത് ഡി. നന്ദിയും പറഞ്ഞു.

പ്രവാസി സെമിനാർ

2018 ജനുവരി 2
മലപ്പുറം

പ്രവാസിക്ഷേമവും നാടിന്റെ വികസനവും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ രൂപീകരിക്കുന്ന ലോക കേരളസഭയ്ക്കു മുന്നോടിയായി കേരള സാഹിത്യ അക്കാദമി മലപ്പുറത്തു സംഘടിപ്പിച്ച പ്രവാസി സെമിനാർ സി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മലപ്പുറം നഗരസഭാ ടൗൺഹാളിനു മുന്നിലെ തുറന്ന വേദിയിലെ ഉദ്ഘാടനസമ്മേളനത്തിൽ സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ അദ്ധ്യക്ഷനായി. കേരള പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ടി. കുഞ്ഞുമുഹമ്മദ് മുഖ്യപ്രഭാഷണവും എം.സി. അബു ആമുഖപ്രഭാഷണവും നടത്തി. നിലമ്പൂർ ആയിഷ വിശിഷ്ടാതിഥിയായി പങ്കെടുത്തു.  സി.കെ. കൃഷ്ണദാസ് സ്വാഗതവും കെ.ടി. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. മുസഫർ അഹമ്മദ്, കെ.പി. രാമനുണ്ണി, ഉസ്മാൻ ഇരുമ്പുഴി, പി. സെയ്താലിക്കുട്ടി, പാലൊളി അബ്ദുറഹിമാൻ, സി.പി. റസാഖ്, എൻ. മുഹമ്മദാലി, ഉസ്മാൻ പൂളക്കോട്, സി.ടി. അബ്ദുള്ളക്കുട്ടി, അബ്ദുൾ റസാക്ക്, കെ.പി. അഹമ്മദ്കുട്ടി എന്നിവർ സംസാരിച്ചു. കേരള പ്രവാസിസംഘം, പ്രവാസി ഫെഡറേഷൻ, പ്രവാസി കോൺഗ്രസ്സ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു സെമിനാർ സംഘടിപ്പിച്ചത്. 2020 ജനുവരി 1, 2, 3 തീയതികളിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ലോകകേരളസഭയുടെ രണ്ടാം സമ്മേളനത്തിലും കേരള സാഹിത്യ അക്കാദമി സഹകരിച്ചിരുന്നു.

ഇന്ത്യൻ ദേശീയതയുടെ രൂപീകരണവും സാഹിത്യപശ്ചാത്തലവും

2018 മേയ് 24
തൃശ്ശൂർ

അക്കാദമി വൈലോപ്പിള്ളി ഹാളിൽ നടന്ന ‘ഇന്ത്യൻ ദേശീയതയുടെ രൂപീകരണവും സാഹിത്യപശ്ചാത്തലവും’ എന്ന സെമിനാർ ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പ്രോ വൈസ് ചാൻസലർ ഡോ. കെ.എസ്. രവികുമാർ ഉദ്ഘാടനം ചെയ്തു. സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ അദ്ധ്യക്ഷതവഹിച്ചു. അക്കാദമി നിർവ്വാഹകസമിതിയംഗം കെ.ഇ.എൻ. മുഖ്യപ്രഭാഷണം നടത്തി. അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ, ഡോ. വി.സി. സുപ്രിയ, ടി.ആർ. മായ എന്നിവർ സംസാരിച്ചു.

