സ്ഥാപനം
/ചരിത്രം

1956 ആഗസ്റ്റ് 15-ന് തിരു-കൊച്ചി ഗവണ്‍മെന്‍റ് കേരള സാഹിത്യ അക്കാദമി രൂപീകരിച്ചു. 1956 ഒക്ടോബര്‍ 15-ന് തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തില്‍വെച്ച് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. 1958-ല്‍ ആസ്ഥാനം തൃശൂരിലേക്ക് മാറ്റി. മലയാളത്തില്‍നിന്ന് മറ്റു ഭാഷകളിലേക്കും മറ്റു ഭാഷകളില്‍ നിന്ന് മലയാളത്തിലേക്കും ഉത്കൃഷ്ട കൃതികള്‍ പരിഭാഷപ്പെടുത്തുക, സാഹിത്യചരിത്രം, ഗ്രന്ഥസൂചി, സാഹിത്യകാര ഡയറക്ടറി, വിജ്ഞാനകോശം തുടങ്ങിയ റഫറന്‍സ് ഗ്രന്ഥങ്ങള്‍, ഭാഷയുടെയും സാഹിത്യത്തിന്‍റെയും വളര്‍ച്ചയ്ക്ക് ഉതകുന്ന ഉത്തമഗ്രന്ഥങ്ങള്‍ എന്നിവ പ്രസിദ്ധീകരിക്കുക, മികച്ച സാഹിത്യ ഗ്രന്ഥങ്ങള്‍ക്ക് പുരസ്കാരങ്ങള്‍ നല്‍കുക,. സാഹിത്യ ശില്പശാലകള്‍ നടത്തുക, യുവസാഹിത്യകാരന്മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുംവേണ്ടി സാഹിത്യ പഠനക്യാന്പുകള്‍ നടത്തുക, ഭാഷയുടെയും സാഹിത്യത്തിന്‍റെയും സംസ്കാരത്തിന്‍റെയും മേഖലയില്‍ ഗവേഷണം പ്രോത്സാഹിപ്പിക്കുക, സാഹിത്യകാരന്മാര്‍ക്ക് പഠനപര്യടനത്തിനും ഗ്രന്ഥരചനയ്ക്കും സ്കോളര്‍ഷിപ്പ് നല്‍കുക, ജനങ്ങളില്‍ സാഹിത്യാഭിരുചി വളര്‍ത്തുന്ന പരിപാടികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുക, പുസ്തകപ്രസിദ്ധീകരണത്തിന് സഹായം നല്‍കുക, എഴുത്തുകാര്‍ക്ക് സഹായം നല്‍കുക എന്നിവയാണ് അക്കാദമിയുടെ പ്രധാനപ്രവര്‍ത്തനങ്ങള്‍.

അക്കാദമിയില്‍ അതിവിപുലമായ ഒരു പ്രസിദ്ധീകരണ വിഭാഗവും പ്രദര്‍ശന-വില്പനശാലയും ഉണ്ട്. മലയാളഭാഷയ്ക്കും കേരള സംസ്കാരത്തിനും വിലപ്പെട്ട സംഭാവനകള്‍ നല്‍കുന്ന ഒരുപാട് ഗ്രന്ഥങ്ങള്‍ അക്കാദമി ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിപണിയില്‍ സാദ്ധ്യത കുറഞ്ഞതും ഗവേഷണമൂല്യം കൂടിയതുമായ ഗ്രന്ഥങ്ങളാണ് സാധാരണ പ്രസിദ്ധീകരിക്കുന്നത്. നാനൂറോളം പുസ്തകങ്ങള്‍ ഭാഷാഗവേഷണത്തിനും സംസ്കാരപഠനത്തിനുമായി അക്കാദമി സമര്‍പ്പിച്ചിട്ടുണ്ട്. കേരള ഭാഷാഗാനങ്ങള്‍ - മൂന്നു ഭാഗം, 19-ാം നൂറ്റാണ്ടിലെ കേരളം, സാഹിത്യകാര ഡയറക്ടറി, മലയാള സാഹിത്യ പാരന്പര്യം ഇന്‍ററാക്ടീവ് സി.ഡി, കേരളത്തിലെ പക്ഷികള്‍, നമ്മുടെ സാഹിത്യം നമ്മുടെ സമൂഹം (നാലു ഭാഗം), കവിത, നോവല്‍, ചെറുകഥ, നാടകം, അറബി, ഇംഗ്ലീഷ്, ഫ്രഞ്ച് എന്നീ സാഹിത്യചരിത്രങ്ങള്‍ എന്നിവ ഇക്കൂട്ടത്തില്‍ ശ്രദ്ധേയമായ സംഭാവനകളാണ്.

സാഹിത്യ ചക്രവാളം (മാസിക), സാഹിത്യലോകം (െ്വെമാസിക), മലയാളം ലിറ്റററി സര്‍വ്വേ (ഇംഗ്ലീഷ് ത്രൈമാസിക) എന്നിവയാണ് അക്കാദമി പ്രസിദ്ധീകരിക്കുന്ന ആനുകാലികങ്ങള്‍, മലയാള സാഹിത്യ പഠനരംഗത്ത് ഇവ ചെയ്യുന്ന സേവനങ്ങള്‍ വലുതാണ്. ഒട്ടേറെ സാഹിത്യ പഠനങ്ങള്‍ വായനക്കാരിലെത്തുന്നത് സാഹിത്യലോകം എന്ന ജേണല്‍ വഴിയാണ്. മലയാള സാഹിത്യത്തെ മറുനാട്ടിലെത്തിക്കുന്നതിലും ലോക സമൂഹത്തിന് പരിചയപ്പെടുത്തുന്നതിലും വലിയ പങ്കുവഹിക്കുന്ന പ്രസിദ്ധീകരണമാണ് മലയാളം ലിറ്റററി സര്‍വ്വേ എന്ന ഇംഗ്ലീഷ് ത്രൈമാസിക.

