ആനുകാലിക ലൈബ്രറി, എഴുത്തുകാര മ്യൂസിയം, കൈരളീഗ്രാമം അയ്യന്തോള്‍, തൃശൂര്‍
1976 മുതല്‍ കേരള സാഹിത്യ അക്കാദമിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അയ്യന്തോളില്‍, രാമവര്‍മ്മ അപ്പന്‍ തന്പുരാന്‍ വസിച്ചിരുന്ന കുമാരമന്ദിരമാണ് അപ്പന്‍ തന്പുരാന്‍ സ്മാരകമാക്കിയത്. മലയാളത്തിലെ ആദ്യകാല ആനുകാലികങ്ങള്‍ തൊട്ട് 300 ല്‍ പ്പരം ആനുകാലികങ്ങളുടെ വന്‍ശേഖരമുള്ള സാഹിത്യ അക്കാദമിയുടെ ആനുകാലിക ലൈബ്രറിയും എഴുത്തുകാരുടെ മ്യൂസിയവും ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. സാഹിത്യകാരന്മാര്‍ക്ക് താമസിച്ച് സര്‍ഗ്ഗസൃഷ്ടികള്‍ നടത്തുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന കൈരളിഗ്രാമവും ഈ സ്മാരക സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്നു. എഴുത്തുമുറി, അടുക്കള, വരാന്ത, നടുത്തളം തുടങ്ങിയ അത്യാവശ്യ സൗകര്യങ്ങള്‍ ഉള്‍പ്പെടുന്ന അഞ്ചു കോട്ടേജുകള്‍ കൈരളീഗ്രാമത്തിലുണ്ട്.
അയ്യന്തോള്‍ അപ്പന്‍തന്പുരാന്‍ സ്മാരകം ഒരു സാഹിത്യകാരമ്യൂസിയമായി പ്രവര്‍ത്തിച്ചു വരുന്നു. ശ്രീ രാമവര്‍മ്മ അപ്പന്‍തന്പുരാന്‍റെ കൃതികള്‍, ഫോട്ടോകള്‍, കേരളചരിത്ര നിര്‍മ്മാണത്തിനായി സ്വയം വരച്ച മാപ്പുകള്‍, അവ വരയ്ക്കാന്‍ ഉപയോഗിച്ച പെന്‍റോഗ്രാഫ്, രാജകീയ ഉടുപ്പുകള്‍, ഭൂതരായര്‍ നോവലിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ എന്നിവ ഇവിടെ സൂക്ഷിച്ചു വരുന്നു. ഇവകൂടാതെ മുണ്ടശ്ശേരി മാസ്റ്ററുടെ കൃതികള്‍, ഫോട്ടോകള്‍, ലൈബ്രറി, വാച്ച്, പേന, കസേര, കട്ടില്‍, വുള്ളന്‍കോട്ട് എന്നിവയും കുറ്റിപ്പുഴ, വിലാസിനി, പുത്തന്‍കാവുമാത്തന്‍ തരകന്‍, പ്രൊഫ. ജി. കുമാരപിള്ള തുടങ്ങിയവരുടെ സ്മാരക വസ്തുക്കളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മണ്‍മറഞ്ഞ പല സാഹിത്യകാരന്മാരുടെയും കയ്പടകള്‍ ശേഖരിച്ച് ലാമിനേറ്റ് ചെയ്ത് ഭംഗിയായി ക്രമീകരിച്ച് സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
അപ്പന്‍ തന്പുരാന്‍ സ്മാരകത്തിന്‍റെ അക്കാദമിക പ്രാധാന്യം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു. സംസ്കാരപഠനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള ഗവേഷകരുടെയും വിദ്യാര്‍ത്ഥികളുടെയും ഒരു പ്രധാന റഫറന്‍സ് കേന്ദ്രമായി ഇവിടം മാറിയിട്ടുണ്ട്. സ്മാരകത്തിലെ പ്രധാന സൂക്ഷിപ്പായ പഴയ ആനുകാലികങ്ങളുടെ റഫറന്‍സ് ആധുനിക കേരള ചരിത്രവിജ്ഞാനീയ നിര്‍മ്മിതിക്കും പൊതുവൈജ്ഞാനികാവശ്യങ്ങള്‍ക്കും ഏറെ ഉപകരിക്കുന്നതായി സന്ദര്‍ശകരും പണ്ഡിതരും രേഖപ്പെടുത്തുന്നു. നിരവധി പേര്‍ ഈ മ്യൂസിയം സന്ദര്‍ശിക്കുകയും അവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സന്ദര്‍ശക ഡയറിയില്‍ കുറിച്ചിടുകയും ചെയ്യാറുണ്ട്.