വി.ടി.: നവോത്ഥാനകാലത്തിന്റെ അടയാളമുദ്ര

2018 ഡിസംബർ 1
തൃശ്ശൂർ

വി.ടി.: നവോത്ഥാനകാലത്തിന്റെ അടയാളമുദ്ര’ എന്ന വിഷയത്തിൽ സെമിനാർ, പുസ്തകപ്രകാശനം, നാടകാവതരണം എന്നിവ നടന്നു. സാഹിത്യ അക്കാദമി നിർവ്വാഹകസമിതിയംഗം പ്രൊഫ. എം.എം. നാരായണൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡോ. കെ.പി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ‘വി.ടി.യുടെ യുക്തിബോധം’, ‘നവോത്ഥാനത്തിന്റെ രാഷ്ട്രീയം’ എന്ന വിഷയങ്ങളിൽ ഡോ. കെ.എം. അനിൽ, രാജേന്ദ്രൻ എടത്തുംകര എന്നിവർ പ്രബന്ധം അവതരിപ്പിച്ചു.

വി.ടി. സത്യാന്വേഷിയും വിപ്ലവകാരിയും’ എന്ന ഗ്രന്ഥം മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ബേബി ജോണിനു നൽകി പ്രകാശനം ചെയ്തു. അക്കാദമി പ്രസിഡന്റ് വൈശാഖൻ അദ്ധ്യക്ഷത വഹിച്ചു. പി. ചിത്രൻ നമ്പൂതിരിപ്പാട്, അഡ്വ. കെ.വി. മോഹൻദാസ്, ജയരാജ് വാര്യർ, പ്രൊഫ. ഇ. രാജൻ, എം.ആർ. ഗോപാലകൃഷ്ണൻ, പുഷ്പജൻ കനാരത്ത് എന്നിവർ സംസാരിച്ചു. ‘അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്’ എന്ന നാടകവും അരങ്ങേറി.

വായനാവിചാരം

2019 ഒക്ടോബർ 19, 20
പയ്യന്നൂർ

കേരള സാഹിത്യ അക്കാദമി, പയ്യന്നൂർ നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, താലൂക്ക് ലൈബ്രറി കൗൺസിൽ എന്നിവയുമായി സഹകരിച്ച് ഒക്ടോബർ 19-നും 20-നും ‘വായനാവിചാരം’ സെമിനാറും പാനൽ ഷോയും സംഘടിപ്പിച്ചു. പയ്യന്നൂർ ഗവ.ബോയ്സ് ഹൈസ്കൂളിൽ നടന്ന പാനൽഷോ ‘വായനയുടെ വാക്കുകൾ’ ഡോ. എസ്. ശാരദക്കുട്ടി ഉദ്ഘാടനം ചെയ്തു. 20-ന് രാവിലെ നടന്ന സെമിനാർ സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ ഉദ്ഘാടനം ചെയ്തു. അന്നേദിവസം ഉച്ചയ്ക്ക് രണ്ടുമണിക്ക് പാനൽഷോയെ ആധാരമാക്കി ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കുവേണ്ടി ക്വിസ് മത്സരം സംഘടിപ്പിച്ചു. വൈകീട്ട് 4.30-ന് നടന്ന സമാപനസമ്മേളനം സി. കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

ഭാഷാസെമിനാർ

2019 നവംബർ 6
തൃശ്ശൂർ

മലയാളഭാഷാവാരാ ചരണത്തോടനുബന്ധിച്ച് കേരള സാഹിത്യ അക്കാദമി ഭാഷാ സെമിനാർ സംഘടിപ്പിച്ചു. ‘മലയാളഭാഷയും കേരളത്തിന്റെ ജനാധിപത്യവത്കരണവും’ എന്ന വിഷയത്തിൽ ഡോ. പി. പവിത്രൻ പ്രബന്ധം അവതരിപ്പിച്ചു. മലയാളഭാഷയ്ക്കുവേണ്ടിയുള്ള വാദം ഭൂതകാലക്കുളിരല്ല, മറിച്ച്, ഭാവിയെ നിർമ്മിക്കാനുള്ള മാർഗ്ഗമാണെന്ന് അദ്ദേഹം പറഞ്ഞു. വിജ്ഞാനഭാഷയെ മലയാളം ഉൾക്കൊള്ളുമോ എന്ന ആശങ്ക അസ്ഥാനത്താണെന്നും ഇംഗ്ലീഷ് ഉൾപ്പെടെ എല്ലാ ഭാഷകളും ഇത്തരമൊരു ഏറ്റുമുട്ടലിനുശേഷം വളർന്നു വികസിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാളിയെ ഒന്നിപ്പിക്കുന്ന പൊതുഘടകമാണ് മാതൃഭാഷയെന്ന് ‘മലയാളഭാഷയും കേരളനിർമ്മിതിയു’മെന്ന വിഷയത്തിൽ പ്രബന്ധാവതരണം നടത്തിയ ഡോ. കെ.എം. ഭരതൻ നിരീക്ഷിച്ചു. സംസ്കാരവും ചരിത്രവും അനുഭവങ്ങളും ഏറ്റവും കരുതലോടെ വിനിമയം ചെയ്യപ്പെടുന്നത് മാതൃഭാഷയിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.

സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ സെമിനാർ ഉദ്ഘാടനം ചെയ്തു. മലയാളിക്ക് ഭാഷാഭിമാനം നഷ്ടമാകുന്ന വർത്തമാനകാലത്ത് മലയാളഭാഷയുടെ സൗന്ദര്യാത്മകത വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ അദ്ധ്യക്ഷനായിരുന്നു. ഈ.ഡി. ഡേവീസ് സ്വാഗതവും കെ. രാജേന്ദ്രൻ നന്ദിയും പറഞ്ഞു.

മലയാളശാസ്ത്രസാഹിത്യം: ചരിത്രവും വർത്തമാനവും

2019 ഡിസംബർ 1
തൃശ്ശൂർ

പ്രശസ്ത ശാസ്ത്രസാഹിത്യകാരനും വിവർത്തകനുമായിരുന്ന എം.സി.നമ്പൂതിരിപ്പാടിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാർ അക്കാദമി പ്രസിഡന്റ് വൈശാഖൻ ഉദ്ഘാടനം ചെയ്തു. ജനറൽ കൗൺസിൽ അംഗം ടി.ഡി. രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ആർ.വി.ജി. മേനോൻ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. എസ്. ശിവദാസ്,  ഡോ. കെ. ബാബുജോസഫ്, പ്രൊഫ. കെ. പാപ്പൂട്ടി, പ്രഭാവതി മേനോൻ, കെ.കെ. വാസു, ഇ.എൻ. ഷീജ എന്നിവർ വിഷയാവതരണം നടത്തി. ഡോ. കെ.പി. മോഹനൻ സ്വാഗതവും കെ.എസ്. സുധീർ നന്ദിയും പറഞ്ഞു. എം.സി. നമ്പൂതിരിപ്പാട് ജന്മശതാബ്ദി ആഘോഷക്കമ്മിറ്റി പരിപാടിയിൽ സഹകരിച്ചു.

ഇന്ത്യാവിഭജനകാലത്തെ സാഹിത്യം

2020 ഫെബ്രുവരി 12
തൃശ്ശൂർ

പലതരത്തിലുള്ള വൈവിദ്ധ്യങ്ങളെ ഉൾക്കൊള്ളുന്ന ഇന്ത്യയ്ക്കുമുന്നിൽ മതേതരരാഷ്ട്രമാവുക എന്നതല്ലാത്ത ഒരു സാദ്ധ്യതയില്ലെന്ന് കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ഡോ. ഖദീജാ മുംതാസ് പറഞ്ഞു. സാഹിത്യ അക്കാദമി, കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ‘ഇന്ത്യാവിഭജനകാലത്തെ സാഹിത്യം’ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. നിഷ്കാസിതരാകുന്ന എല്ലാവരെയും ചേർത്തുപിടിക്കുന്ന ആത്മീയതയാണ് ഇന്ത്യയുടെ സത്ത. ഗാന്ധി മുന്നോട്ടുവച്ച തത്ത്വചിന്തയും മറ്റൊന്നല്ല. നിയമങ്ങൾ വച്ചുമാത്രം മനുഷ്യരെ ബാധിക്കുന്ന എല്ലാ വിഷയങ്ങളെയും അളക്കാനാവില്ല. ദേശഭാഷാഭേദങ്ങളില്ലാതെ എല്ലാ മനുഷ്യരെയും ചേർത്തുപിടിക്കുന്ന ആത്മീയതയിലേക്ക് നമ്മുടെ മനസ്സും മനസ്സാക്ഷിയും വികസിക്കണമെന്ന് അവർ പറഞ്ഞു.

