ഡിജിറ്റല്‍ ആര്‍ക്കൈവ്

പ്രാചീനവും, ചരിത്രപ്രാധാന്യമുള്ളതും, അപൂര്‍വ്വവും മൂല്യവത്തുമായ പുസ്തകങ്ങള്‍ ഡിജിറ്റല്‍ ചെയ്ത് വരും തലമുറയ്ക്ക് സുരക്ഷിതമായി കൈമാറുന്നതിനും, പുതിയ പുസ്തകം കണക്കെ ഉപയോഗിക്കുന്നതിനും ആവശ്യമായ ആധുനിക സജ്ജീകരണങ്ങള്‍ എല്ലാം ഒരുക്കിക്കൊണ്ട് ഡിജിറ്റല്‍ കണ്‍സര്‍വേഷന്‍ ലാബ് അക്കാദമി ആര്‍ക്കൈവ്സില്‍ സെറ്റ് ചെയ്തു. കാലപ്പഴക്കംകൊണ്ട് ഉപയോഗിക്കാന്‍ കഴിയാത്ത ഗ്രന്ഥങ്ങളുടെ ഏടുകള്‍ യാതൊരു കേടും കൂടാതെ സ്കാന്‍ ചെയ്യാവുന്ന രീതിയില്‍ സവിശേഷമായ ആര്‍ക്കൈവല്‍ സ്കാന്‍ ഡിജിറ്റല്‍ ലാബില്‍ സെറ്റ് ചെയ്തു. ഈ ആര്‍ക്കൈവല്‍ സ്കാനര്‍ ഉപയോഗിച്ച് സ്കാനിംഗ് ജോലികള്‍ വളരെ വേഗത്തില്‍ ചെയ്തു വരുന്നു. ഡിജിറ്റല്‍ ഫോമില്‍ ഒരുക്കിയ പുസ്തകവിവരങ്ങള്‍ പുതിയ രൂപത്തില്‍ സിഡിയില്‍ ഇ-ബുക്കായി മാറ്റുന്നു. ലൈബ്രറിയില്‍ എത്തുന്ന വായനക്കാര്‍ക്ക് എളുപ്പത്തില്‍ പ്രയോഗിക്കാന്‍ കഴിയുന്ന വിവരാന്വേഷിയും ഉണ്ട്. ഇ-പുസ്തകം എന്ന സോഫ്റ്റ് വെയറിന്‍റെ സഹായത്തോടെ ഡിജിറ്റല്‍ പേജുകളില്‍ നിന്നും വിവരങ്ങള്‍ അനായാസേന ലഭിക്കുന്നു. ഓരോ ഡിജിറ്റല്‍ വിവരങ്ങള്‍ ഏതെല്ലാം രീതിയില്‍ അനേ്വഷിക്കാന്‍ സാദ്ധ്യതയുണ്ടോ അതിനെല്ലാം ഇന്‍ഡക്സ് തയ്യാറാക്കിയിട്ടുണ്ട്. കന്പ്യൂട്ടറില്‍ യാതൊരു പരിജ്ഞാനവും ഇല്ലാത്ത ഒരാള്‍ക്ക് വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിഷ്പ്രയാസം വിവരങ്ങള്‍ ലഭ്യമാക്കുന്ന രീതിയില്‍ ലൈബ്രറി കവാടത്തിനരികെ ഒരു ടച്ച് സ്ക്രീന്‍കിയോസ്ക് സ്ഥാപിച്ചു.

അക്കാദമിയുടെ ആര്‍ക്കൈവ്സില്‍ 1950 ന് മുന്പ് പ്രസിദ്ധീകരിച്ച മലയാള പുസ്തകങ്ങള്‍ മൈക്രോഫിലിമാക്കി സൂക്ഷിച്ചിരിക്കുന്ന മൈക്രോഫിലിം ലൈബ്രറി, സാംസ്കാരിക നായകന്മാരുടെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് 500 ആഡിയോ കാസറ്റുകളിലായി സൂക്ഷിച്ചിട്ടുള്ള ഓഡിയോ കാസറ്റ് ലൈബ്രറി എന്നിവ ഉണ്ട്. താളിയോല ഗ്രന്ഥങ്ങളുടെ ഒരു അപൂര്‍വ്വ ശേഖരം അക്കാദമി ആര്‍ക്കൈവ്സില്‍ പ്രത്യകം സംരക്ഷിക്കുന്നതോടൊപ്പം ഇതിന്‍റെ വിവരണാത്മക ഗ്രന്ഥ സൂചിയും തയ്യാറാക്കിയിട്ടുണ്ട്. ആര്‍ക്കൈവ്സില്‍ സൂക്ഷിച്ചിട്ടുള്ള ഈ അപൂര്‍വ്വ രേഖകള്‍ ഡിജിറ്റല്‍ ലൈബ്രറിയിലാക്കി സംരക്ഷിക്കുന്നതിനും ഉപയോഗപ്പെടുത്തുന്നതിനുമുള്ള കാര്യങ്ങള്‍ പുതിയതായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നു.