എൻ.എൻ. കക്കാടിനെ അനുസ്മരിച്ചു

മലയാളകവിതയിൽ ആധുനികതയുടെ ഭാവസാന്ദ്രതയെ ഉണർത്തിവിട്ട പ്രമുഖ കവി എൻ.എൻ. കക്കാടിനെ കേരള സാഹിത്യ അക്കാദമി അനുസ്മരിച്ചു. എൻ.എൻ. കക്കാട് വായനശാലയുമായി സഹകരിച്ച് ബാലുശ്ശേരി എൻ.എൻ. കക്കാട് സ്മാരകത്തിൽ നടന്ന അനുസ്മരണപരിപാടി നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ് അദ്ധ്യക്ഷനായിരുന്നു. അഡ്വ. കെ.എം. സച്ചിൻദേവ് എം.എൽ.എ., ശ്യാം കക്കാട് എന്നിവർ മുഖ്യാതിഥികളായിരുന്നു. ‘കക്കാടിന്റെ ആധുനികത, എലിയറ്റിന്റെയും’ എന്ന വിഷയത്തിൽ സജയ് കെ.വി. അനുസ്മരണപ്രഭാഷണം നടത്തി. സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ, പുരുഷൻ കടലുണ്ടി, മുക്കം മുഹമ്മദ്, നഫീസ വഴുതിനപ്പറ്റ, കെ. ഷൈൻ, സജിൻരാജ് കെ. എന്നിവർ സംസാരിച്ചു.

ഉച്ചയ്ക്കു ശേഷം രണ്ടു മണിക്ക് ‘എൻ.എൻ. കക്കാടും പിന്മുറക്കാരും’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ വിജു നായരങ്ങാടി, ഡോ. പി. സുരേഷ്, പ്രവീണ കെ. എന്നിവർ പ്രഭാഷണം നടത്തി. അക്കാദമി നിർവ്വാഹകസമിതിയംഗം കെ.പി. രാമനുണ്ണി മോഡറേറ്ററായിരുന്നു. എൻ.എൻ. കക്കാട് വായനശാല പ്രസിഡന്റ് ജി.കെ. അനീഷ് സ്വാഗതവും ലൈബ്രേറിയൻ ലസിത കെ. നന്ദിയും പറഞ്ഞു. തുടർന്നു നടന്ന കവിസമ്മേളനം കല്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു. സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ അദ്ധ്യക്ഷനായിരുന്നു. വീരാൻകുട്ടി, മാധവൻ പുറച്ചേരി, സോമൻ കടലൂർ, ലോപ, വിമീഷ് മണിയൂർ, വിജില, ശ്രീജിത്ത് അരിയല്ലൂർ, എം.പി. അനസ്, പി.ആർ. രതീഷ്, ഷിഫാന സലിം, അമ്മു ദീപ, വിനു നീലേരി, പ്രദീപ് രാമനാട്ടുകര, സക്കീർ ഹുസൈൻ എന്നിവർ കവിതകൾ അവതരിപ്പിച്ചു. അക്കാദമി ജനറൽ കൗൺസിലംഗം സുകുമാരൻ ചാലിഗദ്ധ, ഹാഷ്മി വിലാസിനി എന്നിവരും സംസാരിച്ചു.