സംസ്കാരം- അധികാരവും പ്രതിരോധവും
2022 ഏപ്രിൽ 29
ബഷീർവേദി (പൂരം പുസ്തകോത്സവവും സാംസ്കാരികസമ്മേളനവും)

നാനാത്വത്തെ നിഷേധിച്ചും നിരോധിച്ചും ഏകത്വമെന്ന ആശയം സ്ഥാപിക്കാൻ ശ്രമിക്കുന്ന വർത്തമാനകാല ഇന്ത്യയിൽ നാനാത്വത്തിൽ ഏകത്വമെന്ന ആശയം കാലഹരണപ്പെട്ടുവെന്ന് പ്രൊഫ. എം.എം. നാരായണൻ പറഞ്ഞു. കേരള സാഹിത്യ അക്കാദമി പൂരം പുസ്തകോത്സവത്തോടനുബന്ധിച്ചുനടത്തിയ സാംസ്കാരികപ്രഭാഷണപരമ്പരയുടെ രണ്ടാം ദിവസം ‘സംസ്കാരം- അധികാരവും പ്രതിരോധവും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈവിദ്ധ്യങ്ങളുടെ ഉച്ചാടനമല്ല, ഉദ്ഗ്രഥനമാണ് പുതിയകാലം ആവശ്യപ്പെടുന്നത്. അവ പരസ്പരപൂരകമാകണം. ഈ സമന്വയം ഭരണപരമായ ഉത്തരവുകളിലൂടെ നടപ്പാക്കാനാവില്ല. ഇന്ത്യയുടെ അനന്തമായ സാംസ്കാരികവൈവിദ്ധ്യത്തെ ഒരു സമരസഖ്യമാക്കി മാറ്റുകയും അതിലൂടെ അധികാരശാസനകളെ പ്രതിരോധിക്കുകയുമാണു വേണ്ടത്- പ്രൊഫ. എം.എം. നാരായണൻ ചൂണ്ടിക്കാട്ടി.
അനുരഞ്ജനത്തിന്റെ ഉപാധിയായി നിലനിന്നിരുന്ന സംസ്കാരം, മനുഷ്യനെ പാരസ്പര്യത്തിന്റെ ഒരു തുംഗവിതാനത്തിലേക്ക് ഉയർത്തുകയാണു ചെയ്തത്. മനുഷ്യർക്കിടയിലെ സംഘർഷങ്ങൾക്ക് താത്കാലികവും ആത്മീയവുമായ പരിഹാരം നൽകാനും സംസ്കാരത്തിനു സാധിച്ചിരുന്നു. എന്നാൽ ഇന്ന് സംസ്കാരം പരിഹാരത്തിന്റെ ഭാഗമല്ല, പ്രശ്നത്തിന്റെ ഭാഗമാണ്. രാഷ്ട്രീയം സംസ്കാരത്തിന്റെ ആവരണമണിയുകയാണ്. സംസ്കാരത്തിൽ വംശീയത കലരുകയും അത് ഒഴുക്കറ്റ അഴുക്കുചാലായി മാറുകയും ചെയ്യുന്നു- അദ്ദേഹം പറഞ്ഞു.
സാമൂഹ്യമാറ്റങ്ങൾക്ക് സാംസ്കാരികാന്തരീക്ഷം ഉൽപ്രേരകമായി പ്രവർത്തിച്ചിട്ടുണ്ടെന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച എ.സി. മൊയ്തീൻ എം.എൽ.എ. പറഞ്ഞു. സംസ്കാരത്തെ പുനർനിർവ്വചിച്ച് അധികാരത്തിന്റെ താത്പര്യം സംരക്ഷിക്കാനുള്ള ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ട്. നന്മയിലേക്ക് സഞ്ചരിക്കണമെങ്കിൽ, അതനുസരിച്ചുള്ള സാംസ്കാരികാന്തരീക്ഷം സൃഷ്ടിക്കാൻ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മങ്ങാട് ബാലചന്ദ്രൻ സ്വാഗതവും കെ.എച്ച്. ഹാജു നന്ദിയും പറഞ്ഞു.
