പുരസ്കാരസമര്‍പ്പണം, വാര്‍ഷികം

2021-ലെ പുരസ്കാരങ്ങള്‍

2022 നവംബര്‍ 15
തൃശ്ശൂര്‍

കേരള സാഹിത്യ അക്കാദമിയുടെ അറുപത്തിയാറാം വാർഷികാഘോഷവും പുരസ്കാരസമർപ്പണച്ചടങ്ങും നവംബർ 15-ന് സാംസ്കാരികവകുപ്പുമന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിൽ ഇന്ന് നിലനിൽക്കുന്നത് ആവിഷ്കാരസ്വാതന്ത്ര്യത്തിനു മേലുള്ള അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണെന്ന് മന്ത്രി പറഞ്ഞു. പലതരം വിവേചനങ്ങളെ നേരിടുകയാണ് രാജ്യം. മനുഷ്യർ തമ്മിൽ അങ്കക്കോഴികളെപ്പോലെ പടവെട്ടുകയാണ്. ഇന്ത്യയുടെ ഫെഡറൽ സ്വഭാവം കടുത്ത വെല്ലുവിളി നേരിടുന്നു. ഹിന്ദിഭാഷ അടിച്ചേല്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. ഇത്തരം പൗരാവകാശദ്ധ്വംസനങ്ങൾക്കെതിരേ സാംസ്കാരികസമൂഹം ഉണർന്നു പ്രവർത്തിക്കണം- അദ്ദേഹം പറഞ്ഞു.

എഴുത്തുകാരെ ഭരണകൂടം ഭയപ്പെടുന്നുണ്ട്. സാമൂഹികപുരോഗതിക്ക് കലയും സാഹിത്യവും നൽകുന്ന സംഭാവനയും ദിശാബോധവും വളരെ വലുതാണ്. നവോത്ഥാനനായകർ ഉഴുതുമറിച്ച കേരളത്തിന്റെ മണ്ണിൽ ഈദി അമീനെപ്പോലെ നരഭോജികളുടെ സാന്നിദ്ധ്യമുണ്ടാകുന്നു എന്നത് ആശങ്കാജനകമാണ്- മന്ത്രി ചൂണ്ടിക്കാട്ടി.

വൈശാഖൻ, കെ.പി. ശങ്കരൻ എന്നിവർക്ക് അക്കാദമിയുടെ വിശിഷ്ടാംഗത്വവും കെ. ജയകുമാർ, കെ.എ. ജയശീലൻ, ജാനമ്മ കുഞ്ഞുണ്ണി, ഗീത കൃഷ്ണൻകുട്ടി, കവിയൂർ രാജഗോപാലൻ, കടത്തനാട്ട് നാരായണൻ എന്നിവർക്ക് സമഗ്രസംഭാവനാപുരസ്കാരവും മന്ത്രി സമ്മാനിച്ചു.
അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. അക്കാദമി നിർവ്വാഹകസമിതിയംഗം സുനിൽ പി. ഇളയിടം വിശിഷ്ടാംഗങ്ങളെയും സമഗ്രസംഭാവനാപുരസ്കാരജേതാക്കളെയും പരിചയപ്പെടുത്തി. നിർവ്വാഹകസമിതിയംഗം വിജയലക്ഷ്മി പ്രശസ്തിപത്രം വായിച്ചു. അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ, സെക്രട്ടറി സി.പി. അബൂബക്കർ, വി.എസ്. ബിന്ദു, സുകുമാരൻ ചാലിഗദ്ധ എന്നിവർ സംസാരിച്ചു.
ഉച്ചയ്ക്കു ശേഷം ‘മലയാളസാഹിത്യത്തിന്റെ വർത്തമാനം’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ വൈശാഖൻ, കെ. ജയകുമാർ, ജാനമ്മ കുഞ്ഞുണ്ണി, കവിയൂർ രാജഗോപാൽ, ഗീത കൃഷ്ണൻകുട്ടി, ജി.പി. രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു. ഡോ. കുര്യാസ് കുമ്പളക്കുഴി അദ്ധ്യക്ഷത വഹിച്ചു. എൻ. രാജൻ, എം.എ. സിദ്ദീഖ്, മോബിൻ മോഹൻ എന്നിവർ സംസാരിച്ചു.


