സുകുമാര്‍ അഴീക്കോടിനെ അനുസ്മരിച്ചു
2022 ജനുവരി 24

കേരളത്തിന്റെ സാംസ്കാരികമനസ്സാക്ഷിയായി നിറഞ്ഞുനിൽക്കുകയും സാമൂഹ്യപ്രശ്നങ്ങളോട് നിരന്തരമായി പ്രതികരിക്കുകയും ചെയ്ത ഡോ. സുകുമാർ അഴീക്കോടിന്റെ എരവിമംഗലത്തുള്ള സ്മാരകമന്ദിരത്തിൽ നവീകരണപ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞുവെന്നും ഒരു വർഷത്തിനകം പണികൾ പൂർത്തിയാക്കി നവീകരിച്ച മന്ദിരം നാടിനു സമർപ്പിക്കുമെന്നും റവന്യൂ വകുപ്പുമന്ത്രി കെ. രാജൻ പറഞ്ഞു. അഴീക്കോട് സ്മാരകമന്ദിരത്തിൽ കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച അഴീക്കോടിന്റെ പത്താം ചരമവാർഷികദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വരുംതലമുറകൾക്ക് ഒരു പാഠപുസ്തകംപോലെ പ്രയോജനപ്പെടുത്താവുന്നവിധത്തിൽ സ്മാരകത്തെ കാലോചിതമായി പുതുക്കിപ്പണിയും. അഴീക്കോടിന്റെ ഓർമ്മകൾ തുടിച്ചുനിൽക്കുന്ന സ്മാരകവസ്തുക്കളും പുസ്തകങ്ങളും സംരക്ഷിക്കും. അഴീക്കോടിന്റെ പ്രഭാഷണങ്ങൾ കേൾക്കാനും കാണാനുമുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തും. പുഴയോരത്തുള്ള സ്മാരകഭൂമികയിൽ ഓഡിറ്റോറിയവും ലൈബ്രറിയും മ്യൂസിയവും ഒരുക്കും. ഇതിനുവേണ്ടി 50 ലക്ഷം രൂപ സംസ്ഥാനസർക്കാർ കേരള സാഹിത്യ അക്കാദമിക്കു കൈമാറിക്കഴിഞ്ഞു. തുടർന്ന് ആവശ്യമെങ്കിൽ എം.എൽ.എ. ഫണ്ടിൽനിന്നുമുള്ള തുക നീക്കിവയ്ക്കുമെന്നും മന്ത്രി പറഞ്ഞു.
അഴീക്കോട് നിർഭയനായി അനീതിക്കെതിരേ പൊരുതിയ പോരാളിയായിരുന്നുവെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ പറഞ്ഞു. സമൂഹത്തിൽ പ്രതിസന്ധികളുണ്ടാകുമ്പോഴൊക്കെ അഴീക്കോടിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നെങ്കിലെന്ന് മലയാളികൾ ഇപ്പോഴും ആഗ്രഹിച്ചുപോരുന്നു. തെറ്റുകൾക്കെതിരേ കലഹിക്കാൻ മടിച്ചുനിൽക്കാഞ്ഞ ആ മഹാപ്രതിഭയ്ക്ക് പകരംവയ്ക്കാൻ മറ്റൊരാളില്ലെന്നും വൈശാഖൻ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് അംഗം കെ.വി. സജു, നടത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. രജിത്, ജയൻ കെ.ജെ., എം. പീതാംബരൻ തുടങ്ങിയവർ സംസാരിച്ചു. സാഹിത്യ അക്കാദമി പ്രോഗ്രാം കോ-ഓർഡിനേറ്റർ കെ.എസ്. സുനിൽകുമാർ സ്വാഗതവും അക്കാദമി പബ്ലിക്കേഷൻ ഓഫീസർ ഈ.ഡി. ഡേവീസ് നന്ദിയും പറഞ്ഞു. രാവിലെ അഴീക്കോടിന്റെ ഛായാചിത്രത്തിനു മുന്നിൽ ദീപോജ്ജ്വലനവും പുഷ്പാർച്ചനയും നടന്നു.
അതിരാണിപ്പാടം@50: ഒരു ദേശത്തിന്റെ കഥയുടെ 50 വർഷങ്ങൾ
2022 ജനുവരി 16

കേരള സാഹിത്യ അക്കാദമിയും എസ്.കെ. പൊറ്റെക്കാട്ട് കൾച്ചറൽ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ഒരു ദേശത്തിന്റെ കഥയുടെ അമ്പതാം വാർഷികം ‘അതിരാണിപ്പാടം@50’ സാംസ്‌കാരികവകുപ്പുമന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ അദ്ധ്യക്ഷനായി. മന്ത്രി അഹമ്മദ് ദേവർകോവിൽ, മേയർ ഡോ. ബീന ഫിലിപ്പ്, കല്പറ്റ നാരായണൻ, ഡോ. ഖദീജാ മുംതാസ്, പി.എം. സുരേഷ് ബാബു, പുരുഷൻ കടലുണ്ടി, പി.എം.വി. പണിക്കർ, സി.വി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ സ്വാഗതവും ഇ. ജയരാജൻ നന്ദിയും പറഞ്ഞു. അനുബന്ധപരിപാടികളും സെമിനാറുകളും കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ റദ്ദാക്കി.
യു.എ. ഖാദറിന്റെ സ്മരണയുണർത്തി ‘ഖാദർ പെരുമ’ കോഴിക്കോട്ട്
2021 ഡിസംബര്‍ 12


ദേശികസംസ്കൃതിയുടെ മൊഴിച്ചന്തവും പച്ചപ്പും കൃതികളിലൂടെ പകർത്തിയെടുത്ത യു.എ. ഖാദറിന്റെ ഒന്നാം ചരമവാർഷികത്തിൽ കേരള സാഹിത്യ അക്കാദമിയും യു.എ. ഖാദർ അനുസ്മരണസമിതിയും സംയുക്തമായി കോഴിക്കോട്ട് സംഘടിപ്പിച്ച ഖാദർ പെരുമ ശ്രദ്ധേയമായി. ടൗൺ ഹാളിൽ നടന്ന ചടങ്ങ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ബർമ്മക്കാരനായി ജനിച്ചുവെങ്കിലും ജന്മനാടിനേക്കാൾ കൂടുതൽ മലയാളത്തെ സ്നേഹിച്ച പ്രതിഭയായിരുന്നു ഖാദറെന്ന് അദ്ദേഹം അനുസ്മരിച്ചു.
സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും അടിവേരും അടിത്തട്ടും തേടിയുള്ള യാത്രയായിരുന്നു ഖാദറിന്റേതെന്ന് കഥാകൃത്ത് വി.ആർ. സുധീഷ് അനുസ്മരിച്ചു. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുവേണ്ടി ഖാദറിന്റെ കഥാപാത്രങ്ങൾ എന്ന വിഷയത്തിൽ നടത്തിയ ചിത്രരചനാ മത്സരത്തോടെയായിരുന്നു അനുസ്മരണ പരിപാടികൾക്കു തുടക്കമായത്. കോഴിക്കോട് മേയർ ബീനാ ഫിലിപ്പ് ഖാദറിന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തു. യു.എ. ഖാദറിന്റെ പുസ്തകങ്ങളും അദ്ദേഹത്തിനു ലഭിച്ച പുരസ്കാരങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രദർശനവും സംഘടിപ്പിച്ചിരുന്നു.
ചിത്രരചനാ മത്സരവിജയികൾക്ക് എം.കെ. മുനീർ എം.എൽ.എ. പുരസ്കാരങ്ങൾ സമ്മാനിച്ചു. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ഡോ. ഖദീജാ മുംതാസ് അദ്ധ്യക്ഷയായിരുന്നു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ., പുരുഷൻ കടലുണ്ടി, ജമാൽ കൊച്ചങ്ങാടി എന്നിവർ പങ്കെടുത്തു. എൻ.ഇ. ഹരികുമാർ സംവിധാനം ചെയ്ത ഉറഞ്ഞാടുന്ന ദേശങ്ങൾ എന്ന ഡോക്യുമെന്ററിയും ഒന്നാം ദിവസം പ്രദർശിപ്പിച്ചു.
ഭാഷയിലെ വേറിട്ട വഴികൾ എന്ന സെമിനാർ സെഷനിൽ പി.കെ. പോക്കർ മോഡറേറ്ററായിരുന്നു. ഇ.പി. രാജഗോപാലൻ മുഖ്യപ്രഭാഷണം നടത്തി. സജയ് കെ.വി., റീജ വി. എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ജന്മബന്ധത്തിന്റെ ചങ്ങലകൾ എന്ന സെമിനാറിൽ എൻ.പി. ഹാഫിസ് മുഹമ്മദ് മോഡറേറ്ററായിരുന്നു. കെ.ഇ.എൻ. മുഖ്യപ്രഭാഷണം നടത്തി. ഐസക് ഈപ്പൻ, സുനീത ടി.വി., എം.സി. അബ്ദുൾ നാസർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. രാേജന്ദ്രൻ എടത്തുംകര മോഡറേറ്ററായ ദേശം, ദേശീയത, പ്രാദേശികത എന്ന സെമിനാറിൽ ഡോ. കെ.പി. മോഹനൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. കെ.എം. ഭരതൻ, ഡോ. കെ.എം. അനിൽ, ഷാഹിന റഫീഖ് എന്നിവർ പ്രബന്ധാവതരണം നടത്തി.
സമാപനസമ്മേളനം സി.പി.ഐ.എം. പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഉദ്ഘാടനം ചെയ്തു. ടി. പത്മനാഭൻ മുഖ്യാതിഥിയായിരുന്നു. ആർ.കെ. നാരായണിന്റെ മാൽഗുഡിക്കു സമാനമായിരുന്നു ഖാദറിന്റെ തൃക്കോട്ടൂർ കഥാലോകമെന്ന് ടി. പത്മനാഭൻ നിരീക്ഷിച്ചു. ചിത്രകല പോലെ മറ്റു മേഖലകളിലേക്കും പ്രതിഭയുടെ പ്രസരം പടർത്താൻ ഖാദറിന് കഴിഞ്ഞിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അക്കാദമി പ്രസിഡന്റ് വൈശാഖൻ അദ്ധ്യക്ഷനായിരുന്നു. യു.എ. ഖാദറിന്റെ ഗന്ധമാപിനി, ഇരുൾ പാരിതോഷികം എന്നീ ഗ്രന്ഥങ്ങൾ ഐസക് ഈപ്പനു നൽകി പി.കെ. പാറക്കടവ് പ്രകാശനം ചെയ്തു. മനുഷ്യാനന്തരകാലത്തെ പൗരത്വം എന്ന വിഷയത്തിൽ ഡോ. ടി.ടി. ശ്രീകുമാർ സ്മാരകപ്രഭാഷണം നടത്തി. അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ, സുഭാഷ് ചന്ദ്രൻ, പി.കെ. പാറക്കടവ് എന്നിവരും സംസാരിച്ചു.
രാമവർമ്മ അപ്പൻ തമ്പുരാൻ ദിനാചരണം


കേരളീയകലകളുടെയും സംസ്കൃതിയുടെയും പരിപോഷണത്തിനായി അക്ഷീണം പ്രയത്നിച്ച അപ്പൻ തമ്പുരാന്റെ ചരമവാർഷികദിനമായ നവംബർ 19-ന് തൃശ്ശൂർ അയ്യന്തോളുള്ള അപ്പൻ തമ്പുരാൻ സ്മാരകത്തിൽ പുഷ്പാർച്ചനയും അനുസ്മരണപ്രഭാഷണവുമുൾപ്പെടെയുള്ള അനുസ്മരണപരിപാടികൾ എല്ലാ വർഷവും നടത്തിവരുന്നു.
വൈലോപ്പിള്ളി സ്മരണ
2016 ഡിസംബർ 22
അക്കാദമി ഓഡിറ്റോറിയം

കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി അനുസ്മരണ സമിതിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ‘വൈലോപ്പിള്ളി സ്മരണ’ അക്കാദമി പ്രസിഡന്റ് വൈശാഖൻ ഉദ്ഘാടനം ചെയ്തു. ഡോ. എസ്.കെ. വസന്തൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. എം.ആർ. ചന്ദ്രശേഖരൻ അനുസ്മരണപ്രഭാഷണം നടത്തി. ടി.കെ. അച്യുതൻ വൈലോപ്പിള്ളി സ്മാരകപുരസ്കാരം സുഷമബിന്ദുവിന് സമ്മാനിച്ചു. പി.പി.കെ. പൊതുവാൾ സമ്മാനാർഹമായ കൃതി പരിചയപ്പെടുത്തി.
