അക്കാദമി ഓണ്‍ലൈന്‍ ലൈബ്രറിയില്‍ 600 പുസ്തകങ്ങള്‍ കൂടി

പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള നൂറുദിന കര്‍മ്മപരിപാടിയുമായി ബന്ധപ്പെട്ട് കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച 30 പുസ്തകങ്ങളുടെ പ്രകാശനവും, 600 പുസ്തകങ്ങളുടെ ഡിജിറ്റല്‍ പതിപ്പുകള്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയതിന്റെ ഉദ്ഘാടനവും പി. ബാലചന്ദ്രന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. അക്കാദമി വൈലോപ്പിള്ളി ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് സച്ചിദാനന്ദന്‍ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി സി.പി. അബൂബക്കര്‍ ആമുഖപ്രഭാഷണം നടത്തി. പബ്ലിക്കേഷന്‍ ഓഫീസര്‍ ഇ.ഡി. ഡേവീസ് സ്വാഗതവും, ലൈബ്രേറിയന്‍ പി.കെ. ശാന്ത നന്ദിയും പറഞ്ഞു.

കേരളം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍, ഹോര്‍ത്തൂസ് മലബാറിക്കൂസ് പ്രവേശിക, സംസ്കൃതസാഹിത്യചരിത്രം, കാവാലം നാടകപഠനങ്ങള്‍, കേരളത്തിലെ കാട്ടുപൂക്കള്‍ തുടങ്ങിയ പുസ്തകങ്ങളാണ് ചടങ്ങില്‍ പ്രകാശിതമായത്. മലയാള സാഹിത്യചരിത്രസംഗ്രഹം, ഹോരാശാസ്ത്രം, ശ്രീഹരിശ്ചന്ദ്രചരിതം മണിപ്രവാളം, വൃത്താന്തപത്രപ്രവര്‍ത്തനം തുടങ്ങി ഇംഗ്ലീഷിലും മലയാളത്തിലുമുള്ള അറുന്നൂറ് പുസ്തകങ്ങളാണ് ഓണ്‍ലൈനായി ലഭ്യമാവുക. വെബ്സൈറ്റിലെ ഓണ്‍ലൈന്‍ ലൈബ്രറിയില്‍ പുസ്തകങ്ങള്‍ ഡൗണ്‍ലൗഡ് ചെയ്ത് വായിക്കാവുന്നതാണ്.