ഭാരതീയ വാസ്തുശാസ്ത്രഗ്രന്ഥങ്ങളിൽ കേരളത്തിൽ ഏറ്റവും പ്രചാരത്തിലുണ്ടായിരുന്ന തച്ചുശാസ്ത്ര ഗ്രന്ഥമാണ് മനുഷ്യാലയചന്ദ്രിക. തിരുമംഗലത്ത് നീലകണ്ഠനാണ് ഇതു രചിച്ചത്. മാതംഗലീല, കാവ്യോല്ലാസം എന്നീ ഉൽകൃഷ്ടകൃതികളുടെ കർത്താവു കൂടിയായ തിരുമംഗലത്ത് നീലകണ്ഠൻ കേളല്ലൂർ ചോമാതിരിയുടെ ശിഷ്യനായിരുന്നുവെന്നും ജീവിതകാലം കൊല്ലവർഷം എട്ടാം നൂറ്റാണ്ടാണെന്നും കരുതപ്പെടുന്നു.തിരുമംഗലത്തു നീലകണ്ഠൻ നമ്പീശൻ, രണ്ടു മയമതങ്ങൾ, പ്രയോഗമഞ്ജരി, രണ്ടു ഭാസ്കരീയനിബന്ധനങ്ങൾ, മാർക്കണ്ഡേയമതം, പരാശരമതം, രത്നാവലി, കാശ്യപീയം വിശ്വകർമ്മീയം, ഈശാനഗുരുദേവപദ്ധതി, ഹരിസംഹിത, പഞ്ചാശിക (സവ്യാഖ്യ), വാസ്തുവിദ്യ എന്നിങ്ങനെ പല പ്രമാണഗ്രന്ഥങ്ങൾ പരിശോധിച്ചാണു് ഈ ഗ്രന്ഥം രചിച്ചത്. തന്ത്രസമുച്ചയത്തോടു് അദ്ദേഹത്തിനുള്ള കടപ്പാടിനെപ്പറ്റി ഇതിൽ പ്രത്യേകമായി പ്രഖ്യാപനം ചെയ്യുന്നതായി ഉള്ളൂർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.