വൈലോപ്പിള്ളിയുടെ അസമാഹൃതരചനകൾ എന്ന പുസ്തകം അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ ഡോ. ടി. ശ്രീകുമാറിനു നൽകി പ്രകാശനം ചെയ്തു. കടാങ്കോട് പ്രഭാകരൻ പുസ്തകപരിചയം നടത്തി. എ.വി. ശ്രീകുമാർ ആശംസാപ്രസംഗവും സുനിൽ പി. ഇളയിടം ‘കുടിയൊഴിക്കലിലെ കാവ്യദർശനം’ എന്ന വിഷയത്തിൽ പ്രഭാഷണവും നടത്തി. അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ സ്വാഗതവും സി. ഉണ്ണിക്കൃഷ്ണൻ നന്ദിയും പറഞ്ഞു.
ഡോ.സുകുമാർ അഴീക്കോട് അനുസ്മരണം
2017 ജനുവരി 24
എരവിമംഗലം

അഴീക്കോടിന്റെ അഞ്ചാം ചരമവാർഷികദിനത്തിൽ ഡോ. സുകുമാർ അഴീക്കോട് ഫൗണ്ടേഷന്റെ സഹകരണത്തോടെ സാഹിത്യ അക്കാദമി എരവിമംഗലത്ത് അഴീക്കോട് സ്മാരകത്തിൽ സംഘടിപ്പിച്ച സ്മരണാഞ്ജലിയിൽ അബ്ദുസ്സമദ് സമദാനി മുഖ്യപ്രഭാഷണം നടത്തി. അക്കാദമി പ്രസിഡന്റ് വൈശാഖൻ അദ്ധ്യക്ഷനായിരുന്നു. സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ, നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.ആർ. രഞ്ജിത്ത്, ജയരാജ് വാര്യർ, ഉഷ ഉണ്ണിക്കൃഷ്ണൻ, എൻ.രാജഗോപാലൻ, പി.ഐ. സുരേഷ്ബാബു തുടങ്ങിയവർ സംസാരിച്ചു. പാർവ്വതി പവനൻ, ഡോ. എൻ.ആർ. ഗ്രാമപ്രകാശ്, ടി.വി. ചന്ദ്രമോഹൻ, വിജേഷ് എടക്കുന്നി, എൻ. രാജൻ, ഷീബാ അമീർ, എ. സേതുമാധവൻ, ഷാജു പുതൂർ തുടങ്ങിയവർ പുഷ്പാർച്ചനയിൽ പങ്കെടുത്തു.
വി.കെ.എൻ.അനുസ്മരണം
2017 ജനുവരി 25
തിരുവില്വാമല
തിരുവില്വാമല ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ കേരള സാഹിത്യ അക്കാദമി വി.കെ.എൻ.സ്മാരകത്തിൽ സംഘടിപ്പിച്ച വി.കെ.എൻ. അനുസ്മരണസമ്മേളനത്തിൽ എൻ.എസ്. മാധവൻ സ്മാരകപ്രഭാഷണം നടത്തി. പ്രൊഫ. വി. സുകുമാരൻ അനുസ്മരണപരിപാടി ഉദ്ഘാടനം ചെയ്തു. തിരുവില്വാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ. മണി അദ്ധ്യക്ഷതവഹിച്ചു. സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ, പി.എ. ദിവാകരൻ, വി.കെ.കെ. രമേഷ്, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പത്മകുമാർ, തിരുവില്വാമല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.ആർ. സത്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ. കുമാരൻ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഉമാശങ്കർ, വി.കെ.എൻ. സ്മാരകസമിതി അംഗം എൻ. രാംകുമാർ, വെങ്കിച്ചൻസ്വാമി സ്മാരകം പ്രസിഡന്റ് കണ്ണൻനായർ, അപ്പുക്കുട്ടിപ്പൊതുവാൾ സ്മാരകം പ്രസിഡന്റ് ഗോപി എൻ. പൊതുവാൾ, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.ആർ. മനോജ് കുമാർ എന്നിവർ സംസാരിച്ചു. രാവിലെ നടന്ന പുഷ്പാർച്ചനയിൽ വി.കെ.എൻ-ന്റെ പത്നി വേദവതിയമ്മ, ടി.ആർ. അജയൻ, ഡോ. എൻ.ആർ. ഗ്രാമപ്രകാശ്, എൻ.പി. വിജയകൃഷ്ണൻ തുടങ്ങിയവരും വി.കെ.എൻ-ന്റെ കുടുംബാംഗങ്ങളും ജനപ്രതിനിധികളും സാഹിത്യ അക്കാദമി പ്രതിനിധികളും പങ്കെടുത്തു.
