ഖാദർ പെരുമയുടെ നിറവിൽ കോഴിക്കോട്

പ്രാദേശിക സംസ്കൃതിയുടെ മൊഴിച്ചന്തവും പച്ചപ്പും കൃതികളിലൂടെ പകർത്തിയെടുത്ത യു.എ. ഖാദറിന്റെ ഒന്നാം ചരമവാർഷികത്തിൽ കേരള സാഹിത്യ അക്കാദമിയും യു.എ. ഖാദർ അനുസ്മരണസമിതിയും സംയുക്തമായി കോഴിക്കോട്ട് സംഘടിപ്പിച്ച ഖാദർ പെരുമ ശ്രദ്ധേയമായി. ടൗൺ ഹാളിൽ നടന്ന ചടങ്ങ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ബർമ്മക്കാരനായി ജനിച്ചുവെങ്കിലും ജന്മനാടിനേക്കാൾ കൂടുതൽ മലയാളത്തെ സ്നേഹിച്ച പ്രതിഭയായിരുന്നു ഖാദറെന്ന് അദ്ദേഹം അനുസ്മരിച്ചു.
സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും അടിവേരും അടിത്തട്ടും തേടിയുള്ള യാത്രയായിരുന്നു ഖാദറിന്റേതെന്ന് കഥാകൃത്ത് വി.ആർ. സുധീഷ് അനുസ്മരിച്ചു. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുവേണ്ടി ഖാദറിന്റെ കഥാപാത്രങ്ങൾ എന്ന വിഷയത്തിൽ നടത്തിയ ചിത്രരചനാ മത്സരത്തോടെയായിരുന്നു അനുസ്മരണ പരിപാടികൾക്കു തുടക്കമായത്. കോഴിക്കോട് മേയർ ബീനാ ഫിലിപ്പ് ഖാദറിന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തു. യു.എ. ഖാദറിന്റെ പുസ്തകങ്ങളും അദ്ദേഹത്തിനു ലഭിച്ച പുരസ്കാരങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രദർശനവും സംഘടിപ്പിച്ചിരുന്നു.


ചിത്രരചനാ മത്സരവിജയികൾക്ക് എം.കെ. മുനീർ എം.എൽ.എ. പുരസ്കാരങ്ങൾ സമ്മാനിച്ചു. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ഡോ. ഖദീജാ മുംതാസ് അദ്ധ്യക്ഷയായിരുന്നു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ., പുരുഷൻ കടലുണ്ടി, ജമാൽ കൊച്ചങ്ങാടി എന്നിവർ പങ്കെടുത്തു. എൻ.ഇ. ഹരികുമാർ സംവിധാനം ചെയ്ത ഉറഞ്ഞാടുന്ന ദേശങ്ങൾ എന്ന ഡോക്യുമെന്ററിയും ഒന്നാം ദിവസം പ്രദർശിപ്പിച്ചു.
ഭാഷയിലെ വേറിട്ട വഴികൾ എന്ന സെമിനാർ സെഷനിൽ പി.കെ. പോക്കർ മോഡറേറ്ററായിരുന്നു. ഇ.പി. രാജഗോപാലൻ മുഖ്യപ്രഭാഷണം നടത്തി. സജയ് കെ.വി., റീജ വി. എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ജന്മബന്ധത്തിന്റെ ചങ്ങലകൾ എന്ന സെമിനാറിൽ എൻ.പി. ഹാഫിസ് മുഹമ്മദ് മോഡറേറ്ററായിരുന്നു. കെ.ഇ.എൻ. മുഖ്യപ്രഭാഷണം നടത്തി. ഐസക് ഈപ്പൻ, സുനീത ടി.വി., എം.സി. അബ്ദുൾ നാസർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. രാേജന്ദ്രൻ എടത്തുംകര മോഡറേറ്ററായ ദേശം, ദേശീയത, പ്രാദേശികത എന്ന സെമിനാറിൽ ഡോ. കെ.പി. മോഹനൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. കെ.എം. ഭരതൻ, ഡോ. കെ.എം. അനിൽ, ഷാഹിന റഫീഖ് എന്നിവർ പ്രബന്ധാവതരണം നടത്തി.


സമാപനസമ്മേളനം സി.പി.ഐ.എം. പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഉദ്ഘാടനം ചെയ്തു. ടി. പത്മനാഭൻ മുഖ്യാതിഥിയായിരുന്നു. ആർ.കെ. നാരായണിന്റെ മാൽഗുഡിക്കു സമാനമായിരുന്നു ഖാദറിന്റെ തൃക്കോട്ടൂർ കഥാലോകമെന്ന് ടി. പത്മനാഭൻ നിരീക്ഷിച്ചു. ചിത്രകല പോലെ മറ്റു മേഖലകളിലേക്കും പ്രതിഭയുടെ പ്രസരം പടർത്താൻ ഖാദറിന് കഴിഞ്ഞിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.


അക്കാദമി പ്രസിഡന്റ് വൈശാഖൻ അദ്ധ്യക്ഷനായിരുന്നു. യു.എ. ഖാദറിന്റെ ഗന്ധമാപിനി, ഇരുൾ പാരിതോഷികം എന്നീ ഗ്രന്ഥങ്ങൾ ഐസക് ഈപ്പനു നൽകി പി.കെ. പാറക്കടവ് പ്രകാശനം ചെയ്തു. മനുഷ്യാനന്തരകാലത്തെ പൗരത്വം എന്ന വിഷയത്തിൽ ഡോ. ടി.ടി. ശ്രീകുമാർ സ്മാരകപ്രഭാഷണം നടത്തി. അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ, സുഭാഷ് ചന്ദ്രൻ, പി.കെ. പാറക്കടവ് എന്നിവരും സംസാരിച്ചു.