ലോകകവിതാദിനം ആഘോഷിച്ച് അക്കാദമി

കവിസമ്മേളനം കെ.ജി.എസ്. ഉദ്ഘാടനം ചെയ്യുന്നു

നിർഭയതയുടെ ആഘോഷമാകണം കവിതയെന്ന് കവി കെ. ജി. എസ്. കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച ലോക കവിതാദിനാചാരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കവികൾക്ക് സാമൂഹികമായ ഉത്തരവാദിത്തമുണ്ട്. മനുഷ്യനെ ധീരരാക്കുന്ന, എല്ലാ അധികാര രൂപങ്ങളേയും പ്രതിരോധിക്കുന്ന ബഹുരൂപിയാണ് കവിത. ലോകവുമായി എപ്പോഴും ഇടഞ്ഞു നിൽക്കുന്ന, സന്ധി ചെയ്യാത്ത വാക്യമാണത്. ധീരതയുടെ ഊർജ്ജം കൊണ്ടാണ് കവിത ഒരു ലോകശക്തിയായി തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്റെ അദ്ധ്യക്ഷപ്രസംഗം

എല്ലാ കവികളും സ്വന്തം കാലത്തിന്റെ സത്ത കണ്ടെത്താനും വാക്കുകളിലൂടെ അത് മൂർത്തമാക്കാനുമാണ് ശ്രമിക്കുന്നത് എന്ന് അധ്യക്ഷത വഹിച്ച സാഹിത്യ അക്കാദമി പ്രസിഡന്റ്‌ സച്ചിദാനന്ദൻ പറഞ്ഞു. മനുഷ്യന് എതിരായ ശക്തികളെ കവിതയിലൂടെ കവികൾ വെല്ലുവിളിക്കുന്നു. ചരിത്രത്തിന്റെ മാറ്റങ്ങളെ അടയാളപ്പെടുത്തിയാണ് കവിതയും പരിണമിക്കുന്നത്. മാനകഭാഷയ്ക്ക് പുറത്തുള്ള, മലയാള ഭാഷയ്ക്കുള്ളിലെ ഭാഷകളാണ് പുതിയ മലയാളകവിതയെ നിർണ്ണയിക്കുന്ന ഒരു പ്രധാന ഘടകമെന്ന് അദ്ദേഹം നിരീക്ഷിച്ചു. അച്ചടിക്കപ്പെട്ട കവിതയ്ക്ക് സമാന്തരമായി വളർന്നുവരുന്ന വിർച്വൽ കവിതകളാണ് പുതിയ കവിതയുടെ മറ്റൊരു പ്രബലമായ പ്രവണതയെന്നും സച്ചിദാനന്ദൻ പറഞ്ഞു.

അക്കാദമി വൈസ് പ്രസിഡന്റ്‌ അശോകൻ ചരുവിൽ സ്വാഗതപ്രഭാഷണം നടത്തി. അക്കാദമി സെക്രട്ടറി സി. പി. അബൂബക്കർ, പി. പി. രാമചന്ദ്രൻ, രാവുണ്ണി, വി.ജി. തമ്പി, എസ്. ജോസഫ്, പി. എൻ. ഗോപീകൃഷ്ണൻ, കെ. ആർ. ടോണി, പി. രാമൻ, എം. ആർ. രേണുകുമാർ, അൻവർ അലി, റോസി തമ്പി, വി.ആർ. സന്തോഷ്‌, വർഗീസ് ആന്റണി, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, സെബാസ്റ്റ്യൻ, ഡോ. കെ. വി. സുമിത്ര, വിജയരാജമല്ലിക, ഇ. സന്ധ്യ, ആർ. ലോപ, രോഷ്നിസ്വപ്ന, കൃഷ്ണൻ സൗപാർണിക, ചിത്തിര കുസുമൻ, ഗിരിജ പതേക്കര, റെജില ഷെറിൻ എന്നിവർ കവിതകൾ അവതരിപ്പിച്ചു. കെ. എസ്. സുനിൽകുമാർ നന്ദി പറഞ്ഞു.