പകർപ്പവകാശപരിധി കഴിഞ്ഞതും അപൂർവ്വവുമായ 1500 ഗ്രന്ഥങ്ങൾ കൂടി കേരള സാഹിത്യ അക്കാദമിയുടെ വെബ്സൈറ്റിൽ സൗജന്യ വായനയ്ക്കും ഡൗൺലോഡിംഗിനുമായി ലഭ്യമാകും. മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി കേരള സാഹിത്യ അക്കാദമി പൂർത്തിയാക്കിയ പദ്ധതി, സാംസ്കാരികവകുപ്പുമന്ത്രി സജി ചെറിയാൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഉള്ളൂർ, വള്ളത്തോൾ, കുമാരനാശാൻ, സി.വി. രാമൻപിള്ള, കുഞ്ചൻ നമ്പ്യാർ, കൊട്ടാരത്തിൽ ശങ്കുണ്ണി, ഉള്ളൂർ എസ്. പരമേശ്വരയ്യർ, ഭാസ്കരൻനായർ, കെ.സി. കേശവപിള്ള, തോട്ടെയ്കാട്ട് ഇക്കാവമ്മ, അർണോസ് പാതിരി, ടി.കെ. കൃഷ്ണമേനോൻ, വക്കം അബ്ദുൾഖാദർ തുടങ്ങി നിരവധി എഴുത്തുകാരുടെ അപൂർവ്വമായ കൃതികൾ അക്കാദമിയുടെ ഓൺലൈൻ ലൈബ്രറിയിൽ വായിക്കാം.
അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ അദ്ധ്യക്ഷനായിരുന്നു. അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. അക്കാദമി മുൻ പ്രസിഡന്റ് വൈശാഖൻ മുഖ്യാതിഥിയായിരുന്നു. ലൈബ്രേറിയൻ പി.കെ. ശാന്ത റിപ്പോർട്ട് അവതരിപ്പിച്ചു. അക്കാദമി ജനറൽ കൗൺസിലംഗം വിജയരാജമല്ലിക, ഈ.ഡി. ഡേവീസ്, കെ.എസ്. സുനിൽകുമാർ എന്നിവർ സംസാരിച്ചു.