കേസരി: സമകാലികതയുടെ സഞ്ചാരങ്ങൾ

ഡോ. സുനിൽ പി. ഇളയിടത്തിന്റെ പ്രഭാഷണ പരമ്പര

കേരള സാഹിത്യ അക്കാദമിയും നവമലയാളി വെബ് മാസികയും സംയുക്തമായി ‘കേസരി: സമകാലികതയുടെ സഞ്ചാരങ്ങൾ’ എന്ന പേരിൽ നവംബർ 20, 21, 22 തീയതികളിൽ ത്രിദിന പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു. ‘ആധുനികതയുടെ പാർപ്പിടങ്ങൾ : വ്യക്തിജീവിതവും പത്രാധിപത്യവും,’ ‘സംക്രമണ ചിന്ത : കേസരിയുടെ കലാസാഹിത്യ ദർശനം,’ ‘യൂറോകേന്ദ്രിതത്വത്തിനപ്പുറം കേസരിയുടെ ചരിത്രവിചാരങ്ങൾ’ എന്നീ വിഷയങ്ങളിലായിരുന്നു പ്രഭാഷണങ്ങൾ.

പത്രപ്രവർത്തകൻ എന്ന നിലയിൽ ആധുനിക ജ്ഞാനോദയ മൂല്യങ്ങളെ കേരളീയജീവിതത്തിൽ കേസരി ഉറപ്പിച്ചെടുത്തുവെന്ന് ഡോ. സുനിൽ പി. ഇളയിടം പറഞ്ഞു. ജനാധിപത്യമൂല്യങ്ങളിലൂന്നിയ പൊതുജനാഭിപ്രായ രൂപീകരണം അദ്ദേഹത്തിന്റെ മുൻഗണനയായിരുന്നു. ആധുനിക സമൂഹരൂപീകരണത്തിൽ കലയ്ക്കും സാഹിത്യത്തിനും പങ്കുണ്ടെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. സവർണ്ണതയ്ക്കും ജാതിക്കും രാജാധികാരത്തിനുമെതിരേ ഉറച്ച സ്വരത്തിൽ പ്രതികരിച്ചു. മൂലധനശക്തിയായി പത്രം മാറുകയും പൊതുമണ്ഡലത്തിൽനിന്ന് അത് അകലുകയും ചെയ്യുന്നതിലെ അപകടം അദ്ദേഹം തിരിച്ചറിഞ്ഞു.
കാലത്തിനു മുന്നേ പറന്ന ഗരുഡചിന്തയായിരുന്നു കേസരിയുടേതെന്ന് പ്രഭാഷണപരമ്പര ഉദ്ഘാടനം ചെയ്ത സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ പറഞ്ഞു. മാറ്റങ്ങൾ സമൂഹോന്മുഖമാകണമെന്ന് അദ്ദേഹം സിദ്ധാന്തിച്ചു. അതിപീഡിതമായ ഒരു ജീവിതം നയിച്ചിരുന്ന അദ്ദേഹം ജീവിതകാലത്ത് അംഗീകരിക്കപ്പെട്ടില്ല എന്നും വൈശാഖൻ ചൂണ്ടിക്കാട്ടി. സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ ആമുഖപ്രഭാഷണം നടത്തി. ഡോ. മ്യൂസ് മേരി ജോർജ്ജ്, അഡ്വ. വി.എൻ. ഹരിദാസ്, ഈ.ഡി. ഡേവീസ് എന്നിവർ സംസാരിച്ചു.