ഇപ്പോള്‍ മാസികാശേഖരത്തില്‍ 6900 ത്തിലധികം ബോണ്ട് വാള്യം മാസികകളുണ്ട്. കേരളത്തിലെ ഏറ്റവും വലിയ ആനുകാലികങ്ങളുടെ ശേഖരമാണിത്. നൂറിലധികം വര്‍ഷത്തെ പഴക്കമുള്ള വിദ്യാവിനോദിനി (1065 – 1077) മാസിക, ഭാഷാപോഷിണിയുടെ ആദ്യകാല ലക്കങ്ങള്‍ (1069–1109) സത്യനാദകാഹളം, അപ്പന്‍തന്പുരാന്‍റെ പത്രാധിപത്യത്തില്‍ ആരംഭിച്ച മംഗളോദയം, രസികരജ്ഞിനി (1078-1082), വള്ളത്തോള്‍ എഡിറ്ററായിരുന്ന ആത്മപോഷിണി എന്നിവ അതില്‍ ഉള്‍പ്പെടുന്നു. കൂടാതെ ജോസഫ് മുണ്ടശ്ശേരി, അപ്പന്‍തന്പുരാന്‍, കുറ്റിപ്പുഴ, വിലാസിനി, ജി. കുമാരപിള്ള, പുത്തന്‍കാവ് മാത്തന്‍തകരന്‍ തുടങ്ങിയ പ്രതിഭകളുടെ എഴുത്തുമായി ബന്ധപ്പെട്ട വസ്തുക്കളും ഉപകരണങ്ങളും സ്മാരകത്തിലെ പ്രദര്‍ശനത്തെ അതീവ സന്പന്നമാക്കുന്നു. മണ്‍മറഞ്ഞ 250-ല്‍പ്പരം സാഹിത്യകാരന്മാരുടെ കൈപ്പട ശേഖരിച്ച് ലാമിനേറ്റ് ചെയ്ത് സ്മാരകത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മുണ്ടശ്ശേരി, വിലാസിനി, ആറ്റൂര്‍ കൃഷ്ണപിഷാരോടി, ജി. കുമാരപ്പിള്ള, കേരളവര്‍മ്മ, കുറ്റിപ്പുഴ, കുഞ്ഞുണ്ണിരാജ, പുത്തന്‍കാവ് മാത്തന്‍ തരകന്‍, കെ.എം. വടക്കേ ഇളമന ഹരി, കാറളം ബാലകൃഷ്ണന്‍, പി.എ. മേനോന്‍ എന്നിവരില്‍ നിന്നു ലഭിച്ച പുസ്തകങ്ങളും റഫറന്‍സിനായി ഒരുക്കിയിരിക്കുന്നു. അക്കാദമി പ്രസിദ്ധീകരണങ്ങളുടെ വില്‍പ്പനയും കൈരളീഗ്രാമത്തിലെ മുറികള്‍ വാടകയ്ക്ക് കൊടുക്കുന്ന പതിവും തുടര്‍ന്നു വരുന്നു.
അപ്പന്‍ തന്പുരാന്‍റെ ചരമദിനമായ നവംബര്‍ 19 ന് ഇവിടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും, അനുസ്മരണ സമ്മേളനം കൂടുകയും ചെയ്യാറുണ്ട്.
വിലാസം:
അപ്പന്‍തന്പൂരാന്‍ സ്മാരകം,
അയ്യന്തോള്‍, തൃശ്ശൂര്‍ 680 003,
ഫോണ്‍. 0487-2360535,
Website : ksaappanthampuran.org.