യേശുവിൽ വിശ്വസിക്കുന്നവർ സത്യത്തിന്റെ പക്ഷത്തു നിൽക്കും: വൈശാഖൻ

യേശുവിൽ വിശ്വസിക്കുന്നവർ സത്യത്തിന്റെ പക്ഷത്തു നിൽക്കുമെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ. അക്കാദമി പ്രസിദ്ധീകരിച്ച ബിഷപ്പ് ഡോ.പൗലോസ് മാർ പൗലോസിന്റെ തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിന്ദിതർക്കും പീഡിതർക്കും വേണ്ടി പ്രവർത്തിക്കുമ്പോൾ മാർക്‌സിസവും വിമോചന ദൈവശാസ്ത്രവും കൈകോർക്കുകയാണ്. സത്യത്തിന്റെ പക്ഷത്തുനിന്നുള്ള നിർഭയമായ ശബ്ദമായിരുന്നു ബിഷപ്പ് പൗലോസ് മാർ പൗലോസിന്റേത് എന്ന് അദ്ദേഹം അനുസ്മരിച്ചു.

നിരന്തരമായി പ്രതികരിച്ചുകൊണ്ടിരിക്കേണ്ടത് സ്വാതന്ത്രേ്യച്ഛയുള്ള ഏതൊരു മനുഷ്യന്റെയും കടമയാണെന്ന് പുസ്തകം ഏറ്റുവാങ്ങിയ ബിഷപ്പ് യൂഹോന്നാൻ മാർ മിലിത്തോസ് പറഞ്ഞു. പാലാ ബിഷപ്പിന്റെ പരാമർശത്തിന് എതിരെ പ്രതികരിച്ചത് പല എതിർപ്പുകളെയും ക്ഷണിച്ചു വരുത്തി. പക്ഷേ തന്റെ മുന്നേ നടന്ന ബിഷപ്പ് തന്നെ ഓർമ്മിപ്പിക്കുന്നത് മിണ്ടാതിരിക്കാൻ പാടില്ലെന്നാണ്. ലോകത്തിന്റെ ദൈന്യത പേറാൻ തനിക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ വിമോചനദൈവശാസ്ത്രത്തിന്റെ സ്വരം മുഴങ്ങിയത് ബിഷപ്പ് പൗലോസ് മാർ പൗലോസിന്റെ വരവോടെയായിരുന്നുവെന്ന് അധ്യക്ഷപ്രസംഗത്തിൽ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ പറഞ്ഞു. ഒരു അധികാരരൂപമെന്ന നിലയിൽ മതം മനുഷ്യനെ പീഡിപ്പിക്കുന്ന ഏതൊരു സന്ദർഭത്തിലും പ്രതികരിക്കാനുള്ള ധൈര്യം അദ്ദേഹത്തിനുണ്ടായിരുന്നു. മതേതരഘടന ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ബിഷപ്പിന്റെ ലേഖനങ്ങൾ കൂടുതൽ പ്രസക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുസ്തകങ്ങളുടെ ആദ്യ വില്പന സെക്രട്ടറി ഡോ. കെ.പി. മോഹനൻ മാത്യു തോമസിന് നൽകി നിർവ്വഹിച്ചു. ഡോ. കാവുമ്പായി ബാലകൃഷ്ണൻ പുസ്തകപരിചയം നിർവ്വഹിച്ചു.
പി.എസ്. ഇക്ബാൽ, സിസ്റ്റർ ജെസ്മി, ഇ.ടി. വർഗീസ്, സിസ്റ്റർ ഡോ. ജിൻസി ഓത്തോത്തിൽ, അഡ്വ. ജോർജ്ജ് പുലിക്കുത്തിയിൽ, ഫാ. ജോർജ്ജ് തേനാടിക്കുളം എന്നിവർ സംസാരിച്ചു. കെ.എസ്. സുനിൽകുമാർ സ്വാഗതവും ഈ.ഡി. ഡേവീസ് നന്ദിയും പറഞ്ഞു.