സാഹിത്യത്തിലും സമൂഹത്തിലും തൊഴിലിടത്തിലുമെല്ലാം ഇപ്പോഴും സ്ത്രീക്ക് സ്വന്തമായ ഒരിടമില്ലെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ. അക്കാദമിയും ദർശനം സാംസ്കാരികവേദിയും സംയുക്തമായി കോഴിക്കോട് വെള്ളിമാടുകുന്ന് ജെൻഡർ പാർക്കിൽ സംഘടിപ്പിച്ച സ്ത്രീ: ഭാഷ, എഴുത്ത്, അരങ്ങ് ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുരുഷന്മാർ സൃഷ്ടിച്ച ഭാഷയിൽ സ്വാനുഭവങ്ങളെ ആവിഷ്കരിക്കേണ്ട അവസ്ഥയാണ് സ്ത്രീകൾക്കുള്ളത്. സ്ത്രീകളുടേത് സ്വകാര്യ ഇടങ്ങളാണ് എന്ന ധാരണ തിരുത്തപ്പെടണം. ഇന്ത്യൻ യാഥാർത്ഥ്യത്തെ കണക്കിലെടുത്തുകൊണ്ട് പുതിയ രീതിയിലുള്ള വായന നടത്തുകയാണ് സ്ത്രീപക്ഷ എഴുത്തുകാരുടെയും നിരൂപകരുടെയും പ്രധാന ദൗത്യം- അദ്ദേഹം പറഞ്ഞു.
സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ അദ്ധ്യക്ഷനായിരുന്നു. കഥയിലെ സ്ത്രീയും സമൂഹവും എന്ന വിഷയത്തിൽ ലതാലക്ഷ്മി, സ്ത്രീക്ക് ഒരു ഭാഷയുണ്ടോ എന്ന വിഷയത്തിൽ ഡോ. ആർ. രാജശ്രീ, മലയാളത്തിലെ സ്ത്രീകവിത എന്ന വിഷയത്തിൽ ഡോ. രോഷ്നി സ്വപ്ന, അരങ്ങിലെ സ്ത്രീ എന്ന വിഷയത്തിൽ സജിത മഠത്തിൽ എന്നിവർ ക്ലാസ്സുകളെടുത്തു. എം.എ. ജോൺസൺ, ഡോ. കെ. ദിനേശൻ, ടി.കെ. സുനിൽകുമാർ എന്നിവരും സംസാരിച്ചു.