മാർക്സിസവും മൂലധനവും
2017 നവംബർ 18, 19, 20
അക്കാദമി ഓഡിറ്റോറിയം
മനുഷ്യന്റെ ദൈനംദിനജീവിതത്തെ സമഗ്രമായും ശാസ്ത്രീയമായും വിശകലനംചെയ്ത കാൾ മാർക്സിന്റെ മൂലധനത്തെ പുതുകാലത്ത് പുനർവായനയ്ക്കു വിധേയമാക്കുകയായിരുന്നു ‘മാർക്സിസവും മൂലധനവും’ എന്ന ത്രിദിനപ്രഭാഷണപരമ്പര. അക്കാദമി പ്രസിഡന്റ് വൈശാഖൻ പ്രഭാഷണപരമ്പരയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സെക്രട്ടറി ഡോ. കെ.പി. മോഹനൻ അദ്ധ്യക്ഷനായിരുന്നു. അക്കാദമി ജനറൽ കൗൺസിലംഗം കൂടിയായ ഡോ. സുനിൽ പി. ഇളയിടം ‘മൂലധനം: രചന, സ്വരൂപം, രീതിശാസ്ത്രം’, ‘മൂലധനത്തിലെ മുതലാളിത്തവിമർശനം’, ‘മൂലധനത്തിന്റെ തുടർജീവിതം’ എന്നീ വിഷയങ്ങളിൽ മൂന്നു ദിവസങ്ങളിലായി പ്രഭാഷണം നടത്തി.
എറിക് ഹോബ്സ്ബോം ജന്മശതാബ്ദി പ്രഭാഷണപരമ്പര
2017 ഓഗസ്റ്റ് 12, 19, സെപ്റ്റംബർ 11, ഒക്ടോബർ 12, 14
തിരുവനന്തപുരം, തൃശ്ശൂർ, കണ്ണൂർ, പാലക്കാട്, കോഴിക്കോട്

കേരള സാഹിത്യ അക്കാദമിയും ജനപങ്കാളിത്ത വെബ് പോർട്ടലായ ജനാവിഷ്കാരയും സംയുക്തമായി എറിക് ഹോബ്സ്ബോം ജന്മശതാബ്ദി വർഷത്തോടനുബന്ധിച്ചു പ്രഭാഷണപഞ്ചകം സംഘടിപ്പിച്ചു. 2017 ഓഗസ്റ്റ് 12, 19, സെപ്തംബർ 11, ഒക്ടോബർ 12, 14 തീയതികളിൽ തിരുവനന്തപുരം, തൃശ്ശൂർ, കണ്ണൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽവച്ചായിരുന്നു പ്രഭാഷണപരമ്പര സംഘടിപ്പിച്ചത്. ഇന്ത്യയിൽ പുരോഗമനപ്രസ്ഥാനം ഉദയംകൊണ്ടതിന്റെ 80 വർഷങ്ങൾകൂടി അടയാളപ്പെടുത്തുന്ന പരിപാടി തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളിൽ കേരള സർവ്വകലാശാലാ മുൻ വൈസ് ചാൻസലർ ഡോ. ജി. ബാലമോഹൻ തമ്പി ഉദ്ഘാടനം ചെയ്തു. പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഡോ. സിദ്ധാർത്ഥ് വരദരാജൻ ആദ്യ പ്രഭാഷണം നിർവ്വഹിച്ചു. ‘ആഗോളവലതു പക്ഷത്തിന്റെ വളർച്ച, പ്രതിരോധങ്ങൾ- ഇന്ത്യയിലെ സവിശേഷസാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ’ എന്നതായിരുന്നു വിഷയം.
തൃശ്ശൂർ സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽവച്ചു നടന്ന രണ്ടാം പ്രഭാഷണം നയിച്ചത് പ്രശസ്ത കവിയും ശാസ്ത്രകാരനു മായ ഗൗഹർ റാസയായിരുന്നു. ‘സ്വത്വരാഷ്ട്രീയത്തിന്റെ വളർച്ചയും ഭരണഘടനാമൂല്യങ്ങളും’ എന്നതായിരുന്നു പ്രഭാഷണവിഷയം. സാഹിത്യ അക്കാദമി നിർവ്വാഹകസമിതിയംഗം പ്രൊഫ. എം.എം. നാരായണൻ ആമുഖപ്രഭാഷണം നടത്തി.
