പൗരോഹിത്യപാഠങ്ങളുടെ പ്രതിലോമതയെ ചെറുക്കാൻ ഇതിഹാസങ്ങളുടെ പുനർവായന അനിവാര്യമാണെന്ന് സാഹിത്യകാരൻ പ്രഭാവർമ്മ. കേരള സാഹിത്യ അക്കാദമിയുടെ പൂരം പുസ്തകോത്സവത്തിന്റെ ഭാഗമായ സാംസ്കാരികസമ്മേളനത്തിൽ ‘ഇതിഹാസങ്ങളും സമകാലീന മലയാളസാഹിത്യവും’ എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇതിഹാസങ്ങളെ ശ്രദ്ധാപൂർവ്വം വായിക്കാനും അവയെ ആസ്പദമാക്കിയുള്ള എതിർപാഠങ്ങളെ അപഗ്രഥിക്കാനും പുരോഗമനകാരികൾപോലും മടിക്കുകയാണ്. ഇത് വർഗ്ഗീയഫാസിസത്തിന്റെ കടന്നാക്രമണത്തിന് കളമൊരുക്കുന്നു. കവിതകളിലും നോവലുകളിലും നാടകങ്ങളിലും തുടങ്ങി ചിത്രകലയിൽവരെ രാമായണവും മഹാഭാരതവും പോലെയുള്ള ഇതിഹാസങ്ങളുടെ തീവ്രമായ സ്വാധീനമുണ്ടെന്ന വസ്തുത വിസ്മരിക്കരുത്- പ്രഭാവർമ്മ പറഞ്ഞു.
അളന്നെടുക്കാനാവാത്ത മഹാസാഗരമാണ് ഇതിഹാസകൃതികൾ. വിദേശഭാഷകളിലെ ഇതിഹാസകൃതികളിലെ കഥാപാത്രങ്ങൾ അതതുകാലത്തിന്റെ സാഹചര്യങ്ങളിൽ മാത്രം നിലനിൽക്കുമ്പോൾ ഭാരതീയേതിഹാസങ്ങൾ കാലാതിവർത്തിയാണ്. ലോകത്ത് ഗുണവാനും വിദ്യവാനുമായ ഒരാളുണ്ടോ എന്ന ചോദ്യത്തിലാണ് വാത്മീകി, ശ്രീരാമനെ രൂപപ്പെടുത്തുന്നത്. ആനന്ദ് നീലകണ്ഠൻ മുതൽ അമിത് മജുംദാർ വരെയുള്ള ആധുനിക എഴുത്തുകാരുടെ കടന്നുവരവ് പ്രസക്തമാണെങ്കിലും, ആധുനിക സാമൂഹിക സാഹചര്യത്തിനു വിധേയമായി ഇതിഹാസങ്ങളെ തൊടാൻ അവർ ഭയക്കുന്നു. ഭീഷണമായ സമകാലിക സാഹചര്യത്തിന്റെ സമ്മർദ്ദം മൂലം ദുരന്തത്തിലേയ്ക്ക് തങ്ങളെ വലിച്ചെറിഞ്ഞുകൊണ്ട് എഴുതാൻ അവർ ആഗ്രഹിക്കുന്നില്ലെന്നതാണ് വസ്തുതയെന്നും പ്രഭാവർമ്മ ചൂണ്ടിക്കാട്ടി. ഇ.പി. രാജഗോപാലൻ അദ്ധ്യക്ഷനായിരുന്നു. ഈ.ഡി. ഡേവീസ്, മനീഷ പാങ്ങിൽ എന്നിവർ സംസാരിച്ചു.