കേരള സാഹിത്യ അക്കാദമിയുടെ 2021-ലെ അവാർഡുകളും എൻഡോവ്മെന്റുകളും നവംബർ 16-ന് അക്കാദമി ബഷീർവേദിയിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സച്ചിദാനന്ദൻ സമ്മാനിച്ചു. അൻവർ അലി (കവിത), ഡോ. ആർ. രാജശ്രീ, വിനോയ് തോമസ് (നോവൽ), പ്രദീപ് മണ്ടൂർ (നാടകം), എൻ. അജയകുമാർ (നിരൂപണം), ഡോ. ഗോപകുമാർ ചോലയിൽ (വൈജ്ഞാനികസാഹിത്യം), പ്രൊഫ. ടി.ജെ. ജോസഫ് (ജീവചരിത്രം/ആത്മകഥ), വേണു (യാത്രാവിവരണം), അയ്മനം ജോൺ (വിവർത്തനം), ആൻ പാലി (ഹാസസാഹിത്യം), ഇ.വി. രാമകൃഷ്ണൻ (വിലാസിനി അവാർഡ്), വൈക്കം മധു (ഐ.സി. ചാക്കോ അവാർഡ്), പ്രൊഫ. പി.ആർ. ഹരികുമാർ (കെ.ആർ. നമ്പൂതിരി അവാർഡ്), കിംഗ് ജോൺസ് (കനകശ്രീ അവാർഡ്), വിവേക് ചന്ദ്രൻ (ഗീതാഹിരണ്യൻ അവാർഡ്), ഡോ. കവിതാ ബാലകൃഷ്ണൻ (ജി.എൻ. പിള്ള അവാർഡ്), എൻ.കെ. ഷീല (തുഞ്ചൻ സ്മാരക പ്രബന്ധമത്സരം) എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. ബാലസാഹിത്യപുരസ്കാരം നേടിയ രഘുനാഥ് പലേരിക്കു വേണ്ടി പ്രദീപ് പലേരിയും, പി.കെ. രാജശേഖരനു വേണ്ടി (ജി.എൻ. പിള്ള അവാർഡ്) അൻവർ അലിയും പുരസ്കാരം സ്വീകരിച്ചു.

അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ അദ്ധ്യക്ഷനായിരുന്നു. അക്കാദമി നിർവ്വാഹകസമിതിയംഗങ്ങളായ ആലങ്കോട് ലീലാകൃഷ്ണനും എം.കെ. മനോഹരനും അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ സ്വാഗതഭാഷണം നടത്തി. കെ.എസ്. സുനിൽകുമാർ നന്ദി പറഞ്ഞു.
രാവിലെ നടന്ന ‘എഴുത്തും എഴുത്തുകാരും’ എന്ന സംവാദത്തിൽ അക്കാദമി ജനറൽ കൗൺസിലംഗം വിജയരാജമല്ലിക സ്വാഗതം പറഞ്ഞു. അക്കാദമി നിർവ്വാഹകസമിതിയംഗം കെ.പി. രാമനുണ്ണി മോഡറേറ്ററായി. അൻവർ അലി, ഡോ. ആർ. രാജശ്രീ, വിനോയ് തോമസ്, ദേവദാസ് വി.എം., പ്രദീപ് മണ്ടൂർ, എൻ. അജയകുമാർ, ഡോ. ഗോപകുമാർ ചോലയിൽ, പ്രൊഫ. ടി.ജെ. ജോസഫ്, അയ്മനം ജോൺ, ആൻ പാലി എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ചർച്ചയെ ക്രോഡീകരിച്ച് അക്കാദമി ജനറൽ കൗൺസിലംഗം രാവുണ്ണി പ്രഭാഷണം നടത്തി.

2020-ലെ പുരസ്കാരങ്ങള്‍

2021 ഡിസംബര്‍ 9, 16
തിരുവനന്തപുരം, തൃശ്ശൂര്‍

കേരള സാഹിത്യ അക്കാദമിയുടെ 2020-ലെ വിശിഷ്ടാംഗത്വവും സമഗ്രസംഭാവനാ പുരസ്കാരങ്ങളും, അക്കാദമി അവാർഡുകളും എൻഡോവ്മെന്റ് അവാർഡുകളും ഭാരത് ഭവനില്‍വച്ചു നടന്ന ചടങ്ങില്‍ ഡിസംബർ ഒമ്പതിന് സാംസ്കാരികവകുപ്പുമന്ത്രി സജി ചെറിയാന്‍ സമര്‍പ്പിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതുള്ളതുകൊണ്ടും പുരസ്കാരജേതാക്കളുടെ സൗകര്യംകൂടി കണക്കിലെടുത്തും തിരുവനന്തപുരത്തും തൃശ്ശൂരുമായി രണ്ടിടങ്ങളില്‍വച്ചായിരുന്നു പുരസ്കാരസമർപ്പണം.