കണ്ണൂർ കൂത്തുപറമ്പ് ടൗൺഹാളിൽ വച്ചു നടന്ന മൂന്നാം പ്രഭാഷണം ‘മാർക്സിസം, ദേശീയത, ഇന്ത്യൻ രാഷ്ട്രീയം’ എന്ന വിഷയത്തിൽ ഗ്രന്ഥകാരിയും സാമൂഹ്യപ്രവർത്തകയുമായ അർച്ചന പ്രസാദിന്റേതായിരുന്നു. അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ ആമുഖപ്രഭാഷണം നടത്തി. നാലാമത്തെ പ്രഭാഷണം പാലക്കാട് ജില്ലാ ലൈബ്രറി ഹാളിൽവച്ച് ‘ഹോബ്സ്ബോമിനെ ഇന്നു വായിക്കുമ്പോൾ- സാമ്പത്തികാസമത്വം, സാംസ്കാരികാസഹിഷ്ണുത’ എന്ന വിഷയത്തിൽ ഡോ. എം.വി. നാരായണൻ നിർവ്വഹിച്ചു. ഡോ. കെ.പി. മോഹനൻ ആമുഖമായി സംസാരിച്ചു. അവസാനത്തെ പ്രഭാഷണം കോഴിക്കോട് പുരോഗമനകലാസാഹിത്യസംഘവുമായി സഹകരിച്ച് കെ.പി. കേശവമേനോൻ ഹാളിലാണ് സംഘടിപ്പിച്ചത്. ‘വിയോജിപ്പിന്റെ പുതിയ ഭാഷയ്ക്കായി’എന്ന വിഷയത്തിലെ പ്രഭാഷണം മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ പ്രൊഫ. ജ്യോതിർമയ ശർമ്മ നിർവ്വഹിച്ചു. അക്കാദമി നിർവ്വാഹകസമിതിയംഗം കെ.ഇ.എൻ. ആമുഖഭാഷണം നടത്തി.
സുകുമാർ അഴീക്കോട് സ്മാരകപ്രഭാഷണം
2018 ജൂൺ 4, 5, 6/ 2020 ഫെബ്രുവരി 4, 5
സാഹിത്യ അക്കാദമി ഓഡിറ്റോറിയം

മാർക്സിസം എന്തുകൊണ്ട് ഇന്നും ശരിയാണ്’, ‘ഗാന്ധിയും വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയവും’, ‘അംബേദ്കറും മാർക്സും’ എന്നീ വിഷയങ്ങളിൽ 2018 ജൂൺ 4, 5, 6 തീയതികളിൽ ബി. രാജീവൻ പ്രഭാഷണം നടത്തി.
ഗാന്ധിഘാതകർ വാഴ്ത്തപ്പെടുന്ന പുതിയ കാലത്ത് ഗാന്ധി എന്ന ആശയത്തിന്റെ പ്രസക്തിയും വ്യാപ്തിയും വിമർശനാത്മകമായി അവലോകനം ചെയ്യുന്നതായിരുന്നു സാഹിത്യ അക്കാദമിയുടെ ബഷീർവേദിയിൽ 2020 ഫെബ്രുവരി 4, 5 ദിവസങ്ങളിൽ എം.എൻ. കാരശ്ശേരി നടത്തിയ ‘ഗാന്ധിയും കാലവും’ എന്ന സുകുമാർ അഴീക്കോട് സ്മാരകപ്രഭാഷണം. ഗാന്ധിയുടെ മതം രാഷ്ട്രസേവനമായിരുന്നു. ചർക്കയും ഉപ്പും പോലുള്ള തികഞ്ഞ മതേതര ചിഹ്നങ്ങളിലൂടെയാണ് ഇന്ത്യൻ ജനതയെ അദ്ദേഹം ഒന്നിപ്പിച്ചത്. പുതിയ കാലത്ത് ഗാന്ധി നേരിടുന്ന പല എതിർപ്പുകളും അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ ശരിയായി മനസ്സിലാക്കാത്തതുകാരണം ഉണ്ടാകുന്നതാണെന്ന് കാരശ്ശേരി ചൂണ്ടിക്കാട്ടി. സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ പ്രഭാഷണപരമ്പര ഉദ്ഘാടനം ചെയ്തു. ഒന്നാംദിവസം
ഡോ. പി.വി. കൃഷ്ണൻനായരും രണ്ടാംദിവസം സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനനും അദ്ധ്യക്ഷരായിരുന്നു.
എഴുത്തും മനുഷ്യാവകാശവും-പ്രഭാഷണം
2018 ഡിസംബർ 10
തൃശ്ശൂർ
ലോകമനുഷ്യാവകാശദിനത്തിൽ സാഹിത്യ അക്കാദമി സംഘടിപ്പിച്ച പ്രഭാഷണസായാഹ്നത്തിൽ ‘എഴുത്തും മനുഷ്യാവകാശവും’ എന്ന വിഷയത്തിൽ ബാലചന്ദ്രൻ ചുള്ളിക്കാട് പ്രഭാഷണം നടത്തി. അക്കാദമി പ്രസിഡന്റ് വൈശാഖൻ പ്രഭാഷണം ഉദ്ഘാടനം ചെയ്തു. ടി.ഡി. രാമകൃഷ്ണൻ അദ്ധ്യക്ഷതവഹിച്ചു. അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ, പുഷ്പജൻ കനാരത്ത് എന്നിവർ സംസാരിച്ചു.