സംസ്ഥാനത്തെ പ്രൂഫ് വായനക്കാർക്കും ഡി ടി പി ഓപ്പറേറ്റർമാർക്കുമായി കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന ദ്വിദിന പ്രൂഫ് വായനാ ശില്പശാല അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്തു. പ്രൂഫ് വായന ഒരു സാംസ്കാരികപ്രവർത്തനമാണെന്നും പ്രൂഫ് വായനക്കാർ ഭാഷയുടെ സംരക്ഷകരാണെന്നും സച്ചിദാനന്ദൻ പറഞ്ഞു. ഒരു വൈജ്ഞാനികഭാഷയെന്ന നിലയിലേക്ക് വളർന്നുകൊണ്ടിരിക്കുന്ന മലയാളം ചില സവിശേഷ വെല്ലുവിളികൾ നേരിടുന്നുണ്ട്. മറ്റുഭാഷകളോടുള്ള വിദ്വേഷമോ അന്ധമായ ഭാഷാസ്നേഹമോ ആശാസ്യമല്ല. കേവലമായ ശുദ്ധിവാദവും ഭാഷയ്ക്ക് ആവശ്യമില്ല. പക്ഷേ മറ്റു ഭാഷകളിൽനിന്ന് വിവേചനരഹിതമായി കടമെടുത്താൽ നവീനവിജ്ഞാനം പകരാൻ ഭാഷയ്ക്കു കഴിയാതെയാകും- സച്ചിദാനന്ദൻ ചൂണ്ടിക്കാട്ടി.
സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ, ജനറൽ കൗൺസിൽ അംഗങ്ങളായ സുകുമാരൻ ചാലിഗദ്ധ, വിജയരാജമല്ലിക, മാനേജർ ജസ്സി ആൻറണി, നയനതാര എൻ.ജി., അനിൽ മാരാത്ത് എന്നിവർ സംസാരിച്ചു. തുടർന്ന് ഡോ. കാവുമ്പായി ബാലകൃഷ്ണൻ, പ്രൊഫ. എം. ഹരിദാസ്, പി. യഹിയ, കെ.സി. നാരായണൻ, മണമ്പൂർ രാജൻബാബു, ഡോ. സി.ജെ. ജോർജ്ജ് എന്നിവർ ക്ലാസ്സെടുത്തു. ശ്രീലതാവർമ്മ, എൻ. രാജൻ, വി.എസ്. ബിന്ദു എന്നിവർ സംസാരിച്ചു.
ഇന്ന് കെ.കെ. യതീന്ദ്രൻ, ഡോ. സി.പി. ചിത്രഭാനു, മനോജ് കെ. പുതിയവിള എന്നിവർ ക്ലാസ്സുകളെടുക്കും. വൈകുന്നേരം 3.30-ന് സമാപനസമ്മേളനം അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്യും.