ഒ.എൻ.വി.സ്മൃതി
2017 ഫെബ്രുവരി 14, 15
ചവറ
വികാസ് കലാസാംസ്കാരികസമിതിയുടെ സഹകരണത്തോടെ കേരള സാഹിത്യ അക്കാദമി, ചവറ വികാസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഒ.എൻ.വി.സ്മൃതിസമ്മേളനം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ചവറ കെ.എസ്. പിള്ള അദ്ധ്യക്ഷതവഹിച്ചു. ‘എഴുത്തുകാരന്റെ ആത്മഭാവം ഉജ്ജയിനിയിൽ’ എന്ന വിഷയത്തിൽ സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ പ്രബന്ധം അവതരിപ്പിച്ചു. രാവിലെ ഒ.എൻ.വി.യുടെ ജന്മഗൃഹമായ നമ്പ്യാടിക്കൽ വീട്ടിൽ നടന്ന പുഷ്പാർച്ചനയിൽ ചവറ കെ.എസ്. പിള്ള, ആർ. ബാബുപിള്ള, സി. രാജു, സാഹിത്യ അക്കാദമി അംഗങ്ങളായ ഡോ. സി. ഉണ്ണിക്കൃഷ്ണൻ, മങ്ങാട് ബാലചന്ദ്രൻ എന്നിവരും വികാസ് വനിതാവേദി അംഗങ്ങളും പങ്കെടുത്തു. സെമിനാറിന്റെ സമാപനസമ്മേളനം സാഹിത്യ അക്കാദമി നിർവ്വാഹകസമിതി അംഗം പ്രൊഫ. വി.എൻ. മുരളി ഉദ്ഘാടനം ചെയ്തു. അക്കാദമി അംഗം മങ്ങാട് ബാലചന്ദ്രൻ മോഡറേറ്ററായിരുന്നു. ഡോ. എം.എ. സിദ്ധിഖ് (ബാല്യം: ഒ.എൻ.വി.കവിതയിൽ), ഡോ. സി. ഉണ്ണിക്കൃഷ്ണൻ (ഒ.എൻ.വി.കവിതയിലെ പൗരാണികദർശനം), ഡോ. പി. സോമൻ (ഒ.എൻ.വി. കവിതയിലെ നവോത്ഥാനധാരകൾ) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
പുരോഗമനസാംസ്കാരികപ്രസ്ഥാനങ്ങളുടെ എൺപതാം വാർഷികത്തിന്റെ ഭാഗമായി കേരള സാഹിത്യ അക്കാദമിയും ഭാരത് ഭവനും പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷനും സംയുക്തമായി ഒ.എൻ.വി.സ്മൃതി-2018 ഡിസംബർ 23, 24 തീയതികളിൽ സംഘടിപ്പിച്ചു. സുഗതകുമാരി, സച്ചിദാനന്ദൻ, ഡോ. എസ്. രാജശേഖരൻ, ഡോ.കെ.പി. മോഹനൻ, പിരപ്പൻകോട് മുരളി, ഡോ. പി. സോമൻ, ഡോ. ജി.ബാലമോഹൻതമ്പി, എം.എ. ബേബി, ഏഴാച്ചേരി രാമചന്ദ്രൻ, സരോജിനി
ഓ.എൻ.വി. തുടങ്ങിയവർ പങ്കെടുത്തു.
കമലാസുറയ്യ അനുസ്മരണം
2018 മേയ് 31
പുന്നയൂർക്കുളം


പുന്നയൂർക്കുളത്തെ കമലാസുറയ്യ സാംസ്കാരികസമുച്ചയത്തിൽ സാഹിത്യ അക്കാദമി കമലാ സുറയ്യയുടെ സാഹിത്യസംഭാവനകളെക്കുറിച്ച് സംവാദം സംഘടിപ്പിച്ചു. എഴുത്തുകാരി എന്ന നിലയിൽ ലോകത്തിന്റെ ഏതു കോണിലെയും വേദനിക്കുന്നവരും ഒറ്റപ്പെടുന്നവരും സ്നേഹാഭിലാഷികളുമായ മനുഷ്യർ മാധവിക്കുട്ടിയുടെ രചനാലോകങ്ങളിൽ എങ്ങനെ പ്രത്യക്ഷപ്പെടുന്നു എന്ന കാര്യം വിശദമായ രീതിയിൽത്തന്നെ ചർച്ചചെയ്യപ്പെട്ടു. മുഖ്യധാരയിൽ പ്രത്യക്ഷപ്പെടുന്ന സ്ത്രീരചനാവാദങ്ങളിൽനിന്ന് മാധവിക്കുട്ടി എങ്ങനെ വേറിട്ടുനിന്നു എന്ന പ്രശ്നം ആലോചനകൾക്ക് വിധേയമായി. നിശകൾമാത്രം കൺമുന്നിലുള്ളവർക്ക് ഭയം എങ്ങനെ നിശാവസ്ത്രമായിത്തീരുന്നു എന്നതാണ് മാധവിക്കുട്ടി അന്വേഷിച്ച പ്രധാന വിഷയം. സൈദ്ധാന്തികലോകങ്ങളിൽനിന്നെല്ലാം അകലെ, പൊള്ളുന്ന മനുഷ്യരുടെ പ്രശ്നങ്ങൾ പ്രമേയമാക്കിയ ഒരെഴുത്തുകാരി എന്ന നിലയിൽ മാധവിക്കുട്ടി വിലയിരുത്തപ്പെട്ടു. ഡോ. ഖദീജാ മുംതാസ്, ടി.ഡി. രാമകൃഷ്ണൻ, അശോകൻ ചരുവിൽ, അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.
കോവിലൻ ഓർമ്മ
2018 ജൂൺ 1
വൈലോപ്പിള്ളി ഹാൾ, തൃശ്ശൂർ
കോവിലന്റെ ഏഴാം ചരമവാർഷികത്തിന്റെ ഭാഗമായി കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളിഹാളിൽ സംഘടിപ്പിച്ച കോവിലൻ അനുസ്മരണ പരിപാടിയിൽ ‘വിശപ്പിന്റെ സൗന്ദര്യശാസ്ത്രം’ എന്ന വിഷയത്തിൽ ഡോ. കെ.എം. അനിൽ സ്മാരകപ്രഭാഷണം നടത്തി. ചടങ്ങിൽ അക്കാദമി പ്രസിഡന്റ് വൈശാഖൻ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി ഡോ. കെ.പി. മോഹനൻ സ്വാഗതവും മാനേജർ പുഷ്പജൻ കനാരത്ത് നന്ദിയും പറഞ്ഞു.
പന്തളം കേരളവർമ്മ ചരമശതാബ്ദി
2018 ജൂൺ 10
പന്തളം
പന്തളം കേരളവർമ്മ സ്മാരകസമിതിയുമായി സഹകരിച്ച് കേരള സാഹിത്യ അക്കാദമി പന്തളം കേരളവർമ്മ ചരമശതാബ്ദി ജൂൺ 10-ന് ലയൺസ് ക്ലബ്ബ് ഹാളിൽ സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് നടന്ന ‘പന്തളം കേരളവർമ്മ-കവിയും കാലവും’ എന്ന സെമിനാറിൽ പി.ജി. ശശിവർമ്മ അദ്ധ്യക്ഷതവഹിച്ചു. ഡോ. എൻ.അജയകുമാർ, രവിവർമ്മത്തമ്പുരാൻ, ഡോ. എസ്.എസ്. ശ്രീകുമാർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ശതാബ്ദി സമ്മേളനം അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ അദ്ധ്യക്ഷതവഹിച്ചു. ബെന്യാമിൻ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. ടി.കെ.ജി. നായർ, സി. റഹിം, ജി. രഘുനാഥ് എന്നിവർ സംസാരിച്ചു. ഡോ. കെ.എസ്. രവികുമാർ സ്വാഗതവും കെ.സി. ഗിരീഷ്‌കുമാർ നന്ദിയും പറഞ്ഞു.