സംക്രമണചിന്ത: കേസരിയുടെ കലാസാഹിത്യദർശനം
ആസന്നമായ നവലോകത്തിലേക്ക് കേരളത്തെ ആനയിച്ച സംക്രമണചിന്തയായിരുന്നു കേസരി ബാലകൃഷ്ണപിള്ളയുടേതെന്ന് ഡോ. സുനിൽ പി. ഇളയിടം അഭിപ്രായപ്പെട്ടു. വ്യക്തിപരതയിൽ പുതഞ്ഞുകിടന്ന സാഹിത്യത്തെ വിശാലമായ ഒരു ചരിത്രവത്കരണത്തിന് അദ്ദേഹം വിധേയമാക്കി. കല കേവലാനന്ദമാണെന്ന ലാവണ്യവാദവീക്ഷണങ്ങളെ തിരസ്കരിച്ച് അതിനെ ഒരു നിർമ്മാണസാമഗ്രിയെന്ന നിലയിൽ അവതരിപ്പിച്ചു. പല വൈജ്ഞാനികശാഖകളെ സമന്വയിപ്പിച്ചുള്ളതായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യനിരൂപണമെന്നും കലയിൽ ചരിത്രത്തിന്റെ സൂക്ഷ്മരൂപത്തെ സന്നിവേശിപ്പിക്കുന്ന അനന്യമായ ഒരു മാതൃകയായിരുന്നു അദ്ദേഹം മുന്നോട്ടുവച്ചതെന്നും ഡോ. സുനിൽ പി. ഇളയിടം നിരീക്ഷിച്ചു. കവിതാ ബാലകൃഷ്ണൻ പരിപാടിയിൽ അദ്ധ്യക്ഷയായിരുന്നു. രാജശേഖർ മേനോൻ, എൻ.ജി. നയനതാര എന്നിവരും സംസാരിച്ചു.

യൂറോകേന്ദ്രിതത്വത്തിനപ്പുറം: കേസരിയുടെ ചരിത്രവിചാരങ്ങൾ
ചരിത്രവിജ്ഞാനത്തിലെ വൈരുദ്ധ്യങ്ങളെ അഭിസംബോധന ചെയ്ത ആദ്യ മലയാളിയായിരുന്നു കേസരി ബാലകൃഷ്ണപിള്ളയെന്ന് ഡോ. സുനിൽ പി. ഇളയിടം പറഞ്ഞു. ചരിത്രമെന്ന വിജ്ഞാനശാഖയെ അപനിർമ്മിക്കാനും അഴിച്ചുപണിയാനും ശ്രമിച്ച കേസരി ഒരു ചരിത്രകാരനെന്നതിലുപരി ഒരു ചരിത്രദാർശനികനായിരുന്നു. മനുഷ്യസമൂഹത്തിന്റെ ആദിമമായ സാഹോദര്യം വീണ്ടെടുക്കുകയും മിഥ്യാഭിമാനം കെട്ടിയുയർത്തിയ മതിലുകൾ തകർക്കുകയും ചെയ്യുക എന്ന ലക്ഷ്യോന്മുഖമായ വീക്ഷണമായിരുന്നു ചരിത്രപഠനത്തിന്റെ കാര്യത്തിൽ കേസരി പുലർത്തിയിരുന്നത്. ഈ രീതിയെ കൂടുതൽ പഠിക്കാൻ തയ്യാറാകാതെ, അദ്ദേഹത്തിന്റെ കണ്ടെത്തലുകളുടെ ശരിതെറ്റുകളെക്കുറിച്ച് വിധിനിർണ്ണയിക്കാനാണ് പിൽക്കാലത്ത് എല്ലാവരും ശ്രമിച്ചത്. അദ്ദേഹം കണ്ടെത്തിയ ഉത്തരങ്ങളുടെ ശരിതെറ്റുകളേക്കാൾ, ഉന്നയിച്ച ചോദ്യങ്ങളുടെ പ്രസക്തിയും പ്രാധാന്യം നാം പഠനവിധേയമാക്കേണ്ടതുണ്ട്.

കാലം രേഖീയമായ ആധുനികയുക്തി മാത്രമാണെന്ന ചിന്തയെ അംഗീകരിക്കാൻ കേസരി തയ്യാറായില്ല. പല വിജ്ഞാനശാഖകളെ സമന്വയിപ്പിച്ച് കാലബന്ധത്തിന്റെ ശൃംഖലയെ പുനർനിർവ്വചിക്കാനും പരിമിതമായ കാലഭാവനയെ ഭേദിക്കാനും അദ്ദേഹം ശ്രമിച്ചു. അദ്ദേഹത്തിന്റെ പല വീക്ഷണങ്ങളും പിൽക്കാല കണ്ടെത്തലുകളുടെ വെളിച്ചത്തിൽ നാം ഇന്ന് കൂടുതൽ മനസ്സിലാക്കിത്തുടങ്ങുകയാണെന്ന് ഡോ. സുനിൽ പി. ഇളയിടം ചൂണ്ടിക്കാട്ടി.

സാഹിത്യ അക്കാദമി ജനറൽ കൗൺസിലംഗം ടി.ഡി. രാമകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. സ്വാതി ജോർജ്ജ്, കെ.എസ്. സുനിൽകുമാർ എന്നിവരും സംസാരിച്ചു.