പൂരം പുസ്തകോത്സവത്തിന് തുടക്കം

തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന പൂരം പുസ്തകോത്സവം ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതിവകുപ്പുമന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ദൃശ്യതയുടെ ഉത്സവകാലത്ത് മനുഷ്യമനസ്സുകൾ തമ്മിലുള്ള വിടവ് വർധിച്ചു വരികയാണെന്നും സഹൃദയത്വത്തിന്റെ ശക്തമായ ചരടുകൊണ്ട് മനുഷ്യമനസ്സുകളെ ബന്ധിപ്പിക്കാൻ സാസ്‌കാരികപ്രവർത്തനങ്ങൾ ശക്തമാകണമെന്നും പുസ്തകോത്സവവും സാംസ്കാരികസമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കവേ അവർ പറഞ്ഞു.

ആന്തരികമായ പാരസ്പര്യത്തിൽ വിള്ളൽ വീഴുകയും വിഭാഗീയത കൂടുതൽ പ്രകടമാവുകയും ചെയ്യുന്ന ഇക്കാലത്ത് സംസ്കാരത്തേക്കുറിച്ചുള്ള അന്വേഷണങ്ങളും ഗവേഷണങ്ങളും ഏറെ പ്രാധാന്യമുള്ളതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കലുഷിതമായ കാലത്ത് തലയുയർത്തി നിൽക്കാൻ പുസ്തകം മനുഷ്യനെ സഹായിക്കുമെന്നും അവർ പറഞ്ഞു.

പൂരത്തെ ജനകീയ ഇടപെടലിലൂടെ ഒരു സാംസ്കാരിക ഉത്സവമാക്കണമെന്ന് അധ്യക്ഷത വഹിച്ച പി. ബാലചന്ദ്രൻ എം എൽ എ പറഞ്ഞു. കൊച്ചിൻ ദേവസ്വം ബോർഡ്‌ വി. നന്ദകുമാർ ആദ്യ വില്പന സ്വീകരിച്ചു. സാഹിത്യ അക്കാദമി സെക്രട്ടറി സി. പി. അബൂബക്കർ, ടി.ഡി. രാമകൃഷ്ണൻ, വി.കെ. വിജയൻ, കെ. എസ്. സുനിൽകുമാർ എന്നിവർ സംസാരിച്ചു.