ഉറൂബ് അനുസ്മരണം
2018 ജൂലായ് 10
കോഴിക്കോട്
കേരള സാഹിത്യ അക്കാദമിയുടെയും ഉറൂബ് സാംസ്കാരിക സമിതിയുടെയും ആഭിമുഖ്യത്തിൽ നടന്ന ഉറൂബ് അനുസ്മരണം സാഹിത്യ അക്കാദമി വൈസ്‌പ്രസിഡന്റ് ഡോ. ഖദീജാ മുംതാസ് ഉദ്ഘാടനം ചെയ്തു. മാമുക്കോയ, എൻ. ശശിധരൻ, വി.ആർ. സുധീഷ്, ഇ. മാധവൻ, സുഭാഷ്ചന്ദ്രൻ,
ഡോ. കെ.പി. മോഹനൻ എന്നിവർ സംസാരിച്ചു. കെ.പി. വിജയകുമാർ സ്വാഗതവും ടി.പി. മമ്മു നന്ദിയും പറഞ്ഞു. തുടർന്ന് ഉറൂബിന്റെ ചലച്ചിത്രങ്ങളിൽനിന്നുള്ള ഗാനങ്ങൾ വി.ടി. മുരളിയും സംഘവും അവതരിപ്പിച്ചു. നീലക്കുയിൽ, ഉമ്മാച്ചു, കുരുക്ഷേത്രം, മിണ്ടാപ്പെണ്ണ്, അണിയറ, നായരുപിടിച്ച പുലിവാല് എന്നീ ചിത്രങ്ങളിലെ ഗാനങ്ങളാണ് അവതരിപ്പിച്ചത്.
പി. സ്മൃതി
2018 ഒക്ടോബർ 27, 28, 29
കാഞ്ഞങ്ങാട്


സാഹിത്യഅക്കാദമിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട്ടു നടന്ന ‘പി. സ്മൃതി’യിൽ അക്ഷരലോകത്തെ പ്രമുഖർ മഹാകവി പി. കുഞ്ഞിരാമൻ നായരുടെ കവിതകളെയും ജീവിതത്തെയും കുറിച്ചു സംവദിച്ചു. മൂന്നു ദിവസങ്ങളിൽ നടന്ന പരിപാടി ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. സാഹിത്യ അക്കാദമി വൈസ്‌പ്രസിഡന്റ് ഡോ. ഖദീജാ മുംതാസ് അദ്ധ്യക്ഷയായി. അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി രവീന്ദ്രൻ കൊടക്കാട്, അക്കാദമി നിർവ്വാഹകസമിതിയംഗം ഇ.പി. രാജഗോപാലൻ, പി.എൻ. ഗോപീകൃഷ്ണൻ, പി. മുരളീധരൻ എന്നിവർ പ്രസംഗിച്ചു. ബാവുൽ സംഗീതം, കവിതാലാപനം, പുള്ളുവൻപാട്ട് എന്നിവ നടന്നു. പി.യുടെ ഫോട്ടോകളുടെയും കത്തുകളുടെയും പ്രദർശനം സി.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പുനത്തിൽ കുഞ്ഞബ്ദുള്ളയ്ക്ക് ആദരാഞ്ജലികളർപ്പിച്ചാണ് പ്രദർശനം തുടങ്ങിയത്. അക്കാദമി അംഗം പി.വി.കെ. പനയാൽ അദ്ധ്യക്ഷനായി. ഇ.പി. രാജഗോപാലൻ, ഡോ. ഉണ്ണിക്കൃഷ്ണൻ, മുരളി, കെ.പി. സജീവൻ എന്നിവർ സംസാരിച്ചു.
സമാപനദിവസം നടന്ന അനുഭവാഖ്യാനത്തിൽ കവിയുടെ സന്തതസഹചാരിയും എഴുത്തുകാരനുമായ ഇയ്യങ്കോട് ശ്രീധരൻ വീഡിയോ കോൺഫെറൻസിലൂടെ സംസാരിച്ചു.ചരിത്രകാരൻ ഡോ. സി. ബാലൻ അനുഭവാഖ്യാനം ഉദ്ഘാടനം ചെയ്തു. കവിയുടെ മക്കളായ വി. ലീല, എം. രാധമ്മ, അടുത്തബന്ധുവായ രാധ ശിവകുമാർ, കുഞ്ഞിക്കണ്ണൻ കക്കാണത്ത്, കെ. ബാലകൃഷ്ണൻ നമ്പ്യാർ, പി. മുരളീധരൻ എന്നിവർ നേരിട്ടും എ.എം. ദാമോദരൻ നായർ, കെ.കെ. ഭരതൻ എന്നിവർ വീഡിയോ കോൺഫെറൻസിലൂടെയും സദസ്യരുമായി ഓർമ്മകൾ പങ്കുവെച്ചു. കെ. പ്രദീപ് ലാൽ, പി.കെ. നിശാന്ത് എന്നിവർ സംസാരിച്ചു. കാവ്യസമീക്ഷ ഡോ. അംബികാസുതൻ മാങ്ങാട് ഉദ്ഘാടനം ചെയ്തു. കെ.വി. മണികണ്ഠദാസ്, ഡോ. ആർ. രാജശ്രീ തുടങ്ങിയവർ സംസാരിച്ചു. വൈകീട്ട് നടന്ന സമാപനസമ്മേളനം എഴുത്തുകാരൻ വാസു ചോറോട് ഉദ്ഘാടനം ചെയ്തു. ഇ.പി. രാജഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. എം. മധുസൂദനൻ, കെ. പ്രസേനൻ എന്നിവർ സംസാരിച്ചു.
