കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ മഞ്ചേശ്വരത്ത് സംഘടിപ്പിക്കുന്ന ബഹുഭാഷാ സമ്മേളനത്തിന്റെ ഭാഗമായി 251 അംഗങ്ങളുൾപ്പെടുന്ന സംഘാടകസമിതി രൂപീകരിച്ചു. സംഘാടകസമിതി രൂപീകരണയോഗം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റും മുൻ എം.എൽ.എ.യുമായ കെ.വി. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. കേരള തുളു അക്കാദമി ചെയർമാൻ കെ.ആർ. ജയാനന്ദ അദ്ധ്യക്ഷനായി. കേരള സാഹിത്യ അക്കാദമി അംഗം ഇ.പി. രാജഗോപാലൻ പരിപാടി വിശദീകരിച്ചു. ബഹുഭാഷാ പണ്ഡിതൻ ഡോ.എ.എം. ശ്രീധരൻ, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ മുൻ സെക്രട്ടറി അഡ്വ. പി.അപ്പുകുട്ടന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദൻ നാരായണ ചെമ്പലത്തിമാർ, രാജശ്രീ റൈ, എന്നിവർ സംസാരിച്ചു. കേരള
സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ, സെക്രട്ടറി സി.പി.അബൂബക്കർ എന്നിവർ ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു. കേരള സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് അംഗം എം.കെ മനോഹരൻ സ്വാഗതവും ജയചന്ദ്രൻ കുട്ടമത്ത് നന്ദിയും പറഞ്ഞു.
ബഹുഭാഷ സമ്മേളനം മഞ്ചേശ്വരം രാഷ്ട്ര കവി ഗോവിന്ദ പൈ സ്മാരകത്തില്‍ നടക്കും. നവംബർ മാസത്തിൽ അവസാനവാരം മൂന്നു ദിവസങ്ങളിലായാണ് സമ്മേളനം നടത്തുക. കാസര്‍കോട്ടെ എല്ലാ ഭാഷകള്‍ക്കും ഇടം കിട്ടുന്ന തരത്തിലുള്ള പ്രഭാഷണങ്ങള്‍, സംവാദങ്ങള്‍, നാട്ടരങ്ങുകള്‍, നാടകാവതരണങ്ങള്‍, ഭാഷാപ്രദര്ശനം, ചിത്രപ്രദര്‍ശനം, ചലച്ചിത്രമേള, ഭാഷാ പ്രദർശനങ്ങൾ, കവിതാ സദസ് തുടങ്ങിയവ സമ്മേളനത്തിന്റെ ഭാഗമായി നടത്തും.