പെരുമ്പടവം ശ്രീധരന്‍, സേതു എന്നിവരാണ് വിശിഷ്ടാംഗത്വത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. വിശിഷ്ടാംഗത്വം മന്ത്രി സജി ചെറിയാന്‍ പെരുമ്പടവം ശ്രീധരന് കൈമാറി. സേതുവിനുള്ള വിശിഷ്ടാംഗത്വം അദ്ദേഹത്തിന്റെ വീട്ടിൽവച്ചു നടന്ന ചടങ്ങിൽ അക്കാദമി പ്രസിഡന്റ് വൈശാഖൻ സമർപ്പിച്ചു. കെ.കെ. കൊച്ച്, കെ.ആർ. മല്ലിക, ചവറ കെ.എസ്. പിള്ള എന്നിവർക്ക് സമഗ്രസംഭാവനാ പുരസ്കാരങ്ങളും ഒ.പി. സുരേഷ്, ഉണ്ണി ആർ., ഡോ. പി. സോമൻ, ഡോ. ടി.കെ. ആനന്ദി, വിധു വിൻസെന്റ് എന്നിവർക്ക് അക്കാദമി അവാർഡുകളും ഡോ. ജെ. പ്രഭാഷ്, ഡോ. വി. ശിശുപാലപ്പണിക്കർ എന്നിവർക്ക് എൻഡോവ്മെന്റ് പുരസ്കാരങ്ങളും മന്ത്രി സമർപ്പിച്ചു.

കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരസമർപ്പണച്ചടങ്ങിന്റെ രണ്ടാം ഘട്ടം സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ ഡിസംബർ 16-നു നടന്നു. അക്കാദമി പ്രസിഡന്റ് വൈശാഖൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നവോത്ഥാന മൂല്യങ്ങൾ ദുർബ്ബലമാകുമ്പോൾ യുവജനങ്ങൾ യാഥാസ്ഥിതികത്വത്തിലേക്ക് മടങ്ങിപ്പോവുകയാണെന്നും ഇതിനെക്കുറിച്ച് എഴുത്തുകാർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അക്കാദമി വൈസ് പ്രസിഡന്റ് ഡോ. ഖദീജാ മുംതാസ് അദ്ധ്യക്ഷയായിരുന്നു. അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ സ്വാഗതപ്രസംഗം നടത്തി. നിർവ്വാഹകസമിതിയംഗങ്ങളായ ഇ.പി. രാജഗോപാലൻ, ആലങ്കോട് ലീലാകൃഷ്ണൻ എന്നിവർ പുരസ്‌കാരജേതാക്കളെ പരിചയപ്പെടുത്തി.

മാമ്പുഴ കുമാരൻ, സിദ്ധാർത്ഥൻ പരുത്തിക്കാട്, എം.എ. റഹ്മാൻ (സമഗ്രസംഭാവനാ പുരസ്‌കാരം), പി.എഫ്. മാത്യൂസ്, ശ്രീജിത്ത് പൊയിൽക്കാവ്, കെ. രഘുനാഥൻ, ഇന്നസെന്റ്, സംഗീതാ ശ്രീനിവാസൻ, പ്രിയ എ.എസ്. (അക്കാദമി അവാർഡുകൾ), ചിത്തിരാ കുസുമൻ, കെ.എൻ. പ്രശാന്ത്, കേശവൻ വെളുത്താട്ട്, വി. വിജയകുമാർ, എം.വി. നാരായണൻ (എൻഡോവ്‌മെന്റുകൾ), ഗീതു എസ്.എസ്. (തുഞ്ചൻ സ്മാരക ഉപന്യാസ പുരസ്‌കാരം) എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. കെ.ഇ.എൻ. കുഞ്ഞഹമ്മദ്, മ്യൂസ് മേരി ജോർജ്ജ്, ടി.പി. വേണുഗോപാലൻ, കെ.എസ്. സുനിൽ കുമാർ എന്നിവർ സംസാരിച്ചു.