മുണ്ടശ്ശേരി അനുസ്മരണസമ്മേളനം
2018 ഒക്ടോബർ 27
കണ്ടശ്ശാംകടവ്
മുണ്ടശ്ശേരി: വിമർശനകലയിലെ ശില്പഗോപുരം’ എന്ന ശീർഷകത്തിൽ കണ്ടശ്ശാംകടവ് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഗവ. ഹയർ സെക്കന്‍ഡറി സ്കൂളിൽ ഒക്ടോബർ 27-ന് സാഹിത്യ അക്കാദമി അനുസ്മരണസമ്മേളനം സംഘടിപ്പിച്ചു. മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.
എൻ. രാധാകൃഷ്ണൻനായർ അദ്ധ്യക്ഷതവഹിച്ചു. മുരളി പെരുനെല്ലി എം.എൽ.എ. മുഖ്യാതിഥിയായി പങ്കെടുത്തു. അഡ്വ. വി.ഡി. പ്രേംപ്രസാദ് ആമുഖഭാഷണം നടത്തി. ‘മുണ്ടശ്ശേരിയുടെ നിരൂപണപദ്ധതിയും ദർശനവും’ എന്ന വിഷയത്തിൽ പ്രൊഫ. എം.എം. നാരായണൻ പ്രഭാഷണം നടത്തി. വി.എൻ. സുർജിത്ത്, ടി.വി. വിശ്വംഭരൻ എന്നിവർ സംസാരിച്ചു.
സി.ജെ. തോമസ് ജന്മശതാബ്ദി
2018 ഡിസംബർ 12
അക്കാദമി ഓഡിറ്റോറിയം

കേരള സാഹിത്യ അക്കാദമിയും എം.കെ. സാനു ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച സി.ജെ. തോമസ് ജന്മശതാബ്ദി സമ്മേളനത്തിൽ പ്രൊഫ. എം.കെ. സാനു സി.ജെ. അനുസ്മരണപ്രഭാഷണം നിർവ്വഹിച്ചു. എം.കെ. സാനു ഫൗണ്ടേഷന്റെ പ്രഥമ സി.ജെ. തോമസ് ദേശീയപുരസ്കാരം എം.കെ. സാനുവിൽനിന്നും ചന്ദ്രശേഖര കമ്പാർ ഏറ്റുവാങ്ങി. അക്കാദമി പ്രസിഡന്റ് വൈശാഖൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഗീത നാടക അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻനായർ അദ്ധ്യക്ഷതവഹിച്ചു. അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ, സുധാകരൻ രാമന്തളി, ഡോ. ഇ.പി. രാജഗോപാലൻ, ജോസ് കരിമ്പന, ഫാ. റോബി കണ്ണഞ്ചിറ സി.എം.ഐ., ഈ.ഡി. ഡേവീസ് എന്നിവർ സംസാരിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ‘സി.ജെ.യുടെ ലേഖനങ്ങൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം ചന്ദ്രശേഖരകമ്പാർ നിർവ്വഹിച്ചു. നേരത്തേ നടന്ന സി.ജെ. തോമസ് അനുസ്മരണസെമിനാറിൽ പ്രൊഫ. എം. തോമസ് മാത്യു മോഡറേറ്ററായി. ടി.എം. എബ്രഹാം (സാമൂഹ്യവീക്ഷണം നാടകത്തിൽ: സി.ജെ.യ്ക്ക് മുമ്പും ശേഷവും), ജോൺപോൾ (സി.ജെ.യുടെ ദൃശ്യവിഭാവനം) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
സ്വാമി ആനന്ദതീർത്ഥൻ അനുസ്മരണം
2019 ജനുവരി 19, 20
കൊടക്കാട്
കേരള സാഹിത്യ അക്കാദമി, കേരള ഫോക്‌ലോർ അക്കാദമി, പബ്ലിക് റിലേഷൻസ് വകുപ്പ്, പുരോഗമന കലാസാഹിത്യസംഘം എന്നിവയുടെ സഹകരണത്തോടെ സ്വാമി ആനന്ദതീർത്ഥൻ അനുസ്മരണസമ്മേളനവും കൊടക്കാട് പന്തിഭോജനത്തിന്റെ എൺപതാം വാർഷികാഘോഷവും ജനുവരി 19, 20 തീയതികളിൽ വെള്ളച്ചാൽ-കൊടക്കാട് സംഘടിപ്പിച്ചു. കാസർകോഡ് ജില്ലാ കളക്ടർ ഡോ. സജിത് ബാബു ഐ.എ.എസ്. പ്രദർശനം ഉദ്ഘാടനം ചെയ്തു. പി.വി.കെ. പനയാൽ അദ്ധ്യക്ഷതവഹിച്ചു. കീച്ചേരി രാഘവൻ, നാരായണൻ കാവുമ്പായി, എം. മധുസൂദനൻ എന്നിവർ സംസാരിച്ചു. വി.വി. സുകുമാരൻ സ്വാഗതവും പി.വി. കൃഷ്ണൻ നന്ദിയും പറഞ്ഞു. അനുസ്മരണസമ്മേളനം ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. എം. രാജഗോപാൽ എം.എൽ.എ. അദ്ധ്യക്ഷതവഹിച്ചു. മുൻ എം.പി. പി.കരുണാകരൻ, ഇ.പി. രാജഗോപാലൻ, ജസ്റ്റിസ് നാഗമോഹൻദാസ്, ഡോ. കെ.പി. മോഹനൻ എന്നിവർ സംസാരിച്ചു.
