2021-ലെ എഴുത്തച്ഛൻ പുരസ്കാരം പി. വത്സലയ്ക്ക്

2021-ലെ എഴുത്തച്ഛൻ പുരസ്‌കാരത്തിന് നോവലിസ്റ്റും കഥാകൃത്തുമായ പി. വത്സല അർഹയായി. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കു നൽകുന്ന കേരള സർക്കാരിന്റെ പരമോന്നതപുരസ്‌കാരമായ എഴുത്തച്ഛൻ പുരസ്‌കാരം. സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ അദ്ധ്യക്ഷനും ഡോ. ബി. ഇക്ബാൽ, ആലങ്കോട് ലീലാകൃഷ്ണൻ, കെ.ഇ.എൻ. കുഞ്ഞഹമ്മദ്, സാംസ്‌കാരികവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരനിർണ്ണയം നടത്തിയത്.

ഓരങ്ങളിലേക്ക് വകഞ്ഞുമാറ്റപ്പെടുന്ന അടിയാളജീവിതത്തെ എഴുത്തിൽ ആവാഹിച്ച പി. വത്സല പ്രാദേശികവും വംശീയവും സ്വത്വപരവുമായ കേരളീയപാരമ്പര്യങ്ങളെ അതിമനോഹരമായി ആവിഷ്‌കരിച്ച എഴുത്തുകാരിയാണ് എന്ന് ജൂറി നിരീക്ഷിച്ചു. മലയാളഭാഷയിൽ അതുവരെ അപരിചിതമായ ഒരു ഭൂമികയെ അനായാസമായി വത്സല നമുക്കുമുന്നിൽ അവതരിപ്പിച്ചു. മാനവികതയുടെ അപചയങ്ങൾക്കെതിരെ ജാഗ്രത പുലർത്തിയ പി. വത്സല, നിന്ദിതരുടെയും നിരാലംബരുടെയും മുറവിളികൾക്ക് എഴുത്തിൽ ഇടം നൽകി. എല്ലാത്തരം യാഥാസ്ഥിതികത്വത്തിൽ നിന്നുമുളള വിമോചനം സ്വപ്നം കണ്ടു. കേരളത്തിന്റെ ഹരിതകവചത്തിന് മുറിവേല്ക്കുമ്പോഴും, സമഗ്രാധിപത്യത്തിന്റെ കാലൊച്ചകൾ അടുത്തുവരുമ്പോഴും സ്ത്രീകൾ അപമാനിക്കപ്പെടുമ്പോഴും പി. വത്സല ഒരു പോരാളിയെപ്പോലെ പ്രതികരിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെയും ദളിതുകളുടെയും ആദിവാസികളുടെയും ദൈന്യജീവിതത്തെ സൂക്ഷ്മതയോടെ പകർത്തിയ വത്സല ടീച്ചർ മലയാളഭാഷയിൽ പുതിയ ഭാവനയെയും ഭാവുകത്വത്തെയും തോറ്റിയുണർത്തി.

അരനൂറ്റാണ്ടിലേറെയായി മലയാളകഥയിലും നോവലിലും നിറഞ്ഞുനിൽക്കുന്ന വത്സലടീച്ചറുടെ എഴുത്തിൽ ഗോത്രത്തനിമയുടെ തുടിതാളങ്ങൾ ഇരമ്പിക്കേൾക്കുന്നുണ്ട്. മലയാളിയുടെ നാട്യങ്ങളുടെ മുഖപടം വലിച്ചുമാറ്റാനും, ഒരു ജനതയെന്ന നിലയിൽ അവരനുഭവിക്കുന്ന ആന്തരികജീർണ്ണതയെ വെളിപ്പെടുത്താനും വത്സലടീച്ചർക്ക് സാധിച്ചിട്ടുണ്ട്. പരിവർത്തനത്തിലേക്ക് കുതിക്കുന്ന കേരളസമൂഹത്തിന്റെ ആത്മഭാവപ്പകർച്ചകൾ സമഗ്രതയോടെ ചിത്രീകരിച്ച പി. വത്സല ഇരയാക്കപ്പെടുന്നവരുടെ പക്ഷത്തുനിൽക്കുന്ന രുദിതാനുസാരിയായ എഴുത്തുകാരിയാണ്. നോവൽരംഗത്തും ചെറുകഥാരംഗത്തും നൽകിയ സമഗ്രസംഭാവനകളെ മുൻനിർത്തിയാണ് ഈ പരമോന്നത സാഹിത്യബഹുമതി പി. വത്സലയ്ക്ക് സമ്മാനിക്കുന്നത്.

1938-ൽ കോഴിക്കോട്ട് ജനിച്ച പി. വത്സല ദീർഘകാലം അദ്ധ്യാപികയായിരുന്നു. കോഴിക്കോട് ഗവ. ട്രയിനിംഗ് സ്‌കൂളിൽ പ്രധാനാദ്ധ്യാപികയായി വിരമിച്ചു. 2010-11 കാലയളവിൽ കേരള സാഹിത്യ അക്കാദമിയുടെ അദ്ധ്യക്ഷയായിരുന്നു. കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗമായും നിർവ്വാഹകസമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 2019-ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നേടി. നിഴലുറങ്ങുന്ന വഴികൾ കേരള സാഹിത്യ അക്കാദമി അവാർഡിനും നെല്ല് കുങ്കുമം അവാർഡിനും അർഹമായി. മുട്ടത്തുവർക്കി പുരസ്‌കാരം, പത്മപ്രഭ പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. ആഗ്‌നേയം, ഗൗതമൻ, പാളയം, ചാവേർ, ആരും മരിക്കുന്നില്ല, അരക്കില്ലം, തകർച്ച, കൂമൻകൊല്ലി, നമ്പരുകൾ, വിലാപം, തിരക്കിൽ അല്പം സ്ഥലം, പഴയ പുതിയ നഗരം, ആനവേട്ടക്കാരൻ, അനുപമയുടെ കാവൽക്കാരൻ, ഉണ്ണിക്കോരൻ ചതോപാധ്യായ, ഉച്ചയുടെ നിഴൽ, കറുത്ത മഴ പെയ്യുന്ന താഴ്‌വര എന്നിവ പ്രധാന കൃതികൾ.