ഉൾക്കൊള്ളലിന്റേതാണ്, ഒഴിവാക്കലിന്റേതല്ല സാഹിത്യവും കലയുമെന്ന് ‘പൗരത്വവും എഴുത്തും’ എന്ന വിഷയം അവതരിപ്പിച്ചു സംസാരിച്ച സാഹിത്യ അക്കാദമി നിർവ്വാഹക സമിതിയംഗം ഇ.പി. രാജഗോപാലൻ പറഞ്ഞു. പൗരത്വഭാവനകളെ ധിക്കരിക്കുന്നതാണ് കല. സാഹിത്യം അന്തിമമായി നിലകൊള്ളുന്നത് സങ്കടത്തിനൊപ്പമാണ്. നിഷ്കാസിതരാകുന്ന ജനതയ്ക്കൊപ്പം നിലകൊള്ളാനാണ് കാലങ്ങളായി സർഗ്ഗാവിഷ്കാരങ്ങൾ നമ്മെ പഠിപ്പിക്കുന്നതെന്ന് അദ്ദേഹം നിരീക്ഷിച്ചു. വൈദികമതത്തിന്റെ അജണ്ടയാണ് പൗരത്വനിയമംപോലുള്ള നടപടികളിലൂടെ സർക്കാർ നടപ്പാക്കുന്നതെന്ന് ‘ദേശീയോദ്ഗ്രഥനവും സാഹിത്യവും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തിയ ഡോ. വത്സലൻ വാതുശ്ശേരി പറഞ്ഞു. ദേശീയത എന്ന ആശയത്തിന്റെ മാനകീകരണം നടത്താനുള്ള അപകടകരമായ ശ്രമങ്ങൾ നിലവിൽ ഇന്ത്യയിൽ നടക്കുന്നുണ്ട്. ഭാവിയിൽ മുസ്‌ലിംകൾ മാത്രമല്ല, വൈദികമതത്തിനു പുറത്തുള്ള ബഹുജനം മുഴുവൻ ഇത്തരം നയങ്ങളുടെ കെടുതികൾ ഏറ്റുവാങ്ങേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡോ. കാവുമ്പായി ബാലകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. അക്കാദമി ജനറൽ കൗൺസിലംഗം 

ഡോ. സി. രാവുണ്ണി സ്വാഗതവും ടി.സത്യനാരായണൻ നന്ദിയും പറഞ്ഞു. തുടർന്നുനടന്ന സാംസ്കാരികസമ്മേളനം സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ ഉദ്ഘാടനം ചെയ്തു. ശാസ്ത്രസാഹിത്യപരിഷത്തിന്റെ ജില്ലാ ജെൻഡർ വിഷയസമിതി അദ്ധ്യക്ഷ പ്രൊഫ. സി. വിമല അദ്ധ്യക്ഷയായിരുന്നു. പ്രൊഫ. എം. ഹരിദാസ്, ഒ.എൻ. അജിത്കുമാർ എന്നിവർ സംസാരിച്ചു. റഫീഖ് മംഗലശ്ശേരി സംവിധാനം ചെയ്ത  ‘ആരാണ് ഇന്ത്യക്കാർ’ എന്ന നാടകം തുടർന്ന് ബഷീർവേദിയിൽ അരങ്ങേറി.