കക്കട്ടിൽ അനുസ്മരണം
2019 ഫെബ്രുവരി 17
ടൗൺ ഹാൾ, വടകര
അക്ബർ കക്കട്ടിലിന്റെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഫെബ്രുവരി 17-ന് വടകര ടൗൺ ഹാളിൽ ‘സർഗ്ഗാത്മകതയും സാമൂഹ്യപ്രതിബദ്ധതയും’ എന്ന ശീർഷകത്തിൽ രണ്ട് സെമിനാറുകൾ നടന്നു. മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശത്രുഘ്നൻ അദ്ധ്യക്ഷതവഹിച്ചു. അക്ബർ കക്കട്ടിൽ പുരസ്കാരം സന്തോഷ് ഏച്ചിക്കാനത്തിന് എൻ. ശശിധരൻ സമർപ്പിച്ചു. പ്രൊഫ. കടത്തനാട്ട് നാരായണൻ, കെ.പി. രാമനുണ്ണി, കെ.കെ. ലതിക, ഡോ. എ.കെ. രാജൻ, വി.എം. ചന്ദ്രൻ, പി.കെ. പാറക്കടവ്, എൻ.പി. ഹാഫിസ് മുഹമ്മദ്, എ.കെ. അബ്ദുൾഹക്കിം, എ.ടി. ദിനേശ് എന്നിവർ സംസാരിച്ചു.
ആറ്റൂർ രവിവർമ്മ അനുസ്മരണം
2019 ആഗസ്റ്റ് 5
തൃശ്ശൂർ

പാരമ്പര്യവും നവോത്ഥാനവും ആധുനികതയും പരസ്പരം സംവദിച്ചതിന്റെ ആഖ്യാനരൂപങ്ങൾ ആറ്റിക്കുറുക്കിയ കവിതയുടെ ചിപ്പിയിൽ ഒരു കടലിരമ്പംപോലെ കാത്തുവെച്ച ആറ്റൂർ രവിവർമ്മയ്ക്ക് സാഹിത്യ അക്കാദമി ആദരാഞ്ജലി അർപ്പിച്ചു. അക്കാദമി പ്രസിഡന്റ് വൈശാഖൻ അദ്ധ്യക്ഷത വഹിച്ചു. കെ.ജി. ശങ്കരപ്പിള്ള, ജയമോഹൻ, പ്രൊഫ. എം.ആർ. ചന്ദ്രശേഖരൻ, ഡോ. പി.വി. കൃഷ്ണൻനായർ, കെ.വി. രാമകൃഷ്ണൻ, ആലങ്കോട് ലീലാകൃഷ്ണൻ, പി.പി. രാമചന്ദ്രൻ, വി.ജി. തമ്പി, ഐ. ഷൺമുഖദാസ്, പി. രാമൻ, വി.എം. ഗിരിജ, രാവുണ്ണി, കെ.ആർ. ടോണി, അനിതാതമ്പി, അൻവർ അലി, പി.എൻ. ഗോപീകൃഷ്ണൻ, പ്രൊഫ. പി.എൻ. പ്രകാശ്, ഡോ. അജിതൻ മേനോത്ത്, പി.വി. ഋഷികേശൻ എന്നിവർ പങ്കെടുത്തു. ആറ്റൂർക്കവിതയെക്കുറിച്ച് അൻവർ അലി സംവിധാനം ചെയ്ത ‘മറുവിളി’ എന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.
ജി.കുമാരപിള്ള അനുസ്മരണം
2019 സെപ്തംബർ 30
തൃശ്ശൂർ
പാരമ്പര്യത്തിന്റെ അടിവേരുകളിൽനിന്ന് പ്രചോദനം നേടിയും ആധുനികതയുടെ സമസ്യകൾ ഉൾക്കൊണ്ടും യാഥാർത്ഥ്യബോധത്തോടെ നവോഭാവുകത്വത്തെ വിരുന്നൂട്ടിയ ജി. കുമാരപിള്ളയുടെ ചരമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ കാവ്യജീവിതവും ആദർശജീവിതവും വിലയിരുത്തുന്ന അനുസ്മരണപരിപാടി സംഘടിപ്പിച്ചു. പ്രൊഫ. എം. തോമസ് മാത്യു, ‘കവിത-ഭാഷയുടെ മൃത്യുഞ്ജയം’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. അക്കാദമി പ്രസിഡന്റ് വൈശാഖൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. പി.വി. കൃഷ്ണൻനായർ, ഡോ. കെ. അരവിന്ദാക്ഷൻ, വി.എസ്. ഗിരീശൻ എന്നിവർ പങ്കടുത്തു.
എം.കുട്ടിക്കൃഷ്ണൻ അനുസ്മരണം
2019 ഒക്ടോബർ 16
കോഴിക്കോട്

കേരളത്തിലെ പുരോഗമനസാഹിത്യപ്രസ്ഥാനത്തിന് ദിശാബോധം പകരുന്നതിന് മുൻനിരയിൽ നിന്ന് പ്രവർത്തിച്ച സാഹിത്യവിമർശകനും നാടൻകലാ ഗവേഷകനും പ്രഭാഷകനും പത്രാധിപരുമായി രുന്ന എം. കുട്ടിക്കൃഷ്ണനെ അനുസ്മരിച്ചുകൊണ്ടുള്ള സമ്മേളനം ടി.ഡി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.പി. കേശവമേനോന്‍ഹാളില്‍ നടന്ന ചടങ്ങില്‍ അക്കാദമി വൈസ് പ്രസിഡന്റ് ഡോ. ഖദീജാ മുംതാസ് അദ്ധ്യക്ഷത വഹിച്ചു. ‘പുതിയ കാലത്തെ പുരോഗമനസാഹിത്യം’ എന്ന ശീർഷകത്തിൽ അശോകൻ ചരുവിൽ സ്മാരകപ്രഭാഷണം നടത്തി. അക്കാദമി നിർവ്വാഹകസമിതിയംഗം കെ.ഇ.എൻ. അനുസ്മരണപ്രഭാഷണവും അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ ‘സംസ്കാരത്തിന്റെ രാഷ്ട്രീയം’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണവും നടത്തി. വിൽസൺ സാമുവൽ, കെ. ചന്ദ്രൻ മാസ്റ്റർ, ഡോ. യു. ഹേമന്ത്കുമാർ, കെ. സുരേഷ്‌കുമാർ എന്നിവർ പങ്കെടുത്തു.