മണ്‍മറഞ്ഞ സാഹിത്യകാരന്മാരുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പോര്‍ട്രേയ്റ്റ് ഗ്യാലറിയും പ്രശസ്ത സാഹിത്യകാരന്മാരുടെ ശബ്ദം ആലേഖനം ചെയ്ത കാസറ്റ് ലൈബ്രറിയും താളിയോല ഡിസ്കുകള്‍ സൂക്ഷിക്കുന്നതിനുള്ള എയര്‍ കണ്ടീഷന്‍ ചെയ്ത മുറിയും സുസജ്ജമായ ഓഡിറ്റോറിയവും അക്കാദമിക്കുണ്ട്. താളിയോലകളും അപൂര്‍വ്വ കയ്യെഴുത്തു രേഖകളും മറ്റും സി.ഡി.യില്‍ ആലേഖനം ചെയ്തു സൂക്ഷിക്കാനുള്ള സജ്ജീകരണവുമുണ്ട്.

മലയാളത്തിലെ മുഴുവന്‍ പുസ്തകങ്ങളും സംഭരിച്ച് കൊണ്ടിരിക്കുന്ന കേരള സാഹിത്യ അക്കാദമി ലൈബ്രറിക്ക് അക്കാദമിയോളം തന്നെ പഴക്കമുണ്ട്. മലയാളഭാഷയെ സംബന്ധിച്ചിടത്തോളം അതിബൃഹത്തായ ഗ്രന്ഥശേഖരം ഉള്‍ക്കൊള്ളുന്നതാണ് ഈ
ലൈബ്രറി.. കേരളത്തിലെ മുഴുവന്‍ യൂണിവേഴ്സിറ്റികളും മലയാള ഗവേഷണ കേന്ദ്രമായി അംഗീകരിച്ചിട്ടുള്ള ഏകസ്ഥാപനമാണ് കേരള സാഹിത്യ അക്കാദമി ലൈബ്രറി. നമ്മുടെ സാഹിത്യത്തിന്‍റേയും സംസ്ക്കാരത്തിന്‍റെയും ഒരു ഉന്നത ഗവേഷണ കേന്ദ്രമായി മാറിയിരിക്കുന്ന അക്കാദമി ലൈബ്രറിയില്‍ പുസ്തക പുസ്തകേതര ഡോക്യൂമെന്‍റുകളുടെ എണ്ണത്തില്‍ അത്ഭുതകരമായ വര്‍ദ്ധനവ് സംഭവിച്ചുകൊണ്ടിരിക്കുന്നു. കേരളത്തിനകത്തും പുറത്തു നിന്നുമായി അക്കാദമി ലൈബ്രറിയില്‍ എത്തുന്ന ഗവേഷകരുടെ എണ്ണം ദിവസേന വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു.
കാലപ്പഴക്കംമൂലം നശിച്ചുകൊണ്ടിരിക്കുന്ന അപൂര്‍വ്വ പുസ്തകങ്ങളും ആനുകാലികങ്ങളും ഡോക്യൂമെന്‍റുകളും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഡിജിറ്റല്‍ ഫോമിലാക്കി സംരക്ഷിച്ചുകൊണ്ടിരിക്കുന്നു. അക്കാദമിയില്‍ ഡിജിറ്റല്‍ കണ്‍സര്‍വേഷന്‍ ലാബ് സെറ്റ് ചെയ്ത് പുസ്തകങ്ങള്‍ക്കും ഡോക്യൂമെന്‍റുകള്‍ക്കും യാതൊരു കേടും സംഭവിക്കാതെ മണിക്കൂറില്‍ 60 പേജ് വരെ സ്കാന്‍ ചെയ്യാവുന്ന പ്ലാനറ്ററി സ്കാനുകളും ഫ്ളറ്റ് സെസ് സ്കാനുകളും ഉപയോഗിച്ച് സ്കാന്‍ ചെയ്ത് സംരക്ഷിച്ചുകൊണ്ടിരിക്കുന്നു. ഈ അപൂര്‍വ്വ ഡോക്യൂമെന്‍റുകള്‍ സുരക്ഷിതമായി വരും തലമുറയ്ക്കായി കൈമാറ്റുന്നതിനൊപ്പം ഡിജിറ്റല്‍ ലൈബ്രറി, ലോക്കല്‍ ലൈബ്രറി നെറ്റ് വര്‍ക്ക് എന്നിവ മുഖേന ഇന്‍ഫര്‍മേഷന്‍ അനായാസേന ലഭ്യമാകുന്നു.

സര്‍ദാര്‍ കെ.എം. പണിക്കരായിരുന്നു അക്കാദമിയുടെ ആദ്യത്തെ പ്രസിഡന്‍റ്.