കേരള സാഹിത്യ അക്കാദമിയുടെ 2020-ലെ വിശിഷ്ടാംഗത്വവും സമഗ്രസംഭാവനാ പുരസ്കാരങ്ങളും, അക്കാദമി അവാർഡുകളും എൻഡോവ്മെന്റ് അവാർഡുകളും ഭാരത് ഭവനില്‍വച്ചു നടന്ന ചടങ്ങില്‍ ഡിസംബർ ഒമ്പതിന് സാംസ്കാരികവകുപ്പുമന്ത്രി സജി ചെറിയാന്‍ സമര്‍പ്പിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതുള്ളതുകൊണ്ടും പുരസ്കാരജേതാക്കളുടെ സൗകര്യംകൂടി കണക്കിലെടുത്തും തിരുവനന്തപുരത്തും തൃശ്ശൂരുമായി രണ്ടിടങ്ങളില്‍വച്ചായിരുന്നു ഇത്തവണ പുരസ്കാരസമർപ്പണം.


പെരുമ്പടവം ശ്രീധരന്‍, സേതു എന്നിവരാണ് വിശിഷ്ടാംഗത്വത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. വിശിഷ്ടാംഗത്വം മന്ത്രി സജി ചെറിയാന്‍ പെരുമ്പടവം ശ്രീധരന് കൈമാറി. സേതുവിനുള്ള വിശിഷ്ടാംഗത്വം അദ്ദേഹത്തിന്റെ വീട്ടിൽവച്ചു നടന്ന ചടങ്ങിൽ അക്കാദമി പ്രസിഡന്റ് വൈശാഖൻ സമർപ്പിച്ചു.
കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരസമർപ്പണച്ചടങ്ങിന്റെ രണ്ടാം ഘട്ടം സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ ഡിസംബർ 16-നു നടന്നു. അക്കാദമി പ്രസിഡന്റ് വൈശാഖൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നവോത്ഥാന മൂല്യങ്ങൾ ദുർബ്ബലമാകുമ്പോൾ യുവജനങ്ങൾ യാഥാസ്ഥിതികത്വത്തിലേക്ക് മടങ്ങിപ്പോവുകയാണെന്നും ഇതിനെക്കുറിച്ച് എഴുത്തുകാർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അക്കാദമി വൈസ് പ്രസിഡന്റ് ഡോ. ഖദീജാ മുംതാസ് അദ്ധ്യക്ഷയായിരുന്നു. അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ സ്വാഗതപ്രസംഗം നടത്തി. നിർവ്വാഹകസമിതിയംഗങ്ങളായ ഇ.പി. രാജഗോപാലൻ, ആലങ്കോട് ലീലാകൃഷ്ണൻ എന്നിവർ പുരസ്‌കാരജേതാക്കളെ പരിചയപ്പെടുത്തി.
മാമ്പുഴ കുമാരൻ, സിദ്ധാർത്ഥൻ പരുത്തിക്കാട്, എം.എ. റഹ്മാൻ (സമഗ്രസംഭാവനാ പുരസ്‌കാരം), പി.എഫ്. മാത്യൂസ്, ശ്രീജിത്ത് പൊയിൽക്കാവ്, കെ. രഘുനാഥൻ, ഇന്നസെന്റ്, സംഗീതാ ശ്രീനിവാസൻ, പ്രിയ എ.എസ്. (അക്കാദമി അവാർഡുകൾ), ചിത്തിരാ കുസുമൻ, കെ.എൻ. പ്രശാന്ത്, കേശവൻ വെളുത്താട്ട്, വി. വിജയകുമാർ, എം.വി. നാരായണൻ (എൻഡോവ്‌മെന്റുകൾ), ഗീതു എസ്.എസ്. (തുഞ്ചൻ സ്മാരക ഉപന്യാസ പുരസ്‌കാരം) എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. കെ.ഇ.എൻ. കുഞ്ഞഹമ്മദ്, മ്യൂസ് മേരി ജോർജ്ജ്, ടി.പി. വേണുഗോപാലൻ, കെ.എസ്. സുനിൽ കുമാർ എന്നിവർ സംസാരിച്ചു.