കേരള സാഹിത്യ അക്കാദമിയും കേരള ശാസ്ത്രസാഹിത്യ പരിഷത്തും സംയുക്തമായി സ്കൂൾ വിദ്യാർത്ഥികൾക്കായി 2022 ജനുവരി 8,9 തീയതികളിൽ യുറീക്ക രചനാശില്പശാല സംഘടിപ്പിച്ചു. അയ്യന്തോൾ അപ്പൻ തമ്പുരാൻ സ്മാരകത്തിൽ നടന്ന പരിപാടി പ്രശസ്ത ശാസ്ത്രസാഹിത്യകാരൻ പ്രൊഫ. എസ്. ശിവദാസ് ഉദ്ഘാടനം ചെയ്തു. കാസർകോട് മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ നിന്നുള്ള നാല്പത്തിയെട്ട് വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്.
കുട്ടികൾക്കൊപ്പം എന്ന പരിപാടിയിൽ സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ മുഖ്യാതിഥിയായിരുന്നു. ഉദ്ഘാടനസമ്മേളനത്തിൽ ഡോ. കാവുമ്പായി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യുറീക്ക എഡിറ്റർ ടി.കെ. മീരാഭായ്, പി.എം. നാരായണൻ, സത്യനാരായണൻ എന്നിവർ സംസാരിച്ചു.
ഉച്ചയ്ക്കു ശേഷം എഴുത്തിന്റെ ലോകം രചനാചർച്ച നടന്നു. വൈകുന്നേരം കവി പി.എൻ. ഗോപീകൃഷ്ണൻ പങ്കെടുത്ത സാഹിത്യവർത്തമാനവുമുണ്ടായി.
ഒൻപതിന് രാവിലെ കുട്ടികൾ തയ്യാറാക്കിയ റിപ്പോർട്ട് അവതരിപ്പിച്ചു. സാഹിത്യ അക്കാദമി പബ്ലിക്കേഷൻസ് ഓഫീസർ ഈ.ഡി. ഡേവീസ് റിപ്പോർട്ട് അവലോകനം ചെയ്തു. കാർട്ടൂണിസ്റ്റ് മധൂസിന്റെ രേഖാചിത്രപരിശീലനമായിരുന്നു രണ്ടാം ദിവസത്തിന്റെ ആകർഷണം. പ്രൊഫ. എം. ഹരിദാസ് വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കെ. വിദ്യാസാഗർ, ടി. പുഷ്പ, ടി.യു. വിജയരാമദാസ് എന്നിവരും പങ്കെടുത്തു.