കാക്കനാടൻ സ്മരണ
2019 ഒക്ടോബർ 19
കൊല്ലം

കേരള സാഹിത്യ അക്കാദമിയും കൊല്ലം നഗരസഭയും കാക്കനാടൻ ഫൗണ്ടേഷനും സംയുക്തമായി കൊല്ലം കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ ഒക്ടോബർ 19-ന് സംഘടിപ്പിച്ച കാക്കനാടൻ അനുസ്മരണസമ്മേളനം ബെന്യാമിൻ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ. സോമപ്രസാദ് എം.പി., കെ.വി. മോഹൻകുമാർ, പ്രൊഫ. സി. ഉണ്ണിക്കൃഷ്ണൻ, രാധ കാക്കനാടൻ, എസ്. നാസർ തുടങ്ങിയവർ സംസാരിച്ചു. പോളയത്തോട് കാക്കനാടൻ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയോടെ ആരംഭിച്ച ചടങ്ങുകൾക്ക് മേയർ വി. രാജേന്ദ്രബാബു നേതൃത്വം നൽകി. കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ നടന്ന സാഹിത്യശില്പശാല പ്രൊഫ. എം.എം. നാരായണൻ ഉദ്ഘാടനം ചെയ്തു. തുടർന്നു നടന്ന സാഹിത്യസംവാദം കെ.വി. മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. ഇടയ്ക്കാട് സിദ്ധാർത്ഥൻ, ടി.കെ. വിനോദൻ, എം.എ. സത്താർ എന്നിവർ സംസാരിച്ചു.
പുനത്തിൽ അനുസ്മരണം
2019 ഒക്ടോബർ 27
വടകര
ഹൃദയോഷ്മളത നിറഞ്ഞ ആഖ്യാനങ്ങൾ കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച പുനത്തിൽ കുഞ്ഞബ്ദുള്ളയെ അദ്ദേഹത്തിന്റെ രണ്ടാം ചരമവാർഷികമായ ഒക്ടോബർ 27-ന് കേരള സാഹിത്യ അക്കാദമി അനുസ്മരിച്ചു. വടകര ടൗൺഹാളിൽ, പുനത്തിൽ കുഞ്ഞബ്ദുള്ള സ്മാരകട്രസ്റ്റുമായി സഹകരിച്ചു സംഘടിപ്പിച്ച പരിപാടി ബഹുജനസാന്നിദ്ധ്യംകൊണ്ട് സമ്പന്നമായിരുന്നു. പുനത്തിലിന്റെ വിഖ്യാതനോവലായ ‘സ്മാരകശിലകളെ’ ആധാരമാക്കിയുള്ള വൈക്കം ഡി.മനോജിന്റെ ഫോട്ടോപ്രദർശനമായിരുന്നു പരിപാടിയുടെ പ്രധാന ആകർഷണം. പി. ഹരീന്ദ്രനാഥ് പരിപാടിക്ക് ആമുഖപ്രഭാഷണം നടത്തി. ആർ. ബാലറാം അദ്ധ്യക്ഷത വഹിച്ചു. എം. മുകുന്ദൻ ഉദ്ഘാടനം ചെയ്തു.
‘പുനത്തിൽ: സൗഹൃദം, ഓർമ്മ’ എന്ന സെഷനിൽ രാജേന്ദ്രൻ എടത്തുംകര അദ്ധ്യക്ഷനായിരുന്നു. ഇസ്മായിൽ പുനത്തിൽ, ഡോ. എ.കെ. രാജൻ, ഒ.കെ. ജോണി, ടി.കെ. ഇബ്രായി, താഹ മാടായി എന്നിവർ സംസാരിച്ചു. വൈകുന്നേരം നാലുമണിക്കുനടന്ന അനുസ്മരണസമ്മേളനം എം. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ഡോ. ഖദീജാ മുംതാസ് അദ്ധ്യക്ഷയായിരുന്നു. തോമസ് ജേക്കബ്, ടി.പി. രാജീവൻ എന്നിവർ അനുസ്മരണപ്രഭാഷണങ്ങൾ നടത്തി.
കെ.സി. പവിത്രൻ നന്ദി പറഞ്ഞു. ആറുമണിക്കുനടന്ന സമാപനസമ്മേളനത്തിൽ ഡോ. ബി. ഇക്ബാൽ അനുസ്മരണപ്രഭാഷണം നടത്തി. കെ. ശ്രീധരൻ അദ്ധ്യക്ഷനായിരുന്നു. ടി. രാജൻ, രമേശൻ പാലേരി എന്നിവർ സംസാരിച്ചു.
സുഗതകുമാരി അനുസ്മരണം
2021 ജനുവരി 23
സൈലന്റ് വാലി
ഒരു മനുഷ്യായുസ്സു മുഴുവൻ പ്രകൃതിക്കും നീതിക്കുംവേണ്ടി നിലകൊണ്ട മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി അന്തരിച്ചപ്പോൾ, അവർക്ക് സ്മരണാഞ്ജലിയർപ്പിക്കാൻ അക്കാദമി തെരഞ്ഞെടുത്തത് സൈലന്റ് വാലിയായിരുന്നു. സുഗതകുമാരി മുന്നണിയിൽ നിന്നു നയിച്ച കേരളത്തിന്റെ ആ സവിശേഷമായ പരിസ്ഥിതിസമരത്തിന്റെ സ്മരണകളുറങ്ങുന്ന മണ്ണിൽ 2021 ജനുവരി 23-ന് ഇരുപതോളം കവികളും എഴുത്തുകാരും കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ഒത്തുകൂടി. മുക്കാലിയിലെ ഉണർവ്വ് ലൈബ്രറിയിൽ പി.കെ. കേശവൻ ഐ.എഫ്.എസ്. സുഗതകുമാരി കോർണറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ഡോ. ഖദീജാ മുംതാസ് സുഗതകുമാരിയുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു. അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ, നിർവ്വാഹകസമിതിയംഗം ഇ.പി. രാജഗോപാലൻ, റഫീക്ക് അഹമ്മദ്, പി.എൻ. ഗോപീകൃഷ്ണൻ, അഷ്ടമൂർത്തി, അൻവർ അലി, പി. രാമൻ, വീരാൻകുട്ടി, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, മാധവൻ പുറച്ചേരി, അശോകൻ മറയൂർ, എൻ. രാജൻ, വി. മുസഫർ അഹമ്മദ്, ഒ.പി. സുരേഷ്, ജ്യോതിഭായ് പരിയാടത്ത്, വിനോദ് വൈശാഖി തുടങ്ങിയവർ അനുസ്മരണത്തിൽ പങ്കെടുത്തു.


